Advertisment

അന്തരിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷന്‍റെ സംസ്കാരം ഇന്ന് നടക്കും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷന്‍റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കാരം നടക്കുക.

Advertisment

publive-image

വാർദ്ധക്യസഹജമായ അസുഖത്തെ തുട‍ർന്ന് ചെന്നൈയിലെ വസതിയിൽ ഇന്നലെ രാത്രി 9.30 ഓടെ ആയിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയാണ് വിട വാങ്ങിയത്. എസ് വൈ ഖുറേഷി ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്.

1990 ൽ ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ടി എൻ ശേഷൻ തെരഞ്ഞെടുപ്പ് മേഖല അഴിമതി മുക്തമാക്കാൻ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. ആറ് വര്‍ഷം തെരഞ്ഞെടുപ്പ് കമ്മീഷന് നേതൃത്വം നൽകി. തെരഞ്ഞെടുപ്പുകളിലെ അധിക ചെലവ് കുറയ്ക്കുന്നതിലും അദ്ദേഹം വലിയ ഇടപെടലുകൾ നടത്തി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല എന്ത് എന്ന് ജനങ്ങൾക്ക് വ്യക്തമാക്കി കൊടുത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഫോട്ടോ പതിച്ച വോട്ടേഴ്സ് ഐഡികൾ കൊണ്ടു വന്നതടക്കമുള്ള പരിഷ്കാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായി. പ്രശസ്തമായ മഗ്സസെ പുരസ്കാരത്തിനും ടി എൻ ശേഷൻ അർഹനായി. തെരഞ്ഞെടുപ്പ് കമ്മീഷന് നട്ടെല്ലുണ്ടാക്കി കൊടുത്ത കമ്മീഷണ‍‍ർ എന്നാകും ടി എൻ ശേഷനെ കാലം ഇനി ഓ‍ർമ്മിക്കുക.

1990 മുതൽ 96 വരെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല വഹിച്ചത്. ടി എൻ ശേഷന്റെ പരിഷ്കാരങ്ങൾ സുപ്രീംകോടതിയിൽ വരെയെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് തടയിടാൻ കേന്ദ്ര സ‍ർക്കാ‍ർ ഇടപെടുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ നേതാക്കളും ഭരണനേതാക്കളും വരെ പേടിക്കുന്ന തരത്തിൽ കരുത്തുറ്റ ഇടപെടലുകളായിരുന്നു അദ്ദേഹം കാഴ്ച വച്ചത്.

പെരുമാറ്റചട്ടം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതാണ് അക്കൂട്ടത്തിൽ ആദ്യം എത്തുക. തെരഞ്ഞെടുപ്പ് അഴിമതിരഹിതമാക്കുന്നതിലും നിരവധി ശ്രമങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടായി. തെരഞ്ഞെടുപ്പ് ചെലവ് വെട്ടിക്കുറച്ചും സ്വതന്ത്രനിരീക്ഷകരെ വച്ചും തെരഞ്ഞെടുപ്പിനെ കൂടുതൽ ജനാധിപത്യപരമാക്കാനും ടി എൻ ശേഷന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി എൻ ശേഷൻ.

TN SESAN
Advertisment