Advertisment

ടി.എൻ. ശേഷൻ അന്തരിച്ചു. വിടവാങ്ങിയത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ചുമതലയും അധികാരവുമെന്തെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തിയ വരണാധികാരി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി ∙ രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരിലൊരാളായിരുന്ന മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ടി.എൻ. ശേഷൻ (87) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 1990 ‍ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു. മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുമായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഒരു സംവിധാനമുണ്ടെന്ന് ജനത്തെ മനസിലാക്കി കൊടുക്കുകയും ആ സംവിധാനത്തിന് മേല്‍വിലാസം ഉണ്ടാക്കി നല്‍കുകയും ചെയ്ത പ്രഗല്‍ഭമതിയായിരുന്നു ശേഷന്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനപ്രതിധി തിരഞ്ഞെടുപ്പുനടത്തിപ്പുകാരന്റെ ചുമതലയും അധികാരവുമെന്തെന്ന് അദ്ദേഹം രാജ്യത്തെ ബോധ്യപ്പെടുത്തി.

പാലക്കാട് തിരുനെല്ലായി ഗ്രാമത്തിൽ 1933 മെയ് 15നായിരുന്നു ജനനം. പിതാവ് അഡ്വ . നാരായണ അയ്യർ. അമ്മ സീതാലക്ഷ്മി. എസ്എസ്‍എൽസി, ഇന്റർമീഡിയറ്റ്, ഡിഗ്രി, സിവിൽസർവീസ് പരീക്ഷകളിലെല്ലാം ഒന്നാംറാങ്കുകാരൻ എന്ന അത്യപൂർവ ബഹുമതിക്ക് ഉടമയായിരുന്നു . 1955 –ലാണ് ഐഎഎസ് നേടിയത് .

തമിഴ്നാട് കേഡറില്‍ സര്‍വീസില്‍ എത്തി . 1956–ൽ കോയമ്പത്തൂർ അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗികജീവിതം ആരംഭിച്ചു. ശേഷന്റെ പ്രാഗത്ഭ്യം പരിഗണിച്ച് പരിശീലനം കഴിയുന്നതിനു മുമ്പുതന്നെ സബ്കലക്ടറായി പ്രമോഷൻ ലഭിച്ചു. തമിഴ്നാട് ഗ്രാമവികസന വകുപ്പിൽ അണ്ടർസെക്രട്ടറിയായും മധുരയിൽ കലക്ടറായും പ്രവർത്തിച്ചു.

1962ൽ തമിഴ്നാട് ട്രാൻസ്പോർട്ട് ഡയറക്ടറായി നിയമിതനായി. തമിഴ്നാട് വ്യവസായ വകുപ്പിലും കൃഷി വകുപ്പിലും സെക്രട്ടറിയായിരുന്നു. 1968–ൽ കേന്ദ്രസർവീസിലെത്തി. അണുശക്തി വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയും ഡയറക്ടറുമായി. എണ്ണപ്രകൃതിവാതകം, ശൂന്യാകാശം, വനംവന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലും പ്രവർത്തിച്ചു. 1986ൽ പ്രധാനമന്ത്രി രാജീവ്ഗാന്ധി തന്റെ സുരക്ഷയുടെ ചുമതലുള്ള സെക്രട്ടറിയായി ശേഷനെ നിയമിച്ചു.

1988ൽ പ്രതിരോധ സെക്രട്ടറിയായി. 1989 മാർച്ച് മുതൽ ഡിസംബർ വരെ കാബിനറ്റ് സെക്രട്ടറിയായിരുന്നു. വി.പി. സിങ് പ്ര‌ധാനമന്ത്രിയായപ്പോൾ ശേഷനെ ആസൂത്രണ കമ്മിഷനിലേക്കു മാറ്റി. പിന്നീട് എസ്. ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കെ 1990 ഡിസംബർ 12ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണറായി ചുമതലയേറ്റ അദ്ദേഹം 1996 ഡിസംബർ 11വരെയുള്ള ആറു വർഷക്കാലയളവിൽ രാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയയിൽ വിപ്ളവകരമായ പരിവർത്തനങ്ങൾ നടത്തി.

തിരഞ്ഞെടുപ്പു കമ്മിഷന്റെ സുവർണ കാലമായിരുന്നു ശേഷന്റെ ഭരണകാലം. കർശനമായ നിയന്ത്രണത്തിലൂടെ തിരുനെല്ലായി നാരായണ അയ്യർ ശേഷൻ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾക്ക് അറുതി വരുത്തി. പണക്കൊഴുപ്പ് തടഞ്ഞു. ബൂത്തു പിടിച്ചടക്കൽ നിശ്ശേഷം നിലച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരെ അദ്ദേഹം വെറുതേ വിട്ടില്ല.

1993 ൽ അങ്ങനെയാണ് ഹിമാചൽപ്രദേശിൽ ഗവർണറായിരുന്ന ഗുൽഷേർ അഹമ്മദിന് രാജിവയ്ക്കേണ്ടി വന്നത്. ഗുൽഷേർ അഹമ്മദ് അന്ന് മധ്യപ്രദേശിൽ തന്റെ പഴയ മണ്ഡലമായ അമർപതനിൽ മകൻ മത്സരിച്ചപ്പോൾ പ്രചാരണം നടത്തി. ശേഷൻ ആ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. ഗവർണർ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഖ്യാപിച്ചു. ഒടുവിൽ ഗുൽഷേറിന് രാജിവയ്ക്കേണ്ടി വന്നു.

tn sheshan
Advertisment