Advertisment

റബറിൻ്റെ താങ്ങുവില 250 രൂപയാക്കി ബജറ്റിൽ പ്രഖ്യാപിക്കണം: അഡ്വ. ടോമി കല്ലാനി

New Update

publive-image

Advertisment

കോട്ടയം: റബർ വിലസ്ഥിരതാ ഫണ്ടിൻ്റെ ഭാഗമാക്കി റബറിൻ്റെ താങ്ങുവില 250 രൂപയാക്കി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ആവശ്യപ്പെട്ടു. ഇക്കാര്യം സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്താൻ ധനമന്ത്രി കെ എൻ ബാലഗോപാൽ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വലിയ പ്രതിസന്ധിയിലൂടെയാണ് റബർ കർഷകർ കടന്നു പോകുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി റബർ കർഷകരുടെ ജീവിതത്തിൽ തിരിച്ചടിയായി കഴിഞ്ഞു. ഇതിനിടെ ലോക്ഡൗൺ കൂടി വന്നതോടെ റബർ ഉൽപാദനവും നടക്കാതെയായി. ഇതിനിടെ കാറ്റും മഴയും പലയിടത്തും നാശവുമുണ്ടാക്കിയിട്ടുണ്ട്.

നേരത്തെ റബർ ബോർഡ് തയ്യാറാക്കിയ കണക്കനുസരിച്ച് ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ കുറഞ്ഞത് 172 രൂപ ചിലവു വരുന്ന സാഹചര്യമുണ്ട്. ചിലവ് ഇപ്പോൾ വീണ്ടും ഉയരുന്ന സ്ഥിതിയുണ്ട്.

ഈ സാഹചര്യത്തിൽ ചെറുതെങ്കിലും കർഷകരെ സഹായിക്കുന്നതാണ് വില സ്ഥിരത ഫണ്ട്. റബറിൻ്റെ താങ്ങുവില 250 രൂപയാക്കി വിലസ്ഥിരത ഫണ്ട് നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് യു ഡി എഫ് വാഗ്ദാനം ചെയ്തിരുന്നതാണ്. ദൗർഭാഗ്യവശാൽ യുഡിഎഫ് പരാജയപ്പെട്ടെങ്കിലും തെരഞ്ഞെടുക്കപ്പെട്ട സർക്കാർ കർഷരോടുള്ള ഉത്തരവാദിത്വം മറക്കരുതെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു.

ഇതിനു മുമ്പ് കഴിഞ്ഞ ബജറ്റിൽ വെള്ളൂരിൽ പ്രഖ്യാപിച്ച സിയാൽ മാതൃകയിലുള്ള റബർ ഫാക്ടറി യാഥാർത്ഥ്യമാക്കണമെന്നും അഡ്വ. ടോമി കല്ലാനി ആവശ്യപ്പെട്ടു.

kottayam news
Advertisment