Advertisment

കോടിയേരിയുടെ നിര്യാണത്തോടെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയിലും അഴിച്ചുപണി; പൊളിറ്റ് ബ്യൂറോയിലും കോടിയേരിയുടെ പിന്‍ഗാമിയാകുക സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയ എം.വി ഗോവിന്ദന്‍ തന്നെ; ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പിണറായിക്ക് ലഭിച്ചത് ഡബിള്‍ പ്രൊമോഷനെങ്കില്‍ കോടിയേരിയുടെ നിര്യാണത്തെ തുടര്‍ന്ന് എം.വി.ഗോവിന്ദന് ലഭിക്കുന്നത്‌ സിംഗിള്‍ പ്രൊമോഷന്‍; തീരുമാനം അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഉണ്ടാകുമെന്ന് സൂചന

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തോടെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ അഴിച്ചുപണി വരുന്നു. കോടിയേരിയുടെ പകരക്കാരനായി സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയ എം.വി ഗോവിന്ദന്‍ തന്നെയാകും പൊളിറ്റ് ബ്യൂറോയിലും അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുക.

Advertisment

publive-image

അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇക്കാര്യം തീരുമാനമാകും. സംസ്ഥാനത്ത് നിന്നുളള കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ പി,കെ.ശ്രീമതിയും ഇ.പി.ജയരാജനും എം.വി.ഗോവിന്ദനെക്കാള്‍ സീനിയര്‍ ആണെങ്കിലും സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിക്കുന്നയാള്‍ എന്ന പരിഗണന എം.വി.ഗോവിന്ദന് അനുകൂലമാകും.


മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ലോഭമായ പിന്തുണകൂടി ലഭിച്ചാല്‍ എം.വി.ഗോവിന്ദന്‍ പി.ബിയിലേക്ക് അനായാസേന ഉയര്‍ത്തപ്പെടും. സംസ്ഥാന സെക്രട്ടറി ആയെങ്കിലും എം.വി.ഗോവിന്ദന്‍ ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ അംഗമല്ല.


സംസ്ഥാന സെക്രട്ടറി സെക്രട്ടേറിയേറ്റ് അംഗമായിരിക്കുന്നതാണ് സംഘടനാ കീഴ വഴക്കം എന്നതിനാല്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലും വൈകാതെ പുന:സംഘടന ഉണ്ടാകും. അവിടെയും കോടിയേരിയുടെ ഒഴിവിലേക്കായിരിക്കും എം.വി.ഗോവിന്ദന്റെ വരവ്.

ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച് പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായപ്പോഴും സമാനമായ സ്ഥിതിയായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റംഗം മാത്രമായിരുന്ന പിണറായി വിജയന് സെക്രട്ടറിയായതിന് പിന്നാലെ ഇരട്ട സ്ഥാനക്കയറ്റം നല്‍കി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ഉള്‍പ്പെടുത്തുകയായിരുന്നു.

അന്ന് കേരള പാര്‍ട്ടിയിലെ തല തൊട്ടപ്പനായിരുന്ന വി.എസ്.അച്യുതാനന്ദന്റെ അനുഗ്രഹത്തിലും ആശിര്‍വാദത്തിലുമായിരുന്നു പിണറായിയുടെ സ്ഥാനാരോഹണം. പിണറായിക്ക് ഡബിള്‍ പ്രൊമോഷന്‍ നല്‍കേണ്ടി വന്നെങ്കില്‍ എം.വി.ഗോവിന്ദന് സിംഗിള്‍ പ്രൊമോഷന്‍ മതിയാകും.


2018ല്‍ ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ എം.വി.ഗോവിന്ദന്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. സംസ്ഥാന സെക്രട്ടറി പദവിയില്‍ എത്തിയതോടെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.


സംഘടനക്ക് ശക്തിയുളള സംസ്ഥാനങ്ങളിലെ സെക്രട്ടറിമാര്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരിക്കുന്നതാണ് സി.പി.എമ്മിലെ പതിവ്. കേരളത്തില്‍ ചടയന്‍ ഗോവിന്ദന്‍ ഒഴികെയുളള എല്ലാ സംസ്ഥാന സെക്രട്ടറിമാരും പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരുന്നു.

ബംഗാളിലും സമാനസ്ഥിതിയാണ്. മുന്‍ സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത മിശ്രയും ഇപ്പോഴത്തെ സെക്രട്ടറി മുഹമ്മദ് സലിമും പി.ബി അംഗങ്ങളാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ശക്തികേന്ദ്രമായ കേരളത്തിലെ സെക്രട്ടറിയെ സംസ്ഥാന സെക്രട്ടറിയാക്കുന്നതിന് സാങ്കേതിക തടസങ്ങളില്ല. രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്കിടയിലെ പരമാധികാര നയരൂപീകരണ വേദിയായ കേന്ദ്രകമ്മിറ്റിക്ക് അതിന് അധികാരവുമുണ്ട്.

Advertisment