Advertisment

ജോസഫ് വിഭാഗത്തിന് ഇക്കുറി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത് 7 സീറ്റുകള്‍ ! ജോസഫ് നിലപാട് കടുപ്പിച്ചാല്‍ ഒരെണ്ണം കൂടി നല്‍കും. ഒന്നിച്ചു യുഡിഎഫില്‍ മത്സരിച്ച സമയത്തെ സീറ്റുകള്‍ക്ക് ഒപ്പം നല്‍കുക ഇടുക്കിയും തിരുവല്ലയും ഇരിങ്ങാലക്കുടയും മാത്രം. കാപ്പന്‍ വന്നാല്‍ പാലാ വിട്ടു നല്‍കുന്നത് ജോസഫിന്റെ അക്കൗണ്ടില്‍ ! കടുംപിടുത്തം തുടര്‍ന്നാല്‍ ചങ്ങനാശേരിയും വിട്ടു നല്‍കും. കോട്ടയത്ത് 2 ൽ കൂടുതല്‍ സീറ്റുകള്‍ നല്‍കില്ല. കൂടുതല്‍ സീറ്റ് ജോസഫിന് നല്‍കിയാല്‍ കോണ്‍ഗ്രസില്‍ കലാപമുറപ്പ്

New Update

publive-image

Advertisment

കോട്ടയം : ഇത്തവണ യുഡിഎഫിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന് ഏറെ തലവേദന സൃഷ്ടിക്കുക കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗമായിരിക്കുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ തവണ ജോസ്, ജോസഫ് വിഭാഗങ്ങള്‍ ഒരുമിച്ചായിരുന്നപ്പോള്‍ മത്സരിച്ച 15 സീറ്റുകള്‍ വേണമെന്ന കടുംപിടുത്തതിലാണ് ജോസഫ്. ജോസഫിന്റെ വാശിക്ക് ഇത്തവണകൂടി വഴങ്ങിയാല്‍ കോണ്‍ഗ്രസില്‍ അതു പൊട്ടിത്തെറിക്ക് കാരണമാകും.

കഴിഞ്ഞ തവണ ഇരുവിഭാഗവുമുള്ള സമയത്ത് യുഡിഎഫില്‍ കടുത്തുരുത്തി, തൊടുപുഴ, കോതമംഗലം, കുട്ടനാട് എന്നീ നാലുമണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഇതിനു പുറമെ കുറച്ചു നേതാക്കള്‍ കൂടി ജോസഫിന്റെ കൂടെ വന്ന സാഹചര്യത്തില്‍ പരമാവധി മൂന്നു.. നാലു സീറ്റുകള്‍ കൂടി നല്‍കാമെന്നാണ് കോണ്‍ഗ്രസില്‍ ആലോചന. എന്നാല്‍ സ്റ്റാറ്റസ്‌കോ പാലിക്കണമെന്നാണ് ജോസഫിന്റെ ആവശ്യം.

ജോസഫ് വാശിപിടിച്ചാല്‍ ഒരുപക്ഷേ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്‌തേക്കാം. എന്നാല്‍ അതു യുഡിഎഫില്‍ വിശേഷിച്ച് കോണ്‍ഗ്രസില്‍ വലിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയേക്കും. നേരത്തെ കോട്ടയത്ത് ജില്ലാ പഞ്ചായത്തിലേക്ക് ജോസഫ് വിഭാഗത്തിന് സീറ്റുകള്‍ വാരിക്കോരി നല്‍കിയിട്ട് എല്ലാം പരാജയപ്പെട്ടത് വിവാദമായിരുന്നു.

ജോസഫ് വിഭാഗം നേരത്തെ മത്സരിച്ചിരുന്ന സീറ്റുകള്‍ക്ക് പുറമെ ആവശ്യപ്പടുന്നത് പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഏറ്റുമാനൂര്‍, പാല, ഇടുക്കി, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപറമ്പ് സീറ്റുകളാണ്. എന്നാല്‍ ഇവിടെയൊക്കെ മത്സരിക്കാന്‍ ജോസഫ് വിഭാഗത്തിന് സ്ഥാനാര്‍ത്ഥികള്‍ പോലുമില്ല.

അതുകൊണ്ടുതന്നെ കോട്ടയം ജില്ലയില്‍ പാലായില്‍ മാണി സി കാപ്പന്‍ മത്സരിച്ചാല്‍ അതു ജോസഫ് വിഭാഗത്തിന്റെ അക്കൗണ്ടിലാകുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിനുപുറമെ ഇടുക്കിയും തിരുവല്ലയും ഇരിങ്ങാലക്കുടയും നല്‍കാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ജോസഫ് നിലപാട് കടുപ്പിച്ചാല്‍ ചങ്ങനാശേരി കൂടി നല്‍കും.

മറ്റു സീറ്റുകള്‍ വിട്ടു നല്‍കില്ലെന്നു തന്നെയാണ് നേതാക്കള്‍ ചര്‍ച്ചയ്ക്ക് മുമ്പുതന്നെ ജോസഫ് വിഭാഗത്തെ അറിയിച്ചിരിക്കുന്നത്. നാളെയാണ് ജോസഫ് വിഭാഗവുമായുള്ള ഉഭയകക്ഷി ചര്‍ച്ച. ജോസഫിന് പുറമെ ജോയി എബ്രാഹം, മോന്‍സ് ജോസഫ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.

സീറ്റിന്റെ എണ്ണം കുറഞ്ഞാല്‍ ജോസഫ് സമ്മതിക്കുമോയെന്ന സംശയം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. അങ്ങനെ വന്നാല്‍ സമീപ ഭാവിയിൽ ഒഴിവു വരുന്നതിൽ മുന്നണിക്ക് ഒന്നിലധികം ലഭിക്കുന്നതിൽ ഒരു രാജ്യസഭാ സീറ്റ് നല്‍കാം എന്ന ഒരു ഉപാധികൂടി ജോസഫിന് മുന്നില്‍ വയ്ക്കാനാണ് തല്‍ക്കാലമുള്ള തീരുമാനം.

സീറ്റുകള്‍ കുറഞ്ഞാല്‍ ജോയി എബ്രഹാം, ജോണി നെല്ലൂര്‍, പ്രിന്‍സ് ലൂക്കോസ് തുടങ്ങി സജി മഞ്ഞക്കടമ്പന്‍ വരെയുള്ള നേതാക്കള്‍ക്ക് ഇക്കുറി നിരാശരാകേണ്ടി വരും. ഇവര്‍ മറുകണ്ടം ചാടിയാല്‍ അവര്‍ സ്വീകരിക്കുമെന്ന ഉറപ്പൊന്നുമില്ല. അതുകൊണ്ടു തന്നെ തല്‍ക്കാലം ഈ നേതാക്കളെ അവഗണിക്കാന്‍ തന്നെയാണ് സാധ്യത.

Advertisment