Advertisment

ഒന്നാം നിലയിൽ നിന്നു താഴേക്കു വീണയാളെ രക്ഷിച്ച ബാബുരാജിന് ജോലി നല്‍കി ഊരാളുങ്കല്‍

New Update

publive-image

Advertisment

കോഴിക്കോട്:  കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയിൽ നിന്നു തലകറങ്ങി താഴേക്കു വീണ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളിയെ മിന്നൽ വേഗത്തിൽ പിടികൂടി അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് സൊസൈറ്റിയിൽ ജോലി നല്കും. വടകര കീഴൽ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക.

ചെങ്കൽ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബാബുരാജിന് ചെയർമാൻ ഉപഹാരവും നൽകി.

18-നാണ് സംഭവം. ഒന്നാംനിലയുടെ വരാന്തയുടെ കൈവരിയില്‍ ചാരി നില്‍ക്കുകയായിരുന്ന അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനു പൊടുന്നനെ പിന്നോട്ടുമറിഞ്ഞു. അടുത്തുനില്‍ക്കുകയായിരുന്ന ബാബുരാജ് മിന്നല്‍ വേഗത്തില്‍ ബിനുവിന്റെ കാലില്‍ മുറുകെ പിടിച്ച് രക്ഷിക്കുകയായിരുന്നു.

അവിടെയുണ്ടായിരുന്ന മറ്റ് ആളുകളും ബാങ്കിലെ ഗണ്‍ മാന്‍ വിനോദും സഹായത്തിനെത്തി. എല്ലാവരുംകൂടി ബിനുവിനെ വലിച്ചുകയറ്റി വരാന്തയില്‍ കിടത്തി. ആശുപത്രിയില്‍ എത്തിച്ച് അടിയന്തര വൈദ്യശുശ്രൂഷയും ലഭ്യമാക്കി. സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ അതിവേഗം വൈറലായി.

Advertisment