Advertisment

മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍തന്നെ ? കോട്ടയത്ത് അവകാശവാദം ഉന്നയിക്കില്ലെന്നും തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കൊള്ളാനും മാണിക്ക് വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഉറപ്പ് ! മത്സരിക്കാന്‍ സമ്മതം മൂളിയിട്ടില്ലെങ്കിലും ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ സജീവമാകുന്നു

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ സ്ഥാനാര്‍ഥിയാകുമെന്നുറപ്പായി. ഇപ്പോഴും മത്സരിക്കാന്‍ ഹൈക്കമാണ്ടിനെ സന്നദ്ധത അറിയിച്ചിട്ടില്ലാത്ത ഉമ്മന്‍ചാണ്ടി അഥവാ പാര്‍ട്ടി സമ്മര്‍ദ്ധത്തിനു വഴങ്ങി മത്സരിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അത് ഇടുക്കിയിലായിരിക്കും എന്നുറപ്പായി . അതേസമയം മത്സരിക്കാന്‍ ഇല്ലെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് അദ്ദീഹം .

ഉമ്മന്‍ചാണ്ടിയുടെ സ്വന്തം മണ്ഡലമായ കോട്ടയത്ത് അദ്ദേഹത്തിന്‍റെ പേര് പറഞ്ഞുകേട്ട സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ നടത്തിയ ആശയ വിനിമയത്തില്‍ കോട്ടയത്തിന്‍റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നോട്ടുപോകാനും കോണ്‍ഗ്രസ് നേതാക്കള്‍ കെ എം മാണിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട് .

ഇക്കാര്യത്തില്‍ ഇനി മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങളും വ്യക്തമാക്കി. ഇത് പ്രകാരം കോട്ടയത്ത് മുന്‍കൂട്ടി ആരംഭിച്ച തെരഞ്ഞെടുപ്പ് മുന്നൊരുക്കള്‍ ഊര്‍ജ്ജിതമായി ഊര്‍ജ്ജിതമായി തുടരാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചു.

publive-image

ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ച് ഉറപ്പുള്ള സിറ്റിംഗ് സീറ്റില്‍ മത്സരിക്കുക എന്നത് വ്യക്തിപരമായി താല്പര്യമുള്ള കാര്യമല്ല. മാത്രമല്ല ഉമ്മന്‍ചാണ്ടി ലോക്സഭയിലേയ്ക്ക് പോകുമ്പോള്‍ ഒഴിവ് വരുന്ന പുതുപ്പള്ളി നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥി ആക്കാന്‍ ആലോചനയുണ്ട് .

പുതുപ്പള്ളിയില്‍ നിന്നും 50 വര്‍ഷം തികയ്ക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ പാര്‍ട്ടി താല്‍പര്യപ്രകാരം ലോക്സഭയിലേയ്ക്ക് പോകുമ്പോള്‍ പുതുപ്പള്ളിയില്‍ തന്‍റെ പിന്‍ഗാമിയായി ചാണ്ടി ഉമ്മന്‍ വരണമെന്നാണ് അദ്ദേഹത്തിന്‍റെയും താല്പര്യം. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ താല്‍പര്യവും അതുതന്നെ. അങ്ങനെ വന്നാല്‍ ഒരേ സ്ഥലത്ത് അപ്പനും മകനും ജനപ്രതിനിധികളായി വരുന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് താല്പര്യമില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ചാണ്ടി ഉമ്മന്‍റെ പേര് മറ്റൊരു മണ്ഡലത്തില്‍ പരിഗണനയില്‍ വന്നപ്പോള്‍ അങ്ങനെയെങ്കില്‍ താന്‍ മത്സരിക്കാനില്ലെന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ഒരേ സഭയില്‍ അപ്പനും മകനും വേണ്ടെന്നതായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. അതുതന്നെയാണ് ഇത്തവണയും സാഹചര്യം. കോട്ടയം ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് പുതുപ്പള്ളിയും.

publive-image

മാത്രമല്ല ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ ഇപ്പോള്‍ ഇടതുപക്ഷത്തുള്ള ഒരു സീറ്റ് പിടിച്ചെടുക്കാം എന്ന നേട്ടവുമുണ്ട്‌. പരമ്പരാഗതമായി കോണ്‍ഗ്രസ് മണ്ഡലമായിരുന്ന ഇടുക്കിയില്‍ അതിരുവിട്ട ഗ്രൂപ്പ് കളിയാണ് കോണ്‍ഗ്രസിനെ നശിപ്പിച്ചത്. അതോടെ വര്‍ഷങ്ങളായി ഇടുക്കി നേരിയ ഭൂരിപക്ഷത്തിന് ഇടതുപക്ഷം കൊണ്ട് പോകുകയാണ് പതിവ്.

വര്‍ഷങ്ങള്‍കൂടി രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പിടി തോമസ്‌ ജയിച്ചപ്പോള്‍ മാത്രമാണ് ഇടുക്കി കോണ്‍ഗ്രസ് പക്ഷത്ത് നിലയുറപ്പിച്ചത് . എന്നാല്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ ശക്തനായ നേതാവ് സ്ഥാനാര്‍ഥി ആയാല്‍ ലോക്സഭയില്‍ മാത്രമല്ല നിയമസഭയിലും ഇടുക്കി മണ്ഡലങ്ങള്‍ തൂത്തുവാരാം എന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. ജില്ലയിലെ അനിയന്ത്രിതമായ ഗ്രൂപ്പ് പോര് അവസാനിപ്പിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും അതു തന്നെയാണ് മാര്‍ഗം.

publive-image

ഇതുമുന്നില്‍ കണ്ടുതന്നെയാണ് കഴിഞ്ഞ ഏതാനും നാളുകളായി ഉമ്മന്‍ചാണ്ടിയുടെ നീക്കവും. എന്ത് തിരക്കുണ്ടെങ്കിലും മാസത്തില്‍ 2 തവണയെങ്കിലും അദ്ദേഹം ഇടുക്കിയില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസവും ഇടുക്കിയിലെ പരിപാടി ഒഴിവാക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞാണ് ആന്‍ഡ്രയില്‍നിന്നും മടങ്ങിയെത്തിയ ഉടന്‍ ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ നില്‍ക്കാത്തെ അദ്ദേഹം നേരെ ഇടുക്കിയ്ക്ക് തിരിച്ചത്.

publive-image

പക്ഷേ തൊടുപുഴയില്‍ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വിശ്രമവും ഭക്ഷണവും കൂടാതെയുള്ള യാത്രകളായിരുന്നു അന്നത്തെ അസ്വസ്ഥതകള്‍ക്ക് കാരണം.

ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി എന്നത് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയ ശ്രദ്ധാലുവാകാന്‍ ഉമ്മന്‍ചാണ്ടി ഉദ്ധേശിച്ചിട്ടില്ലായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയം അദ്ദേഹവും ആസ്വദിച്ചു തുടങ്ങി എന്നാണ് വിലയിരുത്തല്‍. ദേശീയ തലത്തില്‍ അദ്ദേഹത്തിനു ലഭിക്കുന്ന പരിഗണനയിലും സ്വീകാര്യതയിലും ഉമ്മന്‍ചാണ്ടി സന്തോഷവാനാണ്.

publive-image

അതേസമയം കോട്ടയത്ത് ജയസാധ്യതയുള്ള ഒരു സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്താന്‍ ഇപ്പോഴും കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പാര്‍ട്ടിക്കൂറുള്ള സ്ഥാനാര്‍ഥി ആകണം കോട്ടയത്ത് മത്സരിക്കാന്‍ എന്ന കാര്യത്തില്‍ മാത്രമാണ് നിലവില്‍ തീരുമാനം ആയിട്ടുള്ളത്. അതില്‍ തന്നെ കെ എം മാണിയോട് കൂറുള്ള നേതാക്കള്‍ക്കാകും നറുക്ക് വീഴുക.

പാര്‍ട്ടി വിട്ടു പുറത്തുപോയി മടങ്ങിവന്നവരെയും തോറ്റു പണിയില്ലാതെ നില്‍ക്കുന്നവരെയും പരിഗണിക്കരുതെന്ന്‍ മറ്റൊരു നിര്‍ദേശം. എന്നാല്‍ സ്വന്തം മണ്ഡലമെന്ന നിലയില്‍ ജോസ് കെ മാണിയുടെ താല്‍പര്യത്തിനായിരിക്കും കോട്ടയത്ത് മുന്‍‌തൂക്കം.

oomman chandy election 19
Advertisment