Advertisment

പ്രസവം നിറുത്താനുള്ള ഓപ്പറേഷനും ചത്ത എരുമക്കുട്ടിയുടെ ജഡം പോസ്റ്റുമാർട്ടം നടത്താനും പതിനായിരങ്ങൾ കൈക്കൂലി. നിലം പുരയിടമാക്കി മാറ്റാനുള്ള അപേക്ഷകളിൽ ചാകരക്കോള്. കൈക്കൂലിക്കേസ് ഒതുക്കാ‍ൻ കൈക്കൂലി വാങ്ങിയത് വിജിലൻസ് ഡിവൈ.എസ്.പി. ഇതെന്ത് നാട് ? കോഴ കൊടുക്കാതെ ഇവിടെ ഒന്നും നടക്കില്ലേ

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും കെ‍ാടിയ സാമൂഹികവിപത്തായി സർക്കാരുദ്യോഗസ്ഥരുടെ കൈക്കൂലിയിടപാട് മാറിയിരിക്കുകയാണിപ്പോൾ. സർക്കാർ വകുപ്പുകളിലെ ഏത് സേവനത്തിനും കോഴ നൽകേണ്ട ഗതികേടിലാണ് ജനങ്ങൾ. വിജിലൻസ് ഇക്കൊല്ലം ഇതുവരെ 23കേസുകളിലായി 26ഉദ്യോഗസ്ഥരെയാണ് കോഴവാങ്ങുന്നതിനിടെ കൈയോടെ പിടികൂടിയത്. ഏറ്റവുമധികം റവന്യൂ വകുപ്പിലാണ്.

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനും സ്കെച്ചിനും ആയിരം രൂപ കോഴവാങ്ങവേയാണ് തൃശൂർ വെങ്കിടങ്ങ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അജികുമാർ പിടിയിലായത്. അപകടത്തിൽപെട്ട വാഹനം വിട്ടുനൽകാൻ 2000രൂപയും ഒരു ലിറ്റർ വിദേശമദ്യവും വാങ്ങവേയാണ് കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.ഐ നിസാർ പിടിയിലായത്. വരുമാന സർട്ടിഫിക്കറ്റിന് പതിനായിരം രൂപ വാങ്ങവേ ഇടുക്കി താലൂക്ക് തഹസിൽദാർ ജയേഷ് ചെറിയാൻ, കെട്ടിടപെർമിറ്റിന് ഇരുപതിനായിരം വാങ്ങവേ ഇടുക്കി മാഞ്ഞൂർ പഞ്ചായത്ത് അസി.എൻജിനിയർ അജിത്കുമാർ, വാറണ്ട് കേസുകളിലെ സഹായത്തിന് അരലക്ഷം വാങ്ങവേ മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ സുഹൈൽ എന്നിവർ അറസ്റ്റിലായി.

പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്ക് 2500രൂപ വാങ്ങവേ ചേർത്തല താലൂക്കാശുപത്രിയിലെ ഡോക്ടർ രാജൻ, കേസിൽ നിന്നൊഴിവാക്കാൻ ഒരുലക്ഷം വാങ്ങവേ തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ലിബിൻജോൺ, വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായം അനുവദിക്കാൻ ആയിരം രൂപ വാങ്ങിയതിന് തൃശൂർ കൈപ്പമംഗലം പഞ്ചായത്ത് വി.ഇ.ഒ വിഷ്ണു, പട്ടയം നൽകാൻ കാൽലക്ഷം വാങ്ങവേ മലപ്പുറം എടരിക്കാട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ചന്ദ്രൻ, ഗർഭാശയ മുഴ നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് 5000വാങ്ങവേ ചാവക്കാട് താലൂക്കാശുപത്രിയിലെ ഡോക്ടർമാർമാരായ പ്രദീപ് കോശി, വീണ എന്നിവർ പിടിയിലായി.

ചത്ത എരുമക്കുട്ടിയുടെ ജഡം പോസ്റ്റുമാർട്ടം നടത്താൻ ആയിരം രൂപ വാങ്ങിയതിന് കോട്ടയം പനച്ചിക്കാട് വെറ്ററിനറി ആശുപത്രിയിലെ ഡോ.ജിഷ കെ.ജയിംസ്, മാലിന്യ സംസ്കരണ കരാർ റദ്ദാക്കാതിരിക്കാൻ കാൽലക്ഷം വാങ്ങിയതിന് തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണൻ, ഓഫീസ് അസിസ്റ്റന്റ് ഹസീനാ ബീഗം, ഹെൽത്ത് കാർഡ് നൽകാൻ 13,500 രൂപ വാങ്ങിയതിന് പാലക്കാട് കൊടുവായൂർ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജിമാത്യു, വസ്തു അളക്കാൻ 2000വാങ്ങിയ പുനലൂർ താലൂക്ക് സർവേ ഓഫീസിലെ സർവേയർ മനോജ് ലാൽ, നിലം പുരയിടമാക്കി മാറ്റാൻ 5000രൂപ വാങ്ങിയ എറണാകുളം പുത്തൻവേലിക്കര കൃഷി അസിസ്റ്റന്റ് പ്രജിൽ, പോക്കുവരവിന് 1000 വാങ്ങിയ തൃശൂർ കുറ്റിച്ചിറ സ്പെഷ്യൽ വില്ലേജാഫീസർ വർഗ്ഗീസ് എന്നിവർ അറസ്റ്റിലായി.

കെട്ടിട നിർമ്മാണ അനുമതിക്ക് 5000 വാങ്ങിയതിന് എറണാകുളം പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ്, ഭൂമി രജിസ്ട്രേഷന് സ്റ്റാമ്പ് വെട്ടിക്കാൻ 3500 വാങ്ങവേ മഞ്ചേരി സബ് രജിസ്ട്രാറാഫീസിലെ ഹെഡ് ക്ലാർക്ക് ബിജു, വീട് നിർമ്മാണത്തിന് സർക്കാരിന്റെ സഹായം നൽകാൻ പതിനായിരം വാങ്ങിയ കണ്ണൂർ പട്ടികവർഗ്ഗ വികസന ഓഫീസിലെ സൈറ്റ് ഓഫീസർ സലിം, ഭൂമി തരംമാറ്രാൻ കാൽലക്ഷം വാങ്ങവേ എരുമപ്പെട്ടി കൃഷി ഓഫീസർ ഉണ്ണികൃഷ്ണപിള്ള, ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500രൂപ വാങ്ങവേ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ എന്നിവരും അറസ്റ്രിലായി.

കൈക്കൂലി, അഴിമതിക്കേസുകളിൽ ആറര വർഷത്തിനിടെ വിജിലൻസ് കോടതികൾ ശിക്ഷിച്ചത് സർക്കാർ ജീവനക്കാർ ഉൾപ്പെടെ 234 പേരെയാണ്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനും കരാർ നൽകുന്നതിലടക്കം കൂട്ടുനിന്ന സ്വകാര്യ വ്യക്തികളും ഉൾപ്പെടും. 2016 എപ്രിൽ മുതൽ 2022 ഒക്ടോബർ വരെയുള്ള കണക്കാണിത്. പഞ്ചായത്ത് സെക്രട്ടറിമാർ, കെ.എസ്.ഇ.ബി എൻജിനിയർമാർ, വില്ലേജ് ഓഫീസർമാർ, എം.വി.ഐമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, സബ് രജിസ്ട്രാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവരടക്കം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അദ്ധ്യാപകരുൾപ്പെടെ അര‌ഡസനോളം വനിതകളും കൂട്ടത്തിലുണ്ട്. ക്ളറിക്കൽ ജീവനക്കാർ മാത്രം 12 പേരുണ്ട്. അറ്റൻഡർമാരുമുണ്ട്. 119 പേർ ശിക്ഷിക്കപ്പെട്ട തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. തലശേരിയിൽ 45 പേരും കോഴിക്കോട് 40 പേരും ശിക്ഷിക്കപ്പെട്ടു. മിക്കവരും മേൽക്കോടതിയിൽ അപ്പീൽ നൽകി വകുപ്പുതല നടപടികളിൽ നിന്നൊഴിവായി. അഴിമതി നിരോധന നിയമ പ്രകാരം മൂന്നുവർഷം മുതൽ ഏഴുവർഷം വരെയാണ് തടവ് ശിക്ഷ. അഴിമതിമൂലമുണ്ടാകുന്ന നഷ്ടത്തിന് ആനുപാതികമായി പിഴയും ചുമത്തും.

Advertisment