Advertisment

യു.എസ് കോണ്‍ഗ്രസിലേക്ക് ആദ്യമായി മുസ്‌ലിംവനിതാ പ്രാതിനിധ്യം;പലസ്തീനി, സൊമാലി കുടിയേറ്റക്കാരായ യുവതികൾ തെരഞ്ഞെടുക്കപ്പെട്ടു

New Update

Advertisment

യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം യുവതികളായി പലസ്തീനിയന്‍ അമേരിക്കന്‍ റാഷിദ ത്‌ലെയ്ബും സൊമാലി അമേരിക്കന്‍ ഇല്‍ഹാന്‍ ഉമറും. മിഷിഗണിലെ 13ാം കോണ്‍ഗ്രഷണല്‍ ജില്ലയില്‍ നിന്നാണ് റാഷിദ തെരഞ്ഞെടുക്കപ്പെട്ടത്. മിനസോട്ടയിലെ ഡെമോക്രാറ്റിക് ശക്തികേന്ദ്രമായ അഞ്ചാം കോണ്‍ഗ്രഷണല്‍ ജില്ലയില്‍ നിന്നാണ് ഉമര്‍ വിജയിച്ചത്.

നേരത്തെ ഇവിടെ നിന്നാണ് യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം യുവാവായ കെയ്ത് എലിസണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാനായി അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെയാണ് റാഷിദ അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.

യു.എസിലെ ഡെട്രോയിറ്റില്‍ പലസ്തീനി കുടിയേറ്റ കുടുംബത്തിന്റെ മകളായാണ് റാഷിദ ജനിച്ചത്. 2008 ല്‍ മിഷിഗണ്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുകൊണ്ട് അവര്‍ ചരിത്രം കുറിച്ചിരുന്നു. മിഷിഗണ്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം യുവതിയായിരുന്നു അവര്‍.

15 ഡോളര്‍ അടിസ്ഥാന കൂലി, ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് തടയും, വന്‍കിട കോര്‍പ്പറേഷനുകള്‍ക്കുള്ള നികുതി ഇളവ് ഇല്ലാതാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് ഇവര്‍ പ്രചരണവേളയില്‍ ഉയര്‍ത്തിയത്.

സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തിനിടെ 14ാം വയസിലാണ് ഇല്‍ഹാന്‍ യു.എസിലേക്ക് പലായനം ചെയ്യുന്നത്. യു.എസിലേക്ക് കുടിയേറിയശേഷം മുത്തച്ഛനൊപ്പം പ്രാദേശിക ഡെമോക്രാറ്റിക് ഫാര്‍മര്‍ ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് അവര്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പൊതുജനാരോഗ്യ പദ്ധതികളിലും സൗജന്യ കോളജ് വിദ്യാഭ്യാസത്തിലും ഊന്നുന്നതായിരുന്നു ഇല്‍ഹാന്റെ കാമ്പെയ്ന്‍.

Advertisment