അടുത്ത അമേരിക്കൻ പ്രസിഡന്റാകാൻ ആദ്യ ഹിന്ദുവനിത മത്സര രംഗത്തേയ്ക്ക്. 37 കാരിയായ തുളസിയുടെ മാതാവ് ഇന്ത്യൻ വംശജ. അച്ഛൻ കത്തോലിക്കാ വിശ്വാസി

പ്രകാശ് നായര്‍ മേലില
Saturday, January 12, 2019

തുളസി ഗബാർഡ്  – വളരെ ജനപ്രിയയും ഹവായ് സംസ്ഥാനത്തുനിന്ന് നാലുതവണ ഹൗസ് ഓഫ് റെപ്രസന്ററ്റീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹിന്ദുവനിതയുമായ ഡെമോക്രാറ്റ് പാർട്ടി അംഗമാണ് ഇന്ത്യൻ വംശജയായ തുളസിഗബാർഡ് . 2020 ൽ നടക്കാൻ പോകുന്ന അടുത്ത അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാർത്ഥിത്വം അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് അവർ അറിയിച്ചിരിക്കുന്നു.

37 കാരിയായ തുളസി ഗബാർഡ് ഓരോ തവണയും റിക്കാർഡ് ഭൂരിപക്ഷത്തിലാണ് ഹാവായ്ൽ നിന്ന് വിജയിച്ചിരിക്കുന്നത് എന്നതുതന്നെ അവരുടെ ജനപ്രീതി വിളിച്ചോതുന്നതാണ്. തുളസിയുടെ അച്ഛൻ കത്തോലിക്കാ സഭാ വിശ്വാസിയും ‘അമ്മ ഇന്ത്യൻ വംശജയായ ഹിന്ദുവുമായിരുന്നു.

തുടക്കം മുതൽ ഒരു ഹിന്ദുമതവിശ്വാസിയായാണ് അവർ ജീവിച്ചുവന്നത്. ഓരോ തവണയും ജയിച്ചപ്പോൾ ഭഗവത് ഗീതയിൽ കൈവച്ചുകൊണ്ടായിരുന്നു അവർ സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രീയത്തിൽ വരുന്നതിനുമുമ്പ് അവർ 12 മാസം ഇറാക്കിൽ സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യപടിയായി അവർക്കു ഡെമോക്രാറ്റിക് പാർട്ടിയിലെ 12 എം.പി മാരുമായു ള്ള പ്രൈമറി റൗണ്ട്‌ മത്സരം ജയിച്ചുകയറേണ്ടതുണ്ട്. അവിടെ ഇന്ത്യൻ വംശജയായ കമലാ ഹാരീസ് വളരെ ശക്തയായ എതിരാളിയാണ്. തമിഴ് വംശജയായ കമലാ ഹാരീസ് ക്രിസ്തുമത വിശ്വാസിയാണ്.

താൻ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ജയിച്ചാൽ രാജ്യത്തെ യുദ്ധത്തിൽ നിന്ന് സമാധാനത്തിലേക്ക് നയിക്കുന്ന ഒരു ലോകശക്തിയാക്കി മാറ്റിയെടുക്കുക എന്നതാകും തന്റെ മുഖ്യലക്ഷ്യമെന്നവർ പറയുന്നു.

തുളസി ഗബാർഡ് തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കൻ പ്രസിഡന്റാകുന്ന ആദ്യവനിത എന്നതിലുപരി ആദ്യ ഹിന്ദുമത വിശ്വാസിയും , പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും എന്നീ ഖ്യാതികൾ അവർക്കു സ്വന്തമാകും.

×