Advertisment

പാലോളി കമ്മിറ്റി ശുപാര്‍ശകളിൽ നടപ്പാക്കാത്തവയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് ഉസ്താദ് മുഹമ്മദ് ഖാസിം കോയ

New Update

publive-image

Advertisment

പൊന്നാനി: സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിനായി രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ ശുപാർശകളിൽ ഏതെങ്കിലും നടപ്പാക്കാത്തതുണ്ടെങ്കിൽ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും അർഹതപ്പെട്ടവർ ആരൊക്കെയുണ്ടോ അവർക്കൊക്കെ സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച നിയമസഭയിൽ നടത്തിയ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി പ്രശസ്ത മുസ്ലിം വ്യക്തിത്വവും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായ ഉസ്താദ് മുഹമ്മദ് ഖാസിം കോയ അറിയിച്ചു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് പിന്തുണയും അഭിനന്ദനവും അറിയിച്ചു കൊണ്ട് അദ്ദേഹത്തിന് സന്ദേശം അറിയിച്ചതായും ഖാസിം കോയ പറഞ്ഞു. "ഇക്കാര്യത്തിൽ കേരളത്തിലെ ന്യുനപക്ഷം അങ്ങയോടൊപ്പമാണ്" ഖാസിം കോയ മുഖ്യമന്ത്രിയ്ക്ക് അയച്ചു കൊടുത്ത സന്ദേശത്തിൽ പരാമർശിച്ചു.

ന്യുനപക്ഷ വിഷയങ്ങളിൽ പിണറായി സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും ഏറെ അഭിനന്ദനം അർഹിക്കുന്നതാണ്. ‘ന്യൂനപക്ഷ വിഷയത്തിൽ തുറന്ന മനസ്സാണ് സര്‍ക്കാരിനുള്ളത്. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ എന്നും മുന്നിലാണ്. ഈ പ്രശ്‌നം ഇപ്പോള്‍ ഉയര്‍ത്തുന്നതിനു പിന്നിലെ കാരണം പരിശോധിക്കണം. പരാതിക്ക് ഇട നല്‍കാതെയാണ് സ്‌കോളര്‍ഷിപ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്": മുഖ്യമന്ത്രിയുടെ പ്രസ്താവനയിലേയ്ക്ക് ഉസ്താദ് ശ്രദ്ധ തിരിച്ചു.

സംസ്ഥാനത്തെ ന്യുനപക്ഷകാര്യ വിഷയങ്ങൾ ഇടത് സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ കരങ്ങളിൽ ഭദ്രമാണെന്ന് പ്രസ്തുത വകുപ്പ് അദ്ദേഹം ഏറ്റെടുത്ത വേളയിൽ തന്നെ താൻ അഭിപ്രായപ്പെട്ടത് ഖാസിം കോയ അനുസ്മരിച്ചു.

അതിപ്പോൾ, നിഷ്പക്ഷമായി നിരീക്ഷിക്കുന്ന ഏതൊരാൾക്കും ബോധ്യമായിരിക്കുകയുമാണ്. ഓരോ ന്യൂനപക്ഷ വിഭാഗങ്ങൾക്കും അർഹവും നീതിയുക്തവുമായ അവകാശങ്ങളും ആനുകൂല്യങ്ങളും രാഷ്ട്രീയ മുതലെടുപ്പിനുള്ള വിഷയമാക്കി ആരും മാറ്റരുതെന്നും ഉസ്താദ് ഖാസിം കോയ കേരള സമൂഹത്തിലെ നേതാക്കളോടും സാധാരണക്കാരോടും അഭ്യർത്ഥിച്ചു. തന്റെ സന്ദേശത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി ലഭിച്ചതായും അദ്ദേഹം തുടർന്നു.

malappuram news
Advertisment