Advertisment

ഉത്ര വധം: അണലിയുമായി കാത്തിരുന്ന സൂരജിന്റെ ആദ്യശ്രമം പാളി, പാമ്പിനെ കൊണ്ട് കടിപ്പിച്ചത് മൂന്നാമത്തെ ശ്രമത്തിൽ; സൂരജിന്റെ മൊഴി

New Update

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ മാർച്ച് രണ്ടിന് മുമ്പ് ശ്രമിച്ചിരുന്നതായി സൂരജിന്റെ മൊഴി. ഫെബ്രുവരി 29നായിരുന്നു ആദ്യ ശ്രമം. ഇതിനായി പാമ്പ് പിടുത്തക്കാരൻ സുരേഷിനെ സൂരജ് ബന്ധപ്പെട്ടു. ഫെബ്രുവരി 12നാണ് സുരേഷിനെ ആദ്യമായി സൂരജ് വിളിക്കുന്നത്. പിന്നിട് ഫെബ്രുവരി 18ന് ചാത്തന്നൂരിൽ ഇവർ കണ്ടുമുട്ടി.

Advertisment

എലിയെ പിടിക്കാനായി തനിക്കൊരു പാമ്പിനെ വേണമെന്നാണ് സൂരജ് സുരേഷിനോട് പറഞ്ഞത്. ഇതിന് വില തരാമെന്നും അറിയിച്ചു. തുടർന്ന് ഫെബ്രുവരി 26ന് ഏനാത്ത് എത്തി സുരേഷ് സൂരജിന് പാമ്പിനെ കൈമാറുകയും ചെയ്തു. തുടർന്നാണ് ഉത്രയെ കൊലപ്പെടുത്താനുളള ആ​ദ്യശ്രമം നടത്തിയത്.

publive-image

രാത്രിയിൽ, ചാക്കിൽ കൊണ്ടുവന്ന അണലിയെ സൂരജ് വീടിന്റെ മുകൾനിലയിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചു. എന്നാൽ, പാമ്പ് ചാക്കിന് പുറത്തിറങ്ങി സ്റ്റെയർകേസിലേക്ക്‌ ഇഴഞ്ഞെത്തി. ഈ സമയം മുകൾനിലയിലേക്കുപോയ ഉത്ര പാമ്പിനെ കണ്ട്‌ നിലവിളിച്ചു.

അവിടെയെത്തിയ സൂരജ് പാമ്പിനെ ചാക്കിലാക്കി വീടിന്‌ പുറകുവശത്തേക്ക്‌ എറിഞ്ഞു. കുറച്ചുകഴിഞ്ഞ്‌ സൂരജ് പുറത്തിറങ്ങി പാമ്പിനെയെടുത്ത് ഷെഡ്ഡിൽ ഒളിപ്പിച്ചു. ഇങ്ങനെ ആദ്യത്തെ ശ്രമം പാളിപ്പോയി. തുടർന്നാണ് മാർച്ച് രണ്ടിന് സൂരജിന്റെ വീട്ടിൽ വെച്ച് ഉത്രയുടെ കാലിൽ ആദ്യമായി പാമ്പ് കടിക്കുന്നത്.

അണലികടിച്ച് ചികിത്സയ്ക്കായി ഉത്രയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ ഇതിൽ സംശയം പറഞ്ഞു. ഉത്രയുടെ കാൽമുട്ടിനുതാഴെ മസിൽ ഭാഗത്താണ് പാമ്പ്‌ കടിച്ചത്. ഉത്രയ്ക്ക് പാമ്പുകടിയേറ്റത് വീടിന്‌ പുറത്തുവെച്ചാണെന്നാണ് സൂരജും വീട്ടുകാരും ഡോക്ടറോട് പറഞ്ഞിരുന്നത്. ഈ ഭാഗത്ത് അണലി കടിക്കാൻ സാധ്യതയില്ലെന്ന്‌ ഡോക്ടർമാർ അന്ന് ഉത്രയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു.

അണലിവർഗത്തിലുള്ള പാമ്പുകൾ ഇത്രയും ഉയരത്തിൽ കടിക്കാൻ സാധ്യത കുറവാണെന്നതായിരുന്നു കാരണം. ഇതിന്റെ ചികിത്സക്കായി രണ്ടാഴ്ചയിലേറെ ഉത്ര ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്നു. തുടർചികിത്സയ്ക്കും വിശ്രമത്തിനുമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് മെയ് ഏഴിന് രാവിലെ ഉത്രയ്ക്ക് വീണ്ടും പാമ്പ് കടിയേറ്റത്.

മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉത്രയുടെ വീട്ടുകാർ ഉന്നയിച്ച സംശയങ്ങളെ തുടർന്നാണ് അന്വേഷണം നടന്നതും ഭർത്താവായ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതും.

uthra death uthra murder case sooraj arrest
Advertisment