Advertisment

വിഡിയോഗ്രഫറെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കാറും ക്യാമറയും സ്വർണവും തട്ടിയെടുത്തു; വടിവാള്‍ വിനീതിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി

New Update

ചെങ്ങന്നൂർ :വിഡിയോഗ്രഫറെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കാറും ക്യാമറയും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതി എടത്വ ചങ്ങംകരി ലക്ഷംവീട്ടിൽ വി.വിനീതിനെ അറസ്റ്റ് ചെയ്യാൻ ചെങ്ങന്നൂർ പൊലീസിന് അനുമതി ലഭിച്ചു. മറ്റു കേസുകളിൽ റിമാ‍ൻഡിലായ പ്രതി ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്.

Advertisment

publive-image

ചെങ്ങന്നൂരിൽ കൊള്ള നടത്തി മുങ്ങിയ ശേഷം കൊല്ലത്ത് അറസ്റ്റിലായ വിനീതിനെ കൊല്ലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. സാധാരണ ഗതിയിൽ റിമാൻഡ് പ്രതികളെ സബ് ജയിലിലേക്കാണ് അയയ്ക്കാറുള്ളതെങ്കിലും അതീവ സുരക്ഷ വേണ്ട കുറ്റവാളിയെന്ന നിലയ്ക്കാണ് സെൻട്രൽ ജയിലിൽ ആക്കിയത്.പൊലീസ് കസ്റ്റഡിയിൽ നിന്നു മുൻപ് കടന്നുകളഞ്ഞ പശ്ചാത്തലവും ഇയാൾക്കുണ്ട്. കഴിഞ്ഞ മാസം കൊച്ചി റൂറൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി പെരുമ്പാവൂരിൽ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിരീക്ഷണത്തിലിരിക്കെ ഓടിപ്പോയിട്ടുണ്ട്.

ഇയാളെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി ചെങ്ങന്നൂർ പൊലീസ് സമർപ്പിച്ച അപേക്ഷയിൽ കോടതി അനുമതി നൽകിയിട്ടുണ്ടെന്നു സിഐ ജോസ് മാത്യു പറഞ്ഞു. സെൻട്രൽ ജയിലിൽ നിന്ന് അറസ്റ്റ് ചെയ്ത ശേഷം, ചെങ്ങന്നൂർ കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകണം. ഇതിന് അനുമതി ലഭിച്ചാലേ കൂടുതൽ ചോദ്യം ചെയ്യാനാകൂ.

ചെങ്ങന്നൂർ മേഖലയിൽ മറ്റു കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടില്ലെന്ന് പൊലീസ് കരുതുന്നുണ്ടെങ്കിലും ചോദ്യം ചെയ്യലിനു ശേഷമേ ഉറപ്പിക്കാനാകൂ. ചെങ്ങന്നൂരിൽ നിന്നു കാർ തട്ടിയെടുത്ത ശേഷം പിടിയിലാകുന്നതിനിടയിൽ കൊല്ലത്ത് പലയിടത്തും വിനീത് പിടിച്ചുപറി നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

vadival vineeth
Advertisment