ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പ് കൂടാതെ ചെയ്യുന്ന അദ്ദേഹത്തിന്റെ കഴിവിനെ സല്യൂട്ട് ചെയ്യുന്നു, ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ; മമ്മൂട്ടിയെക്കുറിച്ച് വൈശാഖ്

ഫിലിം ഡസ്ക്
Friday, September 7, 2018

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ വൈശാഖ്. പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജ സംവിധാനം ചെയ്യുന്നത് വൈശാഖാണ്. ചിത്രത്തിനായി മമ്മൂട്ടി ഒരു ആക്ഷന്‍ രംഗത്തിന് പോലും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലെന്നും വൈശാഖ് വെളിപ്പെടുത്തി. സിനിമയ്ക്ക് ഉദയ്കൃഷ്ണ തിരക്കഥ രചിക്കുന്നു. പോക്കിരിരാജയിലെ അതേ ഗെറ്റപ്പാണ് മമ്മൂട്ടിക്ക് മധുരരാജയിലും ഉള്ളത്.

‘മധുരരാജ, പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല, ‘രാജാ’ എന്ന കഥാപാത്രത്തിന്റെ മാത്രം തുടര്‍ച്ചയാണ്… പുതിയ ചിത്രത്തില്‍ ‘രാജാ’ എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും തികച്ചും പുതിയതാണെന്ന് വൈശാഖ് പറഞ്ഞിരുന്നു. പുലിമുരുകനില്‍ മോഹന്‍ലാലിനെ ആക്ഷന്‍ പഠിപ്പിച്ച ഹീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ഈ ചിത്രത്തിലെയും സ്റ്റണ്ട് മാസ്റ്റര്‍.

വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പിറന്നാള്‍ ആശംസകള്‍ മമ്മൂക്ക. നമ്മള്‍ ഇപ്പോള്‍ ഒരു സിനിമയിലാണ് വര്‍ക്ക് ചെയ്യുന്നത്. മമ്മൂക്കയുടെ പ്രധാനപ്പെട്ട ഒരു ആക്ഷന്‍ സീന്‍ ചിത്രത്തിലുണ്ട്. പീറ്റര്‍ ഹെയ്‌നൊപ്പം. ഒരു സിംഗിള്‍ ഷോട്ടില്‍ പോലും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. മമ്മൂക്കയുടെ അഭ്യര്‍ത്ഥനയായിരുന്നു ഡ്യൂപ്പിനെ വേണ്ട എന്ന്. അദ്ദേഹത്തിന്റെ ഈ സ്പിരിറ്റ്, പാഷന്‍, ഡെഡിക്കേഷന്‍ ഇതിനെയെല്ലാം സമ്മതിക്കാതെ വയ്യ. സല്യൂട്ട് ചെയ്യുന്നു ആ കഴിവിനെ. ചന്തുവിനെ തോല്പിക്കാന്‍ ആവില്ല മക്കളെ… ലവ് യു മമ്മൂക്ക..

×