Advertisment

സുഹൃത്തായ മാധ്യമ പ്രവര്‍ത്തകയെ പിആര്‍ഒയായി നിയമിക്കാനുള്ള മന്ത്രി വീണ ജോര്‍ജിന്റെ നീക്കത്തിന് സിപിഎം വിലക്ക് ! ഇന്ത്യാവിഷനില്‍ സഹപ്രവര്‍ത്തകയായിരുന്ന മാധ്യമ പ്രവര്‍ത്തകയുടെ നിയമന ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കെ പാര്‍ട്ടിയുടെ ഇടപെടല്‍ ! ഓഫീസില്‍ വന്ന മാധ്യമ പ്രവര്‍ത്തകയെ മടക്കിയയച്ചു. മാധ്യമ പ്രവര്‍ത്തകയ്ക്ക് വിനയായത് കെകെ രമയുമായുള്ള കുടുംബ ബന്ധം. മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നിട്ടും ആ പരിഗണന പോലും വേണ്ടെന്ന് പാര്‍ട്ടി !

New Update

തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശം മറികടന്ന് സ്വന്തം പിആര്‍ഒയെ തീരുമാനിച്ചതിന്റെ പേരില്‍ ആരോഗ്യമന്ത്രിക്കെതിരെ സിപിഎം. പാര്‍ട്ടിയെ അറിയിക്കാതെ വച്ച പിആര്‍ഒയെ ഉടന്‍ പുറത്താക്കണമെന്ന് പാര്‍ട്ടി മന്ത്രിയോട് നിര്‍ദേശിച്ചു. പ്രൈവറ്റ് സെക്രട്ടറിയോട് ആലോചിക്കാതെ കാര്യങ്ങള്‍ ചെയ്യരുതെന്നും മന്ത്രിക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment

publive-image

ആരോഗ്യമന്ത്രിയായതിനു പിന്നാലയാണ് ഇന്ത്യാവിഷനില്‍ തന്റെ സഹപ്രവര്‍ത്തകയായിരുന്ന മാധ്യമ പ്രവര്‍ത്തകയെ വീണ ജോര്‍ജ് തന്റെ പിആര്‍ഒയായി നിയമിച്ചത്. എന്നാല്‍ ഇക്കാര്യം പാര്‍ട്ടിയില്‍ നിന്നും അനുമതി വാങ്ങിയല്ല ചെയ്തത്. സിപിഎം അനുഭാവിയായ മാധ്യമ പ്രവര്‍ത്തകയെ കൂടെ കൂട്ടിയാല്‍ പാര്‍ട്ടി എതിര്‍ക്കില്ലെന്ന തോന്നലിലാണ് വീണ ഇക്കാര്യം ചെയ്തത്.

എന്നാല്‍ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതിയംഗവും എകെജി സെന്റര്‍ സെക്രട്ടറിയുമായിരുന്ന കെ സജീവനെയാണ് പാര്‍ട്ടി നിയോഗിച്ചത്. പാര്‍ട്ടി പ്രതിനിധി സ്റ്റാഫില്‍ എത്തിയതോടെയാണ് മന്ത്രി സ്വയം തീരുമാനിച്ച സ്റ്റാഫിനെ നിയമിക്കാന്‍ പറ്റില്ലെന്ന തീരുമാനം വന്നത്.

ആര്‍എംപി നേതാവ് കെകെ രമയുമായി ബന്ധമുള്ളതാണ് മാധ്യമ പ്രവര്‍ത്തകയ്ക്ക് വിനയായത്. ഇവരുടെ ഭര്‍ത്താവിനെ നേരത്തെ തന്നെ സിപിഎം നോട്ടപ്പുള്ളിയാക്കിയതാണ്. ഇവരുടെ അടുത്ത ബന്ധു നേരത്തെ പാര്‍ട്ടി ചാനലില്‍ പ്രവര്‍ത്തിച്ചിരുന്നതാണ്.

ഇന്ത്യാവിഷന്‍ കാലത്ത് തന്നെ വീണ ജോര്‍ജിന് ഈ മാധ്യമ പ്രവര്‍ത്തകയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വീണ ജോര്‍ജിന് വേണ്ടി ഇവര്‍ പ്രചാരണവും നടത്തിയിരുന്നു. തുടര്‍ന്നാണ് മന്ത്രിയായപ്പോള്‍ ഇവരെ പിആര്‍ഒ ആക്കാന്‍ വീണ ജോര്‍ജ് തീരുമാനിച്ചത്.

നിയമന ഉത്തരവ് വന്നിരുന്നില്ലെങ്കിലും ഇവര്‍ മന്ത്രിയുടെ ഓഫീസില്‍ വന്നു തുടങ്ങിയിരുന്നു. എന്തായാലും ഇവരെ ഉടനെ തന്നെ ഒഴിവാക്കാനാണ് സിപിഎം വീണ ജോര്‍ജിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. മേലില്‍ ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടിയറിയാതെ തീരുമാനമെടുക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

veena george
Advertisment