Advertisment

സിനിമയുമായി യാതൊരു ബന്ധമില്ലാവരുടെ വീത്, വേലായുധന്റെ വീത് : ഇവർ സോഷ്യൽ മീഡിയയിൽ ഹിറ്റാകണം !!

New Update

തൃശൂർ ജില്ലയിലെ പഴയ മാള മണ്ഡലത്തിൽ ഇന്നിപ്പോൾ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ മനക്കലപ്പടി ദേശത്തിൽ ഒരിക്കൽ ഒരു അസാധാരണ മനുഷ്യൻ ജീവിച്ചിരുന്നു . മണമ്മൽ വേലായുധൻ എന്ന പേട്ടണ്ടി വേലായുധൻ .

Advertisment

സ്വന്തമായി വീടുണ്ടായിരുന്നിട്ടും കാടുപിടിച്ച ഒരു വിഷക്കാവിന്റെ തറയിലായിരുന്നു അദ്ദേഹം അന്തിയുറങ്ങിയിരുന്നത് .

publive-image

വവ്വാലുകളുമായും കാക്കകളുമായും കൊക്കുകളുമായും കുളക്കോഴികളുമായും പെരുച്ചാഴികളുമായും വളരെ സ്വകാര്യമായി ആശയവിനിമയങ്ങളിലേർപ്പെട്ടിരുന്ന വേലായുധൻ അന്നാട്ടിലെ സകമലാന പറമ്പുകളിലും വീണുകിടക്കുന്ന അടക്കയും തേങ്ങയും ജാതിക്കായും ഒക്കെ പെറുക്കിവിറ്റാണ്‌ ജീവിതം തള്ളിനീക്കിയിരുന്നത് .

സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് ഒളിവുകാലങ്ങളിൽ താമസിച്ചിരുന്ന അക്കരക്കുറിശ്ശി മനകളിലെയും സരസ്വതി തമ്പുരാട്ടിയുടെ വീട്ടുപറമ്പിലും വിജയൻ മാഷിന്റെ വീട്ടുപറമ്പിലും ഒക്കെ സ്വൈര്യ വിഹാരം നടത്തിയിരുന്ന വേലായുധന് ചാരായം ഒരു ദൗർഭല്യമായിരുന്നു .

എകെ ആന്റണി ചാരായം നിരോധിച്ചപ്പോൾ ഒറ്റയാൾ സമരം നടത്തിയ ആളായിരുന്നു സാക്ഷാൽ ഈ വേലായുധൻ . പിന്നീട് അദ്ദേഹത്തിന്റെ വിഷക്കാവും പരിസരവും ചാരായം വാറ്റിൽ പ്രശസ്തമാക്കി ചാരായനിരോധനത്തെ നേരിട്ടു .

കൂരിക്കുറുമ്പയെന്ന പെങ്ങളുമായി അടുപ്പക്കുറവുണ്ടായിരുന്നില്ല എങ്കിലും മരുമകൻ സുധാകരൻ ഇടക്കിടക്ക് ആരുമറിയാതെ അമ്മാവനെ സഹായിക്കുമായിരുന്നു . നന്നേ ചെറുപ്പത്തിൽ ജയന്തി ജനതയിൽ നാടുവിട്ടെങ്കിലും ഏറെ വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നതിനാൽ അധികം ആർക്കും അദ്ദേഹത്തെ പരിചയമില്ലായിരുന്നു .

ലോകകാര്യങ്ങൾ വളരെ കിറുകൃത്യമായി ഒറ്റക്ക് സംസാരിച്ചുകൊണ്ട് റോഡ് സൈഡിലൂടെ പോയിരുന്ന വേലായുധനെ ഇന്ത്യൻ ഇന്റലിജൻസിന്റെ ഏജന്റാണെന്ന് വരെ മനക്കലപ്പടിയിലെ മോഹൻദാസും ഗഫൂറും പറയാറുണ്ടായിരുന്നു .

ആരെങ്കിലും ഒരാൾ അദ്ദേഹത്തെ പേട്ടണ്ടി എന്ന് വിളിക്കുകയാണെങ്കിൽ പിന്നെ അരമണിക്കൂർ നേരം സാഹിത്യമായ ഭാഷയിൽ തെറി കേൾക്കുമായിരുന്നു . ആയതിനാൽ സമൂഹത്തിലെ ചില ഉന്നതർ വരെ ആ മനുഷ്യനെ പിന്നിൽ നിന്നും പേട്ടണ്ടി എന്ന് വിളിക്കുമായിരുന്നു .

പിന്നീട് ഒരു പുലർച്ചെ അദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു . വിജയൻമാഷിന്റെ പറമ്പിൽ നിന്നും മനയ്ക്കലെ തമ്പാട്ടി ടീച്ചറിന്റെ പറമ്പിലേക്കുള്ള ഒരു മരണം . വിജയന്മാഷിന്റെ പറമ്പിലെ അടക്കമരത്തിൽ കയറുകയും അടക്കാമരം തമ്പാട്ടി ടീച്ചറിന്റെ പറമ്പിലേക്ക് ഒടിഞ്ഞു വീണുകൊണ്ടുള്ള ഒരു ദാരുണയുമായ അന്ത്യം .

ഇതിലെ അതിദാരുണമായ വസ്തുത മറ്റൊന്നാണ് .ഈ രണ്ടു ഭൂമിയും അദ്ദേഹം മരിക്കുന്പോൾ കൈവശം വെച്ചിരുന്നവർ തമ്മിൽ ഗോഡ്ഫാദർ സിനിമയിലെന്നപോലെ അഞ്ഞൂറാൻ - ആനപ്പാറ അച്ഛമ്മയും തമ്മിലുള്ള അങ്കത്തിനേക്കാൾ വലിയ അങ്കം .

മരണത്തിന്റെ ശേഷമുള്ള ചിലവുകളും പോലീസ് പോസ്റ്റ്‌മോർട്ടം ചിലവുകളും എല്ലാം ചർച്ച ചെയ്തുകൊണ്ടുള്ള അങ്കം ഉച്ചവരെ നീണ്ടു . അവസാനം നാട്ടുകാർ പിരിവെടുത്ത് വേലായുധനെ സംസ്കരിച്ചു .

ഇതുപോലൊരു മരണം ആർക്കും ഉണ്ടാകരുതേയെന്ന് നാട്ടുകാർ ഒന്നടങ്കം പ്രാർത്ഥിച്ചു . അത്രമാത്രം പ്രശ്നമാണ് നിസ്സാര ചിലവുകളെച്ചൊല്ലി വേലായുധന്റെ ഭൗതിക ശരീരം അനുഭവിച്ചത് .

ഇനി വിഷയത്തിലേക്ക് വരാം : ഈ വേലായുധന്റെ നാട്ടിലെ കുറച്ചു ചെറുപ്പക്കാർ ചേർന്നുകൊണ്ട് '' വീത് '' എന്ന പേരിൽ ഒരു ഹൃസ്വ ചിത്രം

ഉണ്ടാക്കിയെടുത്തിരിക്കുന്നു . അതിൽ വേലായുധനായി അഭിനയിച്ച ആളിന്റെ രൂപ സാദൃശ്യം കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി .

വേലായുധന്റെ കാലിന്റെ മുട്ടിന്റെ അടിയിലായി ഒരു കെട്ട് ഉണ്ടായിരുന്നു . അത് അതേ പോലെ കണ്ടപ്പോൾ ഈ ചെറുപ്പക്കാരോട് സ്നേഹം തോന്നിപ്പോയി . തനി നാടൻ ഭാഷയാണ് ഇവന്മാർ ഉപയോഗിച്ചിരിക്കുന്നത് എന്നതും അഭിനയിച്ചവരൊക്കെ അത്യാവശ്യം മോശമല്ലാത്ത തങ്ങളുടെ വേഷങ്ങൾ തന്മയത്തത്തോടെ അവതരിപ്പിച്ചതും കണ്ടപ്പോൾ നന്നായി തോന്നി .

ഏറ്റവും വലിയ ഒരു പ്രത്യേകതയായി തോന്നിയത് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരാരും സിനിമയുമായോ സിനിമ നടന്മാരുമായോ സിനിമ സംവിധായകന്മാരുമായോ യാതൊരുവിധത്തിലുള്ള ബന്ധങ്ങളും ഉള്ളവരല്ല എന്നതാണ് .

അങ്ങനെയുള്ളവർ ചെയ്യുന്ന സിനിമകളേക്കാൾ ഏറെ മുന്നിലാണ് വേലായുധന്റെ വീത് . വീത് എന്നാൽ കള്ളുകുടിക്കുമ്പോൾ മരിച്ചവർക്ക് വീത് വെക്കുന്ന ഒരു ഏർപ്പാട് ഈ ഭാഗങ്ങളിൽ ഉണ്ട് . അതാണെന്നാണ് തോന്നുന്നത് .

പിന്നെ ഒരു കാര്യംകൂടി . ഈ ചിത്രം ചെയ്തിരിക്കുന്നവർക്ക് അഞ്ചോ പത്തോ വയസുള്ളപ്പോൾ വേലായുധൻ അടക്കമരത്തിൽ നിന്നും യമപുരിയിലേക്ക് യാത്രയായിരുന്നു . ഈ പയ്യന്മാർ വേലായുധനെ എങ്ങനെ ഓർത്തു എന്നതാണ് എല്ലാവർക്കും അത്ഭുതമായത് . എന്തായാലും

അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനയിച്ചവർക്കും വേലായുധന്റെ ആത്മാവിനും നന്മകൾ നേരുന്നു .

malayala cinema
Advertisment