Advertisment

ആഴ്ച്ച തോറും ഏകദേശം 20 ലക്ഷം വരിക്കാരായ വായനക്കാർ; ഓരോ വരിക്കാരനിൽ നിന്നും ശരാശരി മൂന്നു വായനക്കാർ ; അങ്ങനെ 60 ലക്ഷം വായനക്കാർ ഒരാഴ്ച്ച മാത്രം! ; ഇത് മനോരമ, മംഗളം വാരികകളുടെ മാത്രം കണക്കെടുത്തതാണ്; എന്നിട്ട് മംഗളം പത്രത്തിലും മനോരമ പത്രത്തിലും സിംഗിൾ കോളം ചരമവാർത്ത മാത്രം! ; സുധാകര്‍ മംഗളോദയത്തിന്റെ മരണത്തില്‍ വൈറലാകുന്ന കുറിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ഇന്നലെയാണ് മലയാളികളുടെ മനസ്സറിഞ്ഞ പ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചത്. നിരവധി ജനപ്രിയ നോവലുകളാണ് ഇദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നുവീണത്. പ്രിയപ്പെട്ട സാഹിത്യകാരന്റെ മരണം സിംഗിള്‍ ചരമകോളത്തില്‍ മാത്രം ഒതുക്കി തീര്‍ത്ത മുഖ്യധാര മാധ്യമങ്ങളുടെ നടപടിയെ വിമര്‍ശിച്ച് സികെ വിശ്വനാഥന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

Advertisment

publive-image

കുറിപ്പ് വായിക്കാം...

ആഴ്ച്ച തോറും ഏകദേശം 20 ലക്ഷം വരിക്കാരായ വായനക്കാർ, ഓരോ വരിക്കാരനിൽ നിന്നും ശരാശരി മൂന്നു വായനക്കാർ പുറമേ, അങ്ങനെ 60 ലക്ഷം വായനക്കാർ ഒരാഴ്ച്ച മാത്രം - ഇത് മനോരമ, മംഗളം വാരികകളുടെ മാത്രം കണക്കെടുത്തതാണ്.( പെരുപ്പിച്ച കണക്കല്ല)

എന്നിട്ട് മംഗളം പത്രത്തിലും മനോരമ പത്രത്തിലും സിംഗിൾ കോളം ചരമവാർത്ത മാത്രം! മംഗളം ഒന്നാം പേജിൽ കൊടുത്തു. മനോരമയ്ക്ക് അകത്തേ ഏതോ പേജിൽ.

സുധാകർ മംഗളോദയവുമായി ഒരു ബന്ധവുമില്ലാത്ത മെട്രൊ വാർത്ത ദിന പത്രം ഒന്നാം പേജിൽ രണ്ടു കോളം.

ഈ രണ്ടു പ്രസിദ്ധീകരണങ്ങളും നിലനിന്നുപോന്നതിൻ്റെ അടിത്തറയിലെ മൂലക്കല്ല് ഈ എഴുത്തുകാരനാണ്. ഒട്ടും സംശയം വേണ്ട. ഏകദേശം നാലു പതിറ്റാണ്ട്.

വാരികകളിലെ മെസ്സെഞ്ചർ ജീവനക്കാർ പിറവം സ്റ്റേഷനു സമീപമുള്ള സുധാകറിൻ്റെ വീടിൻ്റെ വരാന്തയിൽ നോവലെഴുതിയ കവർ വാങ്ങാൻ കാത്തു കിടക്കുന്നത് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്.( ഒരിക്കൽ കവർ മാറിപ്പോയ സംഭവവും ഉണ്ട് )

ഈ എഴുത്തുകാരൻ്റെ ജീവിതം അടയാളപ്പെടുത്തുന്ന ഒരു കഥയും ആരും കൊടുത്തില്ല. മംഗളത്തിൽ മാത്രം അകത്തുണ്ട്. മനോരമയിൽ ഇല്ല.

അക്ഷര സ്നേഹം വേണ്ട, അല്പം കൃതജ്ഞതയെങ്കിലും വേണ്ടേ?

സുധാകർമംഗളോദയം എൻ്റെ പത്രപ്രവർത്തന ജീവിതത്തിൽ ഒരിക്കലും നേരിട്ട് ബന്ധപ്പെടാൻ ഇട വന്നിട്ടില്ല. എങ്കിലും ഒരിക്കൽ സുധാകർ കഥ പറയുന്നത് നേരിട്ട് കേൾക്കാൻ ഇടയായി.

വാരികയിൽ വരുന്ന കഥയുടെ വരും ലക്കങ്ങളുടെ പുരോഗതിയാണ് സുധാകർ പറയുന്നത്. ഒരു ഘട്ടമെത്തിയപ്പോൾ സുധാകർ പൊട്ടിക്കരയുന്നതാണ് കണ്ടത്. ഏങ്ങലടിച്ചു കൊണ്ട് തൻ്റെ കഥാപാത്രത്തിൻ്റെ പേര് പറഞ്ഞ്, ആ കഥാപാത്രത്തെ നെഞ്ചോടു ചേർത്ത് നിർത്തിയ പോലെയായിരുന്നു അപ്പോൾ സുധാകർ.

അന്നെനിക്കു മനസ്സിലായി ലക്ഷോപലക്ഷം മലയാളികൾ എന്തുകൊണ്ടാണ് ഈ വാരികകളേ നെഞ്ചേറ്റിയതെന്ന്.

പ്രിയപ്പെട്ട എഴുത്തുകാരാ..... അക്ഷരം കൊണ്ടു ജീവിച്ചു പോയി എന്നതുകൊണ്ട് ആ ഓർമ്മകൾക്കു മുന്നിൽ സാഷ്ടാംഗം ഞാൻ പ്രണമിക്കുന്നു. ഞാനും എൻ്റെ വർഗ്ഗ വും കാണിക്കുന്ന കൃതഘ്നതയെ പൊറുക്കുക......

പരിഭവിക്കാൻ താങ്കൾക്കു കഴിയില്ല. കാരണം ആത്മാവ് നിത്യശാന്തിയിലാണല്ലോ വിലയം പ്രാപിക്കുക. ദൈവ സിംഹാസനത്തിനരുകിൽ നിൽക്കുമ്പോൾ ഞങ്ങളെക്കുറിച്ചു നല്ലതുമാത്രമേ പറയാവൂ

sudhakar mangalodhayam
Advertisment