Advertisment

‘യുഡിഎഫ് തരംഗം ആഞ്ഞടിച്ചു’; എക്‌സിറ്റ് പോള്‍ വരും പോകും, താന്‍ ജനങ്ങളോട് നേരിട്ട് സംസാരിച്ചിട്ടാണ് പറയുന്നതെന്ന് വിഎം സുധീരന്‍

New Update

തിരുവനന്തപുരം: വോട്ടെടുപ്പിന് മുന്‍പുള്ള ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ശക്തമായ യു ഡി എഫ് തരംഗം  ആഞ്ഞടിച്ചതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. യുഡിഎഫിന് ആദ്യം കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പരിഹരിക്കാന്‍ സാധിച്ചെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫിന് ഭരണത്തിലേറാന്‍ കഴിയുന്ന എല്ലാ സാഹചര്യവും ഇപ്പോള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

എക്‌സിറ്റ് പോള്‍ സര്‍വ്വെകളെത്തള്ളിയ സുധീരന്‍ തന്റെ മുന്നിലുള്ളത് ജനങ്ങളോട് നേരിട്ട് സംസാരിച്ചതിന്റെ അനുഭവങ്ങളാണെന്നും ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റേതിന് സമാനമായി ഇത്തവണയും സര്‍വ്വേ ഫലങ്ങള്‍ തെറ്റും. ഇത് കണ്ട് ജനങ്ങള്‍ വഞ്ചിതരാകരുത്.

കൗണ്ടിംഗ് ഏജന്റുമാരെ വഴിതെറ്റിക്കാനും ആത്മവിശ്വാസം കുറയാനും ഇത് കാരണമാകുമെന്നും ഏജന്റുമാര്‍ വോട്ടെണ്ണല്‍ സമയത്ത് ജാഗ്രത പുലര്‍ത്തണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ടുഡേയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകുമെന്ന് പ്രവചിക്കുന്ന സര്‍വ്വെ ഫലങ്ങള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ എക്‌സിറ്റ് പോളുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തി.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശ്രദ്ധ തിരിക്കാനും മനോവീര്യം തകര്‍ക്കാനും വേണ്ടി നിര്‍മ്മിച്ചവയാണെന്നും സര്‍വ്വെ കണ്ടെത്തലുകള്‍ പരിഹാസ്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ജനാധിപത്യ ബോധമുള്ള സമൂഹത്തെ ഇത്തരം അശാസ്ത്രീയ സര്‍വ്വെകള്‍ പരിഹസിക്കുകയാണെന്നും തീര്‍ച്ചയായും തങ്ങള്‍ ജയിച്ച് തിരിച്ചുവരുമെന്നും ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

vm sudheeran
Advertisment