Advertisment

പ്രസവ വേദന തുടങ്ങിയ ഭാര്യയെ കൂട്ടുകാരുടെ സഹായത്തോടെ മുളംതണ്ടിൽ തുണികെട്ടി അതിൽ ചുമന്നു നടന്നത് മൂന്നര കിലോ മീറ്റര്‍; പ്രതിസന്ധികള്‍ തരണം ചെയ്ത് ഭാര്യയെ ആശുപത്രിയിലെത്തിച്ച മുരുകനാണ് ഇവിടെ താരം; മന്ത്രീ, മുരുകനെ താങ്കൾ അറിയണം (പ്രതികരണം)

New Update

publive-image

Advertisment

കുറുമ്പ എന്ന ആദിവാസി സമൂഹത്തെ കേന്ദ്രം പി വി ടി ജി (particularly vulnerable tribal group )വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ആദിവാസി സമൂഹമാണ്. അതായത് അത്യന്തം ശ്രദ്ധ വേണ്ട ആദിവാസി വിഭാഗം. അട്ടപ്പാടിയിലെ അവരുള്ളൂ. രണ്ടായിരത്തി അഞ്ഞൂറ് ആളുകൾ മാത്രമുള്ള ഈ സമൂഹത്തെ മുന്നേറാൻ സഹായിക്കേണ്ടത് സർക്കാർ ആണ്. ഈ സാഹചര്യത്തിലാണ് പ്രസവവേദന തുടങ്ങിയ കടുക്മണ്ണിലെ ഒരു ആദിവാസി യുവതിയെ അവരുടെ ഭർത്താവും കൂട്ടുകാരും ചേർന്ന് തുണിയും മുളയും ചേർന്ന് കെട്ടിയുണ്ടാക്കിയ മഞ്ചലിൽ മൂന്നര കിലോ മീറ്റർ ചുമന്നു ആംബുലൻസ് പോയിന്റില്‍ കൊണ്ട് വന്ന് പിന്നീട് ആശുപത്രിയിൽ എത്തിക്കുന്നത്.

റീസർവ് ഫോറസ്റ്റിനകത്തെ, സൈലന്റ്‌ വാലിയുടെ പരിസരത്തു റോഡ് സൗകര്യം കുറവായിരിക്കും എന്ന് എല്ലാർക്കും അറിയാം എന്നാൽ അതെപ്പറ്റി ഒരു മന്ത്രി പറയുകയാണ് 300 മീറ്ററെ ചുമന്നു കൊണ്ട് വന്നിരുന്നുള്ളുവെന്ന്. കൂടാതെ സർക്കാർ ആംബുലൻസില്‍ സർക്കാർ ഉദ്യോഗസ്ഥർ ആണ് അവരെ കൊണ്ട് വന്നതെന്ന്. ഈ മന്ത്രിയെയൊന്നും എടുത്ത് തോട്ടിൽ ഇടാൻ കഴിയാത്തതാണ് ആദിവാസികളുടെ ദുരവസ്ഥക്ക്കാരണം.

സോമാലിയയിലെ പോലെ കുഞ്ഞുങ്ങൾ മരിച്ചു പോകുന്ന നാടാണ് അട്ടപ്പാടി. ഡോ. ഇക്ബാൽ ആണ് അവിടെ വംശഹത്യയാണ് നടക്കുന്നതെന്നു പഠനത്തിലൂടെ പൊതു സമൂഹത്തെ അറിയിച്ചത്. രണ്ടാം ദിവസം മന്ത്രി തിരുത്തി. മന്ത്രിയുടെ വാക്കും പഴയ... എന്നാരും പറയാതെ ഇരുന്നത് ഭാഗ്യം. അതിൽ പറയുന്നത് 300 എന്നത് ഓഫീസിൽ ആരോ പറഞ്ഞതാണെന്ന്. അങ്ങനെ ഒരു ഓഫീസ് മന്ത്രിക്ക് ഉണ്ടാവരുത്. വസ്തുതകൾ കൃത്യമായി അന്വേഷിച്ചു വേണം കാര്യങ്ങൾ പറയാൻ. ഇനിയെങ്കിലും മന്ത്രി അങ്ങ് അന്വേഷിച്ചു കണ്ടെത്തണം ആരാണ് അങ്ങയെ പറ്റിച്ചതെന്ന്. അല്ലെങ്കിൽ ഈ ഓഫീസ് അങ്ങയെ പറ്റിച്ചു കൊണ്ടേയിരിക്കും.

അതിനോടൊപ്പം ഒരു എറണാകുളംകാരി ജെ. പി എച് എൻ നെ ആദരിക്കുകയും ആഘോഷിക്കുന്നതും കണ്ടു. നല്ല കാര്യം. വന്നു വന്ന്, ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് കാണുമ്പോൾ നമുക്ക് ആദരവ് തോന്നും കാരണം അതു അത്രക്ക് അപൂർവമായതാവാം. ഇവിടെ ആ ജെ. പി എച് എൻ രാത്രിയിൽ അവരുടെ പ്രവർത്തന മേഖലയിൽ ഉള്ള കടുക് മണ്ണ് ഊരിലെ ഗർഭിണിയെ കൊണ്ട് പോകാൻ ആംബുലൻസ് സംഘടിപ്പിച്ചു ആശുപത്രിയിൽ കൊണ്ട് പോയി എന്നതാണ്. എന്നാൽ അവർ ആനവായ് ഊരിൽ താമസിക്കേണ്ട അവർ എവിടെയാണ് താമസിക്കുന്നത്? താരതമ്യേന ഗതാഗത സൗകര്യമുള്ള മറ്റൊരിടത്ത്. ആർക്കാണ് അതിനു അവർക്ക് അനുമതി നൽകിയത്? അതന്വേഷിക്കണ്ടേ?

എന്തേ നിയമനം നൽകിയ ഊരിൽ നിൽക്കാതെ മറ്റൊരിടത്ത് താമസിക്കാൻ? അവിടെ എന്താണ് അസൗകര്യം? അതു പരിഹരിക്കാതിരുന്നത് എന്താണ്?

മന്ത്രീ അങ്ങനെയങ്ങു മുങ്ങാതെ.ചോദ്യങ്ങൾ നിരവധിയാണ്. അവിടത്തെ ഓരോ കുഞ്ഞിനേയും കാത്തു കാത്തു സ്വീകരിച്ചു ഏറ്റെടുത്തു വളർത്തിയെടുക്കണം. വംശഹത്യ എന്ന് പറഞ്ഞത് ഡോ.ബി. ഇഖ്ബാൽ ആണ് 'നമ്മുടെ ' കൂട്ടത്തിലെ വിദഗ്ധൻ. ഈ സംഭവത്തിലെ താരം മുരുകനാണ്. പ്രസവ വേദന തുടങ്ങിയ ഭാര്യ സുമതിയെ കൂട്ടുകാരുടെ സഹായത്തോടെ മുളംതണ്ടിൽ തുണികെട്ടി അതിൽ ചുമന്നു മലയിറങ്ങി പുഴകടന്നു കാട്ടു വഴിയിൽ വഴുതി വീഴാതെ അട്ടകടി കൊണ്ട് ആനയെപ്പേടിച്ചു ശ്വാസം പിടിച്ചു കൊണ്ട് മൂന്നര കിലോമീറ്റർ വന്ന് ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. അതേ ആ മുരുകനാണ് താരം. മന്ത്രീ മുരുകനെ താങ്കൾ അറിയണം

Advertisment