Advertisment

സുതാര്യമായ നടപടി ക്രമങ്ങളിലൂടെയാണ് വിദ്യാഭ്യാസ വകുപ്പ് പഴയിടത്തെ പാചകത്തിനായി തിരഞ്ഞെടുത്തത്‌; എന്നാൽ ഡോ. അരുൺ കുമാറിനെപ്പോലെയുള്ളവർക്ക് ഇത് തീരെ ദഹിക്കുന്നില്ല; പഴയിടം മോഹനൻ നമ്പൂതിരിയുടെ പേരിലെ വാലോ അരുൺകുമാറിന്റെ പ്രശ്നം ? ആധുനിക നവോത്ഥാന ചിന്തയുടെ അവസാനത്തെ ഇരയാണ് പഴയിടം-പ്രതികരണത്തില്‍ തിരുമേനി

New Update

publive-image

Advertisment

ശബരിമല വിഷയം ഉടലെടുക്കുന്നതിന് മുൻപ് കേരളത്തിൽ കാര്യമായ അവർണ്ണ - സവർണ്ണ പരാമർശങ്ങൾ തുലോം കുറവായിരുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ 2016 മുതൽ തുടങ്ങിയ ഇടത് ഭരണം ഈ വ്യത്യാസം ആളിക്കത്തിക്കാനാണ് അന്നും ഇന്നും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതാക്കുന്നത്‌ വഴി നവോത്ഥാനം നടപ്പാക്കാൻ കഴിയുമെന്ന് പിണറായി വിജയൻ കരുതി. അതിനായി കെ.പി.എം.എസ്, എസ്.എൻ.ഡി.പി എന്നിവരെ കൂട്ടുപിടിച്ച് പിണറായി നവോത്ഥാന മതിൽ പണിതു.

മതിൽ പോയിട്ട് അതിന്റെ ഒരു കല്ല് പോലും ഇന്ന് കാണാനില്ല എന്നതാണ് സത്യം. അതായത് കേരളത്തിലെ പിന്നോക്കക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരെ മുന്നോക്കക്കാരുമായി ഏറ്റുമുട്ടാൻ പ്രേരിപ്പിക്കുക. ഇതേ തന്ത്രമാണ് പിണറായി ഇന്നും പയറ്റുന്നത്. ഇതാണോ ശ്രീ നാരായണ ഗുരുദേവനും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും നേതൃത്ത്വം നൽകിയ നവോത്ഥാനമെന്ന് എല്ലാവരും ചിന്തിക്കുക.

ഈ ആധുനിക നവോത്ഥാന ചിന്തയുടെ അവസാനത്തെ ഇരയാണ് പഴയിടം മോഹനൻ നമ്പൂതിരി എന്ന പാചക ചക്രവർത്തി.

പഴയിടത്തെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കേരളത്തിലും ഇന്ത്യയ്ക്കകത്തും വിദേശത്തും ഉള്ള മലയാളികൾ പഴയിടത്തെ തേടിയെത്തുന്നു. പാചകം അദ്ദേഹത്തിന്റെ തൊഴിലാണ്.

കോഴിക്കോട് നടന്ന് വരുന്ന സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ പാചകത്തിന്റെ ചുമതല പഴയിടം മോഹനൻ നമ്പൂതിരിക്കാണ്. സുതാര്യമായ നടപടി ക്രമങ്ങളിലൂടെയാണ് വിദ്യാഭ്യാസ വകുപ്പ് പഴയിടത്തെ തിരഞ്ഞെടുത്തത്.

എന്നാൽ ഡോ. അരുൺ കുമാറിനെപ്പോലെയുള്ളവർക്ക് ഇത് തീരെ ദഹിക്കുന്നില്ല. സവർണ്ണ മേധാവിത്വത്തിലുള്ള പാചകമാണ് യുവജനോത്സവത്തിൽ നടക്കുന്നതെന്നാണ് ഡോ. അരുണിന്റെ കാഴ്ചപ്പാട്. അതായത് പഴയിടം കുട്ടികൾക്ക് സസ്യ ആഹാരം കൊടുക്കുന്നുവത്രെ. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ , മാതാപിതാക്കൾ, അധ്യാപകർ, നടത്തിപ്പുകാർ , മാധ്യമക്കാർ , പോലീസുകാർ തുടങ്ങി എല്ലാവരും യുവജനോത്സവ വേദിയിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. കോയിക്കോടൻ മാതൃകയിൽ സസ്യേതര ആഹാരം നൽകണമായിരുന്നുവത്രെ. അതിന് തടസ്സം നിൽക്കുന്നതോ പഴയിടവും.

കാലാകാലങ്ങളായി യുവജനോത്സവ വേദികളിൽ സസ്യ ആഹാരമാണ് നൽകി വരുന്നത്. ഇതിന്റെ കാരണം സസ്യ ആഹാരങ്ങൾ കാര്യമായ ആരോഗ്യപ്രശ്നം ഉണ്ടാക്കുകയില്ല എന്നതാണ്. മാത്രമല്ല യുവജനോത്സവ വേദിയിൽ ഭക്ഷണത്തിനേക്കാൾ പ്രാധാന്യം മത്സരത്തിനാണ്. അല്ലെങ്കിൽ തന്നെയും ഇതെല്ലാം ഒറ്റയ്ക്ക് പഴയിടത്തിന് തീരുമാനിക്കാൻ പറ്റുമോ? വസ്തുതകൾ ഇതെല്ലാമായിരിക്കെ പഴയിടത്തിന് നേരെയുള്ള അരുൺ കുമാറിന്റെ ആക്രമണത്തിന്റെ ഉദ്ദേശം . വേറെയെന്തോ ആണ്. പഴയിടം മോഹനൻ നമ്പൂതിരിയുടെ പേരിലുള്ള വാലാണ് അരുണിന്റെ പ്രശ്നം.

പഴയിടം മോഹനൻ നമ്പൂതിരിയുടേത് സവർണ പാചകം. വെറും പഴയിടം മോഹനനാണെങ്കിൽ അവർണ പാചകം.

നമ്മുടെ ആധുനിക നവോത്ഥാനം എവിടെയെത്തി നിൽക്കുന്നുവെന്ന് മനസ്സിലായല്ലോ. സവർണ്ണരും ഈ രാജ്യത്തെ പൗരന്മാരല്ലേ? അവർക്കും തൊഴിലെടുത്ത് ജീവിക്കാൻ അവകാശമില്ലേ .

ഇത് ഉന്നയിച്ച അരുൺ കുമാർ ആരെന്ന് നോക്കാം. കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ പൊളിറ്റിക്കൽ സയൻസ് വകുപ്പിലെ അധ്യാപകനാണ് ഡോ. അരുൺകുമാർ എന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഡോ.കെ.രാമൻ പിള്ള, ഡോ.കെ.ഭാസ്ക്കരൻ നായർ , ഡോ.ജെ.പ്രഭാഷ് എന്നീ മഹാരഥൻമാർ അധ്യാപകരായി സേവനമനുഷ്ഠിച്ച വകുപ്പാണ് ഇത്. ഇന്ത്യൻ ഭരണഘടന വിദ്യാർത്ഥികൾക്ക് പഠിപ്പിച്ച കൊടുക്കേണ്ട അധ്യാപകനാണ് ഇയാൾ. ക്ലാസിലെ വിദ്യാർത്ഥികളെ അവർണർ, സവർണർ എന്ന് തരം തിരിച്ചാണോ ഇയാൾ പഠിപ്പിക്കുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇത്തരം മ്ലേച്ഛൻമാരായ അധ്യാപകർ വിദ്യാഭ്യാസ രംഗത്തിന് തന്നെ ശാപമാണ്.

-തിരുമേനി

Advertisment