Advertisment

ഹാഥ്റസിലെ നിലവിളി ഇന്ത്യന്‍ മന:സ്സാക്ഷിയുടെ നൊമ്പരം

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-അഡ്വ. ചാര്‍ളി പോള്‍ MA, LLB, DSS

ട്രെയ്നര്‍ & മെന്‍റര്‍, 9847034600

രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞു; "സ്ത്രീക്ക് ഏത് അര്‍ധരാത്രിയിലും വഴിനടക്കാന്‍ കഴിയുന്ന ഇന്ത്യയാണ് എന്‍റെ സ്വപ്നം". സ്വാതന്ത്ര്യം ലഭിക്കും മുമ്പേ ഗാന്ധി പറഞ്ഞ ആ സ്വപ്നം സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷമായിട്ടും യാഥാര്‍ത്ഥ്യമാകുന്നില്ല.

രാത്രി പോയിട്ട്, പട്ടാപ്പകല്‍പോലും സ്ത്രീകള്‍ ഇന്ന് ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണ്. ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ അമ്മയോടൊപ്പം സമീപത്തെ വയലില്‍ പുല്ല് ചെത്താന്‍ പോയ ദളിത് പെണ്‍കുട്ടിയാണ് നാലംഗ സംഘത്തിന്‍റെ അതിക്രൂര പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.

അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 കാരി നല്‍കിയ മൊഴിയില്‍ അയല്‍വാസികളായ താക്കൂര്‍മാരാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു.

പെണ്‍കുട്ടിയുടെ നട്ടെല്ലിനും ആന്തരീകാവയവങ്ങള്‍ക്കുമൊക്കെ ഗുരുതരമായ പരുക്കുണ്ടായിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് ചെറുത്തതിനിടെ പെണ്‍കുട്ടിയുടെ നാവ് അറ്റുപോകാറായ നിലയിലായിരുന്നു.

"ജീവിച്ചിരുന്നപ്പോള്‍ സംരക്ഷിച്ചില്ല, ആക്രമിക്കപ്പെട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ല, മരിച്ച പ്പോള്‍ അന്ത്യകര്‍മങ്ങള്‍ക്കുപോലും അവസരം നല്‍കിയില്ല". ഇതായിരുന്നു കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ അവസ്ഥ. ഭരണകൂട ഭീകരതയുടെയും മനുഷ്യാവകാശ നിഷേധങ്ങളുടെയും ക്രൂരമായ പരീക്ഷണമാണവിടെ നടന്നത്.

മാതാപിതാക്കളെയും സഹോദരങ്ങളെയും വീട്ടില്‍ പൂട്ടിയിട്ടശേഷം പുലര്‍ച്ചെ രണ്ടരയോടെ പോലീസുകാര്‍ പെണ്‍കുട്ടിയുടെ മൃതദേഹം പൊട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

തെളിവുകള്‍ നശിപ്പിക്കുന്നതിന്‍റെയും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കുന്നതിന്‍റെയും ഭാഗമായിട്ടാണ് മൃതദേഹം കത്തിച്ചത്. അന്തിമമായി സ്വന്തം മാതാപിതാക്കള്‍ക്ക് ഒന്നുകാണാനോ അന്തിമോപചാരം അര്‍പ്പിക്കാനോ പോലീസ് സമ്മതിച്ചില്ല.

മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും അവിടേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. അധികാര ദുര്‍വിനിയോഗത്തിന്‍റെയും നിയമവാഴ്ചയുടെ ജീര്‍ണതയുടെയും മനുഷ്യവകാശ ധ്വംസനങ്ങളുടയും വര്‍ഗീയ അജണ്ടകളുടെയും ബഹിര്‍സ്ഫുരണമാണിത്.

ജാതിക്രൂരതയുടെ അങ്ങേയറ്റമാണ് ഈ പെണ്‍കുട്ടി അനുഭവിച്ചത്. അയിത്തം അടക്കമുള്ള അനാചാരങ്ങളെല്ലാം ഭരണഘടനപരമായിത്തന്നെ നിരോധിക്കപ്പെട്ടിട്ട് 70 വര്‍ഷം കഴിഞ്ഞു. എന്നിട്ടും ജാതീയമായ വിവേചനങ്ങളും ഉച്ചനീചത്വങ്ങളും ഇന്നും തുടരുകയാണ്.

രാജ്യത്ത് നൂറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെടുന്ന ദരിദ്രരെയും ദളിതരെയും സ്വജീവിതംകൊണ്ടും മരണംകൊണ്ടും പ്രതീക വത്കരിക്കുകയാണ് ഈ പെണ്‍കുട്ടി. ജാതിയുടെയും മതത്തിന്‍റെയും വര്‍ഗ്ഗത്തിന്‍റെയും വര്‍ണത്തിന്‍റെയും പേരില്‍ ഒരു വിവേചനവും പാടില്ലെന്ന മനുഷ്യവകാശ പ്രഖ്യാപനത്തിനു പോലും ഇവിടെ ചിലര്‍ പ്രസക്തി നഷ്ടപ്പെടുത്തുന്നു.

"നരനു നരനശുദ്ധ വസ്തുപോലും, ഹരഹര ഇതുപോലെ വല്ലനാടുമുണ്ടോ…" എന്ന് ഒരു നൂറ്റാണ്ടിനപ്പുറമാണ് മഹാകവി കുമാരനാശാന്‍ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചത്. അയിത്തം കൊടികുത്തി വാണിരുന്ന കാലത്താണ് ആശാന്‍റെ ചോദ്യം ഉയര്‍ന്നത്. നാളേറെ കഴിഞ്ഞിട്ടും ആശാന്‍റെ ചോദ്യം ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2019 ലെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഏറ്റവുമധികം രാജ്യത്ത് നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 59,853 കേസുകള്‍.

അതില്‍ 3,065 കേസുകള്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയതിനാണ്. ഹാഥ്റസിലെ ചിതയണയുംമുമ്പ് യുപിയിലെ ബല്‍റാംപുരിലെ ഗെസാഡി ഗ്രാമത്തില്‍ 22 കാരിയായ മറ്റൊരു യുവതിയും ക്രൂരമായ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു.

യുപിയിലെ അസംഗഡില്‍ 8 വയസുകാരിയെ മാനഭംഗപ്പെടുത്തിയതും കഴിഞ്ഞദിവമാണ്. യുപിയിലെ തന്നെ ലക്ഷ്മിപൂര്‍, ഖേരി ജില്ലയില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ 13, 16, 17 വയസ്സുള്ള മൂന്നു കൗമാരക്കാരികളും മാനഭംഗത്തിനിരയായി.

മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതുപോലെ പുണ്യഭൂമിയായ ഇന്ത്യ സ്ത്രീപീഡനഭൂമിയായി മാറി. രാജ്യത്ത് ഓരോ 15 മിനിറ്റിലും ഓരോ സ്ത്രീ പീഡിപ്പിക്കപ്പെടുന്നു എന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. അസം സ്വദേശിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു കോടതിയുടൈ പരാമര്‍ശം.

ഓടുന്ന ബസ്സില്‍ 2012 ഡിസംബറില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി, പിന്നീട് മരണപ്പെട്ട 'നിര്‍ഭയ' യുടെ മാതാപിതാക്കള്‍ അന്നു പറഞ്ഞു. "ഞങ്ങളുടെ കുഞ്ഞിന്‍റെ മരണം, രാജ്യത്ത് സ്ത്രീ സുരക്ഷയ്ക്ക് വഴിയൊരുക്കട്ടെ' എന്ന്.

ഇനി എത്രനാള്‍ വേണ്ടിവരും ആ വഴിയൊരുങ്ങാന്‍. ഇന്ത്യയുടെ മന:സ്സാക്ഷി വീണ്ടും നൊമ്പരപ്പെടുകയാണ്. മാനുഷികത മറന്ന നീചന്മാരെ, ഭരണകര്‍ത്താക്കളെ നിങ്ങള്‍ക്കു മാപ്പില്ല. (8075789768)

voices
Advertisment