Advertisment

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സേവനങ്ങളിൽ തൃപ്തിയില്ല; കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിന് സ്വകാര്യ കമ്പനികൾക്ക് 97 ലക്ഷംരൂപ പ്രതിഫലം നൽകാൻ സർക്കാർ ഉത്തരവ് 

New Update

തിരുവനന്തപുരം: കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിന് സ്വകാര്യ കമ്പനികൾക്ക് 97 ലക്ഷംരൂപ പ്രതിഫലം നൽകാൻ സർക്കാർ ഉത്തരവ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സേവനങ്ങളിൽ തൃപ്തിയില്ലാത്തതിനെത്തുടർന്നാണ് സ്കൈമെറ്റ്, എർത്ത് നെറ്റ്‌വർക്സ്, ഐബിഎം വെതർ കമ്പനി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടാൻ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചത്. ദുരന്ത നിവാരണ ഫണ്ടിന്റെ 10% ആണ് ഇതിനായി ഉപയോഗിക്കുന്നത്.

Advertisment

publive-image

2018 ലെ പ്രളയകാലത്ത് കേന്ദ്രകാലാവസ്ഥാ വകുപ്പുമായി ഉണ്ടായ തർക്കങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സർക്കാർ തീരുമാനം. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യതയോടെ നൽകാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കഴിയുന്നില്ലെന്ന് പ്രളയ സമയത്ത് സർക്കാരിന്റെ ഭാഗത്തുനിന്ന് വിമർശനം ഉണ്ടായിരുന്നു. ഇതോടൊപ്പം ഉദ്യോഗസ്ഥതലത്തിലുള്ള ഭിന്നതയും സ്വകാര്യ ഏജൻസികളെ ആശ്രയിക്കാൻ കാരണമായി.

സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റാൻ കാലാവസ്ഥാ വകുപ്പിന് കഴിയുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. 15 ഓട്ടോമേറ്റഡ് സ്റ്റേഷനുകളാണ് കാലാവസ്ഥാവകുപ്പിന് കേരളത്തിലുള്ളത്. 73 ഇടങ്ങളിലെങ്കിലും സ്റ്റേഷനുകൾ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും പൂർത്തീകരിക്കാൻ കാലാവസ്ഥാ വകുപ്പിന് കഴിഞ്ഞില്ല. കാലാവസ്ഥാ വകുപ്പിനുള്ളതിനേക്കാൾ സ്റ്റേഷനുകൾ സ്വകാര്യ ഏജൻസികൾക്ക് കേരളത്തിലുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

തീരദേശങ്ങളിലും നഗരങ്ങളിലുമാണ് കാലാവസ്ഥാവകുപ്പിന് നീരീക്ഷണ കേന്ദ്രങ്ങളുള്ളത്. ഹൈറേഞ്ച് മേഖലകളിൽ നിരീക്ഷണ കേന്ദ്രങ്ങളില്ല. ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ട സ്ഥലങ്ങളിൽ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാന്‍ കാലാവസ്ഥാ വകുപ്പ് വിസമ്മതിച്ചതും സർക്കാരിനെ മാറ്റി ചിന്തിപ്പിച്ചു.

എന്നാൽ, കാലാവസ്ഥാ പ്രവചനത്തിൽ സ്വകാര്യ കമ്പനികളേക്കാൾ കൃത്യത കാലാവസ്ഥാ വകുപ്പിനുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഐഎസ്ആർഒയും പ്രതിരോധവകുപ്പുമെല്ലാം ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവചനം. രാജ്യാന്തര ഏജൻസികളുടെ സഹായം ലഭിക്കുന്നുണ്ട്. പ്രവർത്തനപരിചയം കൂടുതൽ കാലാവസ്ഥാവകുപ്പിനാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

all news weather report Kerala government meteorological department
Advertisment