ചെറുതോണിയിലെ ഷട്ടര്‍ തുറക്കുമ്പോള്‍ സംഭവിക്കുന്നത് എന്ത്? ഇടുക്കി പദ്ധതിയുടെ ഘടന ഇങ്ങനെ

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, August 10, 2018

ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഏറ്റവും വലിയ ജലസംഭരണിയുമാണ് ഇടുക്കി ഡാം. മൂന്ന് വലിയ ഡാമുകൾ ചേരുന്നതാണ് ഇടുക്കി പദ്ധതി. ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം എന്നിവയാണിവ.

168.91 മീറ്റർ ഉയരമുള്ള ഇടുക്കി ആർച്ച് ഡാം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ അണക്കെട്ടാണ്. 365.85 മീറ്ററാണ് ഡാമിന്റെ നീളം. പെരിയാറിന് കുറുകെ കുറവൻ കുറത്തി മലകളെ ബന്ധിപ്പിച്ചാണ് ഇടുക്കി ആർച്ച് ഡാം പണിതിരിക്കുന്നത്. ഇതിന് ഷട്ടറുകളില്ല.

കിളിവള്ളിത്തോടിന് കുറുകെയാണ് കുളമാവ് ഡാം, ഉയരം 100 മീറ്റർ. ഇതിന് ഷട്ടറുകളില്ല. ഈ മൂന്ന് അണക്കെട്ടുകളില്‍ ഷട്ടറുകളുള്ളത് ചെറുതോണി പുഴയ്ക്ക് കുറുകെ പണിതിരിക്കുന്ന ചെറുതോണി അണക്കെട്ടിനാണ്. ആകെ അഞ്ച് ഷട്ടറുകള്‍. ഇവ അഞ്ചും ഇപ്പോള്‍ തുറന്നിട്ടിരിക്കുകയാണ്.

ഇടുക്കി ജില്ലയിലെ പീരുമേട്, തൊടുപുഴ, ഉടുമ്പൻചോല താലൂക്കുകളിലായാണ് ഈ ഡാമുകൾ ചേർന്ന് രൂപപ്പെടുത്തിയിരിക്കുന്ന ജലാശയം. 640 സ്ക്വയർ കിലോമീറ്ററിലായി  പരന്നുകിടക്കുന്നതാണ് ഇതിന്റെ ക്യാച്ച്മെന്‍റ് ഏരിയ. സമുദ്രനിരപ്പിൽ നിന്ന് 2403 മീറ്റർ ഉയരം വരെയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.  ഈ ശേഷിയും കടന്നുപോകുമെന്ന അവസ്ഥ എത്തുന്പോഴാണ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

Image result for ചെറുതോണിയിലെ ഷട്ടര്‍

130- മെഗാവാട്ട് ശേഷി വീതമുള്ള ആറ് ജനറേറ്ററുകളാണ് ഇടുക്കി പദ്ധതിയിൽ വൈദ്യുത ഉത്പാദനം നടത്തുന്നത്. ആറു ജനറേറ്റുകളും ചേർന്ന് 780 മെഗാ വാട്ടാണ് പരമാവധി ശേഷി. രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത കേന്ദ്രമാണ് ഇടുക്കി അണക്കെട്ടിലെ പവർഹൗസ്. 141 മീറ്റർ നീളവും 20 മീറ്റർ വീതിയും 34.5 മീറ്റർ ഉയരവുമുണ്ട് ഇതിന്. ഇവിടെ പൂർണതോതിൽ വൈദ്യുതി ഉത്പാദനം ഇപ്പോൾ നടക്കുന്നുണ്ട്. വൈദ്യുത ഉത്പാദനത്തിന് ശേഷമുള്ള വെള്ളം ഭൂഗർഭ ടണലുകളിലൂടെ തൊടുപുഴ ആറിലേക്കാണ് വിടുന്നത്. ഈ വെള്ളം ഉപയോഗിച്ച് മലങ്കര ജലവൈദ്യുത പദ്ധതിയിലും വൈദ്യുതോത്പാദനം നടത്തുന്നുണ്ട്. പൂർണതോതിൽ വൈദ്യുത ഉത്പാദനം നടത്തി വെള്ളം ഒഴുക്കികളഞ്ഞാലും ജലം കുറയാത്ത തരത്തിൽ റിസർവയറിലേക്ക് വെള്ളം ഒഴുകിയെത്തുകയാണ്.

Image result for ചെറുതോണിയിലെ ഷട്ടര്‍

അഞ്ചു ഷട്ടറുകളിലും കൂടി 750 ഘനമീറ്റർ വെള്ളമാണ് ഓരോ സെക്കന്‍റിലും ഇപ്പോൾ പുറത്തേക്കൊഴുകുന്നത്. എന്നാൽ ഡാമിലെ ജലനിരപ്പ് ഈ വേളയിലും ക്രമേണ ഉയർന്നുകൊണ്ടിരിക്കുന്നു. ഡാമിൽനിന്ന് ഒഴുകിപ്പോകുന്ന വെള്ളത്തിലുമധികം ഡാമിലേക്ക് വൃഷ്ടിപ്രദേശങ്ങളിൽനിന്ന് ഒഴുകിയെത്തുന്നതാണ് അധികൃതരെ കുഴക്കുന്നത്. വനമേഖലയിൽ ഇപ്പോഴും തുടരുന്ന മഴയാണ് ഇതിന് കാരണം. ആശങ്ക അകലണമെങ്കിൽ മഴ കുറയണം. അതല്ലെങ്കിൽ ഡാമിന്‍റെ ഷട്ടറുകൾ ഇനിയും ഉയർത്തണം. എന്നാൽ കയ്യേറ്റം കാരണം പണ്ടത്തേതിലും ഏറെ മെലിഞ്ഞ പെരിയാറിന് അപ്പോളുണ്ടാകുന്ന ജലപ്രവാഹത്തെ ഉൾക്കൊള്ളാനാകുമോ എന്നതും മറ്റൊരു ആശങ്കയാണ്.

×