Advertisment

കൊടികളുടെ നിറത്തില്‍ വ്യാഖ്യാനിക്കുന്ന രാഷ്ട്രീയം തനിക്കില്ല; വനിതാ മതിലിനുള്ള പിന്തുണ പിന്‍വലിച്ച്‌ മഞ്ജു വാര്യര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച്‌ മഞ്ജു വാര്യര്‍. സംസ്ഥാന സര്‍ക്കാറിന്‍റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവിന്നിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

'സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്.

വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല'- മഞ്ജു പറഞ്ഞു. കൊടികളുടെ നിറത്തില്‍ വ്യാഖ്യാനിക്കുന്ന രാഷ്ട്രീയം തനിക്കില്ല. അത്തരം പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ആ നിലപാട് തന്നെയാണ് വനിതാ മതിലിന്‍റെ കാര്യത്തിലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി.

''നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'' എന്ന് പറയുന്ന വീഡിയോയിലായിരുന്നു- മഞ്ജു വാര്യര്‍ വനിതാ മതിലിന് പിന്തുണയറിയിച്ചത്. വനിതാ മതിലിന്‍റെ പേജിലായിരുന്നു മഞ്ജുവിന്‍റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല.

അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.

https://www.facebook.com/theManjuWarrier/posts/945184479022547

 

Advertisment