Advertisment

നമ്മുടെ സ്വപ്നങ്ങളില്‍ ഇപ്പോള്‍ മൂന്നാം ലോകക്കപ്പ് !! ഇത്തവണ തോല്‍വിയറിയാതെ മുന്നേറിയത് ഇന്ത്യ മാത്രം. പോയിന്‍റ് നിലയില്‍ ഓസ്ട്രേലിയ (12) കഴിഞ്ഞാല്‍ ഇന്ത്യ (11) - ഇനി സെമിയിലേയ്ക്ക് !

author-image
Vincent
New Update

publive-image

Advertisment

മാഞ്ചസ്റ്റർ∙  ഇന്ത്യക്ക് മൂന്നാം ലോകക്കപ്പിന്റെ സ്വപ്‌നങ്ങള്‍ ആവോളം പകര്‍ന്നുനല്‍കിയ പോരാട്ട വിജയമായിരുന്നു ഇന്നത്തെ ഇന്ത്യ - വെസ്റ്റിൻഡീസ് മത്സരം. ഇരു കൂട്ടരും രണ്ടു തവണ വീതം ലോകക്കപ്പ് നേടിയ വമ്പന്‍ ടീമുകള്‍. പക്ഷെ ഇന്ന് അപാര ഫോമിലായിരുന്ന ഇന്ത്യന്‍ ചുണക്കുട്ടികള്‍ വിൻഡീസിനെ 125 റൺസിനാണ് തകർത്തുവിട്ടത്.

ത്രിവര്‍ണ്ണ പതാകകള്‍ കൊണ്ട് ഗ്യാലറികള്‍ നിറഞ്ഞാടിയപ്പോള്‍ കപിലും ധോണിയും ഏറ്റുവാങ്ങിയ ആ കിരീടം വീണ്ടും ക്യാപ്റ്റൻ വിരാട് കോലി ഏറ്റുവാങ്ങുമോ ? വാങ്ങും എന്നല്ല വാങ്ങിയിരിക്കും എന്ന വിളംബരമായിരുന്നു ഇന്നത്തേത് !

ബോളിങ്ങിൽ കാണിച്ച ആവേശമൊന്നും ഇന്ന് ബാറ്റിങ്ങില്‍ പുറത്തെടുക്കാന്‍ വിൻഡീസിനായില്ല. അതോടെ വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിക്കരികെയെത്തി. അവിടെയാണ് വീണ്ടും ഇന്ത്യന്‍ ചുണക്കുട്ടികള്‍ രാജ്യത്തിന്‌ ആ സ്വപ്‌നങ്ങള്‍ ആവോളം പകരുന്നത്. ഇതോടെ, ഈ ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത ഏക ടീമെന്ന റെക്കോർഡും ഇന്ത്യ കാത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 268 റൺസ്.

publive-image

ആ മുന്നേറ്റത്തിനു ശക്തമായ ഒരു മറുപടി നല്‍കാന്‍ പോലും ശത്രുക്കള്‍ക്കായില്ല . ഇന്ത്യയുടെ പേസ്–സ്പിൻ ആക്രമണങ്ങൾക്കു മുന്നിൽ തകർന്നടിഞ്ഞ വിൻഡീസ് 34.2 ഓവറിൽ 143 റൺസിന് എല്ലാവരും പുറത്തായി. വിജയം 125 റൺസിന്. ആതിഥേയരായ ഇംഗ്ലണ്ട് അഫ്ഗാനെതിരെ നേടിയ 150 റൺസിന്റെ വിജയം കഴിഞ്ഞാല്‍ റൺ അടിസ്ഥാനത്തിൽ ഈ ലോകകപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയ൦.

റൺ അടിസ്ഥാനത്തിൽ വിൻഡീസിനെതിരെ ഇന്ത്യയുടെ ഉയർന്ന നാലാമത്തെ ജയം കൂടിയാണിത്. ലോകകപ്പിൽ റൺ അടിസ്ഥാനത്തിൽ വിൻഡീസിന്റെ മൂന്നാമത്തെ വലിയ തോൽവിയും ഇതുതന്നെ.

ആറു മൽസരങ്ങളിൽനിന്ന് അഞ്ചാം ജയം കുറിച്ച ഇന്ത്യ 11 പോയിന്റുമായി രണ്ടാമതെത്തി. ഏഴു കളികളിൽനിന്ന് 12 പോയിന്റുള്ള ഓസ്ട്രേലിയ മാത്രം മുന്നിൽ. ന്യൂസീലൻഡിനും 11 പോയിന്റുണ്ടെങ്കിലും അവർ റൺറേറ്റിൽ ഇന്ത്യയ്ക്കു പിന്നിലായി.

തകർപ്പൻ അർധസെഞ്ചുറിയുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായ ക്യാപ്റ്റൻ വിരാട് കോലിയാണ് കളിയിലെ കേമൻ. 82 പന്തിൽ എട്ടു ബൗണ്ടറി സഹിതം 72 റൺസ്. തുടർച്ചയായ രണ്ടാം മൽസരത്തിലും നാലു വിക്കറ്റുമായി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലെത്തിയത് മുഹമ്മദ് ഷമി . നാലു വിക്കറ്റ് പിഴുതെറിയുന്നതിനിടെ ഷമി വഴങ്ങിയത് 16 റൺസ് മാത്രം .

വിൻഡീസിനെതിരെ ഇന്ത്യൻ ബോളറുടെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടവും സ്വന്തമാക്കി. 1983ൽ 12 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത മൊഹീന്ദർ അമർനാഥിന്റെ റെക്കോർഡ് പഴങ്കഥയായി.

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യ ഇക്കുറി സെമി കളിക്കുമെന്നും ഉറപ്പായി. ഞായറാഴ്ച ആതിഥേയരായ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം. അതേസമയം, ഏഴു മൽസരങ്ങളിൽനിന്ന് അഞ്ചാം തോൽവി വഴങ്ങിയ വെസ്റ്റിൻഡീസ് ലോകകപ്പിനു പുറത്തായി. അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവർക്കു ശേഷം ലോകകപ്പ് സെമി കാണാതെ പുറത്താകുന്ന ടീമു കൂടിയാണ് വിൻഡീസ്.

viratkohli kohli
Advertisment