Advertisment

ജീവിതത്തിലേക്ക് ഒന്നിച്ചെത്തിയവരാണ്; മടക്കവും ഒന്നിച്ചായി. ഭൂമിയിലെ മാലാഖമാർ ഇപ്പോൾ മാലാഖമാരുടെ ഭൂമിയിലാണ് ; ഒന്നിച്ചു ജനിച്ച സഹോദരിമാരെ കൊവിഡ് കൊണ്ടു പോയതും ഒന്നിച്ച്; സഹോദരിമാരുടെ വേര്‍പാടില്‍ വിതുമ്പി അനുജത്തി

New Update

കൊലയാളി വൈറസ് തട്ടിയെടുക്കുന്ന ഓരോ ജീവനും ലോക ഭൂപടത്തിലെ കണ്ണുനീരോർമയാണ്. ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങളെ സ്നേഹിച്ചുകൊണ്ടിരുന്നപ്പോഴാണ് പൊടുന്നനെ മരണം വൈറസിന്റെ രൂപമെടുത്തു അവരുടെ സ്വപ്നങ്ങളില്ലാതാക്കിയത്.പലനാടുകളിലായി മരണം തട്ടിയെടുത്തത് ഏതാണ്ട് രണ്ടു ലക്ഷത്തിലധികം ആളുകളെയാണ്.

Advertisment

publive-image

ഒരുപിടി കണ്ണീർപൂക്കൾ തന്റെ ഇരട്ട സഹോദരിമാർക്ക് നൽകി അവരെ യാത്രയാക്കിയ സൊയെ ഡേവിസ് ഇന്ന് ബ്രിട്ടന്റെ മുഴുവൻ വേദനയാണ്. എമ്മയും കാറ്റിയും ഇല്ലാത്ത ലോകത്ത് ഇനിയെന്ത് എന്ന് സൊയെക്ക്‌ അറിയില്ല.

എമ്മയും കാറ്റിയും സൊയെയും കൂടി ജീവിതം ഉല്ലാസപൂർവം കൊണ്ടാടുകയായിരുന്നു. ഇരട്ടകളായ എമ്മയും കാറ്റിയും നഴ്സുമാരായിരുന്നു.ചില ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോൾ എമ്മ ജോലി വേണ്ടെന്ന് വെച്ചു. എന്നാലും ഉറ്റവർക്കും സുഹൃത്തുക്കൾക്കും എന്ത് ആരോഗ്യപ്രശ്നമുണ്ടായാലും ആദ്യം എമ്മയുടെ അടുത്ത് ഓടിയെത്തും. സതാംപ്ടണിലെ ജനറൽ ആശുപത്രിയിൽ ശിശു രോഗ വിഭാഗത്തിൽ നേഴ്സ് ആയിരുന്നു കാറ്റി. കുഞ്ഞുങ്ങളെയും കൊണ്ട് കുത്തിവെപ്പിന് വരുമ്പോൾ അമ്മമാർ വിളിച്ചു ചോദിക്കും കാറ്റി ഡ്യൂട്ടിയിലുണ്ടോ എന്ന്. കാരണം കാറ്റിയുണ്ടെങ്കിൽ പിന്നെ എത്ര കുത്തിവെയ്പ് വേണമെങ്കിലും കുട്ടികൾക്കെടുക്കാം എന്നവർക്ക് ധൈര്യമാണ്.

ഓരോന്ന് ഓർക്കും തോറും സൊയെക്ക്‌ സങ്കടം കൂടിക്കൂടി വന്നു." ഭൂമിയിലേക്ക് അവരൊന്നിച്ചു വന്നവരാണ്", സൊയെ വീണ്ടും ഓർത്തെടുത്തു. ജീവിച്ചതത്രയും ഒന്നിച്ചു. ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒരുപോലെ. വേണ്ടുവേണ്ടായ്കയും ഒരുപോലെ. കുറച്ചായി രണ്ടുപേർക്കും ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തന്നെ അടക്കം ആരെയും അതൊന്നും അറിയിച്ചില്ല.

സൊയെ വിതുമ്പലിനിടെ ഓർത്തു. ഒരാഴ്ച മുൻപാണ് കോവിഡ് സ്ഥിരീകരിച്ചതും രണ്ടാളും ആശുപത്രിയിലായതും. ആരോഗ്യസ്ഥിതി പെട്ടെന്നാണ് വഷളായത്. എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ ആദ്യം എമ്മ പോയി. അവളില്ലാത്ത ലോകത്ത് എനിക്കെന്തു കാര്യമെന്നു സൊയെയോട് പറയാതെ പറഞ്ഞു തൊട്ടടുത്ത ദിവസം പുലർച്ചക്ക് കാറ്റിയും എമ്മക്കൊപ്പം പോയി.

ഡോക്ടറോ നഴ്‌സോ ആവണമെന്നായിരുന്നു ചെറുപ്പം തൊട്ടേ എമ്മയും കാറ്റിയും ആഗ്രഹിച്ചത്. കുട്ടിക്കാലത്തെ കളിക്കിടെ പാവക്കുട്ടികളെ ശുശ്രൂഷിക്കുന്നത് കണ്ട് എല്ലാരും പറയുമായിരുന്നു, വലുതാവുമ്പോൾ ആളുകൾ ഇഷ്ടപെടുന്ന ആരോഗ്യ പ്രവർത്തകരാവും ഇവരെന്ന്. ആയി.. പക്ഷെ ആ നന്മക്ക് ആയുസ്സ് കുറവായിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി വാക്കുകിട്ടാതെ പതറി സൊയെ ഇത്ര മാത്രം പറഞ്ഞു നിർത്തി. ജീവിതത്തിലേക്ക് ഒന്നിച്ചെത്തിയവരാണ്. മടക്കവും ഒന്നിച്ചായി. ഭൂമിയിലെ മാലാഖമാർ ഇപ്പോൾ മാലാഖമാരുടെ ഭൂമിയിലാണ്... അല്ല മാലാഖമാർ മാത്രമുള്ള സ്വർഗത്തിലാണ്.

twin sisters corona death
Advertisment