Advertisment

കെ.വി തോമസിന്‍റെ കേസ് ഫയല്‍ ഇപ്പോഴും സോണിയാ ഗാന്ധിയുടെ മേശപ്പുറത്തു തന്നെ; തോമസിന്‍റെ മൂക്ക് അങ്ങനെയങ്ങു ചെത്തിക്കളയാന്‍ സോണിയാ ഗാന്ധിക്കു താല്‍പര്യമില്ലെന്നു സൂചന! ഹൈക്കമാന്‍റ് എന്തേ കെ.വി തോമസിന്‍റെ മൂക്കു ചെത്തിയില്ല ? അദ്ദേഹത്തെപ്പോലൊരു മുതിര്‍ന്ന നേതാവിനെ ശിക്ഷ പ്രഖ്യാപിച്ചു പുറത്താക്കി സ്വയം ക്ഷീണിക്കേണ്ടതില്ലെന്ന ചിന്തയാണോ ഹൈക്കമാന്‍റിനുള്ളത് ? അതോ തോമസിന്‍റെ കാര്യത്തില്‍ വീണ്ടു വിചാരം വല്ലതുമുണ്ടായോ ? അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്‌

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

കെ.വി തോമസിന്‍റെ എ.ഐ.സി.സി അംഗത്വവും സംസ്ഥാനത്തെ രാഷ്ട്രീയകാര്യ സമിതിയംഗത്വവും റദ്ദാക്കുമെന്നായിരുന്നു ആദ്യം കേട്ടത്. ഒപ്പം കര്‍ശനമായ താക്കീതും. പിന്നെ കേട്ടത് എ.ഐ.സി.സി അംഗമായി കെ.വി തോമസ് തടരുമെന്ന്. രാഷ്ട്രീയ കാര്യസമിതി അംഗത്വം ഉള്‍പ്പെടെ കേരളത്തിലെ സ്ഥാനമാനങ്ങളൊക്കെ നഷ്ടപ്പെടുമെന്നും.

ഇതൊന്നുമല്ല ഇപ്പോള്‍ കേള്‍ക്കുന്നത്. കണ്ണൂരിലെ സി.പി.എം കോണ്‍ഗ്രസിനോടനുബന്ധിച്ചു നടന്ന സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെതിരെ പാര്‍ട്ടി ഹൈക്കമാന്‍റ് ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ല. തീരുമാനമെന്തെങ്കിലുമെടുത്താല്‍ അതുടനെ അറിയിക്കേണ്ടതു കെ.വി തോമസിനെത്തന്നെയാണ്. അദ്ദേഹത്തിന് ഹൈക്കമാന്‍റില്‍ നിന്ന് ഒരു വിവരവും കിട്ടിയിട്ടില്ല. എ.ഐ.സി.സി പത്രക്കുറിപ്പും ഇറക്കിയിട്ടില്ല.

കെ.വി തോമസിന്‍റെ കാര്യത്തോടൊപ്പം അച്ചടക്ക സമിതി പരിശോധിച്ച മറ്റു നേതാക്കളുടെ കാര്യത്തില്‍ എ.ഐ.സി.സി പത്രക്കുറിപ്പിറക്കിക്കഴിഞ്ഞു. ബന്ധപ്പെട്ട നേതാക്കള്‍ക്ക് ശിക്ഷാനടപടി വിശദീകരിച്ചുകൊണ്ടുള്ള കത്തു ലഭിക്കുകയും ചെയ്തു.

എന്നിട്ടും ഹൈക്കമാന്‍റ് എന്തേ കെ.വി തോമസിന്‍റെ മൂക്കു ചെത്തിയില്ല ? അദ്ദേഹത്തെപ്പോലൊരു മുതിര്‍ന്ന നേതാവിനെ ശിക്ഷ പ്രഖ്യാപിച്ചു പുറത്താക്കി സ്വയം ക്ഷീണിക്കേണ്ടതില്ലെന്ന ചിന്തയാണോ ഹൈക്കമാന്‍റിനുള്ളത് ? അതോ തോമസിന്‍റെ കാര്യത്തില്‍ വീണ്ടു വിചാരം വല്ലതുമുണ്ടായോ ?

എ.കെ ആന്‍റണി അദ്ധ്യക്ഷനായ അച്ചടക്ക സമിതി കഴിഞ്ഞ ആഴ്ച യോഗം ചേര്‍ന്ന് കെ.വി തോമസ് ഉള്‍പ്പെടെയുള്ള ചില നേതാക്കന്മാര്‍ക്കെതിരെയുണ്ടായ ആരോപണങ്ങള്‍ വിശദമായി പരിശോധിച്ചിരുന്നു. ഓരോരുത്തരുടെ പേരിലുമുള്ള ആരോപണങ്ങള്‍ അന്വേഷിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്കു നല്‍കുകയും ചെയ്തു. സോണിയാ ഗാന്ധിയുടെ തീരുമാനമനുസരിച്ച് ഓരോ നേതാവിന്‍റെയും പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും അവര്‍ക്കെല്ലാം നടപടി വിശദീകരിച്ച് കത്തു നല്‍കുകയും ചെയ്തു. എ.ഐ.സി.സി പത്രക്കുറിപ്പുമിറക്കി. കെ.വി തോമസിന് ഇങ്ങനെയൊരു കത്ത് ഇതുവരെ കിട്ടിയിട്ടില്ല. എ.ഐ.സി.സിയുടെ പത്രക്കുറിപ്പുമില്ല.

കെ.വി തോമസിന്‍റെ മൂക്കു ചെത്തുമെങ്കില്‍ കാണട്ടെ എന്നു വെല്ലുവിളിച്ചത് സാക്ഷാല്‍ പിണറായി വിജയന്‍ തന്നെയാണ്. അതും കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചു ചേര്‍ന്ന സെമിനാര്‍ വേദിയില്‍. കെ.വി തോമസിനൊപ്പം തമിഴ്‌നാടു മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉണ്ടായിരുന്നു വേദിയില്‍. കെ.വി തോമസിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തു വന്നു.

പക്ഷെ തോമസിനെ കോണ്‍ഗ്രസ് വിട്ടൊഴിയാത്തതെന്ത് ? കണ്ണൂരില്‍ പ്രസംഗിക്കാന്‍ പോയാല്‍ അതുവഴി പാര്‍ട്ടിക്കു പുറത്തേക്കാവും പോവുക എന്നാണ് നേരത്തേ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ മുന്നറിയിപ്പു നല്‍കിയിരുന്നത്. പാര്‍ട്ടിയുടെ ചെറുതും വലുതുമായ നേതാക്കളും തോമസിനെതിരെ അട്ടഹസിച്ചു. കേരളത്തിലെ കോണ്‍ഗ്രസില്‍ തോമസ് തികച്ചും ഒറ്റപ്പെട്ടിരിക്കുന്നു. ഇനി ഇവിടെ ഒരു ഭാവിയില്ലെന്നര്‍ത്ഥം. കണ്ണൂരിലെ സെമിനാറിനും മുമ്പുതന്നെ കൃത്യമായി പറഞ്ഞാല്‍ 2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുമ്പേ, കെ.വി തോമസിനെതിരെ ശക്തമായൊരു നീക്കം കേരളത്തിലെ കോണ്‍ഗ്രസില്‍ നടന്നിരുന്നു.

ഹൈക്കമാന്‍റില്‍ രാഹുല്‍ ഗാന്ധിക്കും തോമസിനോടത്ര പ്രതിപത്തിയില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി പല തവണ കാണാന്‍ ശ്രമിച്ചിട്ടും രാഹുല്‍ ഗാന്ധി സമ്മതിച്ചില്ല. എന്നാല്‍ സോണിയാ ഗാന്ധി തോമസുമായി ഇപ്പോഴും നല്ല സൗഹൃദത്തിലുമാണ്.

2024 -ലെ തെരഞ്ഞെടുപ്പിനു തയ്യാറെടുക്കുന്ന കോണ്‍ഗ്രസിന് സി.പി.എമ്മിനെ കൈവിട്ടുകളയാനുമാകില്ല. കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റവും പ്രധാന ശത്രു സി.പി.എമ്മാണ്. അതിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാല്‍ ഡല്‍ഹിയില്‍ രാഷ്ട്രീയവും കക്ഷിബന്ധങ്ങളും വേറെയാണ്. ഇരു പാര്‍ട്ടികളും തമ്മില്‍ കേരളത്തിലുള്ള ശത്രുത ഡല്‍ഹിയിലില്ല.

എന്തായാലും കെ.വി തോമസിന്‍റെ കേസ് ഫയല്‍ ഇപ്പോഴും സോണിയാ ഗാന്ധിയുടെ മേശപ്പുറത്തു തന്നെ. തോമസിന്‍റെ മൂക്ക് അങ്ങനെയങ്ങു ചെത്തിക്കളയാന്‍ സോണിയാ ഗാന്ധിക്കു താല്‍പര്യമില്ലെന്നു സൂചന.

കെ.വി തോമസും വിഷമവൃത്തത്തിലാണ്. കേരളത്തില്‍ അദ്ദേഹം ഒരു കോണ്‍ഗ്രസുകാരനല്ലാതായിരിക്കുന്നു. ഡ‍ല്‍ഹിയിലെത്തിയാല്‍ എ.ഐ.സി.സി അംഗവും. രണ്ടിലൊന്നറിയാന്‍ കാത്തിരിക്കുകയാണ് തോമസ്. ഒന്നു വിടുതല്‍ കിട്ടിയാല്‍ മറ്റു വല്ല വഴിയും നോക്കാമായിരുന്നു.

Advertisment