Advertisment

ഉണ്ണിക്കണ്ണനു മുന്നില്‍ 'ഊമപ്പെണ്ണും ഉരിയാടാപ്പയ്യനും' ജീവിതത്തില്‍ ഒന്നായി

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

കാര്‍മ്മികന്റെ മന്ത്രോച്ചാരണവും, അടുത്തു നിന്നവരുടെ ആര്‍പ്പുവിളികളും നാദസ്വരമേളവും വായ്ക്കുരവകളുമൊന്നും അവര്‍ കേട്ടില്ലെങ്കിലും കാര്‍മ്മികന്‍ ആംഗ്യം കാട്ടിയപ്പോള്‍ ശുഭമുഹൂര്‍ത്തത്തില്‍ തന്നെ സനൂപ് എന്ന വിഷ്ണു അഞ്ജു എന്ന വിഷ്ണുപ്രിയയുടെ കഴുത്തില്‍ താലി ചാര്‍ത്തി.

ജന്മനാ മൂകരായ സനൂപിന്റെയും അഞ്ജുവിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളും ഭരണങ്ങാനം ക്ഷേത്രത്തില്‍ എത്തിയിരുന്നു.

കിഴപറയാര്‍ പടിയപ്പിള്ളില്‍ പി.ആര്‍. ഹരിദാസിന്റെയും ഷീബയുടെയും മൂത്ത മകളാണ് അഞ്ജു എന്ന വിഷ്ണുപ്രിയ. ഫാഷന്‍ ഡിസൈനിങ്ങ് പരിശീലനവും കമ്പ്യൂട്ടര്‍ പഠനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കെഴുവന്‍കുളം പാറയില്‍ പി.കെ. രാമന്‍കുട്ടിയുടെയും ഭാര്‍ഗ്ഗവിയുടെയും മകനാണ് സനൂപ്. പ്ലസ് ടു പഠനത്തിനു ശേഷം മരപ്പണിയിലേയ്ക്ക് തിരിയുകയായിരുന്നു.

അഞ്ജുവന് രണ്ടു സഹോദരിമാര്‍; ആര്യയും പല്ലവിയും. വിഷ്ണുവിന് രണ്ട് സഹോദരന്മാരും; സന്ദീപും വിനോദും.

മിന്നുകെട്ടിന് ശേഷമുള്ള ഫോട്ടോ സെഷനില്‍ ഇരുവരും ആംഗ്യം കൊണ്ട് ആഹ്ലാദം പങ്കുവെച്ചപ്പോള്‍ കണ്ടുനിന്നവരും കൈയ്യടിച്ചു. ഒരു ബന്ധു മുഖേനയാണ് സനൂപിന്റെ വിവാഹാലോചന എത്തിയതെന്ന് അഞ്ജുവിന്റെ അച്ഛന്‍ പി.ആര്‍. ഹരിദാസ് പറഞ്ഞു.

പെണ്ണുകാണല്‍ ചടങ്ങില്‍ത്തന്നെ 'കൈ ആംഗ്യം' കൊണ്ട് അഞ്ജുവും സനൂപും മനസ്സു തുറന്നതോടെ എത്രയും വേഗം വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഇരുവരുടെയും മാതാപിതാക്കള്‍ പറഞ്ഞു.✍

സുനില്‍ കൗമുദി

pala news kottayam
Advertisment