Advertisment

എന്തായിരുന്നു സുധാകരന്‍റെ ലക്ഷ്യം ? ഉത്തരം ലളിതം. താനും ഒരു കരുത്തനാണെന്നു ഹൈക്കമാന്‍റിനെ ബോധ്യപ്പെടുത്തുക. പ്രത്യേകിച്ച് കെസി വേണുഗോപാലിനെ. അതു സാധിച്ചു - ജേക്കബ് ജോര്‍ജ് എഴുതുന്നു

New Update

publive-image

Advertisment

കണ്ണൂരിലെ കോണ്‍ഗ്രസില്‍ കരുത്തന്‍ തന്നെയാണു കെ. സുധാകരന്‍. പക്ഷെ അത് കണ്ണൂരിനു പുറത്ത് ചെലവാകുന്ന ലക്ഷണമൊന്നുമില്ല. കുറേ കാലമായി കെപിസിസി അധ്യക്ഷനാകാന്‍ സുധാകരന്‍ ശ്രമം തുടങ്ങിയിട്ട്. പക്ഷെ അതും അദ്ദേഹത്തെ ആ പദവിയിലേയ്ക്കടുപ്പിക്കുന്നില്ല. ഇപ്പോഴത്തെ പ്രസിഡന്‍റ് വല്ല വിധേനയും ഏതെങ്കിലുമൊരു സീറ്റില്‍ മത്സരിക്കാനിറങ്ങിയിരുന്നെങ്കില്‍ ആ സ്ഥാനത്തിനു വേണ്ടി ഒന്നു പിടിക്കാമെന്നു വെച്ചതായിരുന്നു. പക്ഷെ അതും തരമായില്ല. മുല്ലപ്പള്ളിക്കു മത്സരിക്കുകയേ വേണ്ട എന്നായി സ്ഥിതി. മത്സരിക്കുകയാണെങ്കില്‍ പ്രസിഡന്‍റ് സ്ഥാനം നിലനിര്‍ത്തിക്കൊണ്ടുവേണം താനും. ഇതിനോടു പക്ഷെ നേതാക്കള്‍ക്കും യോജിപ്പുണ്ടായിരുന്നില്ല.

തനിക്കു കെപിസിസി പ്രസിഡന്‍റ് സ്ഥാനം നിഷേധിക്കുന്നവരുടെ കേന്ദ്രബിന്ദു എഐസിസിയിലെ ഉന്നതന്‍ കെസി വേണുഗോപാലാണെന്ന് സുധാകരനും നന്നായറിയാം. പക്ഷെ എതിര്‍ക്കാനോ കയര്‍ക്കാനോ സുധാകരനാവില്ല. വേണു അത്രയ്ക്കങ്ങു വളര്‍ന്നു പോയിരിക്കുന്നു. ഇനി ചെയ്യാവുന്നത് തനിക്ക് ആവശ്യത്തിലേറെ കരുത്തുണ്ടെന്നു കാണിക്കുക മാത്രം. അതാണ് അദ്ദേഹം ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനൊരുങ്ങിയത്.

നേമത്ത് മത്സരിക്കാന്‍ കരുത്തന്മാരെയൊക്കെ നേതാക്കള്‍ വിളിപ്പിച്ചതാണ്. പിന്നെയും പിന്നെയും വിളിച്ചെങ്കിലും ഉമ്മന്‍ ചാണ്ടി പിന്നെയും പിന്നെയും പിന്‍മാറി. രമേശ് ചെന്നിത്തല സ്വന്തം അമ്മയായ ഹരിപ്പാട്ട് ഒതുങ്ങിക്കൂടി. അവസാനം വില്ലാളി വീരനായി മുരളീധരന്‍ കടന്നുവന്നു. സാക്ഷാല്‍ കണ്ണോത്തു കരുണാകരന്‍റെ മകന്‍ മുരളീധരന്‍. നേമത്ത് വില്ലാളി വീരന്‍റെ വരവേല്‍പും കിട്ടി.

ഇതൊന്നും ഇല്ലാത്തതില്‍ വിഷമിച്ചിരിക്കുകയായിരുന്നു സുധാകരന്‍. അപ്പോഴാണ് ധര്‍മ്മടം കണ്ണില്‍പ്പെട്ടത്. അവിടൊന്നു പിടിച്ചാലോ ? സുധാകരന്‍ പിടിച്ചു. ഉടന്‍ വാര്‍ത്തയുമായി. ഡല്‍ഹിയിലും ഉത്സാഹമായി. സുധാകരന്‍ ധര്‍മ്മടത്തു നില്‍ക്കട്ടെ എന്നായി കെസി വേണുഗോപാല്‍. പിന്നെ കുറെ പഠനവും ഗൃഹപാഠവും. അവസാനം സ്വന്തം തീരുമാനം - സുധാകരന്‍ ധര്‍മ്മടത്തു നില്‍ക്കുന്നില്ല.

എന്തായിരുന്നു സുധാകരന്‍റെ ലക്ഷ്യം ? ഉത്തരം ലളിതം. താനും ഒരു കരുത്തനാണെന്നു ഹൈക്കമാന്‍റിനെ ബോധ്യപ്പെടുത്തുക. പ്രത്യേകിച്ച് കെസി വേണുഗോപാലിനെ. അതു സാധിച്ചു. പിണറായിയോടു പൊരുതി തോറ്റു ചെറുതാകാനും നിന്നില്ല. എല്ലാം സുധാകരനു നല്ലത്.

kazhchapad
Advertisment