Advertisment

പ്രധാനമന്ത്രിയുടെ 'ഭായിയോം ബഹനോം', മുഖ്യമന്ത്രിയുടെ കരുതല്‍.. പക്ഷേ കാര്യം വരുമ്പോള്‍ പ്രവാസി ക്ളീൻ ഔട്ട് ! പ്രവാസി മുത്താണ്.. മുതൽക്കൂട്ടാണ് എന്നൊക്കെയുള്ള വീമ്പിളക്കല്‍ അല്ല വേണ്ടത്. ഈ ഗതികെട്ട സമയത്ത് പ്രവാസികളെ സംരക്ഷിക്കാന്‍ എന്താണ് പദ്ധതി ? ഈ പ്രവാസിയെന്ന പേര് മാറ്റി കുറച്ചുകൂടി ഗ്ളാമറുള്ള പേരുകൾ നിർദ്ദേശിക്കണമെന്ന് ട്രോളർമാരോടും സൈബർ സിണ്ടിക്കേറ്റിനോടും പറയണം

New Update

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ജീവിച്ചിരുന്നെങ്കിൽ..,  'അഹമ്മദ് സാഹിബിന്റെ സാന്നിധ്യം ഇപ്പോഴായിരുന്നു വേണ്ടത് ' എന്നൊക്കെ ഒരു സാധാരണ പ്രവാസി ആശിക്കുന്ന ഒരു ഗതികെട്ട കാലത്തിലൂടെയാണ് നാമിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് . പ്രവാസിയുടെ ജീവിതം എന്നും എപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്.

Advertisment

publive-image

അവരെന്നും കറവ് മാടുകൾ മാത്രമായിരുന്നു . കഴിഞ്ഞ പതിറ്റാണ്ടുകളിൽ പ്രവാസി സഹോദരന്മാർ ജീവിതം മുഴുവനും വീട്ടിലെ പെങ്ങന്മാരെ കെട്ടിച്ചയച്ചും സഹോദരന്മാരെ പഠിപ്പിച്ചും ഒക്കെ തീർത്തുകളഞ്ഞു .

അതൊക്കെ കഴിഞ്ഞു തിരിച്ചു നാട്ടിലെത്തിയാൽ പ്രഷറും ഷുഗറും കൊളസ്ട്രോളും പിന്നെ രണ്ടുമൂന്ന് വർഷത്തിനുള്ളിൽ ഒരു ഹാർട്ട് അറ്റാക്കും .

ഇപ്പോൾ പ്രവാസികൾ കുറച്ചുകൂടി നില മെച്ചപ്പെട്ടുവെങ്കിലും ചെറുപ്പക്കാരൊക്കെ അത്യാവശ്യം നല്ല നിലയിലാകുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങൾ പഴയതുപോലെ ഈസിയില്ല . അതിപ്പോൾ പത്തനംതിട്ടയിലെയും കോട്ടയത്തെയും നഴ്‌സുമാരുടെ കാര്യവും ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാണ് .

കേരളത്തിൽ ഒരു ഭരണം മാറുമ്പോഴും കേന്ദ്രത്തിൽ പുതിയ ഭരണം വരുമ്പോഴും പ്രവാസി വൻ തോക്കുകൾ മുതൽ സാധാരണക്കാരൻ വരെ ഏതെങ്കിലും മന്ത്രിമാരെയോ എംഎൽഎ മാരേയോ എംപിമാരെയോ ആരെയും കിട്ടിയില്ലെങ്കിൽ ലോക്കൽ കുട്ടി നേതാക്കളെയോ വിദേശത്തേക്ക് ആനയിക്കുകയും അവരവരുടെ നാടിന്റെയോ മഹല്ലിന്റെയോ ഇടവകകകളുടെയോ കമ്യുണിറ്റിയുടെയോ പേരിൽ ഒരു ചെറിയ സമ്മേളനമൊക്കെ സംഘടിപ്പിച്ച് അവരുടെ വിലപിടിച്ച കാറിലും വീട്ടിലും ഫ്‌ളാറ്റിലും ഓഫീസിലും കടയിലും ഒക്കെ കയറ്റിയിറക്കി പെട്ടിയിൽ കുറെ സമ്മാനങ്ങളുമായി തിരിച്ചയക്കുന്ന ഒരു രീതിയാണ് ഇപ്പോൾ നടന്നുവരുന്നത് .

ലാൽ ജോസിന്റെ ക്‌ളാസ്മേറ്റ്സ് സിനിമക്ക് ശേഷം ഇപ്പോൾ സ്‌കൂൾ കോളേജ് മദ്രസ കൂട്ടായ്മകളും അവരാൽ ഉത്‌ഘാടനം ചെയ്യിക്കുന്നതും സാധാരണ കാഴ്ചകളാണ് .

ഒരു നാട്ടിൽ നിന്നും ഒരാൾ വിദേശത്തേക്ക് ജോലിക്കായോ കച്ചവടത്തിനായോ പുറപ്പെടുന്നുവെങ്കിൽ , അതിപ്പോൾ മുംബൈക്കായാലും ഡല്‍ഹിക്കായാലും ചെന്നൈക്കായാലും അവരൊക്കെ വളരെ സാധാരണ ഹൃദയങ്ങൾക്കുടമകളാണ്.

ആരും വളരെ സന്തോഷിച്ചല്ല നാട് വിടുന്നത് , വീടുകളിലെയും മറ്റും ബാധ്യതകൾ തീർക്കുവാനും നല്ല രീതിയിൽ കുടുംബങ്ങളെ കെട്ടിപ്പടുക്കുവാനും ഒക്കെയാണ് മനസ്സിൽ കരുതുന്നത് .

publive-image

എല്ലാവര്‍ക്കും ഇങ്ങനെ കുടുംബാംഗങ്ങളിൽ നിന്നും അകന്നു ജീവിക്കുവാനാകുന്നില്ല . പലരും ആയതിനാൽ തിരിച്ചുപോയവരുമുണ്ട് . എന്നിട്ടും എല്ലാം സഹിച്ചും പ്രവാസിയായി ജീവിക്കുമ്പോൾ അവരുടെ കഴമ്പ് എത്രത്തോളം ഊറ്റിയെടുക്കുവാൻ സാധിക്കും എന്നതാണ് ഇന്നത്തെ നാടിന്റെ അവസ്ഥ .

എൺപതുകളിൽ ഒരു സാധാരണക്കാരൻ നാട്ടിൽ നിന്നും പോരുമ്പോൾ സ്വന്തം ഗ്രാമത്തിൽ ഇലക്ട്രിസിറ്റിയോ ടെലഫോണോ വന്നിട്ടില്ലെങ്കിലും അവരത് എങ്ങനെയെങ്കിലും സ്വന്തം നാട്ടിലേക്ക് എത്തിക്കുവാൻ ആദ്യം ശ്രമിക്കുന്നു.

അതിന്റെ ഭാഗമായാണ് കേരളത്തിൽ 99 ശതമാനവും ഗ്രാമങ്ങളിൽ വൈദ്യതിയും ഫോണും എത്തിയത് . വടക്കേ ഇന്ത്യയിലെ ആയിരക്കണക്കിന് ഗ്രാമങ്ങളിൽ ഇപ്പോഴും മണ്ണെണ്ണ വിളക്കിനാൽ ജീവിതം തള്ളി നീക്കുന്നു .

ഇത്രയുമൊക്കെ വലിച്ചുനീട്ടി പറയുവാനുള്ള കാരണം , കൊറോണ തന്നെ !!! . ഏകദേശം 12  ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇ യിൽ മാത്രം അധിവസിക്കുന്നത്.

അതിനേക്കൾ കൂടുതൽ സൗദിയിലും അത്രത്തോളം ഖത്തറിലും അതുപോലെ തന്നെയുള്ള മറ്റുള്ള ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും ലണ്ടനിലും ഇറ്റലിയിലും ജർമ്മനിയിലും ഓസ്‌ട്രേലിയയിലും കാനഡയിലും ഒക്കെയുള്ളത് .

അതിൽ ഗൾഫിലുള്ള ആർക്കും അവിടത്തെ പൗരത്വം കിട്ടിയിട്ടില്ല . കൊറോണയെന്ന ഭീകരൻ ലോകത്തെ വരിഞ്ഞു മുറുക്കുമ്പോൾ , ഉദാഹരണമായി ഇപ്പോൾ ദുബായിലെ കാര്യം എടുക്കാം.

തുണിക്കച്ചവടക്കാരും ഇലക്ട്രോണിക്സ് കച്ചവടക്കാരും തിങ്ങി പാർക്കുന്ന ഗോൾഡ് സൂഖ് ഉൾപ്പെടുന്ന നായിഫ് എന്ന ഭാഗത്ത് ഒരു ഫ്‌ലാറ്റ് മുറിയിൽ നാല് മുതൽ എട്ട് വരെ ആളുകൾ താമസിക്കുന്നു .

ഏറ്റവും കൂടുതൽ വിദേശികൾ സഞ്ചരിക്കുന്ന ഭാഗമാണ് ഇത് . ഒരാൾക്ക് അസുഖം വന്നാൽ ആ കെട്ടിടത്തിൽ മുഴുവനായും വരാവുന്ന അവസ്ഥ. ദുബായ് ആയതുകൊണ്ട് അവരെക്കൊണ്ടാവുന്ന രീതിയിൽ കാര്യങ്ങൾ വളരെ ഭംഗിയായി ചെയ്യാന്‍ അഹോരാത്രം പണിയെടുക്കുന്ന നല്ല മനസ്സിന്റെ ഉടമകൾ .

കൂടാതെ നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളുടെ സഹായവും അവർ സ്വീകരിച്ചുകൊണ്ട് കാര്യങ്ങൾ നടപ്പിലാക്കുന്നു.

സ്വദേശിയരെക്കാൾ വിദേശികൾ കൂടുതൽ അധിവസിക്കുന്ന ഒരു രാജ്യത്ത് ആശുപത്രികളും സൗകര്യങ്ങളും ലോക നിലവാരത്തിൽ ഉണ്ടെങ്കിലും ഇത്രയധികം പേർക്കുന്ന സൗകര്യം പെട്ടെന്നുണ്ടാക്കുക അത്ര എളുപ്പമല്ല .

publive-image

ബാച്ചിലേഴ്‌സ് ആയി താമസിക്കുന്നവർ ഒരു മുറിയിൽ ആറും എട്ടും പേരുള്ളവർ സ്വന്തം നാട്ടിലേക്ക് പോകുവാൻ തയ്യാറാകുന്നതിൽ തെറ്റ് പറയുവാനാകില്ല . എല്ലാവർക്കും അത്യാവശ്യം മോശമല്ലാത്ത ഒരു വീടും അതിലൊരു ബെഡ്‌റൂമും ഒക്കെ ഉള്ളവരാണ് ഇവിടെ ഇങ്ങനെ കഴിയുന്നവർ .

ഇന്നത്തെ നിലയിൽ എല്ലാവർക്കും കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യമായ സ്ഥിതിക്ക് ഇനിയാരും ആ പഴയ ഇറ്റലി പത്തനംതിട്ടക്കാരുടെ കളികളോ , കാസർഗോട്ടെ കള്ളക്കടത്തുകാരന്റെ കളികളോ കളിക്കില്ല .

അതുപോലെ അവരെ ഏറ്റെടുക്കുവാൻ സംഘടനകൾ തയാറാക്കുമ്പോൾ , അവരവരുടെ വീട്ടുകാർ തയ്യാറാകുമ്പോൾ , അവരെ വീക്ഷിക്കുവാൻ നാട്ടുകാർ തയ്യാറാകുമ്പോൾ പിന്നെന്തിന് സർക്കാരുകൾ മടിക്കണം .

നമ്മുടെ പ്രധാനമന്ത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ചാനലിൽ വന്നിരുന്ന് വിടുവായത്തങ്ങൾ വിളമ്പിയാൽ പോരാ , പാവപ്പെട്ട ജനതയെക്കൊണ്ട് പാത്രം തല്ലിപ്പൊട്ടിച്ചും വിളക്കുകൾ കത്തിച്ചും ഗോകൊറോണ ഗോ എന്നൊക്കെ ഒച്ചവച്ചും കുട്ടിക്കളി കളിച്ചാൽ മാത്രം പോരാ .

ജനങ്ങളുടെ ക്ഷേമം , അവരെങ്ങനെ ജീവിക്കുന്നു , അവരെങ്ങനെ ഭക്ഷണം കഴിക്കുന്നു , അവരെങ്ങനെ കാര്യങ്ങൾ നടത്തുന്നു എന്നൊക്കെ അറിയാനുള്ള സന്മനസ്സും കാണിക്കണം .

തിരഞ്ഞെടുപ്പുകൾ വരുമ്പോൾ മാത്രമല്ല ഭായിയോം ബഹനോം , അല്ലാതെ ഇങ്ങനെയുള്ള ഗതികെട്ട സമയങ്ങളിലും ആ ചിന്ത ഉണ്ടാകണം . അതില്ല എന്നതിന്റെ ആദ്യ തെളിവാണ് ഡൽഹിയിലെ തൊഴിലാളികൾ നൂറും ഇരുനൂറും മുന്നൂറും കിലോമീറ്ററുകൾ ഭക്ഷണമില്ലാതെ നടക്കേണ്ടി വന്നത് .

publive-image

ഇവിടെ പല ഭരണ കർത്താക്കളും ഏറെ സന്തോഷത്തിലാണ് . അവരവരുടെ കഴിവുകെട്ട ഭരണത്തെ മുഖം മിനുക്കി രക്ഷപ്പടുത്താൻ സഹായിച്ചതാണീ കോവിഡ് . അതിപ്പോൾ ഇന്ത്യയിലായാലും കേരളത്തിൽ ആയാലും . ലോകകേരളസഭ എന്നൊക്കെ പറഞ്ഞുകൊണ്ട് കുറെ വിദേശ യാത്രകളും പണം പിരിക്കലുകളും മാത്രം പോരാ .

പ്രവാസികളിൽ മുതലാളിമാരേക്കാൾ കൂടുതൽ അന്നന്നത്തെ അഷ്ടിക്ക് പണിയെടുക്കുന്ന പാവങ്ങളാണ് . അവരാണ് ഒറ്റമുറിയിൽ ആറും എട്ടും പേരൊക്കെയായി താമസിക്കുന്നത് .

നാട്ടിൽ വന്നാൽ കാറും ബൈക്കൊക്കെ ഓടിച്ചു വിലസുന്നവർ ആണെങ്കിലും ഗൾഫിൽ അവർ പണിയെടുക്കുന്നത് 50 ഡിഗ്രി ചൂടിനെ സഹിച്ചുകൊണ്ടാണ് എന്നത് ഈ ഭരണാധികാരികൾ ഓർക്കുന്നത് നന്ന് .

നാട്ടിൽ നിന്നും മറ്റുള്ള വിദേശികളെ അവരവരുടെ നാട്ടിലേക്ക് പറന്നുവിടുവാൻ സ്വന്തം വിമാനം അയച്ചവർക്കെന്തേ സ്വന്തം നാട്ടുകാരെ അവരവരുടെ പിറന്ന ഭൂമിയിൽ എത്തിച്ചാൽ . എല്ലാവർക്കും കുടുംബങ്ങൾ ഉണ്ട് . ആരും അനാഥരല്ല .

നമ്മുക്ക് കേരളത്തിന്റെ കാര്യം എടുക്കാം . പ്രവാസിയെന്നത് കേരളത്തിന്റെ മുത്താണ്.. മുതൽക്കൂട്ടാണ് എന്നൊക്കെ നമ്മുടെ മുഖ്യൻ പറഞ്ഞത് മുഖവിലക്കെടുക്കുന്നു . ഇത് കേട്ടപാടെ നല്ലവരായ എല്ലാ പ്രവാസി സുഹൃത്തുക്കളും അവരവരുടെ സോഷ്യൽ മീഡിയ പേജ്കളിൽ മുഖ്യനെ വാനോളം വാഴ്ത്തി . സൈബർ സിൻഡിക്കേറ്റ് സമാധാനിച്ചു , അദ്ധ്വാനത്തിന്റെ ഫലം കണ്ടതിനുള്ള സമാധാനം മാത്രം .

കേരളം എന്നത് ബ്രിട്ടീഷുകാരന്റെ കാലം മുതൽക്കേ ആശുപത്രികളാൽ സമ്പന്നമായിരുന്നു . എല്ലാ മൺസൂണിലും വരുന്ന വെള്ളപ്പൊക്കങ്ങളിൽ ഉണ്ടായേക്കാവുന്ന മാരികളെ ( അസുഖങ്ങളെ ) അതിജീവിക്കുവാനുള്ള തയ്യാറെടുപ്പുകൾ എല്ലാ ഭരണകൂടങ്ങളും ചെയ്തുകൂട്ടിയിട്ടുണ്ട് , പക്ഷെ അന്നൊന്നും ഇതുപോലെ ചാനലുകളോ സോഷ്യൽ മീഡിയയെ സൈബർ സിൻഡിക്കേറ്റോ ഉണ്ടായിരുന്നില്ല .

ഇതൊക്കെ ഏതൊരു ഭരണകർത്താവും ചെയ്യണ്ടതാണ്. അതുകൊണ്ടാണ് അവർക്ക് ഉപയോഗിക്കുവാൻ സർക്കാർ ബംഗ്ലാവും ഹെലികോപ്റ്ററും ഒക്കെ കൊടുക്കുന്നത് . അല്ലാതെ പതിനെട്ടാം പാർട്ടി സമ്മളനവും പത്തൊൻപതാം പാർട്ടി സമ്മേളനവും നടത്താനല്ല .

ഇതിപ്പോൾ തിരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോഴുണ്ടാകുന്ന കോലാഹലങ്ങൾ മാത്രം എന്ന് ആരെങ്കിലും പറഞ്ഞാൽ തള്ളിക്കളയുവാനാകില്ല.

ടീച്ചറെ എല്ലാവർക്കും ഇഷ്ടമൊക്കെ തന്നെ. പക്ഷെ എല്ലാം സ്വൽപ്പം കൂടിപ്പോയോ എന്നൊരു സംശയം . നാല് വിമാനത്താവളം ശ്രദ്ധിച്ചിരുന്നെങ്കിൽ നിയന്ത്രിക്കാവുന്ന സാധനത്തിന്റെ ഒച്ചവെച്ച് റൂട്ട് മാപ്പുണ്ടാക്കിയുള്ള കളികളിൽ ദുരൂഹതകൾ ഇല്ലാതെയില്ല .

പിന്നെ പ്രതിപക്ഷം . അവസരം നോക്കി അടിക്കേണ്ടത് അവരുടെ കടമയാണ് . അല്ലാതെ വള വള പറഞ്ഞുനിന്നാൽ കൈയൂക്കുള്ളവർ കാര്യം കാണും .

publive-image

അമിത്ഷാ എന്ന മനുഷ്യൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ആവോ ? കഴിഞ്ഞ ഭരണത്തിൽ മന്ത്രിയാകാതെ ഈ ഭരണത്തിൽ ആഭ്യന്തര മന്ത്രി ആയപ്പോൾ ചിലത് മാത്രേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ . ഒരു സിആർസി , ഒരു സി എ എ , ഒരു കശ്മീർ , ഒരു മുത്തലാഖ് , ഒരു സിവിൽ കോഡ് അങ്ങനെ അങ്ങനെ .

പക്ഷെ ഇങ്ങനെ ഒരു പഹയൻ ലോകം കീഴടക്കുവാൻ വരുമെന്ന് ഒരു സ്വാമിയും ഗുരുവും ഉപദേശിച്ചില്ല . കൊറോണയെന്ന ബല്ലാത്ത പഹയൻ പറന്നിറങ്ങിയപ്പോൾ അപ്രതീക്ഷിതമായി ചെകിടത്ത് അടികിട്ടിയ അവസ്ഥയിലായി മൂപ്പരും മൂപ്പരുടെ ഡോവലും . നിർമല സീതാരാമനാണ് ഇതിൽ ഏറ്റവും ഭാഗ്യം ചെയ്ത വ്യക്തി .

അവരിപ്പോൾ വേളാങ്കണ്ണി മാതാവിന് മെഴുകുതിരി കത്തിക്കുന്ന തിരക്കിലാണത്രെ !!

അഡാനിയും അംബാനിയും പ്രതിരോധ കമ്പനികൾക്ക് പകരം മരുന്നുകമ്പനികൾ ഉണ്ടാക്കുന്ന തിരക്കിലാണെന്ന് കേട്ടു . അതിലും ഷാന്റെ മകന്റെ ഷെയർ എത്രയാണാവോ ?

എന്തൊക്കെ തന്നെയായാലും പ്രവാസി പ്രവാസി തന്നെ , നമ്മുക്ക് ഒരു അനൗദ്യോഗിക അംബാസിഡർ എന്ന മഹാവ്യക്തി ഉണ്ടായിരുന്നല്ലോ , മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ കാശ്മീരിൽ നിന്നും ആപ്പിളുകൾ കയറ്റുമതി ചെയ്ത മഹാമനസ്കൻ .

അദ്ദേഹത്തിന് ഈ മന്ത്രിമാരുടെ ഒക്കെ ഫോൺ കോളുകൾ കിട്ടിയപ്പോൾ ആ ആലസ്യത്തിലാണെന്ന് തോന്നുന്നു . എന്തുകൊണ്ട് അദ്ദേഹം പ്രതികരിക്കുന്നില്ല ?

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും അദ്ദേഹത്തെ വിഴുങ്ങിക്കളയുമോ ? അല്ലെങ്കിൽ അടുത്ത ഗൾഫ് പര്യടനങ്ങളിൽ ഫോട്ടോ എടുക്കുവാൻ സമ്മതിക്കാതിരിക്കുമോ ? ഇനിയിപ്പോൾ പ്രവാസിക്കായി ആരുമില്ല എന്ന് വേണം കരുതുവാൻ.

മുഖ്യമന്ത്രിയുടെ കരുതലിലോ പ്രധാനമന്ത്രിയുടെ കരുതലിലോ പ്രവാസി ക്ളീൻ ഔട്ട് . ഒരു നാൾ വരും തീർച്ച !!!

ഈ പ്രവാസിയെന്ന ഗതികെട്ട പേരിനെ മാറ്റി കുറച്ചുകൂടി ഗ്ളാമറുള്ള പേരുകൾ നിർദ്ദേശിക്കണമെന്ന് ട്രോളർമാരോടും സൈബർ സിണ്ടിക്കേറ്റിനോടും അഭ്യർത്ഥിച്ചുകൊണ്ട് ,

ഒറ്റമുറിയിൽ എട്ടോളം പേരുടെ കൂടെ ജീവിതം തള്ളി നീക്കിക്കൊണ്ട് വെയിറ്റർ ദാസനും

പോസിറ്റിവാണോ നെഗറ്റീവാണോ എന്നറിയാതെ വിഷമങ്ങൾ ഉള്ളിലൊതുക്കിക്കൊണ്ട് ലേബർ വിജയനും

Advertisment