Advertisment

ഡാറ്റ ചുമ്മാ കളിയല്ല, ലോകത്തെ ഒന്നാം നമ്പര്‍ കച്ചവടം ! അത് ചെന്നിത്തലയ്ക്ക് ചോര്‍ത്തിയവനാണ് പുലി ! രമേശ്‌ജി ആദ്യം പകച്ചു, പിന്നെ പുകച്ചു, ഷാജി പൊളിച്ചു ! എത്ര കിട്ടിയെന്ന് ചോദിച്ചപ്പോള്‍ ഒന്നും കൊടുത്തിട്ടില്ലെന്ന മറുപടിയുടെ 'ഗുട്ടന്‍സ്' ? ജനം കഴുതകളല്ല, അവർ കഴുതകളായി അഭിനയിക്കുകയാണ് ഭായി ..!!

author-image
ദാസനും വിജയനും
Updated On
New Update

ഡിജിറ്റല്‍ യുഗത്തിലേയ്ക്കുള്ള അതിവേഗ പ്രയാണത്തില്‍ ലോകത്ത് ഇന്ന് ഏറ്റവും കച്ചവടം പൊടിപൊടിക്കുന്ന ഒന്നാണ് ഡാറ്റ കച്ചവടം. പലര്‍ക്കും അറിയാന്‍ കഴിയാതിരുന്ന ഒരു മേഖല. അതിന്‍റെ പ്രാധാന്യം എന്തെന്നോ നേട്ടം എന്തെന്നോ പലര്‍ക്കും അറിയില്ല.

Advertisment

publive-image

അത് ജനത്തിനു മനസിലാക്കി കൊടുത്തത് കേരളത്തിലെ പിണറായി സര്‍ക്കാരാണ്. ഇതേക്കുറിച്ചുള്ള ജനങ്ങളുടെ ഈ അറിവില്ലായ്മ തന്നെയാണ് ഇവിടെയും തന്ത്രപരമായി ഉപയോഗിച്ചത്. പക്ഷേ ഇതിലെ കൊള്ള അറിയാവുന്ന ഏതോ മിടുക്കന്‍ ഇത് ചോര്‍ത്തി പ്രതിപക്ഷ നേതാവിന്‍റെ പക്കല്‍ എത്തിച്ചു. അതദ്ദേഹം തന്ത്രപരമായി ഉപയോഗിച്ചു.

ആദ്യം പകച്ചു, പിന്നെ പുകച്ചു !

സ്പ്രിങ്ങ്ലര്‍ ഇടപാട് ചെന്നിത്തലയുടെ പക്കല്‍ എത്തി എന്ന് മനസിലായപ്പോഴാണ് രമേശ്‌ ചെന്നിത്തലയുടെ  ഒരു ടെലഫോണ്‍ സംഭാഷണം നൂറിലേറെ തവണ എഡിറ്റിംഗ് നടത്തി വികൃതമാക്കി ട്രോളാക്കി പുറത്തുവിട്ട്‌ സൈബര്‍ സിണ്ടിക്കേറ്റ് ആഘോഷിച്ചത്.

അതില്‍ ഒരു ദിവസമെങ്കിലും ചെന്നിത്തലയും പകച്ചുപോയിട്ടുണ്ട്. പക്ഷേ അടുത്ത ദിവസം മുതല്‍ ആ ട്രോള്‍ ആഘോഷത്തിന്‍റെ പകകൂടി മനസ്സില്‍ വച്ച് ചെന്നിത്തല ആഞ്ഞടിച്ചപ്പോള്‍ കെ എം ഷാജിയിലേയ്ക്ക് വിഷയം വഴിതിരിച്ചു വിടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു , അത് അതിനേക്കാള്‍ പുലിവാല് ആകുന്നു.

publive-image

<റാഗി തോമസ്, സി ഇ ഓ, സ്പ്രിംഗ്ലർ >

ജനത്തിന്‍റെ ഗുണപാഠം

ഇതില്‍ നിന്നും ജനത്തിനു ലഭിച്ച ഒരു പൊതുവായ ഒരറിവ്‌ എന്നത് ഇക്കണ്ട വിവാദങ്ങള്‍ ഒന്നുമല്ല. ഇന്ന് ലോകവിപണിയിൽ ഏറ്റവും മാർക്കറ്റുള്ളതും ഏറ്റവും തകൃതിയായി കച്ചവടം പൊടിപൊടിക്കുന്ന ഒന്നുമാണ് ഈ ഡാറ്റ കച്ചവടം എന്ന പുതിയൊരു ഇന്‍ഫര്‍മേഷനാണ് .

കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരുടെ സര്‍ക്കാര്‍ തന്നെ കോടികളുടെ ആരോപണം ഉന്നയിക്കപെട്ട ആ ഇടപാട് നടത്തിയിരിക്കുന്നു എന്നും മനസിലായി. ഈ സമയത്ത് ആരും കൊറോണയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കരുത് എന്ന് കര്‍ശനമായി ചിലര്‍ ആവശ്യപ്പെട്ടത് എന്തിനാണെന്ന് ഇപ്പോഴാണ് മനസിലാകുന്നത്.

അതുവരെ , ആർക്കും ഒന്നും മനസിലാകാത്ത ഒരു കച്ചവടമായിരുന്നു ഇതെങ്കിലും ഇപ്പോഴത്തെ ഈ സാമ്പത്തിക മാന്ദ്യങ്ങളിലും വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ഈ ഡാറ്റ കച്ചവടം പയറ്റി വിജയിച്ചിരിക്കുന്ന ഈ വേളകളിൽ നമ്മുക്ക് ഒന്നും കണ്ണടച്ചു ഇരുട്ടാക്കാനാകില്ല .

ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ഫാഷൻ ബ്രാൻഡുകൾക്കും എയർലൈൻ കമ്പനികൾക്കും എന്തിനധികം പറയുന്നു ജെട്ടി കമ്പനികൾ വരെ ഡാറ്റകൾക്കായി ഓടി നടക്കുകയാണ് .

റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ഒക്കെ പുറത്തുപോകുക എന്നാല്‍ ഒരാളുടെ അതില്‍പ്പരം ഒരു ഡാറ്റ വേറെയില്ല. ഈ ആരോപണങ്ങള്‍ ശരിയെങ്കില്‍ ജനത്തെ സംബന്ധിച്ച് ഭരണഘടനാപരമായി രാഷ്ട്രം അവനു നല്‍കിയിരിക്കുന്ന പൗരാവകാശം, വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യത എന്നീ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു.

publive-image

ചോര്‍ച്ചയുടെ വഴികള്‍ 

ഏകദേശം പത്തുപതിനഞ്ച് കൊല്ലമായി ഈ കച്ചവടം കച്ചവടമായി നടക്കുവാൻ തുടങ്ങിയിട്ട് . ഉദാഹരണമായി പറഞ്ഞാൽ ദുബായിലെ രാജാക്കന്മാരും അവരുടെ മക്കളും സ്നേഹിതന്മാരും അതുപോലെയുള്ള എല്ലാ വൻ തോക്കുകളും സ്ഥിരമായി സന്ദർശിക്കുന്ന ഒരു കുഴിമന്തി റെസ്‌റ്റോറന്റ് .

അവിടെ ക്രെഡിറ്റ് കാർഡുകള്‍ സ്വീകരിക്കുന്നില്ല എന്ന ബേർഡ് കണ്ടപ്പോൾ മലയാളിയായ മാനേജരോട് കാര്യം അന്വേഷിച്ചു , മറുപടി ഇതായിരുന്നു - ' ഇവിടെ വരുന്നവർ എല്ലാം പുലികളാണ് , ഇവിടെ വരുന്ന ആളുകളുടെ വിവരങ്ങൾ ബാങ്കുകൾ മുഖേന ചോരുവാനുള്ള സാധ്യത കണക്കിലെടുത്തുകൊണ്ട് മുതലാളിയുടെ തീരുമാനമാണ് '.

പക്ഷെ സ്പ്രിഗ്ലർ കേസിൽ ബന്ധപ്പെട്ടവർ പറയുന്നത് , കേരളത്തിന്റെ ജനങ്ങളുടെ വിവരങ്ങൾ കാർഡുകൾ , മൊബൈൽ ഫോൺ , സോഷ്യൽ മീഡിയ എല്ലാം മുഖേന കിട്ടുവാൻ വളരെ എളുപ്പമായ അവസ്ഥയുള്ളപ്പോൾ പിന്നെ എന്തിനിങ്ങനെ റിസ്ക് എടുത്തിട്ടുള്ള ഡാറ്റ തട്ടിപ്പ് എന്നാണ് . അതും ശരിയാണ് .

പക്ഷെ അവരൊക്കെ ബേസിക് ലെവലിൽ ഉള്ള ഡാറ്റകൾ എടുക്കുമ്പോൾ സ്പ്രിംഗ്ലറുകാർ 25 ഓളം കാര്യങ്ങൾ ചോദിച്ചറിയുന്നു എന്നാണ് ആരോപണത്തിൽ പറയുന്നത് . അതുപോലെ കോവിഡ് പോലുള്ള ഒരു മഹാമാരി പടർന്നു പിടിക്കുമ്പോൾ ടെൻഡറുകൾ ക്ഷണിക്കുവാനോ ഒന്നും സാധ്യമല്ല എന്ന് പറയുന്നതിലും ന്യായമില്ലാതെയില്ല .

publive-image

പണം കൊടുത്തോ എന്നതല്ല കിട്ടിയതെത്ര എന്നാണ് ചോദ്യം

കേരളം കണ്ട ഏറ്റവും സമര്‍ഥമായ അഴിമതി ആരോപണമാണ് സ്പ്രിംഗ്ലർ . ഒരു വിദേശ മലയാളിയുടെ കമ്പനി കോവിഡിനെ പ്രതിരോധിക്കുവാനെന്ന പേരിൽ നമ്മുടെ നാടിന്റെ മൊത്തം ഡാറ്റകൾ പൊക്കിയെടുത്ത് വിറ്റു കാശാക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത് ! ആരോപണങ്ങള്‍ പ്രകാരം 200 നും 700 നും ഉള്ളിൽ കോടികളാണ് അവർക്ക് കിട്ടിയിരിക്കാന്‍ സാധ്യത !

പക്ഷെ ഒരു കാര്യം ഉറപ്പിക്കാം , കേരള സർക്കാരിന് ഒരു മുതൽ മുടക്കും ഇല്ലാതെയാണ് ഇവർ ഇപ്പറയുന്ന സർവീസുകൾ കേരളത്തിന് നല്കിയിരിക്കുന്നതത്രെ ! അങ്ങോട്ട്‌ കോടികള്‍ മൂല്യമുള്ള കാര്യങ്ങള്‍ കൈമാറുമ്പോള്‍ ഇങ്ങോട്ട് പണം കിട്ടേണ്ടതിനു പകരം അങ്ങോട്ട്‌ കാശൊന്നും കൊടുത്തില്ല എന്നാണ് സര്‍ക്കാരിന്‍റെ ഉത്തരം.

publive-image

ഈ സമയത്തെ ഹെലികോപ്റ്റർ ഇടപാട് യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ ?

എല്ലാ ശ്രദ്ധയും കൊറോണയില്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത് ജനവും മനസാ സ്വീകരിച്ചിരുന്നു. അതിനാലാണ് അവര്‍ രാഷ്ട്രീയം കേള്‍ക്കാന്‍പോലും തയ്യാറാകാതിരുന്നത്. പക്ഷേ അതിനിടയില്‍ ചിലര്‍ ഹെലികോപ്റ്റർ ഇടപാടിലും ഡാറ്റാ ഇടപാടിലും ശ്രദ്ധ പതിപ്പിച്ചപ്പോള്‍ കൊറോണയില്‍ നിന്നും ജനത്തിനും ശ്രദ്ധ മാറി .

ഇതിപ്പോൾ വേറെ ആരെങ്കിലുമാണ് ചെയ്തതെങ്കിൽ സൈബർ സിൻഡിക്കേറ്റും ഡിഫിക്കാരും എസ്എഫ്ഐക്കാരും ഹെലിപ്പാഡുകൾ ട്രാക്റ്റർ ( പണ്ട് അവർ സമരം ചെയ്തില്ലാതാക്കിയ വണ്ടി ) ഉപയോഗിച്ചുകൊണ്ട് ഉഴുതുമറിച്ചേനെ . ആ പാവം ലീഡർ എൺപതുകളിൽ ആവശ്യപ്പെട്ടതായിരുന്നു ഒരു ഹെലികോപ്റ്റർ . അതിനെതിരെ അന്നുണ്ടാക്കിയ പേക്കൂത്തുകൾ ഓർക്കാൻ മേലാ .

സ്വമ്മിങ് പൂളിൽ പട്ടിയെ കുളിപ്പിക്കുമെന്നാരോ പറഞ്ഞതുപോലെയായി . പിന്നെ സുനാമി ഫണ്ട് സുനാമി ഫണ്ട് എന്നും അത് വകമാറ്റി ചിലവഴിച്ചു എന്നും ഘോരഘോരം പ്രസംഗിച്ചവരും സമരങ്ങൾ നടത്തിയവരും ഇന്നിപ്പോൾ ഓരോരോ കൊല്ലവും പ്രളയത്തിനായ് വേഴാമ്പലുകളാവുകയാണ് .

publive-image

നമ്മളുണ്ടാക്കും കടമെല്ലാം സര്‍ക്കാര്‍ വീട്ടും പൈങ്കിളിയെ 

എംഎൽമാർ  ഉണ്ടാക്കിവെക്കുന്ന സ്വന്തം കടങ്ങൾ വീട്ടുന്നത് 35 ലക്ഷം രൂപയുടെ പ്രളയ ഫണ്ടുകൊണ്ടാണ് എന്നറിയുമ്പോൾ പണം കൊടുത്തവന് വിഷമം ഉണ്ടാകും.

ഒരു സര്‍ക്കാര്‍ പദവിയും വഹിച്ചിട്ടില്ലാത്ത ഇടതുപക്ഷ നേതാവ് മരിച്ചപ്പോള്‍ കുടുംബത്തിനു 25 ലക്ഷം കൊടുത്തതും ഇതേ ദുരിതാശ്വാസ നിധിയില്‍ നിന്നാണെന്ന് അറിയുമ്പോള്‍ കാശ് കൊടുത്തവന്‍ കണക്ക് ചോദിക്കുന്നത് സ്വാഭാവികം.  ജനം കഴുതകല്ല . അവർ കഴുതകളായി അഭിനയിക്കുന്നതാണ് . ഇവരെയൊക്കെ സുഖിപ്പിക്കാൻ !!!

വൈറസുകളേക്കാള്‍ വിഷമുള്ള ചില മനുഷ്യ വൈറസുകള്‍ സമൂഹത്തിലിറങ്ങിയിട്ടുണ്ടെന്നായിരുന്നു ഭരണകക്ഷിയുടെ ഒരു  എംഎല്‍എയുടെ പ്രതികരണം. സത്യത്തില്‍ അവര്‍ ആരെയാണോ ഉദ്ദേശിച്ചത്. ഇതെല്ലാം അവര്‍ മുന്‍കൂട്ടി കണ്ടിരുന്നോ ആവോ .. ?

സുനാമിഫണ്ടുകൾ വകമാറ്റിയതുപോലെ പ്രളയഫണ്ടുകളും വകമാറ്റരുതെന്ന് പ്രാര്‍ഥിച്ചുകൊണ്ട്  ,

ഉണ്ടായിരുന്ന ടാക്സി വിറ്റ് കിട്ടിയ കാശുകൊണ്ട് ഹെലികോപ്ടർ ഓടിക്കുവാൻ പഠിക്കുന്ന ദാസനും

ഉണ്ടായിരുന്ന ജോലി രാജിവെച്ച് ഉപദേശകനാകുവാൻ ട്രെയിനിങ്ങിന് പോകുന്ന വിജയനും

Advertisment