മരിക്കുന്നവന്റെ അമ്മയും ഭാര്യയും മക്കളും കുടുംബവും അനാഥം ! കൊല്ലിക്കുന്നവന്റെ മക്കള്‍ ദുബായിലും സിങ്കപ്പൂരിലും യൂണിവേഴ്സിറ്റി കോളെജിലുമായി സുരക്ഷിതര്‍. കൊലപാതകങ്ങളിലെ രാഷ്ട്രീയം മനസാക്ഷിയുള്ളവരെ ഞെട്ടിക്കുന്നത്

ദാസനും വിജയനും
Friday, August 2, 2019

”ഇല്ലാ ഇല്ലാ മരിക്കുന്നില്ല.. രക്തസാക്ഷികൾ മരിക്കുന്നില്ല..”, ”വർഗീയത തുലയട്ടെ…” ഓരോരോ കൊലപാതകങ്ങളും കഴിയുമ്പോൾ നമ്മൾ കേൾക്കുന്ന മുദ്രാവാക്യങ്ങൾ. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ ക്കാർ എസ്എഫ്ഐക്കാരെ കുത്തിയപ്പോൾ മുതൽ എഴുതുവാൻ ആലോചിച്ചതാണ്. പക്ഷെ നമ്മൾ എഴുതിയിട്ട് ഇവന്മാരൊന്നും നന്നാവാൻ പോകുന്നില്ല അല്ലെങ്കിൽ അവരവരുടെ ശൈലികൾ മാറ്റുവാൻ പോകുന്നില്ല എന്ന തിരിച്ചറിവിനാൽ ഉള്ള സമയം വേറെ പണി നോക്കിയെന്നു മാത്രം.

അപ്പോഴാണ് ചാവക്കാട്ടെ പുന്നയിൽ നടന്ന കൊലപാതകം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത് . കേരളത്തിലെ ഓരോരോ പ്രദേശങ്ങളിലെയും കൊലപാതകങ്ങൾക്ക് ഓരോരോ സ്വഭാവമാണ് കൊണ്ടുവന്നിരുന്നത് . കണ്ണൂരിലെ കൊലയല്ല കാസര്‍കോട്ടേത്.  അതല്ല ചാവക്കാട്ടേത് . ഏറെ വ്യത്യസ്തമാണ് തിരുവനന്തപുരത്തേത് . ഓരോരോ കൊലയിലും വളരെ വ്യത്യസ്തമായ അജണ്ടകളും ഉന്മൂലനവും എല്ലാം മുന്നിൽ കണ്ടാണ് കാര്യങ്ങൾ നീക്കുന്നത്.

കഴിഞ്ഞ നാൽപ്പതിലേറെ വര്ഷങ്ങളായി കേരളത്തിലെ കോളേജുകളുമായി ബന്ധപ്പെട്ട് ഒരു സംസ്കാരം നടന്നുവരുന്നു. കോളേജ് പ്രവേശനങ്ങളുടെ നേരമാകുമ്പോൾ , പ്രത്യേകിച്ച് ജൂൺ ജൂലൈ മാസങ്ങളിൽ , സ്വകാര്യ പോളിടെക്നിക്ക് സമരം പോലെയോ , കംപ്യുട്ടർ വത്കരണ സമരം പോലെയോ , പ്ലസ് ടു നവോദയ ഡിപിഇപി സമരങ്ങൾ പോലെയോ , സ്വാശ്രയ കോളേജ് പ്രവേശന സമരം പോലെയോ ഒക്കെ ഒരു ‘വഴിപാട്’ നടന്നുവന്നിരുന്നു.

പിന്നീട് സമരങ്ങളിൽ നിന്നും വഴിമാറി വിദ്യാർത്ഥികളുടെ ആത്മഹത്യകൾ , രജനി എസ് ആനന്ദ് , വിഷ്ണുപ്രണോയ് പോലുള്ള ആത്മഹത്യാ കൊലപാതകങ്ങള്‍, അല്ലെങ്കിൽ ക്യാമ്പസ് കൊലപാതകങ്ങൾ – ഇക്കാര്യങ്ങളെ കുറിച്ചൊക്കെ വളരെ കൂലം കുഷമായി അന്വേഷിച്ചപ്പോൾ എത്തിച്ചേർന്നത് ചില സത്യാന്വേഷണങ്ങളിലാണ്.

അന്യര്‍ പണം നല്‍കും. കേരളം കുളംകലക്കും

എല്ലാവർഷവും കേരളത്തിലെ ചില രാഷ്ട്രീയ പാർട്ടിയുടെ ഫണ്ടിലേക്ക് ഒരു നിശ്ചിത തുക തമിഴ്‍നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും ഒഴുകിയെത്തുന്നു. അവർക്ക് എന്നും കേരളത്തിൽ പ്രശ്നങ്ങൾ അത്യാവശ്യം. എങ്കിലേ അവിടത്തെ സ്വകാര്യ മെഡിക്കൽ എഞ്ചിനീയറിങ് കോളേജുകളിലേക്ക് നമ്മുടെ വിദ്യാർത്ഥികൾ പ്രവേശനം തേടി പോവുകയുള്ളൂ.

കേരളത്തിലെ പ്രശ്നങ്ങൾ കാണുമ്പോൾ മാതാപിതാക്കൾ മക്കളെ ബാംഗ്ളൂരിലേക്കും കോയമ്പത്തൂരിലേക്കും സേലത്തേക്കും തിരുന്നേൽവേലിയിലേക്കും ചെന്നെയിലേക്കും മംഗ്ളൂരിലേക്കും അഡ്മിഷനായി പറഞ്ഞയക്കണം. ഇതാണ് അവരുടെ ആവശ്യം.

പണ്ട് ബിഎംഡബ്യു കാർ കമ്പനി കേരളത്തിൽ പ്ലാന്റ് സ്ഥാപിക്കുവാൻ വന്ന ദിവസം ഐഎംഎഫ് ഉദ്യോഗസ്ഥരെ കരി ഓയിൽ ഒഴിച്ചുകൊണ്ട് കേരളം മുഴുവനും ഹർത്താൽ നടത്തിയതുപോലെ മറ്റൊരു രാഷ്ട്രീയക്കളി. ബിഎംഡബ്യു ആ പ്ലാന്റ് തമിഴ്‌നാട്ടിൽ സ്ഥാപിച്ചപ്പോൾ ജയലളിതയും ശശികലയും ഉള്ളിൽ ചിരിക്കുകയായിരുന്നു. അന്നും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് കമ്പനി മുതലാളിയായിരുന്നു ഈ കളികൾക്ക് ഇടനിലക്കാരനായത്.

എം എല്‍ എയുടെ മകളെ പ്രണയിച്ചാല്‍ പയ്യനെ ഞങ്ങളങ്ങെടുക്കും

കണ്ണൂരിലെ ഒരു മുൻ എംഎൽഎ യുടെ മകളെ പ്രണയിച്ചതിന് ഒരു പയ്യനെ ബൈക്ക് ആക്സിഡന്റിലൂടെ കൊലപ്പെടുത്തി ? ഈ വിവരം അറിയാവുന്ന രണ്ട് സുഹൃത്തുക്കളെ കൂടി അപകടമരണം വിഴുങ്ങിയപ്പോൾ ഒരു കാര്യം നാം മനസ്സിലാക്കണം. കേരളത്തിൽ നടക്കുന്ന ഒട്ടുമിക്ക അപകടമരണങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യുന്നതാണെന്ന്.

ഉന്നോവ പെൺകുട്ടിയെ കൊല്ലുവാൻ എംഎൽഎ തീരുമാനിച്ചതിന്റെ ബുദ്ധിയും ചിലപ്പോൾ കേരളത്തിൽ നിന്നും കടം വാങ്ങിയതായിരിക്കാം. തലശ്ശേരിയിലെ പത്രക്കാരനായിരുന്ന ഫസലിന്റെ കൊലക്ക് ശേഷം വസ്ത്രങ്ങൾ വേറെ ഒരു മതത്തിന്റെ ഓഫീസിൽ കൊണ്ട് ചെന്നിടുമ്പോൾ കൊലപാതകികൾ ചിന്തിച്ചു കാണില്ല ബുദ്ധി എല്ലാവർക്കും ഉണ്ടെന്ന് . ആ കൊലയുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് ഏഴു പേരെങ്കിലും റെയിൽവേ ട്രാക്കിലും മറ്റുമായി മരിച്ചുവീണത് തെളിവുകൾ നശിപ്പിക്കുവാൻ മാത്രമാണ് . ഒരു പോലീസുകാരനെ ഇവരൊക്കെ കൂടി ജീവച്ഛവമാക്കിയപ്പോൾ മധ്യപ്രദേശിലെ വ്യാപം കേസിനെ വരെ ലജ്ജിപ്പിക്കുന്നതായി മാറി.

മാഷാ അള്ളാ. എന്ത് പിഴച്ചു ?

കേരളത്തിൽ ഏറ്റവും വിവാദമായ ടിപി കേസിലാണ് ഒരു വലിയ ഗൂഢാലോചന തകർന്നു തരിപ്പണമായത് . മാഷാ അള്ളാ സ്റ്റിക്കർ പതിച്ച ഇന്നോവ കാർ കുറെയധികം കൊലപാതകങ്ങളെയാണ് കേരളത്തിൽ നിന്നും ഒഴിവാക്കി തന്നത് . അന്നത് പിടിക്കപ്പെട്ടില്ലായിരുന്നങ്കിൽ നിരവധി മാഷാ അള്ളാ സ്റ്റിക്കറുകൾ വിപണിയിൽ വിറ്റഴിക്കുമായിരുന്നു. ഓരോരോ പ്രദേശങ്ങളിലും പാർട്ടിക്ക് വെല്ലുവിളിയായി മാറുന്നവരും അടുത്ത തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിയായി കുത്തക സീറ്റുകൾ പിടിച്ചടക്കും എന്നൊക്കെ കരുതുന്നവരുമാണ് കൊല്ലപ്പെട്ടത്.

ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലെ കൊലപാതകങ്ങളിൽ മനസ്സിലാക്കാവുന്ന വസ്തുത പാർട്ടി പ്രവർത്തകരല്ല കൊലകൾ നടത്തുന്നതെന്നതാണ്. പണ്ടൊക്കെ ഓരോരോ പ്രദേശങ്ങളിലെ വൈരാഗ്യങ്ങൾ കൊലകളായി രൂപാന്തരപ്പെടുകയിരുന്നു. പിന്നെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുവാൻ പുറത്താക്കപ്പെട്ട ഉന്നത നേതാവ് രൂപംകൊടുത്ത ബുദ്ധിയായിരുന്നു കണ്ണൂരുകാർ തൃശൂർക്കാരെ കൊല്ലുക , തൃശൂരുകാർ കൊല്ലത്തുപോയി കൊല്ലുക എന്നത്. അന്ന് ഫോൺ ഇല്ലാത്തത് കാരണം കെഎസ്ആർടിസി ഡ്രൈവർമാരെയിരുന്നു ദൂതന്മാരായി നിയോഗിച്ചിരുന്നത് . അങ്ങനെ കൊലപാതക സംസ്കാരം കേരളത്തിന് സമ്മാനിച്ച സഖാവിന്റെ മരണവും പാർക്കിൻസൺസ് രോഗം മൂലം ഏറെ കഷ്ടതയോടെയായിരുന്നു എന്ന് ഇന്നത്തെ ആസൂത്രകർ ഓർക്കുന്നത് നന്നായിരിക്കും.

അട്ടിമറിയ്ക്കാന്‍ ഉണ്ടാകരുതാരും 

ഒരു പ്രദേശത്ത് ഒരു ചെറുപ്പക്കാരൻ ജീവിതം മാറ്റിവെച്ചുകൊണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങി അത്യവശ്യം ജനകീയനായാൽ അവനെ ഇല്ലാതാക്കണം എന്നത് എതിരാളികളുടെ തത്വശാസ്ത്രമാണ്. അവരെ വളരുവാൻ അനുവദിച്ചാൽ പിന്നെ ചില കുത്തക സീറ്റുകൾ എന്നെന്നേക്കുമായി ഇല്ലാതാവുമെന്ന തിരിച്ചറിവ് കഴിഞ്ഞ പത്തുകൊല്ലമായി എല്ലാ നേതാക്കന്മാരുടെയും ഉറക്കം കെടുത്തുന്നു.

അതിന്റെ വ്യക്തമായ തെളിവാണ് മട്ടന്നൂരിലെ ഷുവൈബ്‌. കേരളത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് മാത്രം തോന്നിയ ഒരു ത്യാഗം , സ്വന്തം കിഡ്‌നി മറ്റൊരാൾക്ക് വെറുതെ കൊടുക്കുവാൻ തോന്നിയ ആ മനസ്സ് ഷുവൈബ്‌ എന്ന ചെറുപ്പകാരനിൽ കണ്ടപ്പോൾ മുതൽ എതിരാളികൾക്ക് ഇരിക്കപ്പൊറുതി ഇല്ലാതെയായി. 40000 വോട്ടിന് പാർട്ടി ജയിച്ച സീറ്റ് അവനെങ്ങാനും തട്ടിയെടുത്താലോ എന്ന പേടിയാൽ അവനെ കൊത്തിനുറുക്കി. പ്രശ്നം രൂക്ഷമാകുന്നു എന്ന് കണ്ടപ്പോൾ ആ സംഭവത്തെ മറക്കുവാനും മറയ്ക്കുവാനും രണ്ടു കൊലപാതകങ്ങള്‍ കൂടി നടന്നു. അതിലൊന്ന് അട്ടപ്പാടിയിലെ ആദിവാസി ബാലനും പിന്നെ മഹാരാജാസിലെ അഭിമന്യുവും.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ നടക്കുന്നതുകൊണ്ട് അഭിമന്യു എന്ന പേരുള്ള ആളെ നോക്കി വിളിച്ചുവരുത്തി വകവരുത്തുമ്പോൾ നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന പോലെയായി കാര്യങ്ങൾ. വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യം കേരളത്തിൽ കത്തിക്കുമ്പോഴും അവിടെ കൊല്ലുവാൻ തിരഞ്ഞെടുത്ത ആളും ആളുടെ പേരും വർഗീയ മുഖത്തോടെയായിരുന്നു. ഒരു സ്ഥലത്ത് ന്യുനപക്ഷത്തെ കൊന്നപ്പോൾ ഉണ്ടായ കോലാഹലങ്ങളെ മറുവശത്ത് ഒരു ഭൂരിപക്ഷത്തെ കൊന്നുകൊണ്ട് കെട്ടടക്കി എന്നുവേണം മനസ്സിലാക്കാന്‍.

മിടുക്കരായ മക്കളെ പറഞ്ഞയയ്ക്കാന്‍ മടിക്കണം മാതാപിതാക്കള്‍ 

കാസർഗോട്ടെ പെരിയയിലെ ചെറുപ്പക്കാരെ കൊന്നതും അസൂയ തന്നെ. അവരിൽ ഉണ്ടായ ജനകീയത , അമ്പലക്കമ്മറ്റി , ചെണ്ടമേളം , സാംസ്കാരിക ക്ലബ്ബ് എന്നിവയിലൂടെയുള്ള അവരുടെ വളർച്ചയെ തടയിടുവാനും വേറെ സ്മാർട്ട് ആയ മക്കളെ അമ്മമാർ രാഷ്ട്രീയത്തിലേക്ക് പറഞ്ഞയക്കാതിരിക്കുവാനും ഉണ്ടാക്കിയ മനപ്പൂർവ്വമായ കൊലകൾ.

അതുതന്നെയാണ് പുന്നയിലെ നൗഷാദിന്റെ കൊലപാതകത്തിലും അതേ സംഘങ്ങൾ നടപ്പിലാക്കിയത്. സാധാരണ തൃശൂർ ജില്ലയിലെ ഒട്ടുമിക്ക രാഷ്ട്രീയ കൊലകളിലും ഒരു സദാചാര പോലീസ് ഒളിച്ചുകിടക്കാറുണ്ട്.  നൗഷാദിന്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. നൗഷാദിനെ കാണുമ്പോൾ ആരെയും കൂസാത്ത രൂപം ആണെങ്കിലും പുന്നയിലെ അയ്യപ്പൻ അമ്പലത്തിലെ കമ്മറ്റിയിൽ മെമ്പറാണ്. കൂടാതെ ചാവക്കാട്ടെ ഏറ്റവും വലിയ കലാസാംസ്കാരിക സംഘടനയുടെ തലവനുമാണ്. കൈവിട്ടുപോയ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും തിരിച്ചു ഒരു കുടക്കീഴിൽ കൊണ്ടുവന്നത് നൗഷാദ് ആണ്. ഈ കൊലയിലും ഒരു രാഷ്ട്രീയ ക്വട്ടേഷൻ മണക്കുന്നു.

തോന്ന്യാസങ്ങളുടെ സര്‍വ്വകലാശാല

കേരളത്തിന്റെ വിദ്യാഭ്യസ മേഖലയെയും വളർച്ചയെയും ഏറെനാളുകളായി ഇല്ലായ്മ ചെയ്യുന്നതിൽ നല്ല പങ്കു വഹിച്ച ഒരു സ്ഥാപനമാണ് തലസ്ഥാനഗരിയിലെ യൂണിവേഴ്സിറ്റി കോളേജ്. 1980 കാലഘട്ടങ്ങളിൽ മുതൽ സകലമാന തോന്ന്യാസ സമരങ്ങൾക്കും വേദിയയായതും ചുക്കാൻ പിടിച്ചതും തലസ്ഥാനം കത്തിച്ചതും ഈ കോളേജിൽ നിന്നുമാണ്. ഈ കോളേജ് അവിടെ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ വിദ്യാഭ്യാസമേഖല പാശ്ചാത്യ രാജ്യങ്ങളെ കടത്തിവെട്ടിയേനെ.

കേരളം ഭരിക്കുന്നവർ പാർട്ടിയെ വളർത്തുവാനും സ്വയം വളരുവാനും അവരവരുടെ പ്രശ്നങ്ങളും അവരവരുടെ മക്കൾ ഉണ്ടാക്കിവെക്കുന്ന പൊല്ലാപ്പുകളും അണികളുടെ മുന്നിൽ മറച്ചുവെക്കുവാനും അവരെക്കൊണ്ട് അതൊക്കെ മറക്കുവാനും ആണ് യുനിവേസഴ്സിറ്റി കോളേജ് എന്ന മഹത്തായ സ്ഥാപനത്തെ നൂറ്റാണ്ടുകളായി ഉപയോഗിച്ച് പോരുന്നത്.  അത് ആ സ്ഥലത്തുനിന്നും മാറ്റി അവിടെ എന്തെങ്കിലും ഷോപ്പിംഗ് മാളോ വിജ്ഞാന കേന്ദ്രവോ തുടങ്ങുകയാണെങ്കിൽ കേരളത്തിലെ പല ഹർത്താലുകളും ലാത്തിചാർജുകളും ചീറ്റിപ്പോയേനെ. അത്രയധികം ക്രിമിനലുകളെയാണ് പാർട്ടിക്കാർ അതിന്റെയുള്ളിൽ തീറ്റിപ്പോറ്റുന്നത്.

2002 കാലഘട്ടത്തിൽ എകെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോൾ കണ്ണൂരിലെ ആളൊഴിഞ്ഞ വീട്ടിൽ ബോംബ്സ്ഫോടനം നടന്നു . സിബി മാത്യുസ് അന്വേഷിച്ചുചെന്നപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിന്റെ പെങ്ങളുടെ വീടാണത്. വീട്ടുകാർ എല്ലാം മുംബൈയിലാണ്. നേതാവിന്റെ കയ്യിലായിരുന്നു താക്കോൽ. ബോംബ്സ്ഫോടനത്തിന്റെ ഭാഗമായി നേതാവിനെ അറസ്റ്റ് ചെയുവാൻ ഉത്തരവിട്ടപ്പോൾ ആ പാർട്ടി ഗ്രാമത്തിലെ നേതാവിന്റെ എതിർപാർട്ടിയിലെ നേതാവ് വിസയെടുത്ത് നേതാവും അനുയായികളും ദുബായിലെത്തി. ഏകദേശം 16 ദിവസത്തെ ഒളിതാമസം ദുബായിലെ ഒരു അപ്പാർട്ട്മെന്റിൽ.

ഒരാൾ മരിക്കുമ്പോൾ നേരിട്ടും അല്ലാതെയും നിരവധി കുടുംബങ്ങളാണ് വഴിയാധാരമാകുന്നത് ,. അമ്മമാർ ഭാര്യമാർ മക്കൾ എല്ലാം കണ്ണുനീരിൽ മുങ്ങി ജീവിക്കുന്നു. ആസൂത്രകർ മക്കളെ സുരക്ഷിതരായി ദുബായിലും സിങ്കപ്പൂരിലും യൂണിവേഴ്സിറ്റി കോളജിലും ഒക്കെയായി ജീവിപ്പിക്കുന്നു.

ഇനിയും കൊമ്പൻസ്രാവുകളെ തൊടാതിരുന്നാൽ കൊലപാതകങ്ങൾ പല പേരിലും നടന്നുകൊണ്ടേയിരിക്കും എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് തോന്ന്യാസി സര്‍വ്വകലാശാല കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ദാസനും വാടകഗുണ്ട കൊടി വിജയനും.

×