രാഹുൽഗാന്ധിയാണ്‌ ശരി ! പിന്നെ ആരാണ് തെറ്റെന്ന് ചോദിച്ചാല്‍ ഡല്‍ഹിയിലെ അമ്മായി മുതല്‍ ഗെലോട്ട്ജി വരെയുള്ളവരെന്നുത്തരം ! എന്താണ് സംഭവിച്ചതെന്നതിന് ഉത്തരം വ്യക്തം – ബിജെപി 2014 ൽ തന്നെ 2019 ലക്ഷ്യ൦ വച്ചപ്പോള്‍ കോണ്‍ഗ്രസ് പണി തുടങ്ങിയത് 2018 ല്‍ ? ഇനി പോംവഴി ഇങ്ങനെ …

ദാസനും വിജയനും
Tuesday, June 25, 2019

‘രാഹുൽഗാന്ധിയാണ്‌ ശരി’ എന്നതിന്റെ വ്യക്തമായ തെളിവാണ് ആലത്തൂരിന്റെ രമ്യയും തമിഴ്‍നാട്ടിലെ കരൂരിലെ ജ്യോതിമണിയും. പിന്നെ എന്തുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വീണ്ടും തകർന്നടിഞ്ഞു എന്നതാണ് എല്ലാവരും ഇപ്പോഴും തല പുകഞ്ഞുകൊണ്ടിരിക്കുന്നത്.

‘ഇ വി എം’ എന്നൊക്കെ പറഞ്ഞുകൊണ്ട് തടിയൂരാമെങ്കിലും അതിനുമില്ലേ ഒരു അതിര് ! എന്തുകൊണ്ട് കേരളം ? എന്തുകൊണ്ട് തമിഴ്‌നാട് ? എന്തുകൊണ്ട് രാജസ്ഥാൻ ? എന്തുകൊണ്ട് ബംഗാൾ ? എന്നതിലേക്കാണ് നിങ്ങള്‍ കൂലംകുഷമായി ചിന്തിക്കേണ്ടത് . ഡൽഹിയിൽ മൂത്ത്‌ നരച്ചു കഴിഞ്ഞുകൂടുന്ന കുറേയെണ്ണത്തിന്റെ വാക്കുകൾ കേട്ടുകൊണ്ട് തൊലിപ്പുറത്തെ ചികിത്സക്ക് പോയ രാഹുൽഗാന്ധി എല്ലാം മുൻകൂട്ടി കണ്ടിരുന്നു.

പക്ഷെ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെ കുറെ ദുര്‍മുഖന്മാരായ അമ്മാവന്മാർ കോൺഗ്രസ്സ് കുടുംബത്തിലും ഉണ്ടായതാണ് ആ പാർട്ടിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം .

മൂന്നുതവണ ദൽഹി ഭരിച്ചു ജനം മടുത്ത പാവം സ്ത്രീ, ഉച്ചക്ക് ഒരു മണിക്ക് ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന പട്ടേൽജിയും ആസാദ്ജിയും, ഭൂമിയിൽ ഒരു മനുഷ്യനെയും മൈൻഡ് ചെയ്യാത്ത അന്തോണിജി, വയസ്സാൻ കാലത്ത് പെണ്ണുകെട്ടി കണ്ണുകെട്ടിയ ദിഗ്‌വിജയ്ജി , സ്വന്തം നാട്ടിൽ സ്വന്തമായി വോട്ടില്ലാത്ത ചിദംബരംജി , മകന്റെ ജയത്തിന്റെ പിറകെ മാത്രം ഓടിയ കമൽനാഥ്‌ജി , രാജസ്ഥാൻകാർ മതിയാക്കി പറഞ്ഞയച്ച ഗെലോട്ട്ജി,

അസുഖങ്ങളുമായി മല്ലിടുന്ന മൊയ്‌ലിജി , പിന്നെ അവസരവാദികളായ ചാക്കോമാരും തോമസുമാരും കുര്യൻമാരും രവിമാരും ഒക്കെ കൂടി ആകപ്പാടെ ഒരു മാതിരി അവിയൽ പരുവത്തിലായിരുന്ന പാർട്ടിയെ പുനരുജ്ജീവിപ്പിക്കുവാൻ രാഹുൽഗാന്ധി തീരുമാനിച്ചപ്പോൾ കഴിഞ്ഞകാല ഗദ്ഗദങ്ങൾ അയവിറക്കിക്കൊണ്ട് ഈ ലോബി അദ്ദേഹത്തെ പിന്തിരിപ്പിച്ചു .

രാഹുൽഗാന്ധി ഇന്റർവ്യൂ നടത്തി ആളെ കണ്ടുപിടിക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് കളിയാക്കുവാൻ ശ്രമിച്ചു . അന്നത്തെ ഇന്റർവ്യൂവിന്റെ ഫലമാണ് കേരളത്തിലെ ബാലറാമും റോജിയും ഷാഫിയും അൻവറും ഇപ്പോള്‍ രമ്യാ ഹരിദാസുമൊക്കെ.

അന്ന് ഇന്റർവ്യൂ കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമേ നടന്നിരുന്നുള്ളൂ. അതിന്റെ റിസൾട്ട് നമ്മൾ കാണുകയും ചെയ്തു. എല്ലാ പിസിസി പ്രസിഡന്റ്മാരും ഇട്ടെറിഞ്ഞു പോയിട്ടും അത്യാവശ്യം സീറ്റുകൾ വിജയിപ്പിച്ചെടുക്കുവാൻ പാർട്ടിക്ക് സാധിച്ചു.

എയർ ഫോഴ്‌സിന്റെ വിമാനത്തിൽ പണമിറക്കിയാല്‍ ഇതുക്കുംമേലേ …

വടക്കേ ഇന്ത്യ ചുമ്മാ ഒന്ന് കറങ്ങിയപ്പോൾ , മൊറാദാബാദിൽ നിന്നും നൈനിറ്റാൾ പോകുന്ന വഴിയേ പാനിപൂരി കഴിക്കുവാൻ ഒരു കടയിൽ നിർത്തി, ‘റാഫേലിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം എന്ന് ചോദിച്ചു ? ‘ . ‘അദ്ദേഹം ഇവിടെ സ്ഥാനാർത്ഥിയല്ല , ഇതുവരെ പ്രസംഗിക്കുവാൻ വന്നിട്ടില്ല ‘ എന്നാണ് നഗരത്തിലെ ആളുകൾ പറഞ്ഞത് .

അപ്പോൾ പിന്നെ ഗ്രാമങ്ങളിലെ കാര്യം പറയണോ …. അലഹബാദിലെ കാര്യം എടുക്കാം. മുസ്ലിം വോട്ടുകൾ ഗണ്യമായി സ്വാധീനിക്കുന്ന സീറ്റിൽ ഒരു മുസ്ലിം ഗുണ്ടയെ ജയിലിൽ നിന്നും സ്വതന്ത്രമാക്കി ബിജെപി സ്ഥാനാർത്ഥിയായ മുൻ കോൺഗ്രസ്സ് അധ്യക്ഷയെ പിന്തുണ നൽകിപ്പിച്ചു . ഏകദേശം 50 കോടിയുടെ ഒരു ഡീൽ .

മഹാരാഷ്ടയുടെ പിസിസി പ്രസിഡന്റിന് കാലുമാറുവാൻ സമ്മാനിച്ചത് 250 കോടി രൂപയാണെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി . രാഹുൽഗാന്ധിയുടെ കൂടെ നടന്നവർക്കും ഉപദേശകർക്കും ഇക്കൂട്ടർ പണം കൊടുത്തുകാണും എന്ന് ചിന്തിക്കാതെ തരമില്ല .

സിപിഎമ്മുകാര്‍പോലും പണം വാങ്ങി ബംഗാളിൽ വോട്ടു മറിച്ചു എന്നാണ് കേൾവി . അഖിലേഷിന്റെ അച്ഛൻ പണം വാങ്ങിയെന്ന് പറഞ്ഞാൽ വിശ്വസിക്കാതെ വയ്യ . കോയമ്പത്തൂരിലെ ഒരു റാലിക്ക് മാത്രം ചെലവാക്കിയത് 14 കോടി രൂപ .

തൃശൂരിൽ മാത്രം 35 കോടിയും അത്രതന്നെ തിരുവനന്തപുരത്തും ഏകദേശം 25 കോടി പത്തനംതിട്ടയിലും വീശി എന്ന് പറയുമ്പോൾ കപിൽ സിബൽ പറഞ്ഞതുപോലെ എയർ ഫോഴ്‌സിന്റെ വിമാനത്തിൽ പണമിറക്കി എന്ന് വേണം കരുതുവാൻ.

ബിജെപി 2014 ൽ തന്നെ 2019 ലക്ഷ്യ൦ വച്ചപ്പോള്‍

കോണ്‍ഗ്രസ് ഒരുക്കം തുടങ്ങിയത് 2018 ല്‍

ഏകദേശം 50000 ആളുകളെ കോൾസെന്ററിൽ ജോലിക്കു വെച്ചുകൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടർമാരെ ഫോണിൽ വിളിച്ച് അവർക്ക് കിട്ടിയ ഗ്യാസ് കണക്ഷന്‍റെയും കക്കൂസിന്‍റെയും 6000 രൂപയിലെ ആദ്യഗഡു 2000 രൂപയെ കുറിച്ചും പറഞ്ഞു മനസ്സിലാക്കിയപ്പോൾ വോട്ടുകൾ താനേ പെട്ടിയിൽ വീണു എന്ന് വേണം കരുതുവാൻ .

ശരിക്കും 2000 രൂപക്കാണ് വോട്ട് വാങ്ങിയതാണെന്ന് മനസിലാക്കുവാൻ കോൺഗ്രസ്സിലെ മണ്ടൻ കുണാപ്പന്മാർക്ക് ആയില്ല . എല്ലാവരും അവരവരുടെ മക്കളുടെയും കുടുംബക്കാരുടെയും സീറ്റുകൾ ഉറപ്പിക്കുകയായിരുന്നു.

2004 ൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് കോൺഗ്രസ്സ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ സോണിയാഗാന്ധിക്ക്‌ കൂട്ടായി വൈ എസ് ആർ എന്നൊരു അത്ഭുതമനുഷ്യനും പ്രണബ് കുമാർ മുഖർജിയെന്ന തലേക്കല്ലനും ഉണ്ടായിരുന്നു .

ആരും പ്രതീക്ഷിക്കാതെ 2009 ൽ അധികാരത്തിൽ വീണ്ടും വരുമ്പോഴും ഇപ്പറഞ്ഞ എല്ലാവരുടെയും ബുദ്ധിയും കൂട്ടായ്മയും ശക്തിയും ഉപയോഗപ്പെടുത്തിയിരുന്നു . പക്ഷെ ഡൽഹിയിലെ ചില കോമ്പ്രമൈസ് രാഷ്ട്രീയക്കാർ എതിരാളികളായ പലരുടെയും ക്രിമിനൽ കേസുകളെ ഇല്ലാതാക്കിക്കൊണ്ട് അവരെ വീണ്ടും ജനകീയമാക്കിയപ്പോൾ ശത്രുക്കൾ വീണ്ടും പുനർജനിച്ചു .

അണ്ണാഹസാരെയേ ഉപയോഗിച്ചുകൊണ്ട് ഇക്കൂട്ടർ ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ ഇടതുപക്ഷങ്ങൾ അവരവരുടെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കൊടുത്തുള്ളൂ . കെജ്രിവാളിനെയും കനയ്യകുമാറിനെയും ഹർദിക് പട്ടേലിനെയും പോലത്തെ ഇടതു ചിന്താഗതിക്കാരെ ഒപ്പം കൂട്ടാതെ കാരാട്ടും പോളിറ്റ്ബ്യുറോയും സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചു .

2014 ൽ ബിജെപി അധികാരത്തിൽ കയറിയ നാൾ മുതൽ 2019 ലക്ഷ്യത്തോടെയായിരുന്നു കാര്യങ്ങൾ നീക്കിയിരുന്നത് . കോൺഗ്രസ്സുകാർ 2019 ലെ കാര്യങ്ങൾ നീക്കിയത് 2018 അവസാനത്തിലായിരുന്നു . അതിന്റെ ഉദാഹരണമാണ് ആലപ്പുഴയിലെ തോൽവി .

ഒരാഴ്ച്ച നേരത്തെ ആ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ഒന്നര ലക്ഷം വോട്ടിനെങ്കിലും കോൺഗ്രസ്സിന് ജയിക്കാമായിരുന്നു . കേവലം രണ്ടു സീറ്റുകൾക്കാണ് ഇപ്പോൾ പ്രതിപക്ഷനേതൃ സ്ഥാനം ഇല്ലാതായിരിക്കുന്നത് എന്നോർക്കണം .

കോണ്‍ഗ്രസിലായാലും സിപിഎമ്മിലായാലും ബിജെപിയിലായാലും

കേരളത്തിലെ ആദ്യ 5 നേതാക്കള്‍ ജനപ്രിയര്‍ തന്നെ

കേരളത്തിലാണെങ്കിൽ ഇവിടെയുള്ള കോൺഗ്രസ്സിന്റെ ആദ്യത്തെ 5 നേതാക്കന്മാർക്കും 5 അഞ്ച് കമ്മ്യുണിസ്റ് നേതാക്കന്മാർക്കും ആദ്യത്തെ 5 ബിജെപി നേതാക്കന്മാർക്കും ജനങ്ങൾക്കിടയിൽ മോശമല്ലാത്ത ഒരു പേരുണ്ട് . ഇവിടെ രാഷ്ട്രീയക്കാർക്ക് ജനങ്ങൾക്കിടയിൽ ഒരു മതിപ്പുണ്ട്.

രാഷ്ട്രീയക്കാരും വളരെ സൂക്ഷിച്ചാണ് ജീവിതം കൊണ്ടുനടക്കുന്നത് . എല്ലാവരിലും ഒരു ലക്ഷത്തിന്റെ ആഗ്രഹങ്ങളും ഒരു കോടിയുടെ പേടിയുമാണ് കൈമുതലായുള്ളത് . എന്നുവെച്ചാൽ എല്ലാം ചെയ്യണം എന്നൊക്കെ ആഗ്രഹങ്ങൾ ഉണ്ടെങ്കിലും ജനങ്ങളെ പേടിച്ചുകൊണ്ട് അവരെല്ലാം ഒതുങ്ങി ജീവിക്കുകയാണ് .

കമ്മ്യുണിസ്റ്റ് നേതാക്കന്മാരിലും അണികളിലും കാണുന്ന ആത്മവിശ്വാസം കോൺഗ്രസ്സുകാരിൽ ഉണ്ടായിരുന്നുവെങ്കിൽ കേരളത്തിൽ 20/ 20 ഉം 120 / 140 ഉം കോൺഗ്രസ്സുകാർക്ക് വിജയിപ്പിച്ചെടുക്കുവാൻ ആകും എന്നതിന്റെ ഉത്തമോദാഹരണമാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് .

കേവലം 9 സീറ്റിൽ നിന്നും 121 സീറ്റിലേക്ക് കോൺഗ്രസ്സിനെ കൈപിടിച്ചുയർത്തിയ കണ്ണൂരുകാരൻ കെ കരുണാകരന്റെ ഇച്ഛാശക്തി വേറെ ആർക്കും ഇല്ലെങ്കിലും ഒത്തുപിടിച്ചാൽ അല്ലെങ്കിൽ ശരിയായ സ്ഥാനാർത്ഥികളെ ഇറക്കിവിട്ടാൽ എന്തും പിടിച്ചടക്കാം എന്നത് കോൺഗ്രസ്സ് എല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും പരീക്ഷിച്ചു വിജയം കണ്ടെത്തിയതാണ് .

സ്വന്തം മണ്ഡലത്തെ പൊന്നുപോലെ നോക്കുന്ന എല്ലാവരെയും ജയിപ്പിക്കുന്ന പാരമ്പര്യവും മലയാളി മനസ്സുകൾക്കുണ്ട്.

കേരളത്തിന്റെ കാര്യത്തിൽ എറണാകുളത്ത് കെവി തോമസ് മാഷിന് സീറ്റ് നിഷേധിച്ചതും ചാലക്കുടിയിൽ പിസി ചാക്കോക്ക് സീറ്റ് കൊടുക്കാതിരുന്നതും പിജെ കുര്യനെ മൊത്തത്തിൽ ഒഴിവാക്കിയതും വയലാർ രവിയുടെ വാക്കുകൾ എടുക്കാതിരുന്നതും വിഎം സുധീരനെ മൂലക്കിരുത്തിയതും എല്ലാം പാർട്ടിക്ക് ഗുണം ചെയ്തു എന്ന് വേണം കരുതുവാൻ .

പിന്നെ ആലപ്പുഴയിലെ തോൽവിക്ക് കാരണം ആ സ്ഥാനാർത്ഥിക്ക് ദൈവം കൊടുത്ത ശിക്ഷയാണ്. കാസർഗോട്ടെ സീറ്റ് ഒരിക്കൽ നിഷേധിച്ചതിന്റെ ദൈവകോപം .

അതുപോലെ മീശമാധവൻ സിനിമയിൽ കള്ളൻ മാധവനെ പിടിക്കുവാൻ കാവ്യ പ്രയോഗിക്കുന്ന തന്ത്രം പാളിയതുപോലെ ശബരിമല വിഷയം ആളിക്കത്തിച്ചപ്പോൾ ഇവർ കേരള ജനതയുടെ മനസ്സ് വായിച്ചില്ല . കണ്ണന്താനത്തിന്റെ ഐഎഎസ് ബുദ്ധിയിൽ ഉദിച്ച ഒരാശയം കേരളത്തിൽ പ്രകമ്പനം സൃഷ്ടിക്കും എന്ന് വിശ്വസിച്ച അമിത്ഷാക്ക് തെറ്റുപറ്റി .

കണ്ണന്താനം ഒരു പരാജയമാണെന്നുള്ളത് മലയാളിക്ക് മനസ്സിലായെങ്കിലും അമിത്ഷാക്കും മോഡിജിക്കും മനസിലാക്കുവാൻ തിരഞ്ഞെടുപ്പ് റിസൾട്ട് വരെ കാത്തിരിക്കേണ്ടി വന്നു .

നവോത്ഥാന മതിലിൽ വിള്ളലുകൾ വീണപ്പോൾ സോഷ്യൽ മീഡിയയിലെ ട്രോളർമാരുടെ കണ്ണിൽ പൊടി ഇടുവാൻ സന്നിധാനത്തിലേക്ക് രണ്ട് പേരെ കയറ്റിവിടുവാൻ മുഖ്യമന്ത്രിക്ക് ലഭിച്ച ഉപദേശം, ചിലപ്പോൾ ബ്രിട്ടാസാകാം , വീണയാകാം അല്ലെങ്കിൽ അതുപോലെയുള്ളവരാരോ ആകാം. അവരും മലയാളിയുടെ മനസ്സിനെ മനസ്സിലാക്കുവാൻ വൈകിപ്പോയി .

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി അരങ്ങേറിയ പുറ്റിങ്ങൽ വെടിക്കെട്ടും പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവും കീറിമുറിക്കലും എല്ലാം ഒരു രാഷ്ട്രീയപാർട്ടി കേരളത്തിൽ വേരുറപ്പിക്കുവാൻ ചെയ്തതാണെന്ന് നമ്മൾ ഊഹിച്ചാൽ തെറ്റുപറ്റുകയില്ല . ചക്കിന് വെച്ചത് കൊക്കിനാണ് കൊണ്ടതെങ്കിലും അതിന്റെ ഗുണം കുറച്ചൊക്കെ ആ പാർട്ടിക്കാർക്കും ലഭിച്ചു എന്ന് വേണം കരുതുവാൻ .

എംകെ സ്റ്റാലിന്‍ എന്നാല്‍ തന്തക്കു പിറന്നവൻ

ഇനി തമിഴിനാട്ടിലെ ജെല്ലിക്കെട്ട് രാഷ്ട്രീയം നമ്മുക്ക് പഠിക്കാം , ‘അമ്മ ജയളിതയെ രണ്ടാമതും അധികാരത്തിൽ എത്തിച്ചത് നൂറ് ശതമാനവും മന്നാർഗുഡി മാഫിയയായിരുന്നു. ഭൂരിപക്ഷം വരുന്ന തേവർ ജാതിക്കാരുടെ വോട്ടുകൾ ലഭിക്കുവാൻ വിജയകാന്തിനു പണം നൽകി സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കുകയും മന്നാർഗുഡിക്കാരുടെ ഒപ്പം നിൽക്കുന്നവരെ മാത്രം വിജയിപ്പിക്കുകയും ചെയ്തപ്പോൾ ശശികല എന്തൊക്കെയോ സ്വപ്നത്തിൽ കണ്ടു .

എല്ലാം വളരെ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ആ തിരഞ്ഞെടുപ്പിൽ ജയലളിത രണ്ടാമതും അധികാരത്തിൽ എത്തിയെങ്കിലും ശശികല സന്തോഷവതിയായിരുന്നില്ല . എങ്ങനെയൊക്കെയോ അമ്മയെ ഇല്ലാതാക്കി മുതൽ അമൈച്ചർ കസേരയിൽ ഇരിക്കുന്നതിന് മണിക്കൂറുകൾ മുമ്പായി തമിഴ്‌നാടിന്റെ ഭാഗ്യമെന്നോണം ഗവർണറുടെ ബുദ്ധിപരമായ ഇടപെടലിൽ മഹാദുരന്തമായിരുന്ന ശശികലക്ക് പരപ്പന അഗ്രഹാര ജയിലിലേക്ക് പോകേണ്ടതായി വന്നു .

പിന്നീട് വേണമെങ്കിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ കരുണാനിധി പുത്രൻ സ്റ്റാലിന് ആ സീറ്റിൽ ഇരിക്കാമായിരുന്നു . ബുദ്ധിയുള്ള അച്ഛന്റെ മകൻ ആ മണ്ടത്തരം കാണിച്ചില്ല .
അന്ന് അദ്ദേഹം ജയലളിതയുടെ പാർട്ടിയെ പിളർത്തുകയായിരുന്നുവെങ്കിൽ മക്കൾ അമ്മയുടെ മരണത്തിന്റെ സഹതാപത്താൽ ഒരു കലാപം തന്നെ പൊട്ടിപ്പുറപ്പെടുവിക്കുമായിരുന്നു .

മന്നാർഗുടിക്കാർക്കും അതായിരുന്നു ആവശ്യം . സ്റ്റാലിൻ എഡിഎംകെയെ ഭരിക്കുവാൻ അനുവദിച്ചു . ഇന്നിപ്പോൾ ആ പാർട്ടി ഉരുകിയുരുകി ഇല്ലാതായിക്കൊണ്ടിക്കുകയാണ് . അതായിരുന്നു സ്റ്റാലിനും മനസ്സിൽ കണ്ടത് . അതിന്നിടയിൽ മുഖ്യമന്ത്രി പന്നീർ ശെൽവത്തിന് കൊടുത്ത ഇരുട്ടടിയായിരുന്നു ജെല്ലിക്കെട്ട് സമരം . ഒരു ചെറിയ മുന്നറിയിപ്പ് .

എഡിഎംകെയെ അഞ്ച് കൊല്ലം ഭരിക്കുവാൻ അനുവദിക്കാതെ സ്റ്റാലിൻ ഭരണം കയ്യാളുകയില്ല എന്നതിന്റെ തെളിവാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ എഡിഎംകെയുടെ വിജയം , ആ വിജയങ്ങൾ എംകെ സ്റ്റാലിന്റെ കനിവായി മാത്രം കണക്കാക്കിയാൽ മതി . ഇന്നത്തെ രാഷ്ട്രീയക്കാരിൽ തന്തക്കു പിറന്നവൻ എന്ന് പറയാവുന്ന ഒരു നേതാവാണ് സ്റ്റാലിൻ .

ശശി തരൂരിനേപ്പോലുള്ളവരാകണം മോഡിയെ എതിര്‍ക്കേണ്ടത് !

പ്രിയങ്കയുടെ റാലിയും റോഡ്‌ഷോയും കണ്ടപ്പോഴാണ് ശരിക്കും കോൺഗ്രസ്സുകാരിൽ ഇച്ചിരിയെങ്കിലും പ്രതീക്ഷ കൈവന്നത് . കൂടാതെ ദുബായിലെയും ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിലെയും ഒക്കെ രാഹുലിന്റെ ഞെട്ടിക്കലുകളും ഒക്കെ കണ്ടപ്പോൾ ഭരണം ഏകദേശം എല്ലാവരും ഉറപ്പിച്ചു . ചൗക്കിദാർ ചോർഹെ എന്ന ആപ്തവാക്യം ഇന്ത്യയിൽ മൊത്തം മുഴങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ ബിജെപി ക്യാമ്പുകളിൽ വരെ അസ്വസ്ഥത പടർന്നു .

പക്ഷെ ദുബായിൽ രാഹുൽ വന്നപ്പോൾ കുറെ ഖാദർ ധാരികളെയും നെഹ്‌റുകോട്ട് ധാരികളെയും അദ്ദേഹം എയർപോർട്ടിൽ ഇറങ്ങിയതുമുതൽ ജുമേയ്‌റ ബീച്ച് ഹോട്ടലിലും ലേബർക്യാമ്പിലും മുതലാളിമാരുടെ അത്താഴ വിരുന്നുകളിലും ഒക്കെ കണ്ടിരുന്നു . ഇവരുടെ വോട്ടുകൾപോലും കോൺഗ്രസ്സിന് കിട്ടിക്കാണില്ല . എല്ലാം സെൽഫിയെടുക്കുവാൻ മാത്രമായുള്ള തത്രപ്പാടിലായിരുന്നു .

കോൺഗ്രസ്സ് പാർട്ടി എന്താണെന്നോ അതിന്റെ ചരിത്രം എന്താണെന്നോ എന്നറിയാത്ത കുറെയധികം ആളുകളാണ് അദ്ദേഹത്തിന്റെ കൂടെ കൂടിയിരുന്നത് എന്നതോർക്കുമ്പോൾ ഇപ്പോൾ വിഷമം തോന്നുന്നു . ശശി തരൂർ പോലെയുള്ള ആളാകണം മോഡിയെപ്പോലുള്ള ഒരാളെ ഒതുക്കുവാൻ. അല്ലാതെ ആ സ്ഥാനത്ത് ഗെലോട്ടുമാര്‍ വലിയൊരു പരാജയം തന്നെയായിരിക്കും.

പണം പിരിക്കുവാനും വീശുവാനും ഡികെ ശിവകുമാറിനെ പോലുള്ളവരും പ്രിയങ്ക ഗാന്ധി – ജ്യോതിരാദിത്യ സിന്ധ്യ- സച്ചിൻ പൈലറ്റ്- കെ മുരളീധരൻ- നവ്‌ജ്യോത് സിദ്ധു- കെ സുധാകരൻ കൂടാതെ ഓരോ സംസ്ഥാനത്തിൽ നിന്നും തീപ്പൊരികളെയും കണ്ടെത്തി പ്രചാരണ വിഭാഗത്തിലും ഉൾപ്പെടുത്തി , പാർട്ടിയിൽ നിന്നും പോയ വൈ എസ് ആറിന്റെ മകനെയും , ചങ്കൂറ്റത്തിന്റെ ആൾ രൂപമായ മമത ബാനർജിയെയും എല്ലാം തിരികെ കൊണ്ടുവന്ന് ഒരു പരീക്ഷണം നടത്തി നോക്കിയാൽ രാഹുലിന്റെ പ്ലാനുകൾ വിജയിപ്പിച്ചെടുക്കാവുന്നതേയുള്ളൂ .

അസാധ്യമായി ഈ ലോകത്ത് ഒന്നും തന്നെയില്ല എന്നത് ഓരോ കോൺഗ്രസ്സുകാരനിലും വളർത്തിയെടുക്കുക . എന്നിട്ടാകാം ഇനിയുള്ള അങ്കങ്ങൾ.

ഇത്രേം വലിയ ചക്കകൾ വീണിട്ടും മുയലുകൾ ചത്ത് വീണിട്ടും

വേട്ടക്കാർക്ക് എന്തേ .. സന്തോഷം ഇല്ലാത്തേ ..

ഞങ്ങളുടെ ഒരനുഭവം . ഗുജറാത്തിലെ ഒരു മുതലാളി പറഞ്ഞത് , ഏകദേശം ഒന്നര കൊല്ലം മുമ്പേ അദ്ദേഹത്തിന്റെ ഐടി കമ്പനിയിൽ ഒരു കൂട്ടർ വന്ന് ഇവിഎം മെഷീൻ റിമോട്ട് കൺട്രോളിൽ സെറ്റ് ചെയ്യാവുന്ന സോഫ്‌റ്റ് വെയർ പ്രോഗ്രാം ചെയുവാൻ ആകുമോ എന്ന് ചോദിച്ചുവത്രെ .

വേറെ ഒരു കോൺഗ്രസ്സ് നേതാവ് പറഞ്ഞു ” 150 സീറ്റുകളിൽ ഇവിഎം മെഷീനിലൂടെ ജയിപ്പിച്ചു കൊടുക്കാം എന്ന് പറഞ്ഞുകൊണ്ട് ഒരു ഇന്റർനാഷണൽ കമ്പനി ടെൽ അവീവിൽ നിന്നും എ ഐ സിസി യെ സമീപിച്ചുവെന്നും 1500 കോടി ആവശ്യപ്പെട്ടുവെന്നും ഒക്കെ .

അപ്പോൾ പിന്നെ എന്തുകൊണ്ട് ഇവർക്കെതിരെയൊന്നും ആരും ഒന്നും മിണ്ടുന്നില്ല എന്നതാണ് ‘വൈരുദ്ധ്യാത്മിക ഭൗതിക സിദ്ധാന്തം’ ? എന്തായാലും പണത്തിന്റെ മേലെ റാഫേലും പറക്കില്ല എന്ന് ഇന്ത്യൻ ജനതക്ക് ഈ തിരഞ്ഞെടുപ്പിലൂടെ മനസ്സിലായിട്ടില്ല എന്നതാണ് വസ്തുത .

ഒരു കാര്യം ഉറപ്പാണ് , ജയിച്ചവർക്കോ ഭരിക്കുന്നവർക്കോ അണികൾക്കോ ആർക്കും ഒരു സന്തോഷവും കാണുന്നില്ല . ഇത്രേം വലിയ ചക്കകൾ വീണിട്ടും മുയലുകൾ ചത്ത് വീണിട്ടും വേട്ടക്കാർക്ക് സന്തോഷം ഇല്ലാത്തതിന്റെ കാരണമാണ് നമ്മുക്ക് മനസിലാകാത്തത് .

ഇനി എന്തൊക്കെ തന്നെയായാലും ഒന്ന് രണ്ടു സംസ്ഥാനങ്ങൾ ഒഴികെ എല്ലായിടത്തും കോൺഗ്രസ്സ് പാർട്ടിയെ മൊത്തമായി ചികിത്സിച്ചില്ലെങ്കിൽ ഇന്ത്യ മറ്റൊരു യൂറോപ്പിന്റെ ഗതികേടിലേക്ക് പോകും എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ പറയുന്നത് .

അയർലണ്ടും ഇറ്റലിയും സ്പെയിനും സൈപ്രസും ഗ്രീസും പോർട്ടുഗലും കൂടാതെ ഫിലിപ്പീൻസും എന്തിനധികം പറയുന്നു ലോക പോലീസായ അമേരിക്ക വരെ ചില മാഫിയകളുടെ കൈകളിൽ അകപ്പെട്ട് അവിടത്തെ ജനത നട്ടം തിരിഞ്ഞുകൊണ്ടിരിക്കുകയാണ് .

ഇന്ത്യ നന്മയുള്ള രാജ്യമാണ് , നന്മയുള്ള ജനതയാണ് ഇവിടെ അധികവും , നാം മുന്നോട്ടുതന്നെ കുതിക്കണം , ഇപ്പോൾ ജയിച്ചവർക്ക് നന്മകൾ മാത്രം നേർന്നുകൊണ്ട് ,

കേരളം ഭരിക്കുവാൻ വളരെ കഷ്ടപ്പാടാണ് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിജയനും
ഭരിക്കുന്നവരുടെ പിന്നാലെ മാത്രം പോകുമെന്നുറപ്പിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടിയെന്ന ദാസനും

×