Advertisment

അയത്തൊള്ള ഖൊമേനിയുടെ നെത്ര്വത്ത്വത്തിലുള്ള ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഇറാൻ വലിയ സംഭവമാണോ? അല്ലെന്നു വേണം പറയാൻ

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

റാനിൽ ഫുട്ബോൾ കളി കാണാൻ പോയ സഹർ എന്ന പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴി തെളിച്ചിരിക്കയാണ് ഇപ്പോൾ. ഇറാനിൽ പെൺകുട്ടികൾക്ക് ഫുട്‍ബോൾ സ്റ്റേഡിയത്തിൽ പ്രവേശനമില്ലാത്തതിനാൽ ഫുട്‍ബോൾ കളി കാണാനുള്ള ആവേശത്താൽ പുരുഷവേഷം ധരിച്ച് സ്റ്റേഡിയത്തിൽ പ്രവേശിച്ചതാണ് സഹർ ചെയ്ത കുറ്റം.

ഇറാനിയൻ പോലീസ് സഹറിനെ കയ്യോടെ പിടികൂടി കോടതിയിൽ എത്തിക്കുകയും, പിന്നീട് ആ പെൺകുട്ടിയെ ആറു മാസത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. അതുകേട്ട് ഭയന്ന് സഹർ സ്വയം തീകൊളുത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വഴി തെളിച്ചിരിക്കുന്നത്. കേരളത്തിലിരുന്ന് ഇറാനിൽ എന്തോ വലിയ വിപ്ലവം നടന്നൂ എന്നൊക്കെ പറയുന്നവർ സഹറിൻറ്റെ ഈ കഥ കേൾക്കണം.

ഇതെഴുതുന്നയാളുടെ ജൂനിയറായി ഡൽഹിയിലെ യൂണിവേഴ്സിറ്റിയിൽ പഠിച്ച വളരെ മൃദുഭാഷിയും, മര്യാദക്കാരനുമായ ഒരു ഇറാൻകാരൻ അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രതി അവിടെ ജയിലിലായി. ഇത് എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. കുറെ നാൾ മുമ്പ് BBC ഇസ്ലാമിക വിപ്ലവത്തിന് ശേഷം കമ്യുണിസ്റ്റ് അനുഭാവികളെ മൊത്തം അയത്തൊള്ള ഖൊമേനിയുടെ നെത്ര്വത്ത്വത്തിലുള്ള ഇറാനിയൻ സർക്കാർ കൊലക്കു കൊടുക്കുന്നതിനെ കുറിച്ചുള്ള ഡോക്കുമെൻറ്ററി പ്രക്ഷേപണം ചെയ്തിരുന്നു.

publive-image

അതൊക്കെ കണ്ടിട്ടുള്ളവർക്ക് ഇറാനിയൻ സർക്കാരിൻറ്റെ മഹത്ത്വം അറിയാം. കേരളത്തിൽ ചിലരൊക്കെ അയത്തൊള്ള ഖൊമേനിയുടെ നെത്ര്വത്ത്വത്തിലുള്ള ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഇറാൻ വലിയ സംഭവമാണെന്ന് പറയുമ്പോൾ സുബോധമുള്ളവർക്ക് അവരോടൊക്കെ സഹതപിക്കാനും, പരിതപിക്കുവാനും മാത്രമേ സാധിക്കുകയുള്ളൂ.

പക്ഷെ ഇന്ത്യയിലെ സ്ത്രീ സ്വാതന്ത്ര്യത്തിൻറ്റേ കാര്യത്തിലും നാം ചില കാര്യങ്ങളൊക്കെ മനസിലാക്കേണ്ടതുണ്ട്. ഹിന്ദി ബെൽറ്റിലും, ഇന്ത്യയുടെ വിദൂര ഗ്രാമ പ്രദേശങ്ങളിലും ഇന്നും യാഥാസ്ഥികത്ത്വത്തിന് ഒരു കുറവും ഇല്ലാ. മുസ്‌ലിം കമ്യൂണിറ്റി മാത്രമല്ല ഇവിടെ പ്രശ്നക്കാർ.

10-15 വർഷങ്ങൾക്ക് മുമ്പ് ഡൽഹി-ഹരിയാന അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമത്തിനരികിൽ ഉള്ള ഒരു ഫ്‌ളാറ്റിൽ ഞാൻ താമസിക്കാൻ തുടങ്ങിയപ്പോൾ ആ ഗ്രാമത്തിലെ ഒരു സ്ത്രീയെ പോലും മുഖം മറക്കാതെ കണ്ടിട്ടില്ല. ഇന്നിപ്പോൾ യുവ തലമുറയിൽ പെട്ട ആ ഗ്രാമത്തിലെ പെൺകുട്ടികൾ ഒരുപാട് മാറി. ജീൻസും, ടോപ്പുമിട്ട് തലയിൽ സിമൻറ്റ് ചട്ടിയിൽ ചാണകവുമായി യുവതലമുറയിൽ പെട്ട പെൺകുട്ടികകളെ ഇന്നവിടെ കാണാം.

'കോഡ് ഓഫ് മോസസ്' അല്ല ലോകത്തിൽ ഇന്ന് കാണുന്ന ക്രിസ്ത്യാനിറ്റി. ഇന്ന് യൂറോപ്പിലും അമേരിക്കയിലും ഒക്കെ കാണുന്നത് പോസ്റ്റ് ക്രിസ്ത്യൻ സമൂഹങ്ങളാണ് - വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാമുഖ്യം കൊടുക്കുന്ന ഭരണകൂടം ആണ് അവിടെയൊക്കെ നിലവിൽ ഉള്ളത്. പണ്ട് 'കോഡ് ഓഫ് മോസസ്' അല്ലെങ്കിൽ മോശയുടെ നിയമമനുസരിച്ച് വേശ്യയായ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണമായിരുന്നു. അങ്ങനെയാണ് മഗ്ദലന മറിയത്തെ കല്ലെറിയാൻ ഓടിച്ചത്. അപ്പോൾ ക്രിസ്തു ഒരു പുതിയ ന്യായ പ്രമാണം കൊടുത്തു: "നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" - എന്നുള്ളത്.

ആ രീതിയിലുള്ള മൂല്യ ബോധം ഇന്നും ഇസ്ലാമിൽ വന്നിട്ടില്ല എന്നത് ഇസ്ലാമിക സമൂഹങ്ങളിലെ സ്ത്രീ വിരുദ്ധത കാണുമ്പോൾ പലപ്പോഴും തോന്നാം. പക്ഷെ ആധുനികത വന്ന സ്ഥലങ്ങളുമുണ്ട് ഇസ്ലാമിക രാജ്യങ്ങളിൽ. യു.എ.ഇ.-യും, ദുബായ് സിറ്റിയും ഒക്കെ ഇസ്ലാമിക രാജ്യങ്ങളിൽ തന്നെ ആധുനികവൽക്കരിക്കപ്പെട്ട പ്രദേശങ്ങളാണ്. യു.എ.ഇ. സർക്കാർ അതുകൊണ്ടു തന്നെ മുസ്ലിം തീവ്രവാദത്തെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കുന്നുമില്ല.

'റെനൈസാൻസ്', 'റിഫർമേഷൻ', 'എൻലൈറ്റൻമെൻറ്റ്' - ഈ പ്രസ്ഥാനങ്ങൾ മധ്യകാല യൂറോപ്പിലെ മതത്തിൻറ്റെ സർവാധിപത്യത്തെ എല്ലാ രീതിയിലും വെല്ലുവിളിച്ചു. വെറുതെയുള്ള ഒരു വെല്ലുവിളിയിലൂടെ പെട്ടെന്നൊരു സാമൂഹ്യമാറ്റം സാധ്യമാകുകയല്ല യൂറോപ്പിൽ ഉണ്ടായത്; മൂന്നൂറോളം വർഷങ്ങൾ എടുത്താണ് മതാധിപത്യത്തിൽ നിന്ന് മതനിരപേക്ഷ സമൂഹത്തിലേക്കുള്ള ഒരു സാമൂഹ്യ മാറ്റം യൂറോപ്പിൽ സാധ്യമായത്.

സ്വന്തം മതം പറയുന്നതെല്ലാം ശരിയാണ് എന്ന് അന്ധമായി യൂറോപ്പിലെ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നെങ്കിൽ ഈ നവീകരണ, നവോത്ഥാന പ്രസ്ഥാനങ്ങൾ ഉണ്ടാവുകയില്ലായിരുന്നു; യൂറോപ്പും അമേരിക്കയും ഇന്നു കാണുന്ന സാമൂഹ്യ, സാമ്പത്തിക പുരോഗതി നേടുകയില്ലായിരുന്നു.

പക്ഷെ മൊത്തത്തിൽ സാമൂഹ്യ മാറ്റങ്ങൾ സംഭവിച്ച ഒരു 'ഏകശില യൂറോപ്പ്' അന്നും ഇല്ല; ഇന്നും ഇല്ല എന്നുള്ളതാണ് വാസ്തവം. ഇന്നിപ്പോൾ വികസിത രാജ്യങ്ങളിൽ മതവും, മതപരമായ ആചാരങ്ങളും ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യതയുടെ ഭാഗമാണ്.18 വയസ് തികഞ്ഞാൽ ഒരാൾ - അത് സ്ത്രീയാകട്ടെ; പുരുഷനാകട്ടെ അവിടെ പ്രായപൂർത്തിയായി. പിന്നീട് അവർ ചെയ്യുന്നതിൻറ്റെ ഒക്കെ ഉത്തരവാദിത്ത്വം അവർക്ക് മാത്രമാണ്.

കേരളത്തിലെ സമുദായങ്ങൾക്കിടയിൽ; പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിനുള്ളിൽ അങ്ങനെയുള്ളൊരു ആധുനികവൽക്കരണപ്രക്രിയ ഇനിയും വന്നിട്ടില്ല. കേരളത്തിൽ മുസ്‌ലിം സംഘടനകൾ ഒരുകാലത്ത് നിർവഹിച്ച സാംസ്‌കാരിക രാഷ്ട്രീയ ഇടപെടലുകള്‍ ഇന്നിപ്പോൾ പലരും ഓർമിക്കാറില്ല. അവരെ തീവ്രവാദികളും, കടുത്ത യാഥാസ്ഥിതികരും ആയും ചിത്രീകരിക്കുമ്പോൾ എം.ടി. - യും, ഇടശേരിയും, വള്ളത്തോളും, പി.കുഞ്ഞിരാമൻ നായരും, ഉറൂബും എല്ലാം ചന്ദ്രികയിൽ ഒരുകാലത്ത് എഴുതിയിട്ടുണ്ട് എന്നുള്ള കാര്യം കൂടി ഓർമിക്കണം.

ചന്ദ്രികക്ക് ഓണപ്പതിപ്പും ഉണ്ടായിരുന്നു. പ്രമുഖ സാഹിത്യാകാരന്മാരെല്ലാം അതിൽ എഴുതിയിട്ടുമുണ്ട്. ഇപ്പോൾ സംഘ പരിവാറുകാർ മുസ്ലീങ്ങൾക്കെതിരെ കണ്ടമാനം വിദ്വേഷ പ്രചാരണം നടത്തുന്നത് മുസ്ലീങ്ങളെ കൂടുതൽ കൂടുതൽ യാഥാസ്ഥിതികത്ത്വത്തിലേക്ക് അടുപ്പിക്കുകയാണ്.

 

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment