Advertisment

പാവപ്പെട്ടവർക്കെതിരെ മതിൽ കെട്ടുന്ന ഇന്നത്തെ ഇന്ത്യ

New Update

publive-image

Advertisment

മേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപിൻറ്റെ സന്ദർശനം പ്രമാണിച്ച് ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകാൻ അഹമ്മദാബാദിലെ ചേരി നിവാസികൾക്ക് സംസ്ഥാന സർക്കാർ ഉത്തരവ് കൊടുത്തിരിക്കുന്നു എന്ന വാർത്തയാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

ചേരി നിവാസികൾ ഒഴിഞ്ഞു പോയില്ലെങ്കിൽ മിക്കവാറും അവിടെ തീ പിടുത്തമുണ്ടാകാം; അതല്ലെങ്കിൽ പോലീസ് ലാത്തിചാർജോ, വെടിവെയ്‌പ്പോ ഉണ്ടാകാം. പ്രതിഷേധങ്ങൾ അധികം വരാൻ സാധ്യതയില്ല.

കാരണം ചേരി നിവാസികൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലല്ലോ. അതല്ലെങ്കിൽ പണ്ട് വി. പി. സിംഗ്‌ കൊടുത്തപോലെ 'ലാത്തി ലഗാവോ' എന്നുള്ള ആഹ്വാനം ഒക്കെ കൊടുത്ത് ചേരി നിവാസികളെ ശാക്തീകരിക്കണം.

publive-image

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഹിന്ദുത്ത്വ രാഷ്ട്രീയത്തിൻറ്റെ ഏറ്റവും ഉജ്ജ്വല സമയത്ത് പണ്ടത്തെ വി. പി. സിങ്ങിൻറ്റെ ആഹ്വാനം പോലുള്ളത് നടക്കുമെന്ന് തോന്നുന്നില്ല. കാരണം ചേരി നിവാസികൾ ലാത്തിയെടുത്ത് പ്രതിഷേധിച്ചാൽ ബി.ജെ.പി. - യും സംഘ പരിവാറുകാരും കൂടി പെട്ടെന്ന് അവരെ തീവ്രവാദികളും രാഷ്ട്രദ്രോഹികളും ആക്കി മാറ്റും.

ഭരണകൂടത്തിനെതിരെയുള്ള ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധത്തെ മുഴുവനും തീവ്രവാദവും രാജ്യദ്രോഹവും ആക്കി മാറ്റുന്ന 'നറേറ്റീവ്' ബി.ജെ.പി. - യും, സംഘ പരിവാറുകാരും കൂടി വികസിപ്പിച്ചെടുത്തിട്ട് കാലം കുറെയായി. അതിനെതിരെ ഒരു ബദൽ രീതിമാർഗം ഇന്നത്തെ ഇന്ത്യയിൽ ആരും കെട്ടിപ്പടുക്കുന്നില്ല.

പാവപ്പെട്ടവരേയും, ചേരി നിവാസികളേയും, ഓട്ടോക്കാരെയും, പുനരധിവാസ കോളനികളിൽ ഉള്ളവരേയും ഒക്കെ കൂട്ടുപിടിച്ചാണ് കേജ്‌രിവാൾ എപ്പോഴും ഡൽഹിയിൽ വിജയം നേടുന്നത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ കേജ്‌രിവാളിനെ രാജ്യദ്രോഹിയും, തീവ്രവാദിയും, ഹിന്ദു വിരുദ്ധനും ആക്കി മാറ്റുവാൻ ബി.ജെ.പി. - യും, സംഘ പരിവാറുകാരും സകല പയറ്റും പയറ്റി. കേജ്‌രിവാൾ ആ ചൂണ്ടയിൽ കേറി കൊത്തിയില്ല.

അതാണ് ജെ.എൻ.യു. - വിൽ നടന്ന ആക്രമണത്തോടും, പൗരത്വ പ്രക്ഷോഭത്തോടും കേജ്‌രിവാൾ ഒരു അകലം പാലിച്ചത്. പക്ഷെ ജയിച്ചു കഴിഞ്ഞപ്പോഴെങ്കിലും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി കൊടുക്കേണ്ടതല്ലായിരുന്നുവോ?

"മേം സബ്‌കോ മാഫി ദേത്താ ഹും" എന്നുപറഞ്ഞു കേജ്‌രിവാൾ വളരെ തന്ത്രപൂർവം ആ ആരോപണങ്ങളിൽ നിന്ന് തലയൂരി. ആരോപണങ്ങൾ ഉന്നയിച്ച എല്ലാവർക്കും മാപ്പുകൊടുത്തതുകൊണ്ട് പ്രശ്നങ്ങൾ തീരുമോ? തീരത്തില്ലെന്നുള്ളത് കേജ്‌രിവാളിന് മറ്റാരേക്കാളും നന്നായി അറിയാം.

മതവും രാജ്യസ്നേഹവും ഡൽഹിലും ഉത്തരേന്ത്യയിലും വളരെ 'സെൻസിറ്റീവ്' ആയുള്ള കാര്യങ്ങളാണെന്ന് തന്ത്രശാലിയായ കേജ്‌രിവാവാളിന് നന്നായി അറിയാം. ഇന്ത്യയിൽ, പ്രത്യേകിച്ച് വടക്കേയിന്ത്യയിൽ ബി.ജെ.പി.-യുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിട്ട് എതിർത്ത് ആർക്കും ഇന്നിപ്പോൾ ജയിക്കാനാവില്ല.

അത്രയ്ക്ക് ജനങ്ങൾ മതപരമായി വിഭജിച്ചു കഴിഞ്ഞു. ആ ഇന്നത്തെ യാഥാർത്ഥ്യം കേജ്‌രിവാൾ നന്നായി മനസിലാക്കികഴിഞ്ഞു. ദക്ഷിണേന്ത്യ പോലെ അല്ലാ ഉത്തരേന്ത്യ. ഹിന്ദു മതത്തിനും, രാജ്യസ്നേഹത്തിനും എതിരാണെന്ന് കണ്ടാൽ അവിടെ ആരും ജയിക്കില്ല.

ബി.ജെ.പി. - യുടേയും , സംഘ പരിവാറുകാറിൻറ്റേയും വർഗീയ പ്രചാരണങ്ങൾ കൂടിയുള്ളപ്പോൾ രാജ്യസ്നേഹത്തിനും മതത്തിനും എതിരെ ഏതെങ്കിലും രീതിയിലുള്ള രാഷ്ട്രീയ നിലപാട് ഇന്നിപ്പോൾ ഉത്തരേന്ത്യയിൽ എടുക്കുന്നത് ആത്മഹത്യക്ക് തുല്യമാണ്.

ജെ.എൻ.യു. - വിനെതിരെയും, ഇപ്പോൾ ഷഹീൻ ബാഗിൽ നടക്കുന്ന സമരത്തിനും എതിരെ ബി.ജെ.പി. - യും, സംഘ പരിവാറുകാരും രാജ്യദ്രോഹം പുറത്തെടുക്കുന്നത് ചുമ്മാതല്ല.

പണ്ട് മഹാത്മാ ഗാന്ധി സാധാരണക്കാരെ അണിനിരത്തിയാണ് സ്വന്തം പാർട്ടിയിലെ ഹിന്ദുത്ത്വ വാദികളെ നേരിട്ടത്. അൽപ വസ്ത്ര ധാരിയായ മഹാത്മാ ഗാന്ധിക്ക് സാധാരണക്കാരെ പ്രതിനിധാനം ചെയ്യുന്ന രീതിയിലുള്ള ഒരു 'ഇമേജ്' ഉണ്ടായിരുന്നു.

ആ 'ഇമേജ്' വളരെ ശക്തവുമായിരുന്നു. അതാണ് അന്നൊന്നും ഹിന്ദുത്ത്വ രാഷ്ട്രീയം വികസിക്കാതിരുന്നത്. അതുകൂടാതെ ബ്രട്ടീഷ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനം ദരിദ്രരും ആയിരുന്നു.

ആ ദരിദ്ര നാരായണന്മാരെ അതുകൊണ്ടുതന്നെ മഹാത്മാ ഗാന്ധി പ്രതിനിധീകരിച്ചു. എന്നാലിപ്പോൾ ശക്തമായ മധ്യവർഗം ഇന്ത്യയിൽ ഉണ്ട്. ഇന്ത്യയിലെ മധ്യവർഗം മഹാത്മാ ഗാന്ധിയെ പോലുള്ള ഒരു നേതാവിനെ ഇപ്പോൾ അംഗീകരിക്കുമോ എന്നുള്ള കാര്യം സംശയമാണ്.

പക്ഷെ, 30 കോടിക്കടുത്ത് തീർത്തും ദരിദ്രരായ ആളുകൾ ഇന്ത്യയിൽ ഉണ്ടെന്നുള്ളതും കൂടി നാം ഓർക്കണം. ആ പാവപ്പെട്ടവരെ പ്രതിനിധീകരിക്കാൻ ആരുമില്ലെന്നതാണ് ഇന്നത്തെ ഇന്ത്യയിലെ ദുഖകരമായ അവസ്ഥ.

മഹാത്മാ ഗാന്ധിക്ക് പണ്ട് കോൺഗ്രസിലെ ഉന്നതകുല ജാതരെ ചേരികളിൽ വരുത്തുന്നത് ഒരുതരം വിനോദമായിരുന്നു. തങ്ങൾ ഭരിക്കാൻ പോകുന്ന നാടിൻറ്റെ യഥാർഥ അവസ്ഥ ബോധ്യപ്പെടുത്തുവാനായിട്ടാണ് മഹാത്മാ ഗാന്ധി അത് ചെയ്തത്.

സ്വാതന്ത്ര്യത്തിന് മുമ്പ് 1947 ജൂണിൽ മഹാത്മാ ഗാന്ധി ഡൽഹിയിൽ വന്നപ്പോൾ അദ്ദേഹം താമസിക്കാൻ നേരെ പോയത് ബിർളാ ഹൗസിനോട് ചേർന്നുള്ള 'ഭാൻഗി' കോളനിയിലേക്കായിരുന്നു.

ഗാന്ധിക്ക് താമസിക്കാൻ സർക്കാർ അതിഥി മന്ദിരങ്ങൾ ഇഷ്ടം പോലെ ഉള്ളപ്പോൾ പോലും അദ്ദേഹം 'ഭാൻഗി' കോളനിയിലേക്ക് പോയത് ബോധപൂർവ്വമായിരുന്നു. ഡൽഹിയിൽ അന്ന് ഗാന്ധി താമസിച്ച ആ തോട്ടികളുടെ കോളനിയുടെ സ്ഥാനത്ത് ഇന്നൊരു 'വാൽമീകി മന്ദിർ' ഉണ്ട്.

കോടീശ്വരനായ ബിർളയുടെ വീടിൻറ്റെ അടുത്തായിരുന്നു അന്ന് ഗാന്ധി താമസിച്ചിരുന്ന തോട്ടികളുടെ കോളനി എന്നത് തന്നെ ഇന്ത്യയുടെ അന്നത്തെ വൈപരീത്യങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയായിരുന്നു.

ആ തോട്ടികളുടെ കോളനിയിൽ ഇരുന്നാണ് നെഹ്രുവും പട്ടേലും ഉൾപ്പെടെയുള്ള 'കോൺഗ്രസ് വർക്കിങ് കമ്മിറ്റി' സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭാവി നിർണയിച്ച നിർണായകമായ പല തീരുമാനങ്ങളും എടുത്തത് എന്നത് ഇന്നത്തെ ഇന്ത്യയിലെ എത്ര പേർ വിശ്വസിക്കും???

ഡൽഹിയിൽ ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്നപ്പോൾ പുനരധിവാസ കോളനികൾ തുടങ്ങുന്നതിന് മുമ്പ് ഡൽഹി നഗരത്തിൻറ്റെ ഹൃദയ ഭാഗങ്ങളിൽ ഇഷ്ടം പോലെ ചേരികൾ ഉണ്ടായിരുന്നു.

ഇന്നത്തെ 'ഇൻഡ്യാ ഗേറ്റ്' നിലനിൽക്കുന്ന സ്ഥാനത്ത് പോലും കുറെയേറെ വർഷങ്ങൾക്കു മുൻപ് ചേരിയായിരുന്നു.

അമേരിക്കൻ പ്രസിഡൻറ്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ ഭാര്യ ജാക്വലിൻ കെന്നഡിയും, പ്രെസിഡൻറ്റ് ജിമ്മി കാർട്ടറും ഒക്കെ ഉൾപ്പെടെയുള്ള അമേരിക്കൻ ഭരണവർഗത്തിലുള്ള അനേകം പേർ ചേരികളുള്ള ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ തലസ്ഥാന നഗരി സന്ദർശിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദർശിച്ചപ്പോൾ വഴിയിൽ മൂത്രമൊഴിക്കുന്നവരെ ഒക്കെ കണ്ട് ഇന്ത്യയെ കുറിച്ച് മോശം അഭിപ്രായം പറയുകയുണ്ടായി.

ആ അഭിപ്രായം കേട്ടപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദർ കുമാർ ഗുജ്റാൾ ഡൽഹിയിൽ ടോയ്‌ലെറ്റ് നിർമാണത്തിന് ഉത്തരവിറക്കുക ആണ് ചെയ്തത്. അതുപോലുള്ള പ്രശ്ന പരിഹാരമാണ് നമുക്ക് വേണ്ടത്; അതല്ലാതെ വ്യാജ നിർമിതികളല്ലാ.

പണ്ടത്തെ ഇന്ത്യൻ പ്രധാനമന്ത്രിമാരൊക്കെ നല്ല വ്യക്തിത്വമുള്ളവരായിരുന്നു. അവരാരും ഇന്നത്തെ പ്രധാനമന്ത്രിയെപ്പോലെ കോംപ്ളക്സിന് അടിമപ്പെട്ടവർ ആയിരുന്നില്ല.

ഇന്നത്തെ പ്രധാനമന്ത്രിക്ക് വല്ലാത്ത കോംപ്ലക്സ് ഉണ്ട്. അതുകൊണ്ടാണ് ഇല്ലാത്ത ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും ഉണ്ടെന്നുള്ള അവകാശവാദം ഉന്നയിക്കുന്നത്; വ്യാജ സർട്ടിഫിക്കേറ്റ് ധന മന്ത്രിയേയും, പാർട്ടി പ്രസിഡൻറ്റിനേയും കൊണ്ട് പത്ര സമ്മേളനത്തിൽ ഉയർത്തി കാണിപ്പിച്ചത്; മുതലയെ പിടിച്ച ഇല്ലാത്ത ബാല്യകാല കഥകൾ പടച്ചുവിടുന്നത്; ഹിമാലയത്തിൽ പുലർകാലേ കുളിച്ച കഥ പറയുന്നത്.

ഇത്തരം വ്യാജ നിർമിതികൾക്കപ്പുറം ജനത്തെ ദ്രോഹിക്കുവാൻ വരെ അദ്ദേഹത്തിൻറ്റെ കോംപ്ലക്സ് ഇപ്പോൾ ഇടയാക്കുന്നു. അതാണ് അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപിൻറ്റെ സന്ദർശനം പ്രമാണിച്ച് ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകാൻ അഹമ്മദാബാദിലെ ചേരി നിവാസികൾക്ക് സംസ്ഥാന സർക്കാർ ഉത്തരവ് കൊടുക്കുന്നത്.

കിടപ്പാടം ഇല്ലാത്ത പാവപ്പെട്ടവർ എങ്ങോട്ടു പോകണം എന്ന് മാത്രം സർക്കാർ ഉത്തരവിൽ പറയുന്നുമില്ല എന്നതാണ് ഇന്നത്തെ ഇന്ത്യയിലെ ദുഖകരമായ അവസ്ഥ.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment