Advertisment

അരവിന്ദ് കേജ്‌രിവാളിൻറ്റെ ബീഹാറികൾക്കെതിരെയുള്ള പരാമർശം - പാവപ്പെട്ടവർക്ക് ശബ്ദം നഷ്ടപ്പെടുന്ന പുതിയ ഇന്ത്യ

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

ൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആളൊരു ബുദ്ധിമാനാണ്. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി നിലകൊള്ളുന്ന ഒരു പാർട്ടി എന്ന ലേബലിൽ നിന്ന് ഇപ്പോൾ കേജ്‌രിവാളിൻറ്റെ പ്രാദേശിക വികാരം മുതലാക്കാനുള്ള തീരുമാനം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ഒന്നാണെന്ന് ചിന്തിക്കുന്ന എല്ലാവർക്കും കാണുവാൻ സാധിക്കും.

ബുദ്ധിമാനായ കേജ്‌രിവാളിൻറ്റെ രാഷ്ട്രീയ കുരുട്ടു ബുദ്ധിയുടെ ഭാഗമായാണ് അദ്ദേഹം ബീഹാറികൾക്കെതിരെ തിരിഞ്ഞത്. ബി.ജെ.പി. തീവ്ര ദേശീയത മുതലാക്കുമ്പോൾ, ഡി എം കെ തമിഴ് ദേശീയത മുതലാക്കുമ്പോൾ, മമതാ ബാനർജി ബംഗാളി ഭാഷാ വികാരം രാഷ്ട്രീയ ആയുധമാക്കുമ്പോൾ കേജ്‌രിവാളിനെ കുറ്റം പറയാനും സാധിക്കില്ല. പ്രായോഗിക രാഷ്ട്രീയത്തിൻറ്റെ 'കംബൾഷൻസ്' ആയി കേജ്‌രിവാളിൻറ്റെ ബീഹാറികൾക്കെതിരെയുള്ള നീക്കം വ്യാഖിനിക്കേണ്ടി വരും; ആം ആദ്മി പാർട്ടിയുടെ അടിസ്ഥാന തത്ത്വങ്ങളിൽ നിന്ന് അത്തരമൊരു സമീപനം വ്യതിചലിക്കുക ആണെങ്കിലും.

2016 - ലെ കണക്കനുസരിച്ച് ഡൽഹിയുടെ മൊത്തം ജനസംഖ്യ 18.6 മില്യൺ ആണ്. അതായത് ഏകദേശം ഒരു കോടി 90 ലക്ഷത്തിനടുത്ത്. ഡൽഹിക്ക് ചുറ്റുമുള്ള ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ, ഗുർഗോൺ, സോനിപ്പട്ട് - ഈ സ്ഥലങ്ങളിലെ ജനസംഖ്യ കൂടി കൂട്ടിയാൽ ഏകദേശം 24 മില്യൺ ആളുകൾ അഥവാ രണ്ടര കോടിക്കടുത്തുള്ള ജനങ്ങൾ 'നാഷണൽ ക്യാപ്പിറ്റൽ റീജിയനിൽ' താമസിക്കുന്നു. ഈ ജനസംഖ്യയിൽ ഒരു പങ്ക് 'ഫ്‌ളോട്ടിങ് പോപ്പുലേഷൻ' ആണ്.

publive-image

അന്യ സംസ്ഥാന തൊഴിലാളികളും, വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഡൽഹിയിലേക്ക് വരുന്നവരും ആണവർ. ഡൽഹിയിൽ വോട്ടവകാശം ഇല്ലാത്ത ഈ അന്യ സംസ്ഥാന തൊഴിലാളികളോടും, വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഡൽഹിയിലേക്ക് വരുന്നവരോടും ഡെൽഹിക്കാർക്ക് പ്രത്യേകിച്ച് മമത ഒന്നുമില്ല; പലപ്പോഴും വിരോധവുമുണ്ട്. ഈ വിരോധം വോട്ടാക്കി മാറ്റാനുള്ള യജ്ഞത്തിലാണെന്നു തോന്നുന്നു ഇപ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.

ലോകത്തിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിലൊന്നായ ഡൽഹിയിൽ 63 ലക്ഷത്തോളം അന്യ സംസ്ഥാനക്കാർ ഉണ്ടെന്നാണ് ഒരു ഏകദേശ കണക്ക്. അതായത് മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തോളം ഈ അന്യ സംസ്ഥാന തൊഴിലാളികളും അവരുടെ കുടുംബങ്ങളുമായി വരും.

ഈ 'മൈഗ്രൻറ്റ് ലേബറേഴ്‌സിൽ' ഏറ്റവും ദരിദ്ര വാസികൾ ആണ് ബീഹാറികൾ. ദാരിദ്ര്യത്തേയും, പിന്നോക്കാവസ്ഥയേയും പുച്‌ഛിക്കുന്ന ഉത്തരേന്ത്യൻ സമൂഹം പണ്ട് "ബീഹാറിയോം കോ മാർനാ ഹേ" എന്നാണ് പറഞ്ഞിരുന്നത് - ബീഹാറിയെ കണ്ടാൽ തല്ലണമെന്ന്. ഇപ്പോഴും ആ മനോഗതിക്ക് വലിയ മാറ്റമുണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല. 'അരേ ബീഹാറി' എന്ന് വിളിക്കുന്നതാണ് ഉത്തരേന്ത്യയയിൽ പലപ്പോഴും ഏറ്റവും നിന്ദ്യമായി കണക്കാക്കപ്പെടുന്നത്.

ഈ ബീഹാറികളോടുള്ള പൊതുജനത്തിൻറ്റെ വിരോധം സമർത്ഥമായി മുതലാക്കുകയാണ് ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്‌രിവാൾ ഇപ്പോൾ. 500 രൂപക്ക് ടിക്കറ്റെടുത്ത് 5 ലക്ഷം രൂപയുടെ മെഡിക്കൽ സേവനങ്ങൾ ബീഹാറികൾക്ക് ഡൽഹിയിൽ കിട്ടുന്നു; അതുകൊണ്ടാണ് ഡൽഹിയിലെ ആശുപത്രികളിൽ തിരക്ക് വർധിക്കുന്നത് എന്ന് അരവിന്ദ് കേജ്‌രിവാൾ പറയുമ്പോൾ അതിലൊരു ഗൂഢ ലക്ഷ്യമുണ്ട്.

താൻ ഡൽഹി നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വളരെയേറെ കാര്യങ്ങൾ ചെയ്തു; പക്ഷെ പുറത്തു നിന്നുള്ളവർ ആ നേട്ടങ്ങളൊക്കെ അടിച്ചുമാറ്റുകയാണ് എന്ന് പറയാതെ പറയുകയാണ് അരവിന്ദ് കേജ്‌രിവാൾ. ദരിദ്ര വാസികളായ ബീഹാറികൾ തങ്ങൾക്ക് അവകാശപ്പെട്ടതൊക്കെ അടിച്ചുമാറ്റുന്നു എന്ന് ഒരു 'ഫീലിംഗ്' വരുമ്പോൾ പ്രാദേശിക ജനത തന്നോടൊപ്പം നിൽക്കും എന്ന് ബുദ്ധിമാനായ കെജ്‌രിവാളിന് അറിയാം.

സത്യത്തിൽ ബീഹാറികൾക്കെതിരെയുള്ള ജനവികാരം ഡൽഹിയിൽ മാത്രം ഒതുങ്ങുന്നതല്ല. പണ്ട് ബീഹാറികള്‍ക്കെതിരെ പ്രസംഗിച്ചതിന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെക്കെതിരെ ബിഹാര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതാണ്. പാര്‍ട്ടി മുഖപത്രമായ സാ‌മ്നയില്‍ ബീഹാറികള്‍ക്കെതിരെ മോശമായ ഭാഷയില്‍ ലേഖനമെഴുതിയ കേസിലാണ് ബോജ്‌പുര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി താക്കറെക്കെതിരെ അറസ്റ്റ് വാറൻറ്റ് പുറപ്പെടുവിച്ചത്.

കൂടെ ശിവസേനാ പ്രവർത്തകർ മുംബൈയിലെ ചില ബീഹാറികളെ ആക്രമിക്കുകയും ചെയ്തു. മുംബൈയില്‍ താമസിക്കുന്ന ബീഹാറികള്‍ക്ക് പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കണമെന്ന്‌ ശിവസേന വര്‍ക്കിംഗ് പ്രസിഡൻറ്റ് ഉദ്ദവ് താക്കറേ പറഞ്ഞിരുന്നു. ഒരു പടി കൂടി പോയി മഹാരാഷ്ട്രയിലെ ബീഹാറികള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന രാജ് താക്കറേയും പറഞ്ഞു.

ഇന്ത്യയുടെ നഗരങ്ങളിൽ റിക്ഷാ ചവിട്ടുകാരും, 'മൈഗ്രൻറ്റ് ലേബറേഴ്‌സുമായി' ഏറ്റവും കൂടുതലുള്ള വിഭാഗമാണ് ബീഹാറികൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്ന ഗ്രൂപ്പാണിവർ. അവർ പാവപ്പെട്ടവരാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഇന്ത്യൻ മധ്യവർഗ്ഗത്തിൻറ്റെ മിഥ്യാഭിമാനത്തിന് രാജ്യത്തിലെ അത്തരം ദാരിദ്ര്യമൊന്നും ഇപ്പോൾ രുചിക്കുന്നില്ല.

അതുകൊണ്ട് ഇന്ത്യയിലെ ടി.വി. ചാനലുകളൊന്നും ദരിദ്രരുടെ പ്രശ്നങ്ങൾ ഇപ്പോൾ കാണിക്കുന്നുമില്ല. മൊത്തത്തിൽ അവർക്കുള്ള മീഡിയ കവറേജ് വളരെ കഷ്ടിയാണ്. മഹാത്മാ ഗാന്ധിയുടെ 'ദരിദ്രനാരായണന്മാരുടെ ഇന്ത്യ' എന്ന നിലയിൽ നിന്ന് 'ശക്തമായ ഇന്ത്യ' എന്ന ഇമേജ് നൽകാനാണിപ്പോൾ കേന്ദ്ര സർക്കാരും, ബി.ജെ.പി. – യും, സംഘ പരിവാറും ഒക്കെ ചേരുന്ന ഇന്നത്തെ ഭരണവർഗം ശ്രമിക്കുന്നത്.

അതിനനുസരിച്ച് താളം തുള്ളുകയാണ് അരവിന്ദ് കേജ്‌രിവാളും. ചുരുക്കം പറഞ്ഞാൽ പാവപ്പെട്ടവർക്ക് ശബ്ദം നഷ്ടപ്പെടുന്ന ഇന്ത്യയായി പുതിയ ഇന്ത്യ മാറിക്കൊണ്ടിരിക്കയാണിപ്പോൾ.


(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment