Advertisment

പണാധിപത്യം മൂലമുണ്ടായ രാഷ്ട്രീയ ശക്തി ബി.ജെ.പി.ക്ക് അധിക നാൾ നിലനിറുത്തുവാൻ സാധിക്കുമോ ?

New Update

publive-image

Advertisment

ഴയ ആദർശ രാഷ്ട്രീയം ഒക്കെ ഇന്ത്യയിൽ നിന്ന് പോയ്മറഞ്ഞിട്ട് കാലം കുറെയായി. ഈറോം ശർമ്മിളക്കും, മേധാ പട്കർക്കും ഒക്കെ ഇന്ന് മാധ്യമങ്ങളിൽ മാത്രമേ സ്ഥാനമുള്ളൂ. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രതികരിക്കുന്നവർ ഇതൊക്കെ മനസിലാക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

ഇന്ന് ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വാർഡ് തിരഞ്ഞെടുപ്പിൽ നിൽക്കുന്ന ആൾ പോലും അഞ്ചും പത്തും ലക്ഷം രൂപാ മിനിമം മുടക്കുന്നുണ്ട്. പണം കൊടുക്കാതെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുവാൻ ഇന്ന് ആളെ കിട്ടില്ല. ചിക്കൺ ബിരിയാണിയും, ക്വാർട്ടറും കൊടുത്താലേ രാഷ്ട്രീയ പാർട്ടികളുടെ ജാഥകൾക്ക് ഇന്ന് ആളെ കിട്ടൂ.

പണാധിപത്യം പുലരുന്ന ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പണം വാരി എറിയുന്ന ബി.ജെ.പി. ശക്തമായ സ്വാധീനം അതുകൊണ്ടു തന്നെ തെളിയിക്കുന്നു. ബി.ജെ.പി. ഇന്ത്യയിൽ വളർന്നത് തന്നെ പണത്തിൻറ്റെ ശക്തി കൊണ്ടായിരുന്നു.

കോടിക്കണക്കിനു രൂപയാണ് ബി.ജെ.പി.-യും, സംഘ പരിവാർ സംഘടനകളും പ്രചാരണത്തിനായി ഓരോ വർഷവും ചിലവഴിക്കുന്നത്. ഈ പബ്ലിക്ക് റിലേഷന് മുടക്കുന്ന പണത്തിൽ ഭൂരിപക്ഷവും പോകുന്നത് പത്രമാധ്യമങ്ങൾക്കാണ്. അതൊക്കെ വായിക്കുന്നവർ തെറ്റിദ്ധരിക്കപ്പെടുന്നത് സ്വോഭാവികം മാത്രം.

രാജ്യത്തു കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ചു നടപ്പാക്കിയ പദ്ധതികളുടെ യഥാർഥ രൂപം ഇന്ന് ജനങ്ങൾ അറിയുന്നില്ല. അതൊന്നും ഇന്ത്യയിലെ മോഡി സ്തുതി മാധ്യമങ്ങൾ പറയില്ല. അതുകൊണ്ട് സാധാരണ ജനങ്ങൾ അറിയുകയും ഇല്ല.

ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പണക്കൊഴുപ്പ് ആണ് ബി.ജെ.പി. ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. നേതാക്കൾ ചാർട്ടേർഡ് വിമാനങ്ങളിൽ സഞ്ചരിക്കുന്നു; ഹെലികോപ്റ്ററിൽ പറന്നു നടക്കുന്നു; മുഴുവൻ പ്രാദേശിക, ദേശീയ പതങ്ങളിൽ ഒന്നും, രണ്ടും പേജ് മുഴു നീളെ പരസ്യം കൊടുക്കുന്നു; സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടത്തുന്നു; വൻ തെരഞ്ഞെടുപ്പു റാലികൾ സന്ഖടിപ്പിക്കുന്നു - അങ്ങനെയൊക്കെയാണ് ഇന്ന് കാര്യങ്ങൾ പോകുന്നത്.

പെയ്ഡ് ന്യൂസും ഇഷ്ടം പോലെ പ്രചരിക്കുന്നൂ. വാട്ട്സ്ആപ്പ് യൂണിവേഴ്‌സിറ്റികൾ വിദ്യാഭ്യാസമുള്ള ആളുകളെ പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഓരോരോ നുണക്കഥകൾ പടച്ചു വിട്ടുകൊണ്ടിരിക്കുന്നു. ഈ പ്രചാരണത്തെ വെല്ലുവിളിക്കാൻ കോൺഗ്രസിനോ, പ്രാദേശിക പാർട്ടികൾക്കോ ഒരു രീതിയിലും ആവുന്നില്ല.

ഇന്ത്യയിലെ ഇടതുപക്ഷത്തിനാണ് ബി.ജെ.പി.-യുടെ ഈ വളർച്ചയിൽ ഏറ്റവും വലിയ നഷ്ടം ഉണ്ടായിരിക്കുന്നത്. അരുണ ആസഫലി, അച്യുത് പട്വർധൻ, ജയപ്രകാശ് നാരായൺ, റാം മനോഹർ ലോഹ്യ - എന്നീ ഇടതുപക്ഷ ആഭിമുഖ്യമുള്ള നേതാക്കൾ ഇന്ത്യയിൽ ഒരുകാലത്ത് വളരെ അറിയപ്പെട്ടിരുന്ന ദേശീയ നേതാക്കളായിരുന്നു.

'ലോഹ്യാ വിചാർ വേദി' ഒക്കെ ഒരുകാലത്ത് കേരളത്തിൽ പോലും സജീവമായിരുന്നു. 1989 - ൽ സി.പി.ഐ. -യുടെ മിത്രാസെൻ യാദവ് അയോദ്ധ്യ ഉൾപ്പെടെയുള്ള ഫൈസാബാദ് മണ്ഡലത്തിൽ നിന്ന് ലോക്സഭാ എം.പി. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

AlTUC/ CITU / CPI(M), CPI - എന്നീ പ്രസ്ഥാനങ്ങളുടെ ചെങ്കൊടികൾ ഒരുകാലത്ത് അയോധ്യയിൽ പാറിപ്പറന്നിട്ടുണ്ട്. അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ നിന്ന് ലോക്സഭാ എം.പി. ആയി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മിത്രാസെൻ യാദവ് ഒടുവിൽ ഗത്യന്തരമില്ലാതെ മുലായം സിങ് യാദവിൻറ്റെ സമാജ് വാദി പാർടിയിൽ ചേർന്നതു തന്നെ കാണിക്കുന്നത് ഉത്തരേന്ത്യയിൽ ഇടതുപക്ഷത്തിൻറ്റെ രാഷ്ട്രീയമായ സ്വാധീനമില്ലായ്മ എവിടം വരെ പോയി എന്നു തന്നെയാണ്.

1967 വരെ ബിഹാറിലും, ഉത്തർ പ്രദേശിലും ഇടതുപക്ഷ പാർട്ടികൾക്ക് ലോകസഭ തിരഞ്ഞെടുപ്പുകളിൽ സീറ്റ് കിട്ടിയിരുന്നു. ജാതി-മത ശക്തികൾ 1990-നു ശേഷം ഇന്ത്യയിൽ പിടി മുറുക്കിയപ്പോൾ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാണ്.

ബീഹാറിൽ ലാലു പ്രസാദ് യാദവും, ഉത്തർപ്രദേശിൽ മുലായം സിങ്ങും മായാവതിയുമെല്ലാം അധികാരം പങ്കിട്ടെടുത്തപ്പോൾ പിന്നോക്കം പോയത് ഒരുകാലത്ത് ഇന്ത്യയിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷമാണ്.

ആസൂത്രിതവും സംഘടിതവുമായി ചാപ്പ അടിച്ച് ജെ.എൻ.യു. - വിനേയും, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയേയും, ജാദവ്പൂർ യൂണിവേഴ്‌സിറ്റിയേയും ഒക്കെ മോശമാക്കുമ്പോഴും നഷ്ടം സംഭവിക്കുന്നത് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാണ്.

സുപ്രീം കോടതിയുടെ അയോദ്ധ്യ കേസിലുള്ള വിധിയും ഏറ്റവും വലിയ നഷ്ടം സമ്മാനിക്കുന്നത് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാണ്. അതൊക്കെ അവർ തിരിച്ചറിയുന്നുണ്ടോ എന്നുള്ള കാര്യം സംശയമാണ്.

അന്ധമായ കോൺഗ്രസ് വിരോധം പുലർത്തുമ്പോൾ, കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കാണുന്നില്ല.

ഈ പണാധിപത്യത്തിൻറ്റെ ശക്തി ബി.ജെ.പി.-ക്കും അധിക നാൾ നിലനിറുത്തുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആർ.എസ്.എസ്.- നെ കാര്യമായി മൈൻഡ് ചെയ്തിരുന്നില്ല എന്നാണ് പറയപ്പെടുന്നത്.

സംഘ പരിവാറിൻറ്റെ പ്രധാന വിഷയങ്ങളായ ഗോ സംരക്ഷണത്തോടും, അമ്പലം സംരക്ഷണത്തോടും മോഡിക്ക് വലിയ യോജിപ്പൊന്നും ഇല്ലായിരുന്നു. മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അവിടെ റോഡ് വികസനത്തിനായൊക്കെ ആയി അനേകം അമ്പലങ്ങൾ പൊളിച്ചിട്ടുണ്ട്.

പശുവിനോടും പുള്ളി അന്ന് കാര്യമായ സ്നേഹം ഒന്നും കാണിച്ചിട്ടില്ല. പക്ഷെ ഇതൊക്കെയാണെങ്കിലും ആർ.എസ്.എസ്സുമായി മോഡിക്ക് നല്ല ബന്ധമായിരുന്നു. അതിനു കാരണമായി ചിലരൊക്കെ ചൂണ്ടി കാട്ടിയുള്ള ഫാക്റ്റർ ഒന്ന് മാത്രമാണ് - പണം.

പണ്ട് മുളവടിയും, കാക്കി ട്രൗസറും ആയി നടന്നിരുന്ന ആർ.എസ്.എസ്സുകാർ ഇരുപത്തൊന്നാം നൂറ്റാണ്ടായപ്പോൾ ഒരുപാട് മാറി. ഇപ്പോൾ അവർ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ ടെക്നോളജിയുടെ ഭാഗമാണ്. ഇൻറ്റർനെറ്റും, കംപ്യൂട്ടറും, സ്മാർട്ട് ഫോണും ഒക്കെയായി പ്രവർത്തിക്കാൻ അവർക്കും പണം വേണം.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോഡിക്ക് മാത്രമേ അന്ന് പണം മൊബിലൈസ് ചെയ്യാൻ സാധിച്ചിരിന്നുള്ളൂ. പ്രമോദ് മഹാജൻറ്റെ കൊലപാതകത്തിന് ശേഷം മോഡിക്ക് ബി.ജെ.പി.- യിൽ ഉയരാൻ സാധിച്ചതും പണം സംഘടിപ്പിക്കാനുള്ള കഴിവായിരുന്നു.

മോഡിക്ക് മുമ്പ് പ്രമോദ് മഹാജനായിരുന്നു ആ ചുമതല എന്നാണ് കേട്ടിട്ടുള്ളത്. പ്രമോദ് മഹാജൻറ്റെ കൊലപാതകത്തിൻറ്റെ കാരണം ഇന്നും അജ്ഞാതമാണല്ലോ.

പക്ഷെ ഇനിയിപ്പോൾ കേന്ദ്ര ഭരണം തുലാസിലാകാൻ പോവുകയാണ് എന്നതിൻറ്റെ സൂചനകളൊക്കെ വന്നു തുടങ്ങി കഴിഞ്ഞു.

ഡൽഹിയിലൊക്കെ ബിസിനസ് പഴയ പോലെ ഇല്ലാ. ഉത്തരേന്ത്യയിലെ ജനം ദീപാവലി സമയത്താണ് കാര്യമായ ഷോപ്പിംഗ് നടത്തുന്നത്. ഫ്രിഡ്ജ്, T.V., വാഷിംഗ് മെഷീൻ - ഇവയൊക്കെ കൂടുതലും ചിലവാകുന്നത് ദീപാവലി സമയത്താണ്. 2019 - ലെ കാര്യം നോക്കുമ്പോൾ ഇത്രയും കച്ചവടം കുറഞ്ഞ ദസറാ, ദീപാവലി സീസൺ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.

സുപ്രീം കോടതി നിരോധിച്ചതുകൊണ്ട് പടക്ക വിൽപ്പനയും നടന്നില്ല. അതല്ലെങ്കിൽ ദീപാവലിക്ക് ഉത്തരേന്ത്യൻ നഗരങ്ങളിൽ രാത്രി മുഴുവൻ പടക്കം പൊട്ടേണ്ടതല്ലേ? കോടികണക്കിന് രൂപയുടെ കച്ചവടം ആണ് ആ വകുപ്പിൽ തന്നെ നഷ്ടമായത്. തങ്ങളുടെ സാധനങ്ങൾ വിറ്റഴിക്കാൻ സാധിച്ചില്ലെങ്കിൽ മോഡിയെ വളർത്തിയ ബിസ്നസ് ക്ലാസ് തന്നെ മോഡിയെ വലിച്ചു താഴെയിടും.

ബി.ജെ.പി.- യെ പണ്ടേ 'ഷോപ്പ് കീപ്പേഴ്സ് പാർട്ടി' എന്നാണ് വിളിച്ചിരുന്നത്. അപ്പോൾ കടക്കാർക്ക് നഷ്ടം സംഭവിക്കുകയാണെങ്കിൽ പിന്നെ ബി.ജെ.പി.- യുടെ നിലനിൽപ്പ് എങ്ങനെ ഭദ്രമാകും? ഉത്തരേന്ത്യൻ 'ബനിയാ പാർട്ടിക്ക്' പിന്നെ വളരാൻ വലിയ സ്കോപ്പില്ല.

ഈ വസ്തുത ചൂണ്ടി കാണിക്കുമ്പോൾ സംഘ പരിവാറുകാർ ഓൺലൈൻ ബിസ്നസ് ചൂണ്ടി കാട്ടും. ആമസോൺ, ഫ്ലിപ്പ്കാർട്ട്, സ്നാപ്പ്ഡീൽ - തുടങ്ങിയ ഓൺലൈൻ സ്ഥാപനങ്ങൾ തകർപ്പൻ ബിസ്നസ് ആണ് നടത്തുന്നതെന്ന് അവർ പറയും.

ഓൺലൈൻ വ്യാപാരം ഇന്ത്യയിലെ അപ്പർ മിഡിൽ ക്ലാസിനും, എലീറ്റ് ക്ലാസിനും ആണ് പഥ്യം; സാധാരണകാർക്കല്ല. സാധാരണകാരൻറ്റെ കൂടെ ക്രയ വിക്രയ ശേഷി ഉയർന്നില്ലെങ്കിൽ ഒരു മാന്ദ്യ സമയത്ത് സമ്പദ് വ്യവസ്ഥ ഉണരില്ല. അത്തരത്തിൽ സാധാരണക്കാരൻറ്റെ ക്രയ വിക്രയ ശേഷി ഉയരുന്ന ഒരു ട്രെൻഡും ഇപ്പോൾ കാണുവാൻ സാധിക്കുന്നുമില്ല.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment