Advertisment

സര്‍ക്കാരുമായി ഉടക്കി രാജിവയ്ക്കുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനായി മലയാറ്റൂര്‍ രാമകൃഷ്ണന്‍ മാറിയപ്പോള്‍ അതൊരു ശാപമായി മാറാതിരിക്കാന്‍ കരുണാകരന്‍ കണ്ടെത്തിയത് എസ് കൃഷ്ണകുമാറിനെ. നിരവധി "പക്ഷേ"കള്‍ പാരയായപ്പോള്‍ കൊച്ചി മറൈന്‍ ഡ്രൈവിന്റെ സ്രഷ്ടാവായ ആ നേതാവിന് സംഭവിച്ചത് ?

New Update

''ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളിൽ മുഴുകി'' മലയാറ്റൂർ രാമകൃഷ്ണൻ എന്ന കലാകാരൻ ഐഎഎസ് പദവി രാജിവെച്ചശേഷം ആലുവയിലെ പെരിയാർ ബാറിൽ ചെന്ന് മൂക്കറ്റം കുടിച്ച് ആലുവാപ്പാലത്തിന്റെ ആ വളഞ്ഞ ഭിത്തിയിൽ കിടന്ന് ഈ പാട്ട് പാടുകയാണ്.

Advertisment

അന്നത്തെ എറണാകുളം കളക്ടർ ആ വഴി പോകുമ്പോഴാണ്‌ കിടന്ന് പാടുന്നത് മലയാറ്റൂര്‍ ആണെന്ന് തിരിച്ചറിയുന്നത്. കയ്യോടെ പിടിച്ച് കാറില്‍ കയറ്റി തോട്ടുവയിലുള്ള വീട്ടിൽ കൊണ്ടുചെന്നാക്കി.

publive-image

എഴുത്തുകാരനിൽ നിന്നും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ്, ആലപ്പുഴ ദേവികുളം ഒറ്റപ്പാലം തൃശൂർ സബ് കളക്ടർ, കോഴിക്കോട് കളക്ടർ, ആരോഗ്യം റവന്യു ഹരിജനക്ഷേമം ട്രാൻസ്‌പോർട് വകുപ്പ് കൃഷി ഭക്ഷ്യവിതരണം എന്നിവയുടെ തലപ്പത്ത് എത്തി.

പിന്നീട് വിജിലൻസ് വകുപ്പിന്റെ മേധാവിയായപ്പോൾ ആഭ്യന്തവകുപ്പ് മന്ത്രിയായിരുന്ന ലീഡർ കെ കരുണാകരനുമായി ഉടക്കുകയും ട്രാൻസ്‌പോർട് വകുപ്പിലേക്ക് തരം താഴ്ത്തുകയും ചെയ്തു. ഐഎഎസ് ലഭിക്കുന്നതിന് മുൻപായി ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ ഒരാൾക്ക് ഒരിക്കലും യുഡിഎഫിനോട് കൂറ് പുലർത്താനാവില്ല എന്ന ലീഡറുടെ തിരിച്ചറിവാണ് ഇവർ തമ്മിലുള്ള അങ്കംവെട്ടിന്റെ കാരണമായത്.

publive-image

ഒരു രാഷ്ട്രീയക്കാരനുമായുള്ള അങ്കം വെട്ടിന്റെ പേരിൽ ഐഎഎസ് ഉപേക്ഷിക്കുന്ന ആദ്യ വ്യക്തി എന്നതായിരുന്നു മലയാറ്റൂരിന്റെ പൊൻതൂവൽ. പിന്നീട് വന്ന ഐഎഎസ്, ഐപിഎസുകാരെല്ലാം പിന്നീട് ലീഡറുടെ ശത്രുപക്ഷത്തേക്ക് നീങ്ങുന്നതായി മനസ്സിലാക്കിയപ്പോൾ ലീഡർ ഇറക്കിയ തുറുപ്പു ചീട്ടാണ് എസ് കൃഷ്ണകുമാർ.

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം റാങ്കുകാരനായ എസ് കൃഷ്ണകുമാർ എറണാകുളം ജില്ലാ കലക്ടറായിരിക്കെയാണ് മറൈൻ ഡ്രൈവ് ഉണ്ടാക്കുന്നത്. അങ്ങനെ കൊച്ചിയിൽ ഉണ്ടാക്കിയ നിരവധി പ്രോജക്ടുകളുടെ പേരിൽ വിജിലൻസ് അന്വേഷണം നേരിടേണ്ടിവന്നപ്പോൾ ലീഡർ അദ്ദേഹത്തോട് പറഞ്ഞു. "തനിക്ക് ഈ പണി പറ്റില്ല , താൻ ഞങ്ങളുടെ കൂടെ വാ".

publive-image

1984 ലോക്സഭാ തിരഞ്ഞെടുപ്പിൽ സകലമാന കോൺഗ്രസ്സ് നേതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് കൊല്ലം സീറ്റ് എസ് കൃഷ്ണകുമാറിന് നൽകി. അന്നത്തെ ആർഎസ്പിയിലെ പ്രമുഖനായ ആർഎസ് ഉണ്ണിയെയാണ് കൃഷ്ണകുമാര്‍ മലർത്തിയടിച്ചത്.

പിന്നീട് കൃഷ്ണകുമാര്‍ രാജിവ് ഗാന്ധി മന്ത്രിസഭയിലെ ശാസ്ത്രസാങ്കേതിക സഹമന്ത്രിയായതും കരുണാകരന്റെ അനുഗ്രഹത്താല്‍ തന്നെ. അവിടെ എത്തിയപ്പോള്‍ കൃഷ്ണകുമാറിന്റെ കഴിവും പ്രാഗത്ഭ്യവും രാജീവിന് നന്നേ ബോധിച്ചു. ഇന്ത്യയില്‍ ടെലിവിഷൻ വിപ്ലവത്തിന് തുടക്കം കുറിച്ച മന്ത്രിയും കൃഷ്ണകുമാര്‍ ആയിരുന്നു.

publive-image

എ എസുകാരനായിരിക്കെ ബീഹാറിലും യുപിയിലും നിരവധി സ്ഥാനങ്ങളിൽ ഇരുന്നതുകൊണ്ടു അവിടെയെല്ലാം നല്ല നല്ല ബന്ധങ്ങൾ വളർത്തിയിരുന്നു. കൂടാതെ ഭാര്യയും ദൽഹി കോൺഗ്രസ്സിൽ ആക്ടീവായിരുന്നു. നഴ്‌സുമാരുടെ കോൺഗ്രസ്സ് സംഘടനയുടെ അഖിലേന്ത്യേ പ്രസിഡണ്ടായിരുന്നു ഉഷ കൃഷ്ണകുമാർ. എന്നാല്‍ ഡൽഹിയിലെ ഒട്ടുമിക്ക നിശാ പാർട്ടികളിലും മദ്യസൽക്കാരങ്ങളിലും പതിവ് സാന്നിധ്യമായിരുന്നു ഈ ദമ്പതികളെന്ന് പാണന്മാര്‍ പറഞ്ഞുനടന്നു.

publive-image

എസ് കൃഷ്ണകുമാർ എന്ന ജീനിയസ്സിനെ കണ്ടെത്തിയതിൽ കരുണാകരൻ ഏറെ അഭിമാനിച്ചിരുന്നുവെങ്കിലും വർഷങ്ങൾ കഴിയുന്തോറും അതൊരു കുരിശ്ശായി മാറി എന്നായിരുന്നു ലീഡറിന്റെ വിലയിരുത്തല്‍. അഴിമതിക്കേസുകൾ അദ്ദേഹത്തെ തിഹാറിൽ വരെയെത്തിച്ചു.

നമ്മുടെ നാട്ടിലെ ഒട്ടുമിക്ക പ്രാഞ്ചിയേട്ടന്മാർക്കും പത്മശ്രീയും പത്മവിഭൂഷണും ഒക്കെ വീതം വെച്ചതിലും വിറ്റതിലുമൊക്കെ അദ്ദേഹത്തിന്റെ പങ്ക് നിർണ്ണായകമാണ് എന്നും മറ്റൊരു ആരോപണമുണ്ട്. പിന്നീട് ബിജെപിയിൽ ചേരുകയും ചുവരിൽ പന്തടിച്ചപോലെ തിരിച്ചു പോകുകയും ചെയ്തപ്പോഴൊക്കെ ഒരു ജീനിയസ് ഉരുകിത്തീരുകയായിരുന്നു.

കരുണാകരന്‍ എന്ന കൈത്താങ്ങ് ഇല്ലാതായപ്പോള്‍ കൃഷ്ണകുമാറും രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി മാറി.


71 വയസ് പൂര്‍ത്തിയായ ഇന്ത്യ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. ചരിത്ര പ്രധാനമൊന്നുമല്ലെങ്കിലും നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പ്. എല്ലാ തെരഞ്ഞെടുപ്പ് കാലങ്ങളും കേരളത്തെ സംബന്ധിച്ച് കൌതുകങ്ങള്‍ നിറഞ്ഞതായിരുന്നു.

ജനങ്ങള്‍ക്ക് സങ്കീര്‍ണ്ണവും കൌതുകകരവുമായി തോന്നിയ പല രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ പിന്നിലും ചില കൗതുകകരമായ പിന്നാമ്പുറങ്ങള്‍ ഉണ്ടായിരുന്നു. അവ പലതും അന്നൊക്കെ കോളിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയുമായിരുന്നു.

അത്തരം പിന്നാമ്പുറ കഥകള്‍ ഓര്‍മ്മിച്ചെടുക്കുകയാണ് ഈ പംക്തി.  സത്യം ഓണ്‍ലൈനില്‍ വായിക്കുക, ‘പിന്നാമ്പുറങ്ങള്‍’.. തയാറാക്കിയത് ഓണ്‍ലൈന്‍ രംഗത്ത് പല സൂപ്പര്‍ ഹിറ്റ്‌ പംക്തികള്‍ക്കും രചന നിര്‍വഹിച്ച എ കെ സത്താര്‍.

Advertisment