ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ അമേരിക്കയിലിരുന്ന്‍ ന്യൂ ജനറേഷന്‍ ഇലക്ഷന്‍ പ്രവര്‍ത്തനം നടത്തിയ പ്രമുഖ യുവന്‍ ദിവസം 20-30 കുടുംബയോഗങ്ങളില്‍വരെ പങ്കെടുക്കുന്ന ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കുന്നു ! പിജെ കുര്യന് സീറ്റ് കിട്ടാതെ വന്നപ്പോള്‍ ബിജെപി ദൽഹി ഘടക൦ കണ്ണീര്‍ പൊഴിക്കുന്നു. കോണ്‍ഗ്രസിനെ നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ സുധീരന്‍ – നമുക്ക് നാമേ പണിവത് നാകം …

ദാസനും വിജയനും
Wednesday, June 13, 2018

പി ജെ കുര്യൻ മുതലാളി വേണോ ? രാജ്മോഹൻ ഉണ്ണിത്താൻ വേണോ ? പിസി ചാക്കോ വേണോ ? ഷാനിമോൾ ഉസ്മാൻ വേണോ ? രാജ്മോഹൻ ഉണ്ണിത്താന് വേണ്ടിയും ഷാനിമോൾ ഉസ്മാന് വേണ്ടിയും പടപൊരുതുന്നത് സോഷ്യൽ മീഡിയയിലെ അനുയായികളാണ് .

പിജെ കുര്യൻ മുതലാളിക്ക് വേണ്ടി പടപൊരുതുന്നത് സുകുമാരൻ നായരും ബിജെപി ദൽഹി ഘടകവുമാണ് . പിസി ചാക്കോക്ക് വേണ്ടി പടപൊരുതുന്നത് അദ്ദേഹത്തിന്റെ നിഴൽ മാത്രമാണ് . ലോകത്ത് പഞ്ചസാരയെ നിയന്ത്രിക്കുന്ന ശരത് പവാറും ഇപ്പോൾ കൈവിട്ടെന്ന് തോന്നുന്നു . ആകെയുള്ളത് കേവലം ഒരു രാജ്യസഭാ സീറ്റും. ഉണ്ണിത്താനെ അടുത്ത നിയമസഭക്ക് വേണം. കൊട്ടാരക്കരയിലോ ചാത്തന്നൂരോ നിർത്തി സീറ്റ് പിടിച്ചെടുക്കണം . ഷാനി മോളെ വയനാട്ടിൽ നിർത്തി ജയിപ്പിച്ച് ലോക്സഭാ കാണിക്കണം .

പിസി ചാക്കോ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടല്ല മൂന്ന് സീറ്റുകൾ നശിപ്പിച്ചെടുത്ത ആളാണ് . തൃശൂരും ചാലക്കുടിയും ഇടുക്കിയും .
ഇടുക്കിയിലെ ഡീൻ കുര്യാക്കോസിനെ തൃശൂരിൽ നിർത്തി ചാക്കോയെ ഇടുക്കിയിൽ ഇട്ടിരുന്നെങ്കിൽ ഇടുക്കി മാത്രമേ നഷ്ടപ്പെടുമായിരുന്നുള്ളൂ .ആ മൂന്ന് സീറ്റുകൾ കിട്ടിയിരുന്നെകിൽ ഇന്ത്യയിൽ ഇന്ന് പ്രതിപക്ഷം ഉണ്ടായിരുന്നേനെ . അതിലൊന്നും യാതൊരു വിഷമവും ഇപ്പറഞ്ഞവന്മാർക്കൊന്നും ഇല്ലെന്നു തോന്നുന്നു . വെറുതെയല്ല ചെങ്ങന്നൂരിലെ കോൺഗ്രസ്സുകാർ സ്ഥാനാര്‍ഥിയുടെ ഫ്ലെക്സുകൾ വരെ കെട്ടാതെ പ്രതികരിച്ചു തുടങ്ങിയത് .

ഈ വക നേതാക്കന്മാരെയൊക്കെ പടിയടച്ച് പിണ്ഡം വെച്ചിരുന്നുവെങ്കിൽ കോൺഗ്രസ്സിന്റെ യഥാർത്ഥ അണികൾ ഇന്നും പോസ്റ്ററിൽ മൈദ പുരട്ടുവാൻ മുന്നിൽ നിന്നേനെ . ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് കോൺഗ്രസുകാർ ജയിച്ചുപോന്നിരുന്ന ഇടുക്കി സീറ്റിനെ ജോയ്‌സ് ജോർജ്ജ് അല്ലെങ്കിൽ ഫ്രാൻസിസ് ജോർജ്ജ് എന്നിവരുടെ കൈകളിൽ കൊണ്ടെത്തിച്ചതിൽ സൂര്യനെല്ലി വിഷയത്തിനുള്ള പങ്ക് നിസ്സാരമല്ല . അതും കുര്യൻ മുതലാളി മനസിലാക്കിയാൽ നന്നായിരുന്നു .

സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന കാലത്ത് , അന്നത്തെ കെഎസ്‌യു ചെയർമാൻ സ്ഥാനം അലങ്കരിക്കുന്ന സമയത്ത് ധീരനും വീരനുമായ വിഎം സുധീരൻ ലീഡർ കെ കരുണാകരന്റെ വസതിയിലാണ് മുഴുവൻ സമയവും ചിലവഴിച്ചിരുന്നത്‌ . ലീഡറുടെ വീട്ടിലെ അടുക്കളയിൽ വരെ കയറി ഇറങ്ങുവാനുള്ള സ്വാധീനം ഉണ്ടായിരുന്ന മഹാൻ ലീഡറെ ഏറെ വിഷമിപ്പിച്ച ഒരു വിശ്വാസ വഞ്ചന ചെയ്തു .

അത് മനസ്സിലാക്കിയ ലീഡർ അദ്ദേഹത്തെ ഇറക്കിവിട്ടില്ല . പക്ഷെ സുധീരൻ മെല്ലെ അവിടന്ന് സ്‌ക്രൂട്ട് ആവുകയായിരുന്നു . അതിൽ പിന്നെയാണ് അവർ രണ്ടാളും കീരിയും പാമ്പും പോലെ പെരുമാറുവാൻ ആരംഭിച്ചത് . അല്ലാതെ രാഷ്ട്രീയപരമായ ആശയസംഘട്ടനങ്ങൾ ഒന്നുമായിരുന്നില്ല . ലീഡറെപ്പറ്റി കെപിസിസി യോഗത്തിൽ രാജ്യദ്രോഹി രാജിവെക്കുക എന്നുറക്കെ പ്രഖ്യാപിച്ച ഏക കോണ്‍ഗ്രസ് നേതാവും ഈ സുധീരൻ അവർകൾ തന്നെ .

ആ സുധീരന് മന്ത്രിസ്ഥാനം കൊടുക്കാത്തതിന്റെ പേരിലാണ് ഉമ്മൻ‌ചാണ്ടി 1991 കരുണാകര മന്ത്രിസഭയിൽ നിന്നും രാജി വെച്ചത് . സുധീരനും അച്യുതാനന്ദനും എന്നും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളിൽ ആയിരുന്നു . ചുമ്മാ എന്തിനെയും എതിർക്കുക . ആൾക്കൂട്ടത്തിൽ ആളാവുക .

ബൈപാസ് സർജറി ചെയ്യുവാനായി എഐസിസി ഫണ്ടിൽ നിന്നും സോണിയാഗാന്ധി പണം കൊടുക്കുകയും അമേരിക്കയിൽ പോയി ബൈപാസ് ഒക്കെ ചെയ്തു തിരിച്ചുവന്നപ്പോൾ ബാക്കി വന്ന ഒരു ലക്ഷം രൂപ സോണിയാഗാന്ധിയെ തിരിച്ചു ഏൽപ്പിക്കുകയും ചെയ്തപ്പോൾ പാവം സോണിയാഗാന്ധി വിചാരിച്ചു ഈ മനുഷ്യൻ ആള് കൊള്ളാമല്ലോ എന്ന് . കാരണം ഒരൊറ്റ കോൺഗ്രസ്സുകാരനും ചെയ്യാത്ത ഒരു മഹാകാര്യമാണ് സുധീരൻ ചെയ്തത് .

ആ ഒരൊറ്റ വിശ്വാസത്തിലാണ് സോണിയയും രാഹുലും അദ്ദേഹത്തെ കെപിസിസി പ്രസിഡന്റ് ആക്കുവാൻ കൂട്ട് നിന്നത് . പക്ഷെ അതൊരു മണ്ടൻ തീരുമാനമായിരുന്നു . ഇന്നത്തെ ഈ ലോകത്ത് ജയിക്കുക എന്നതാണ് മുഖ്യ അജണ്ട . അല്ലാതെ ചുമ്മാ ആദർശം പറഞ്ഞുകൊണ്ട് കയ്യടി വാങ്ങലല്ല . അപ്പുറത്ത് മോഡിയെപ്പോലെയും ഇപ്പുറത്ത് പിണറായിയെ പോലെയുമുള്ള ഗജകേസരികളുമായി അങ്കം വെട്ടുമ്പോൾ ആദർശം അറബിക്കടലിൽ ഒഴുക്കി കളഞ്ഞില്ലെങ്കിൽ ഇനിയും ചെങ്ങന്നൂരുകൾ ആവർത്തിക്കപ്പെടാം .

അറബിക്കടലിന്റെ കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മയിൽ വന്നത് . ആ ആലപ്പുഴ കടപ്പുറത്തേക്ക് ഒഴുകിയെത്തുന്ന കരിമണൽ ഖനനം ഇല്ലാതാക്കിയത് ഈ മഹാനാണ് . ഗൾഫിന് പെട്രോൾ പോലെയും രാജസ്ഥാന് മാർബിൾ പോലെയും കർണ്ണാടകക്ക് ഗ്രാനൈറ്റ് പോലെയും ആന്ധ്രയ്ക്ക് കടപ്പാക്കല്ല് പോലെയും ഇരുമ്പയിര് പോലെയും ബീഹാറിന് കൽക്കരി പോലെയും ദൈവം സമ്മാനിച്ച ഒരു വരദാനമാണ് കരിമണൽ .

എത്രത്തോളം അത് എടുക്കുന്തോറും കടലിൽ നിന്നും വന്നുകൊണ്ടേയിരിക്കും . ഒരു കൊട്ട മണലിൽ ഒരു പിടി കരിമണൽ മാത്രമേ ഉണ്ടാകൂ . അപ്പോൾ പിന്നെ എടുക്കുന്ന മണൽ അവിടെ തന്നെ നിക്ഷേപിക്കാം . ഇഷ്ടികക്കളം പോലെ ആകത്തില്ല . ഈ കരിമണൽ എടുത്താൽ കേരളം പത്തുകൊല്ലം കൊണ്ട് മറ്റൊരു സ്വിറ്റ്സര്‍ലാൻഡ് ആകുമായിരുന്നു . അല്ലെങ്കിൽ മറ്റൊരു അബുദാബി ഖത്തർ പോലെ ആകുമായിരുന്നു .

ഇന്നിപ്പോൾ ഓസ്‌ട്രേലിയയും ശ്രീലങ്കയും ഒക്കെ കരിമണൽ വാരിക്കൊണ്ട് ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുകയാണ് . പക്ഷെ ഈ വക ശകുനം മുടക്കികൾ പ്രകൃതിയുടെ പേരും പറഞ്ഞുകൊണ്ട് പ്രകൃതി തന്ന നന്മയെ ഇല്ലാതാകുമ്പോൾ ഒരു കാര്യം മനസിലാക്കുക . നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ .

ഈ മനുഷ്യൻ ഈ ബാറുകൾ നിരോധിച്ചിട്ട് എന്തൂട്ടാ കേരളത്തിന് കിട്ടിയത് . ചെറുപ്പക്കാരെല്ലാം കഞ്ചാവിലേക്കും കൊക്കയിനിലേക്കും മാറി എന്നല്ലാതെ വേറെ എന്ത് തേങ്ങാക്കൊലയാ ഇവിടെ നടന്നത് . ബിയറും വിസ്കിയോക്കെ ആയിരുന്നെങ്കിൽ വീട്ടിൽ അമ്മയുടെ അല്ലെങ്കിൽ ഭാര്യയുടെ മണപ്പിക്കലിലും പോലീസുകാരുടെ ഊതിക്കലിലും കണ്ടുപിടിക്കാമായിരുന്നു .ഇതിപ്പോൾ അതിനുള്ള മെഷീനറി ആരും കണ്ടുപിടിച്ചിട്ടില്ലെന്ന് തോന്നുന്നു . വളരെ ഈസിയായിട്ട് കിട്ടാവുന്ന ഒരു തുടർഭരണമാണ് ഇപ്പോൾ വീമ്പിളക്കുന്ന സുധീരൻ കളഞ്ഞുകുളിച്ചത്.

ഇവർ വിമർശിക്കുന്ന നേതാക്കന്മാർ ചെങ്ങന്നൂരിൽ എത്ര കുടുംബ യോഗങ്ങളിലാണ് പങ്കെടുത്തത് എന്നും ഓർമ്മയിൽ വേണം . അതുപോലെ ഇവരെത്ര എണ്ണത്തിൽ പങ്കെടുത്തു എന്നതും ഓർമ്മിക്കണം . ചെങ്ങന്നൂരില്‍ ആലാ പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന വിമര്‍ശക മുഖ്യന്‍ വിടി ബാലറാം തെരഞ്ഞെടുപ്പ് സമയത്ത് അമേരിക്കയിലിരുന്നാണ് ന്യൂ ജനറേഷന്‍ ഇലക്ഷന്‍ പ്രവര്‍ത്തനം നടത്തിയത്.

ആ മിടുക്കനാണ് ഇപ്പോള്‍ ഈ പ്രായത്തിലും ദിവസം 20-30 കുടുംബയോഗങ്ങളില്‍ വരെ പങ്കെടുക്കുന്ന ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കുന്നത്. ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ട് നൂറു ലൈക്ക് വാങ്ങുന്നതിനേക്കാള്‍ മെച്ചമാണ് ഒരു പ്രവര്‍ത്തകനെ നേരില്‍ക്കണ്ട് അവന്‍റെ മുഖത്തുനോക്കി അവന്‍റെ പ്രശ്നങ്ങള്‍ കേട്ട് അത് പരിഹരിക്കുന്നത്. അവരാണ് ഇന്ന് ഉമ്മന്‍ചാണ്ടിയുടെ ശക്തിയും ഓജസും .

വെറുതെ മൊബൈല്‍ ഫോണും കയ്യില്‍ പിടിച്ചു നടന്നിട്ട് ആ മനുഷ്യനെ രാഷ്ട്രീയം പഠിപ്പിക്കുന്ന ഈ വള്ളിനിക്കറുകാരെയൊക്കെ പണ്ട് മുരളീധരന്‍ പറഞ്ഞപോലെ മുക്കാലിയില്‍ കെട്ടി അടിക്കണം എന്ന് പറഞ്ഞാല്‍ തെറ്റുണ്ടോ ? ഒരു കുര്യനോ ചാക്കോക്കോ രാജ്യസഭാ സീറ്റ് കൊടുക്കുകയായിരുന്നെകിൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ അവരുടെ വരെ വോട്ട് കോൺഗ്രസിന് കിട്ടുമെന്ന് ഒരുറപ്പും ഇല്ലായിരുന്നു .

അവരൊക്കെ അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളായി എന്നേ മാറിക്കഴിഞ്ഞു . തള്ളന്താനത്തെപോലെ അഴകനെ കാണുമ്പൊൾ അപ്പനെന്ന വിളിക്കുന്ന ഒരു സംസ്കാരമാണ് ചിലരുടെ കൈമുതൽ . എന്തായാലും ഇവരൊക്കെ പറയുന്നത് കോണ്‍ഗ്രസിന്‍റെ നന്മയ്ക്ക് വേണ്ടിയാണ് എന്ന് വിശ്വസിക്കാമല്ലോ .. അല്ലെ ?

ഇന്നിപ്പോൾ സിപിഎം -കോൺഗ്രസ്സ്-ലീഗ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അണികളുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ വോട്ടുകൾ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടുമെന്ന് ഏതാണ്ട് ഉറപ്പിക്കുവാൻ ഈ ഒരൊറ്റ രാജ്യസഭാ സീറ്റുകൊണ്ടു സാധിച്ചു .

കോട്ടയം- ഇടുക്കി -പത്തനംതിട്ട -എറണാകുളം – മാവേലിക്കര – ആലപ്പുഴ മണ്ഡലങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള ഒരു കക്ഷിയെ പിണക്കി മുന്നോട്ട് പോയാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉറച്ച സീറ്റുകൾ നഷ്ടപ്പെടുത്തേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ഹൈക്കമാണ്ടും സമ്മതം മൂളിയത് . അല്ലാതെ മാണിയോടുള്ള അമിതമായ ഇഷ്ടം കൊണ്ടൊന്നുമല്ല . പരമാവധി പാർട്ടികളുമായി സഖ്യമാവാം എന്ന ദീർഘ ദൃഷ്ടി മാത്രം .

ആയതുകൊണ്ട് സ്വന്തം വീട്ടിലെ വരെ വോട്ടുകൾ കിട്ടാത്ത കുര്യൻ മുതലാളിയോ ചാക്കോ സാറോ സുധീരൻ ചേട്ടനോ കുറെ ബഹളം വെച്ചിട്ട് കാര്യമൊന്നുമില്ല . ജയമാണ് എല്ലാവര്ക്കും ആവശ്യം . അതാണ് അണികളുടെ ആവേശം . ആയതിനാൽ തത്ക്കാലം അവർ വീട്ടിൽ പേരക്കുട്ടികളെ കളിപ്പിച്ചിരുന്നാൽ വളരെ നന്നായിരുന്നു എന്ന് ഓർമ്മിപ്പിക്കുന്നു .

വേറെ കുറെയധികം ഉണ്ടെങ്കിലും  ഇത്രമാത്രമേ ഇപ്പോൾ തരുന്നുള്ളൂ എന്ന് പറഞ്ഞുകൊണ്ട്,

ഫ്ലക്സിൽ അണിയടിച്ചുകൊണ്ട് ദാസനും പോസ്റ്ററിൽ മൈദാ തേച്ചുകൊണ്ട് വിജയനും

×