Advertisment

പാലാ നഗരസഭയിൽ മാധ്യമ പ്രവർത്തകരെ വിലക്കണമെന്ന് കൗൺസിലർമാർ; നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ഭരണപക്ഷത്തെ തമ്മിലടി മുതൽ പ്രശ്നങ്ങൾ മുഴുവൻ കുത്തിപ്പൊക്കുന്നത് മാധ്യമ പ്രവർത്തകരാണെന്ന് ഭരണകക്ഷികൾ

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ: നഗരസഭാ കൗൺസിൽ യോഗങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിൽ നിന്ന് മാധ്യമ പ്രവർത്തകരെ വിലക്കാൻ നഗരഭരണ ചുമതലയുള്ള ഇടതുമുന്നണി കൗൺസിലർമാരുടെ പാർലമെൻ്ററി പാർട്ടി യോഗത്തിൽ ഭൂരിപക്ഷ നിർദ്ദേശം. നഗര ഭരണമുന്നണിക്കു നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ്സ് എം. നേതാക്കൾ തന്നെയാണ് ഈ വിഷയം പാർലമെൻ്ററി പാർട്ടി യോഗത്തിൽ അവതരിപ്പിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ഭരണപക്ഷത്തെ തമ്മിലടി മുതൽ പ്രശ്നങ്ങൾ മുഴുവൻ കുത്തിപ്പൊക്കുന്നത് മാധ്യമ പ്രവർത്തകരാണെന്നും അതിനാൽ മേലിൽ മാധ്യമ പ്രവർത്തകരെ, പ്രത്യേകിച്ച് ദൃശ്യമാധ്യമ പ്രവർത്തകരെ കൗൺസിൽ യോഗത്തിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം സ്വീകരിച്ചത്.

എന്നാൽ, പത്ര- ദൃശ്യമാധ്യമങ്ങൾ ഉൾപ്പെടെ, മേലിൽ ഒരു മാധ്യമ പ്രവർത്തകനേയും കൗൺസിൽ ഹാളിൽ കയറാൻ അനുവദിക്കരുതെന്ന ശക്തമായ വാദമാണ് ഒരു മുൻ ചെയർപേഴ്സൺ ഉൾപ്പെടെ മറ്റു ചിലർ സ്വീകരിച്ചത്. ഇങ്ങനെ ഒരു തീരുമാനം മുമ്പേ തന്നെ എടുത്തിരുന്നൂവെന്നും എന്നാൽ ഇപ്പോഴും ഇതു പാലിക്കാനായിട്ടില്ലെന്നും മുൻ ചെയർപേഴ്സൺ രോഷത്തോടെ പറഞ്ഞു.

" മാധ്യമ പ്രവർത്തകർ നിസ്സാര പ്രശ്നങ്ങൾ പോലും ഊതിവീർപ്പിച്ച് വലുതാക്കുകയാണ്. ഈ രീതി ശരിയല്ല. പല വിഷയങ്ങളും പെരുപ്പിച്ച് കാട്ടി പ്രതിപക്ഷത്തിന് അടിക്കാൻ വടി നൽകുകയാണ് മാധ്യമ പ്രവർത്തകർ. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ നടന്ന കൗൺസിൽ യോഗത്തിൽ അനിഷ്ടകരമായ സംഭവങ്ങൾ ഉണ്ടായെങ്കിലും ദൃശ്യമാധ്യമ പ്രവർത്തകർ അത് വ്യാപകമാക്കിയില്ലെങ്കിൽ ഒതുങ്ങിപ്പോയേനെ. അതു കൊണ്ട് കൗൺസിൽ യോഗത്തിൽ മാധ്യമ പ്രവർത്തകരെ കയറ്റേണ്ടതില്ല എന്നാണ് ഞങ്ങളുടെ പൊതുവികാരം " വിഷയം അവതരിപ്പിച്ചു കൊണ്ട് കേരളാ കോൺഗ്രസ്സ് -എമ്മിൻ്റെ ഒരു നേതാവ് പറഞ്ഞു. നഗരസഭാ ചെയർമാൻ ഉൾപ്പെടെ ഭരണപക്ഷത്തെ 17 അംഗ കൗൺസിലർമാരിൽ ഒരാളൊഴികെ മറ്റുള്ളവരെല്ലാം ഇതിനോട് ശക്തമായി യോജിക്കുകയും ചെയ്തു.

ശക്തമായ എതിർപ്പുമായി സി.പി. എം. ഉം, സി. പി. ഐ. യും .....

ഇതേ സമയം ഈ നീക്കത്തിനെതിരെ യോഗത്തിൽ പങ്കെടുത്ത സി. പി. എം., സി. പി. ഐ. നേതാക്കൾ ശക്തമായ എതിർവാദമുയർത്തി.

" നമുക്കൊന്നും ഒളിക്കാനില്ലെങ്കിൽ മാധ്യമ പ്രവർത്തകരെ ഭയക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതില്ല. ഇടതു മുന്നണിയുടെ നയവും അന്തസും കാത്തു സൂക്ഷിച്ചാൽ തന്നെ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടാകുന്നില്ല. അതു കൊണ്ട് മാധ്യമ പ്രവർത്തകരെ വിലക്കിക്കൊണ്ടുള്ള ഒരു നടപടിയും തൽക്കാലം വേണ്ട" - സി.പി. എം. നേതാവ് തുറന്നടിച്ചു.

കൗൺസിലിൽ തോന്നിയവാസം കാണിച്ചിട്ട് മാധ്യമ പ്രവർത്തകരെ കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യം എന്നായിരുന്നൂ സി.പി. ഐ. നേതാവിൻ്റെ ചോദ്യം.

യോഗത്തിൽ പങ്കെടുത്ത കൗൺസിലർമാരിൽ ഒരു സി.പി.എം.പ്രതിനിധി മാത്രമാണ്, മാധ്യമവിലക്കിനെ ശക്തമായി എതിർത്തത്. ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള നടപടി നഗരഭരണത്തെ വളരെയധികം ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർലമെൻ്ററി പാർട്ടി യോഗത്തിലെടുക്കുന്ന ഒരു തീരുമാനവും ചോർന്നു പോകരുതെന്നും ഭരണപക്ഷത്തെ അഭിപ്രായ വ്യത്യാസങ്ങൾ പരിധി വിടരുതെന്നും കൗൺസിലർമാരെ താക്കീത് ചെയ്താണ് യോഗം അവസാനിച്ചത്.

സി.പി. എം. പാലാ ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന ഇടതു മുന്നണി പാർലമെൻ്ററി പാർട്ടി യോഗത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര,

സി. പി. എം. പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ്, കേരളാ കോൺഗ്രസ് (എം) പാലാ മണ്ഡലം പ്രസിഡന്റ് ബിജു പാലൂപ്പടവൻ ,സി. പി. ഐ. ലോക്കൽ സെക്രട്ടറി പി.എൻ പ്രമോദ്, നഗരസഭാ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, സി.പി.എം. പാലാ ലോക്കൽ സെക്രട്ടറി, ജയപ്രകാശ്, സി.പി. ഐ. നേതാവ് കെ. ആർ .ബാബു എന്നിവർക്ക് പുറമേ കൗൺസിലർമാരായ അഡ്വ.ബിനു പുളിക്ക ക്കണ്ടം, ഷാജു തുരുത്തൻ, ലീനാ സണ്ണി, ബിജി ജോജോ കുടക്കച്ചിറ, തോമസ് പീറ്റർ,ബൈജു കൊല്ലംപറമ്പിൽ, ബിന്ദു മനു, നീനാ ചെറുവള്ളിൽ, സാവിയോ കാവുകാട്ട്, മായാ പ്രദീപ്, സന്ധ്യാ ആർ, ജോസ് ചീരാംകുഴി , ജോസിൻ ബിനോ, സതി ശശികുമാർ , ഷീബാ ജിയോ എന്നിവർ പങ്കെടുത്തു.

NEWS
Advertisment