Advertisment

കോവിഡ് വന്നില്ലായിരുന്നെങ്കില്‍ സാംസണ്‍ ഇപ്പോള്‍ കൊറിയയില്‍ ആയിരുന്നേനെ...!

author-image
സുനില്‍ പാലാ
New Update

ലോക കുരുവി ദിനമായ മാര്‍ച്ച് 20-ന് അവിടെനിന്ന് വ്യത്യസ്തമായൊരു പക്ഷിച്ചിത്രം പ്രമുഖനായ ഈ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയേനെ...78 വയസ്സിനിടെ സാംസണ്‍ ഒരു ദേശാടനകിളിയേപ്പോലെ പറന്നത് പക്ഷിച്ചിത്രങ്ങള്‍ക്കായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നാം. അതേ പാലാക്കാരന്‍ സാംസണ്‍ അങ്ങനെയാണ്.

ഫോട്ടോഗ്രാഫി രംഗത്തെ കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയ്ക്ക് കുരുവികളുടെയും മറ്റുപക്ഷികളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ചിത്രങ്ങള്‍ എടുക്കാന്‍ പാലായിലെ കൂടുവിട്ട് ദേശാന്തരങ്ങള്‍ താണ്ടി പറക്കുകയായിരുന്നു ഇദ്ദേഹം.

Advertisment

publive-image

ലോകത്താകമാനമുള്ള പക്ഷികളുടെ ലക്ഷക്കണക്കായ ചിത്രങ്ങളാണ് പാലാ വെള്ളാപ്പാട് കണ്ടത്തില്‍ കെ.വി. സാംസണിന്റെ ശേഖരത്തിലുള്ളത്.

അപൂര്‍വ്വമായി മാത്രം കണ്ടെത്തുന്ന പക്ഷി, ജന്തുജാലങ്ങള്‍ ഉള്‍പ്പെടെയുള്ള അമൂല്യചിത്രസമ്പത്ത് സ്വരുക്കൂട്ടാന്‍ ഇദ്ദേഹം സഞ്ചരിച്ചത് 118 ലോകരാഷ്ട്രങ്ങളാണ്. ഉപയോഗിച്ചത് ഫോട്ടോഗ്രഫിയിൽ 60 വര്‍ഷത്തെ പരിചയസമ്പത്തും.

പാലാ ടൗണില്‍ പഴയ ബസ് സ്റ്റാന്‍ഡിനുള്ളിലായി സാംസണ്‍ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിയാണ് ഫോട്ടോഗ്രാഫി രംഗത്തേക്ക് സാംസണ്‍ എത്തുന്നത്.

ആധുനിക ഗ്രാഫിക്‌സ് സംവിധാനങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ ഇവയെ വെല്ലുന്ന മികവോടെ കല്യാണ ആല്‍ബങ്ങളും ചിത്രങ്ങളും എടുത്ത് നല്‍കി പാലാക്കാരെ വിസ്മയിപ്പിക്കാന്‍ സാംസണ് കഴിഞ്ഞിരുന്നു.

കേരളത്തിലാദ്യമായി വീഡിയോ ചിത്രീകരണം എത്തിച്ചതും സാംസണാണ്. അരുവിത്തുറയില്‍ നടന്ന ഒരു വിദേശ കല്യാണത്തില്‍ വിദേശീയര്‍ വീഡിയോ ഉപയോഗിച്ച് ചടങ്ങുകള്‍ പകര്‍ത്തിയിരുന്നു.

അന്ന് അവരുമായി കൂടിക്കാഴ്ച നടത്തുകയും വീഡിയോയുടെ പ്രവര്‍ത്തനരീതികള്‍ സാംസണ്‍ പഠിക്കുകയും ചെയ്തു. തുടര്‍ന്ന് അന്ന് ഗള്‍ഫിലുള്ള സുഹൃത്തും ഇപ്പോഴത്തെ പാലാ എം.എല്‍.എ.യുമായ മാണി സി. കാപ്പനുമായി ബന്ധപ്പെടുകയും അദ്ദേഹം അവിടെ നിന്ന് ഒരു വീഡിയോ ക്യാമറ വാങ്ങി സാംസണ് എത്തിച്ച് നല്കുകയുമായിരുന്നു. പിന്നീട് പ്രമുഖരുടെ കല്യാണ ചടങ്ങുകളില്‍ സാംസണ്‍ നിത്യസാന്നിദ്ധ്യമായി. സാംസണിന്റെ വീഡിയോഗ്രാഫി കേരളമാകെ പ്രശസ്തവും.

പാലാ ടൗണ്‍ വികസനത്തിന്റെ ഭാഗമായി സ്റ്റാന്‍ഡ് വികസിപ്പിക്കുകയും ഇവിടെ കച്ചവടസ്ഥാപനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തതോടെയാണ് സാംസണ്‍ തനിക്കേറെ ഇഷ്ടപ്പെട്ട ഫ്രീലാന്‍സ് ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നത്.

യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിലായി 118 രാഷ്ട്രങ്ങളില്‍ സഞ്ചരിക്കുകയും എണ്ണിയാല്‍ ഒടുങ്ങാത്ത ചിത്രശേഖരം പകര്‍ത്താനും ഇദ്ദേഹത്തിന് കഴിഞ്ഞു.

"കേരള കൗമുദി " ഉള്‍പ്പെടെയുള്ള പത്രങ്ങളിലും മറ്റ് ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങളിലും ഒരു കാലത്ത് സാംസന്റെ ചിത്രങ്ങള്‍ പല തവണ അച്ചടിച്ചു വന്നിരുന്നു.

ആദ്യകാലങ്ങളില്‍ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ചിട്ടി പിടിച്ചും കടംവാങ്ങിയും ഒക്കെയായിരുന്നു സഞ്ചാരത്തിന് പണം കണ്ടെത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഓരോ യാത്രയില്‍ നിന്നുതന്നെ അടുത്ത യാത്രകള്‍ക്കുള്ള പണം കണ്ടെത്താന്‍ സാംസണായി. സുഹൃത്തുക്കളും ടൂര്‍ ഓപ്പറേറ്റര്‍മാരും അടങ്ങുന്ന രണ്ട് ഡസനില്‍ കുറയാത്ത ആളുകളുണ്ടാകും ഓരോ യാത്രയിലും.

അവരുടെയെല്ലാം ചിത്രങ്ങളും അപൂര്‍വ്വനിമിഷങ്ങളും സാംസണിന്റെ കണ്ടെത്തലുകളും ഒക്കെയായി തിരിച്ചെത്തുമ്പോഴേക്കും ഒരു ആല്‍ബം പൂര്‍ത്തിയായി കഴിയും. ഈ ആല്‍ബത്തിന് ആവശ്യക്കാര്‍ ഏറെയാണ്. എല്ലാം ചൂടപ്പം പോലെ വിറ്റിരിക്കും. യാത്രക്ക് ചിലവായതിന്റെ ഇരട്ടിയോളം സമ്പാദിക്കാനുമാവും. അതുകൊണ്ട് തന്നെ തന്റെ യാത്രകള്‍ക്ക് സാമ്പത്തികം ഒരു തടസ്സമായിട്ടേയില്ലെന്ന് സാംസണ്‍ പറയുന്നു.

 

publive-image

പക്ഷികളോടും പക്ഷിച്ചിത്രങ്ങളോടുമാണ് സാംസണ് താല്പര്യമേറെയും. മൃഗങ്ങള്‍, താഴ്‌വരകള്‍, കൊടുമുടികള്‍, ഗ്രാമങ്ങള്‍, വനങ്ങള്‍, ലോകാത്ഭുതങ്ങള്‍, കടലുകള്‍ തുടങ്ങി എന്തും സാംസന്റെ ക്യാന്‍വാസില്‍ വ്യത്യസ്തമാണ്.

നമ്മള്‍ ഏറെ കണ്ടിട്ടുള്ളതാണെങ്കിലും മറ്റൊരു വീക്ഷണത്തിലായിരിക്കും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

മൗറീഷ്യസിലെ സഞ്ചാരത്തിനിടെ തനിക്ക് ലഭിച്ച ഹണി ബേര്‍ഡ് എന്ന പക്ഷിയുടെ ചിത്രമാണ് ഏറ്റവും പ്രധാനമായി സാംസണ്‍ കരുതുന്നത്. എവിടെനിന്നോ കിട്ടിയ പത്രക്കടലാസുകളും നാരും കരിയിലയും ചേര്‍ത്തുണ്ടാക്കിയ കൂട്ടില്‍ കുഞ്ഞുങ്ങള്‍ക്കുള്ള തീറ്റിയുമായി പ്രവേശിക്കുന്നതിന് മുമ്പായി പരിസരം സസൂക്ഷ്മം വീക്ഷിക്കുന്ന ഹണി ബേര്‍ഡ്. പിന്നീട് പടം വിശദമായി പരിശോധിക്കുമ്പോഴാണ് പക്ഷി, കൂടുനിര്‍മ്മിക്കാന്‍ ഉപയോഗിച്ച കടലാസ് ഏതോ മലയാളം പത്രമാണെന്ന് തിരിച്ചറിഞ്ഞത്. ഇത് അത്ഭുതമായി. ഈ ചിത്രം നിരവധി അനുമോദനങ്ങള്‍ക്കും മത്സരങ്ങള്‍ക്കും വരെ തെരഞ്ഞെടുത്തിട്ടുണ്ട്.

ശ്രീലങ്കയും ബംഗ്ലാദേശും ലക്ഷദീപുമൊക്കെ പതിവായി ചിത്രമെടുക്കാന്‍ പറ്റിയ സ്ഥലങ്ങളാണെന്ന് സാംസണ്‍ പറയുന്നു.

ഭാര്യ ഓമനയുടെയും മക്കളായ സജി, മെര്‍ളി, സൗമ്യ എന്നിവരുടെയും കൊച്ചുമക്കളായ ലൂക്കാച്ചന്റേയും ദേവസ്യാച്ചന്റേയും സുഹൃത്തായ സിനിമാ നടൻ ചാലി പാലാ, മുൻ മുനിസിപ്പൽ കമ്മീഷണർ രവി പാലാ ( പുളിക്കൽ രവീന്ദ്രൻ നായർ ) എന്നിവരുടെയും പൂര്‍ണ്ണ പിന്തുണയും 78-കാരനായ സാംസന്റെ യാത്രകള്‍ക്കുണ്ട്.

ക്യാമറ കൈയ്യിലെടുക്കാന്‍ പറ്റുന്നിടത്തോളം കാലം കടലുകള്‍ കടന്ന് കമനീയ ചിത്രങ്ങള്‍ തന്റെ മനസ്സിലും ക്യാമറയിലും നാളേയ്ക്കായി കരുതണമെന്നാണ് ഈ പ്രമുഖ ചിത്രകാരന്റെ ഇപ്പോഴത്തെ ആഗ്രഹവും, ലക്ഷ്യവും.

 

 

covid samsun
Advertisment