Advertisment

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം രാഹുൽ ഗാന്ധി എഫക്ട് മാത്രം ? സി.പി.ഐ സംസ്ഥാന സമ്മേളന റിപ്പോർട്ടിനുള്ള കരട് പ്രമേയത്തിൽ നിന്ന് സിപിഎം പോലും ഏറ്റുപറഞ്ഞ ' ശബരിമല ഇഫക്ട് ' വെട്ടിനീക്കി സംസ്ഥാന എക്‌സിക്യൂട്ടിവ്. റിപ്പോർട്ടിൽ സർക്കാരിന്റെ ' പോസറ്റിവ് ' മാത്രം മതിയെന്നും നിർദേശം. സിപിഎം വിമർശനത്തിൽ നിന്നും പിന്നോക്കം പോയ കാനം രാജേന്ദ്രനും സിപിഐയും ഇനി സിപിഎമ്മിന്റെ വിനീത വിധേയരാകും. കെഎസ്ആര്‍ടിസി, കയര്‍, കശുവണ്ടി, നെയ്ത്ത് മേഖലകളിലെ സർക്കാർ അനാസ്ഥകളിലും വിമർശനം നാമമാത്രമാക്കി തിരുത്ത്

author-image
Vincent
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം. ശബരിമല സുപ്രിംകോടതി വിധി പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ജനവിധിയെ സ്വാധീനിച്ചെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലിന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവിന്‌റെ തിരുത്ത്.

സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനായി നേതൃത്വം തയാറാക്കിയ കരട് റിപ്പോര്‍ട്ടിലെ പരമാര്‍ശമാണ് എക്‌സിക്യൂട്ടിവിലെ ചര്‍ച്ചയ്ക്ക് ശേഷം തിരുത്തിയത്. പുരോഗമനപരമായ ആശയത്തെ എതിര്‍ക്കാനുളള കെല്‍പ്പ് ഇടതുപക്ഷത്തിനില്ല എന്ന് ഇടത് പാര്‍ട്ടി തന്നെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നത് ശരിയല്ല എന്നായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശനം.

അങ്ങനെ രേഖപ്പെടുത്തപ്പെടുത്തപ്പെട്ടാല്‍ ചര്‍ച്ച തെറ്റായ വഴിക്ക് പോകുമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. അതുകൊണ്ട് ശബരിമല വിധി വോട്ടര്‍മാരെ സ്വാധീനിച്ചെന്ന വിലയിരുത്തല്‍ കരട് റിപ്പോര്‍ട്ടില്‍ നിന്ന് നീക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തിരുത്തലിന് നേതൃത്വം സമ്മതം മൂളിയത്.


പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിച്ചതും അത് മതന്യൂനപക്ഷങ്ങളില്‍ ഉണ്ടാക്കിയ സ്വാധീനവുമാണെന്നാണ് രാഷ്ട്രീയ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.


സി.പി.ഐ സ്ഥാനാര്‍ത്ഥി മത്സരിച്ച വയനാട് മണ്ഡലത്തില്‍ രാഹുല്‍ നേടിയ നാലര ലക്ഷം വോട്ടിന്റെ ഭുരിപക്ഷം ചൂണ്ടിക്കാട്ടിയാണ് ഈ വിലയിരുത്തല്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഇതിനൊപ്പം തന്നെ ഉണ്ടായിരുന്ന ശബരിമല വിധി ഒഴിവാക്കിയതോടെ രാഹുല്‍ സാന്നിധ്യം മാത്രമാണ് കനത്ത തോല്‍വിക്ക് കാരണമെന്ന നിരീക്ഷണത്തിന് ബലമില്ലാതായി.

publive-image


ശബരിമലയില്‍ മാത്രമല്ല കരട് റിപ്പോര്‍ട്ടിനെ എക്‌സിക്യൂട്ടിവ് തിരുത്തുന്നത്. സര്‍ക്കാരിനെ സംബന്ധിച്ച വിലയിരുത്തലിലും തിരുത്തല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ച പോസിറ്റീവ് വിലയിരുത്തലിനാകണം റിപ്പോര്‍ട്ടില്‍ മുന്‍ഗണനയെന്നാണ് എക്‌സിക്യൂട്ടീവെന്റെ നിര്‍ദ്ദേശം.


സര്‍ക്കാരിന്റെ പ്രവര്‍ത്തന പോരായ്മകള്‍ ചൂണ്ടിക്കാട്ടിയശേഷം ചില നല്ല കാര്യങ്ങള്‍ കൂടി പറയുന്ന ജില്ലാ റിപ്പോര്‍ട്ടുകള്‍ പോലെയാകരുത് സംസ്ഥാന റിപ്പോര്‍ട്ടെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. അങ്ങനെ വന്നാല്‍ മാധ്യമ ചര്‍ച്ചകള്‍ തെറ്റായ വഴിക്കുപോകുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പരാമര്‍ശിച്ചശേഷം പോരായ്മകളും ചെറിയ തോതില്‍ ചൂണ്ടിക്കാട്ടിയാല്‍ മതിയെന്ന നിര്‍ദ്ദേശവും നേതൃത്വം അംഗീകരിച്ചു. സി.പി.എം വിമര്‍ശനത്തില്‍ നിന്ന് പിന്നോക്കം പോയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഏറെ ആശ്വാസകരമായ നിര്‍ദ്ദേശമാണിത്.


കോവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയ ജനോപകാരപ്രദമായ ഇടപെടലുകളാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം തുടര്‍ഭരണം സാധ്യമാക്കിയത് എന്ന വിലയിരുത്തലാണ് റിപ്പോര്‍ട്ടില്‍ ഉണ്ടാവുക.


ഇതെപ്പറ്റിയുളള വിവരണത്തിന് ശേഷം കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി വിരുദ്ധ സമീപനവും കയര്‍ കശുവണ്ടി, നെയ്ത്ത് മേഖലയിലെ സര്‍ക്കാര്‍ ഇടപെടലില്ലായ്മയും സംബന്ധിച്ച പരാമര്‍ശങ്ങള്‍ കൂടി ഉള്‍പ്പെടുത്തും.

publive-image

എന്നാല്‍ വകുപ്പിന്റെയോ മന്ത്രിയുടെയോ പേര് പരാമര്‍ശിക്കാതെ ഈ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ധാരണ. ഈ മാറ്റങ്ങളോടെ ഉളള കരട് റിപ്പോര്‍ട്ടാകും ഇന്ന് തുടങ്ങുന്ന സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിക്കുക.

മലപ്പുറം, വയനാട് ജില്ലാ സമ്മേളനങ്ങള്‍ കൂടി നടക്കാനുളളതിനാല്‍ സംസ്ഥാന കൗണ്‍സിലില്‍ റിപ്പോര്‍ട്ട് അന്തിമമായി അംഗീകരിക്കില്ല. ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായ ശേഷം ഈമാസം 24ന് വീണ്ടും സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുന്നുണ്ട്.

ആ യോഗത്തിലാകും രാഷ്ട്രീയ -സംഘടനാ റിപ്പോര്‍ട്ട് അന്തിമമാക്കുക. ഒക്ടോൂബര്‍ 1 മുതല്‍ 4 വരെ തിരുവനന്തപുരത്താണ് സി.പി.ഐയുടെ സംസ്ഥാന സമ്മേളനം.

Advertisment