Advertisment

രാക്ഷസന്‍മാരും രാമായണമാസവുമൊക്കെ കമ്മ്യൂണിസ്റ്റ് പദാവലികളിലേയ്ക്ക് ! ഒട്ടും ഇല്ലാത്ത നാട്ടിലേയ്ക്ക് ഖുര്‍ആന്‍ കടത്ത് ! കാലം തിരിഞ്ഞു കുത്തുമ്പോള്‍... ?

New Update

publive-image

Advertisment

രാക്ഷസന്മാരേക്കാൾ മോശമായി മുഖ്യമന്ത്രിയെ ഉപദ്രവിച്ചു എന്നൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നത് കേൾക്കുമ്പോൾ ഒരു രസം തോന്നുന്നു. രാമായണമാസക്കാലം മുഖ്യമന്ത്രിയെ വേദനിപ്പിക്കുവാൻ പാടില്ലായിരുന്നു എന്ന് ആലപ്പുഴക്കാരനായ ഒരു സിപിഎം മന്ത്രി പത്രസമ്മേളനം നടത്തി പറയുമ്പോൾ അതിശയം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു.

അതിന്റെ ഉദ്ദേശശുദ്ധി ആർക്കും അറിയാഞ്ഞിട്ടൊന്നുമല്ല , പക്ഷെ ചില സെസൻസിറ്റീവ് വിഷയങ്ങളിൽ കൈകൾ തൊടാതിരിക്കുന്നതാണ് നല്ലതെന്ന് കരുതിയാണ് പലരും മിണ്ടാതിരിക്കുന്നത്.

പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഒരു മന്ത്രി കയറിയിരുന്ന് പത്രസമ്മേളനം നടത്തുന്നു. തന്‍റെ ഉറ്റ സ്നേഹിതനെ ന്യായീകരിക്കുന്നു. ഉറ്റ സ്നേഹിതന്‍റെ സ്നേഹിതനായ ശിവശങ്കരൻ നീചനും അഹങ്കാരിയും വഞ്ചകനും ചതിയനും ഒക്കെ ആയി മാറുന്നു. എന്താണ് മന്ത്രിയദ്ദേഹം മനസ്സിൽ കാണുന്നത്. അത് ആർക്കും പ്രവചിക്കുവാനാകില്ല.

അന്ന് വിഎസ്സിനെ, ഇന്ന് പിണറായിയെ

2006-ല്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ ആഴ്ചയിൽ തന്നെ സകലമാന ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെയും പട്ടിയെന്ന് വിളിച്ചപ്പോൾ ഈ മന്ത്രിയുടെ മനസ്സിൽ ഒരേയൊരു ലക്‌ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ.

എങ്ങനെയെങ്കിലും ആ ഭരണത്തെ കുട്ടിച്ചോറാക്കി തന്‍റെ ബോസിനെ ആ കസേരയിൽ അവരോധിക്കുക. പക്ഷെ തന്ത്രം മനസ്സിലാക്കിയ വിഎസ് അഞ്ചുകൊല്ലം ഫെവിക്കോളിൽ കസേര ഒട്ടിച്ചുവെച്ചുകൊണ്ട് സീറ്റ് വിട്ടുകൊടുത്തില്ല.

പട്ടിയെന്നുള്ള വിളി മന്ത്രിസഭയിലെ ഉന്നത മന്ത്രിയിൽ നിന്നും കേൾക്കേണ്ടിവരുമ്പോൾ സകലമാന ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥന്മാരും ഭരണത്തിനും മുഖ്യമന്ത്രിക്കും ഒക്കെ എതിരായി ഭരണത്തെ അട്ടിമറിക്കും എന്നായിരുന്നു കണ്ണൂർ ലോബിയുടെ ഉദ്ദേശ്യം.

publive-image

ശങ്കരന്‍ പെട്ടാലോ ?

ഇന്നിപ്പോൾ ഈ ഭയാനകമായ സ്വർണ്ണക്കടത്തും അഴിമതികളും മുഖ്യമന്ത്രിയുടെ ഓഫീസ് വരെയെത്തി ശിവശങ്കരനിൽ തട്ടി നിൽക്കുമ്പോൾ ശിവശങ്കരനെ തെറി വിളിച്ചാൽ ചിലപ്പോൾ ശിവശങ്കരൻ പൊട്ടിത്തെറിച്ചാലോ എന്ന് ഈ മന്ത്രി കരുതിക്കാണും.

ശിവശങ്കരൻ പൊട്ടിത്തെറിച്ചാൽ പിന്നെ വെളിയിൽ വരുന്നത് നിസ്സാര കാര്യങ്ങളാവില്ല. ലാവലിൻ മുതൽ സ്പ്രിംഗ്ലർ വരെയുള്ള തട്ടിപ്പുകേസുകളും സ്വപ്ന മുതൽ ജലീൽ വരെയുള്ള ശുപാർശകളും ഐടി കമ്പനികളുമായുള്ള വഴിവിട്ട ഇടപാടുകളും പ്രളയ ഫണ്ടിൽ കയ്യിട്ട് വാരിയതും ദുബായിൽ നിന്നും പണം പിരിച്ചെടുത്തതും നോർക്കയും ലോകകേരളസഭയും കാണിച്ചുകൂട്ടിയ ആഭാസത്തരങ്ങളും ഒക്കെ ശിവശങ്കരൻ പറയുവാൻ തുടങ്ങിയാൽ

ഇവിടെ പലതരം ജനകീയ മുഖങ്ങളും മാന്യതയുടെ മാസ്കുകളും അഴിഞ്ഞുവീണപ്പെട്ടേക്കാം.

വര്‍ഗീയതയുടെ ഭൂരിപക്ഷവും ന്യൂനപക്ഷവും

ഭൂരിപക്ഷ വർഗീയതയും ന്യുനപക്ഷ വർഗീയതെയും ഇന്ന് കേരളത്തിൽ ഒരേപോലെ ആഘോഷിക്കപ്പെടുമ്പോൾ രാമായണ മാസം എന്ന ഒരു ഭക്തിസാന്ദ്രമായ മാസത്തെ ഭൂരിപക്ഷ വർഗീയതയുമായി കൊട്ടിക്കെട്ടുവാൻ ശ്രമിക്കുന്നത് കാലാകാലങ്ങളിലായി ഈ പാർട്ടിയും പാർട്ടിക്കാരും അനുവർത്തിച്ചു പോരുന്ന വസ്തുതകളാണ്.

തിരഞ്ഞെടുപ്പുകൾ വരുമ്പോഴും അതുപോലെയുള്ള ചില പ്രത്യേക സാഹചര്യങ്ങളിലും ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിൽ ഈ പാർട്ടി ഒട്ടും പിന്നിലല്ല. സ്വപ്ന സുരേഷിനെ പോലെയുള്ള കേവലം ഒരു ക്രിമിനൽ പിടിക്കപെടുമ്പോൾ ലോകം മുഴുവനും ട്രോളർമാർ എഴുതിക്കൂട്ടിയതിന് കണക്കില്ലായിരുന്നു.

സ്വപനയുടെ ശരീരവും മാറിടവും പിന്നാമ്പുറവുമൊക്കെ ആയുധമാക്കി ട്രോളർമാർ കഥകൾ മെനഞ്ഞപ്പോൾ സോഷ്യൽ മീഡിയയിലും ഗ്രൂപ്പുകളിലും അതൊരു ചർച്ച വിഷയമാവുകയായിരുന്നു.

സ്വപ്നയുടെ ഫോട്ടോയും സരിതയുടെ സാരിയും !

പക്ഷെ ബെംഗളുരുവിലേക്ക് സ്വപ്ന മുങ്ങിയപ്പോഴും ട്രോളർമാരും പിന്നാലെ കൂടിയിരുന്നു. ബംഗളുരുവിൽ നിന്നും വാളയാർ വഴി കേരളത്തിലേക്ക് പോന്നപ്പോഴും പാപ്പരാസികളും ട്രോളർമാരും സ്വപ്നയെ വിടാതെ പിന്തുടർന്നിരുന്നു.

പക്ഷെ എൻഐഎ ആ ഫോട്ടോ പ്രസിദ്ധീകരിച്ചതിനു ശേഷം ആർക്കും ഇപ്പോൾ സ്വപ്നയെ വേണ്ടാതായി. മുസ്ലിം സ്ത്രീകൾ സ്ഥിരമായി ഉപേയാഗിക്കാറുള്ള കറുത്ത അബായയും കെട്ടിവെച്ച മുടിയും കണ്ടപ്പോൾ സ്വപ്ന ഇപ്പോൾ പാവമാണെന്ന് വരെ കണ്ടെത്തിത്തുടങ്ങി മാപ്പിള സഖാക്കൾ.

സരിത ഓരോ തവണയും ഉപയോഗിച്ചിരുന്ന സാരികൾ കണ്ടുകൊണ്ടായിരുന്നു ഒരിക്കൽ കേരളം ഉണർന്നിരുന്നത്.

അന്നൊക്കെ സോഷ്യൽ മീഡിയയും ചാനലുകാരും സരിതയെ ആഘോഷമാക്കിയിരുന്നു. ഇന്നിപ്പോൾ സ്വപ്നക്ക് ആരോ ഉപദേശം കൊടുത്തതുപോലെ അബായയും മുടിക്കെട്ടും മാറിയപ്പോൾ ആർക്കും ഒന്നും പറയുവാനില്ല.

സന്ദീപ്ന്റെയും സരിത്തിന്റെയും റമീസിന്റെയും തലയിൽ ആ അറബി തലേക്കെട്ട് ഇട്ടുകൊണ്ട് നടത്താത്തത് ഭാഗ്യം.

publive-image

ഖുര്‍ആന്‍ - അതും മലപ്പുറത്തേയ്ക്ക് !

ലോകത്തുതന്നെ ഏറ്റവും കൂടുതൽ ഖുർആൻ അച്ചടിക്കുന്നത് നമ്മുടെ സ്വന്തം മലപ്പുറത്തെ തിരൂരങ്ങാടിയിൽ ആണ്.

സൗദി അറേബിയയിലും യുഎഇയിലുമൊക്കെ ഖുർആൻ അച്ചടിക്കുന്നുണ്ട് എങ്കിലും എല്ലാം അവരവരുടേതായ ആവശ്യങ്ങൾക്ക് മാത്രമാണ് എന്നാണ് അവർ പറയുന്നത്.

പിന്നെന്തിന് നയതന്ത്ര ബാഗേജുകൾ വഴിയായി കേരളത്തിന് ഖുർആനുകൾ എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. ഒളിച്ചും പാത്തും കടത്തികൊണ്ട് വരേണ്ട ഒന്നല്ല ഖുർആൻ.

പുണ്യമാക്കപ്പെട്ട ആ ഗ്രന്ഥവും ഇന്നിപ്പോൾ ഈ സ്വര്ണക്കടത്തുകാരുടെ അനാവശ്യ ചർച്ചകളിൽ അകപ്പെടുമ്പോൾ മിണ്ടുന്നതിലും ചിരിക്കുന്നതിലും എല്ലാം മതത്തെ കയറ്റുന്ന ചില തത്പര കക്ഷികൾ ഇപ്പോൾ ആ വിശുദ്ധ ഗ്രന്ഥത്തെയും അമ്മാനമാടുകയാണ്.

മതഗ്രന്ധത്തെ കൂട്ടുപിടിച്ചതെന്തിന് ?

വർഷങ്ങൾക്ക് മുമ്പ് ഖുര്‍ആനില്‍ നടുവിൽ ഓട്ടയുണ്ടാക്കി മയക്കുമരുന്ന് കടത്തിയതൊക്കെ വായിച്ചത് അയവിറക്കുമ്പോൾ ഇന്നിപ്പോൾ ഈ പരിശുദ്ധ ഗ്രന്ഥത്തിന്‍റെ പേരിലുള്ള പെട്ടികളിൽ ഖുർആൻ ആണെന്നൊക്കെ പറയുന്നുണ്ടെങ്കിലും പഴയ സംഭവങ്ങൾ ആരെങ്കിലും ഇതുമായി കൂട്ടിവായിച്ചാൽ തെറ്റ് പറയുവാനാവില്ല.

ഖുർആൻ അങ്ങനെയൊക്കെ കൊണ്ടുവരേണ്ട ഒരാവശ്യം ഇല്ലെന്നിരിക്കേ എന്തുകൊണ്ട് അങ്ങനെയൊക്കെ മതത്തിന്‍റെ അടയാളങ്ങളെ അനാവശ്യമായി ഉപയോഗിക്കുന്നു.

കേരളം ഇപ്പോൾ ഒരു സെൻസിറ്റീവ് സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു. തൊട്ടതിനും പിടിച്ചതിനും എല്ലാം മതത്തെ കൂട്ടിക്കെട്ടുമ്പോൾ ജനങ്ങൾ തമ്മിലുള്ള സ്നേഹപ്രകടനങ്ങളിൽ വരെ ചെറിയ വിള്ളലുകൾ നേരിട്ടിട്ടുണ്ട് .

ഇനി വരുവാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും മതം വളരെ ഗാഢമായി അടിച്ചേൽപ്പിക്കപ്പെടുമ്പോൾ ഇനിയും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നവർ മതമൊന്നും നോക്കാതെ വോട്ടുകൾ ചെയ്താൽ കുറച്ചു നാൾ കൂടി കേരളത്തെ നമ്മുക്ക് ദൈവത്തിന്റെ നാടായി കൊണ്ടുനടക്കാം .

രാമായണമാസത്തിൽ ഇങ്ങനെയൊക്കെ ചിന്തിക്കേണ്ടി വന്നതിൽ ദുഃഖിച്ചുകൊണ്ട് ദാസപ്പനും

ചിങ്ങം പിറന്നതുകൊണ്ട് ഇനിയും ഓണം ഉണ്ണാം എന്ന മോഹവുമായി വിജയപ്പനും

dasanum vijayanum
Advertisment