ബാലറ്റിലൂടെ ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന കേരളത്തില്‍ ഇനി നടക്കുന്നത് അവസാന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കുഴിതോണ്ടലാകുമോ ? പടിയിറക്കിവിട്ട പാവങ്ങളുടെ ആത്മാക്കള്‍ നൊമ്പരപ്പെടുമ്പോള്‍ കാത്തിരുന്ന ജനവിധി കണ്‍മുന്‍പില്‍ – ദാസനും വിജയനും

ദാസനും വിജയനും
Monday, March 8, 2021

ബാലറ്റ് പേപ്പറിലൂടെ ലോകത്തിലാദ്യമായി ഒരു കമ്മ്യുണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിൽ വന്നു. അതും 1957 ൽ. ആ ഒരു അഹങ്കാരം കേരളത്തിലെ ഓരോരോ കമ്മ്യുണിസ്റ്റു കാരന്റെയും മനസ്സിൽ നിഴലിച്ചിരുന്നു.

ഇന്നിപ്പോൾ അതേ കേരളത്തിൽ തന്നെ വെച്ചുകൊണ്ടായിരിക്കും ലോകത്തിലെ അവസാനത്തെ മന്ത്രിസഭയും എരിഞ്ഞടങ്ങുന്നത്. അതിന്റെ ലക്ഷണങ്ങളൊക്കെ കണ്ടു തുടങ്ങിയിരിക്കുന്നു.

അതിന്റെ ക്രെഡിറ്റ് ഏറ്റുവാങ്ങുവാൻ സഖാവ് പിണറായി വിജയനും സഖാവ് വിജയരാഘവനും സഖാവ് കോടിയേരിയും തയാറായി കഴിഞ്ഞു. തനിക്കു ശേഷം പ്രളയമെന്നത് കേരളത്തിലെ കമ്മ്യുണിസ്റ്റ് നേതാക്കളിൽ പ്രകടമായി കഴിഞ്ഞു.

സിപിഎമ്മിൽ നിന്നും വളരെയധികം ആളുകൾ പടിയിറങ്ങിയിട്ടുണ്ടെങ്കിലും അതുപോലെ പലരും സിപിഎമ്മിലേക്ക് ചേക്കേറിയിട്ടുമുണ്ട്.

സിപിഎമ്മിൽ നിന്നും ഇറങ്ങിയവരിൽ പ്രധാനികളായവർ എംഎൻ വിജയനും ബെർലിൻ കുഞ്ഞനന്തൻ നായരും ആസാദും പിയേഴ്സണും കെഎം ഷാജഹാനും വിബി ചെറിയാൻ, അപ്പുക്കുട്ടൻ വള്ളിക്കുന്ന് പോലെയുള്ള കടുകട്ടിയായ ആളുകൾ പടിയിറങ്ങിയപ്പോൾ, ഡിവൈഎഫ്ഐയുടെ പിതാവായിരുന്ന, പിണറായി വിജയന്റെ കൈകള്‍ക്ക് എന്തിനെയും നേരിടാനുള്ള കരുത്തു കൊടുത്ത പാർട്ടിയുടെ നട്ടെല്ലായിരുന്ന സഖാവ് എംവി രാഘവനെ ചതിയിലൂടെ പുറത്താക്കുകയായിരുന്നു.

അതുപോലെ കർഷകരുടെ കണ്ണിലുണ്ണിയായിരുന്ന, കയർ കശുവണ്ടി തൊഴിലാളികളുടെ മാലാഖ, കേരം തിങ്ങും കേരളനാട്ടിന്റെ തിളക്കമായിരുന്ന കെആർ ഗൗരിയമ്മയെ ഒതുക്കുകയായിരുന്നു. കൊച്ചിയിലെ വിശ്വനാഥമേനോനേയും പിടിച്ചു പുറത്താക്കിയിരുന്നു.

എംവി രാഘവനോടൊപ്പം സിപി മൂസാൻകുട്ടിയെയും സികെ ചക്രപാണിയേയുമൊക്കെ പുറത്താക്കിയപ്പോൾ അന്നും അതിനൊക്കെ ന്യായീകരണം കണ്ടെത്തിയിരുന്നു.

പുറത്താക്കുവാൻ ശ്രമിച്ചിട്ടും പുറത്താവാതെ പിടിച്ചുനിന്നവര്‍ രവീന്ദ്രനാഥും, എംഎം ലോറൻസും ഇ ബാലാനന്ദനും എന്തിനധികം പറയുന്നു നമ്മുടെ സ്വന്തം വിഎസ് അച്യുതാന്ദനുമായിരുന്നു.

വിഎസ് പലതവണ അഴകൊഴമ്പൻ നയങ്ങൾ സ്വീകരിച്ചുകൊണ്ട് പുറത്താകാതെ പിടിച്ചുനിൽക്കുകയായിരുന്നു.

പിണറായി വിജയനെയും കണ്ണൂർ ലോബിയെയും ചോദ്യം ചെയ്തപ്പോൾ, അതും കണ്ടൽകാട് നികത്തി റിസോർട്ട് പണിയുന്ന വിഷയത്തിൽ ഒരു വിഭാഗം നല്ല സഖാക്കൾ എതിർത്തപ്പോൾ, ഒഞ്ചിയത്തെ ചേകവനെ കുലംകുത്തിയാക്കിക്കൊണ്ട് പടിയിറക്കിവിട്ടു.

എന്നിട്ടും കലി അടങ്ങാതെ വന്നപ്പോൾ കൊടി സുനിക്ക് ക്വട്ടേഷൻ കൊടുത്തുകൊണ്ട് അമ്പത്തിരണ്ട് വെട്ടുകൾ വെട്ടി ആ മനുഷ്യനെ ഇല്ലാതാക്കിയപ്പോൾ നഷ്ടമായത് മൂന്നോ നാലോ പഞ്ചായത്തുകളാണ്. അവിടത്തെ സഖാക്കളുടെ വീര്യമാണ് ഇന്നിപ്പോൾ പിണറായി വിജയൻറെ ഭയവും.

ഷൊർണൂരിൽ മുരളിയും തളിക്കുളത്ത് സന്തോഷും പാർട്ടിക്കെതിരെ വിരലുകൾ ചൂണ്ടിയപ്പോൾ അവരെയും പടിയടച്ചു പിണ്ഡം വെക്കുകയും ഇല്ലാതാക്കുവാൻ ശ്രമിക്കുകയും ചെയ്തു.

ആ സമയങ്ങളിൽ തന്നെ പെണ്ണുകേസുകളിൽ അകപ്പെട്ട രണ്ടു ജില്ലാ സെക്രട്ടറിമാരെ, ശശിയേയും ഗോപിയെയും പുറത്താക്കുവാൻ ഏറെ ശങ്കിക്കുകയും ചെയ്തപാർട്ടിയാണ് സിപിഎം.

ഇങ്ങനെ ഓരോ പ്രദേശങ്ങളിലെയും എണ്ണം പറഞ്ഞ പാർട്ടി അനുകൂലികൾ പുറത്താവുകയും പുറത്താക്കുകയും ചെയ്തപ്പോൾ അതുപോലെ തന്നെ ഓരോരോ ഭാഗത്തെയും ചില ചിദ്ര ശക്തികൾ പാർട്ടിയിൽ നുഴഞ്ഞു കയറിക്കൊണ്ടിരുന്നു.

കുറ്റിപ്പുറത്തെ ജലീൽ ആയാലും, ചെറിയാൻ ഫിലിപ്പെന്ന തോൽവിയായാലും, ജപ്പാന്റെ സ്വന്തം സ്വർണ്ണത്തരിപെറുക്കി പിവി അൻവർ ആയാലും, താനൂരിന്റെ ലഹരി അബ്ദുൽ റഹ്മാൻ ആയാലും, കൊടുവള്ളിയിലെ പിടിവള്ളി കാരാട്ട് റസാഖ് ആയാലും പിടിഎ റഹീമായാലും ശോഭന ജോർജ്ജ് ആയാലും സാക്ഷാൽ ടികെ ഹംസാക്കയായാലും. ആർക്കും വേണ്ടാത്തവരാണ് പാർട്ടിയിലേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടതും കയറിക്കൂട്ടിയതും.

സ്വന്തം എംപിമാരായിരുന്ന ശിവരാമനും കെ എസ് മനോജും അബ്ദുള്ളക്കുട്ടിയും ശെൽവരാജ് എംഎൽഎയും, എംഎൽഎ ആകുവാൻ മോഹിച്ച സിന്ധു ജോയിയും ഒക്കെ ലാൽ സലാം പറഞ്ഞുകൊണ്ട് പാർട്ടിയിൽ നിന്നും ഇറങ്ങിപ്പോയപ്പോൾ പകരം വെക്കുവാനാളില്ലാതെ പാർട്ടി ഇപ്പോൾ ബംഗാളിന്റെയും ത്രിപുരയുടെയും അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

ശരിക്കും പറഞ്ഞാൽ ഈ പാർട്ടിയുടെ അന്തകർ, ആരെന്ന് വരും തലമുറ ചോദിച്ചാൽ ആദ്യത്തെപേര്, പാർട്ടിയുടെ മാധ്യമത്തിന്റെ നടത്തിപ്പുകാരൻ എന്നാണ് ആദ്യം പറയേണ്ടിവരിക. ഇത്രയേറെ ഉപദേശകരെ പാർട്ടിക്ക് സംഭാവന ചെയുകയും പാർട്ടിയെ
ഒരു മൂലയിൽ കൊണ്ട് കെട്ടുകയും ചെയ്തതിൽ ടിയാന്‍റെ പങ്ക് ചെറുതൊന്നുമല്ല.

ദുബായുമായുള്ള എല്ലാ കളികൾക്കും ചുക്കാൻ പിടിച്ചതും ഇയാള്‍ തന്നെ എന്നതിൽ ആർക്കും സംശയമില്ല. രണ്ടാമൻ, ഉന്നത വിദ്യാഭ്യസ മന്ത്രി എന്ന പേരിൽ അറിയപ്പെടുന്ന ജലീൽ തന്നെ. സ്വർണ്ണവും ബന്ധു നിയമനങ്ങളൊക്കെ പാർട്ടിയിൽ അടിച്ചേൽപ്പിച്ചതിൽ ജലീലിന്റെ പങ്ക് നിസ്സാരമല്ല. മൂന്നാമൻ, സ്പീക്കർ ശിവരാമൻ തന്നെ.

തോമസ് ഐസക്കിനെ പോലെ എപ്പോഴും ചിരിക്കുന്ന മുഖവുമായി സ്വന്തം വ്യക്തിത്വം ദുരുപയോഗം ചെയ്തുകൊണ്ട് പാർട്ടിയെ ഡോളർ കച്ചവടത്തിലൂടെയും കടത്തിലൂടെയും വിദേശത്ത് യൂണിവേഴ്സിറ്റി സ്ഥാപിച്ച മഹാൻ എന്നാണ് അദ്ദേഹത്തെപ്പറ്റി ശത്രുക്കള്‍ പറയുന്നത്.

ഇവരൊക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണനെയും വീക്ക്നെസ്സുകളെ ദുരുപയോഗം ചെയ്തുകൊണ്ട് പാർട്ടിയെ ഇന്നത്തെ അവസ്ഥകളിലേക്ക് തള്ളിവിട്ടവർ.

അപ്പോൾ അവർ പിന്നെയും ന്യായീകരിക്കും, പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വിജയം ഏറ്റുപറഞ്ഞുകൊണ്ട്. ആ വിജയത്തിന്റെ പിന്നിൽ നേതാക്കളോ, ഉപദേശകരോ അല്ല. ആ വിജയത്തിന്റെ കാരണം, സ്വർണ്ണവും ലൈഫ്മിഷനും പോലത്തെ അഴിമതിയിൽ സ്വന്തം സർക്കാരും നേതാക്കന്മാരും മുങ്ങി താണുകൊണ്ടിരിക്കുമ്പോൾ സ്വൽപ്പം പിടിവള്ളിക്കായി പാവപ്പെട്ട അണികൾ കേരളത്തിലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.

ആ സമയത്ത് എതിരാളികൾ വിജയം ഉറപ്പിച്ചുകൊണ്ട് വീട്ടിലിരുന്നു . ആമയും മുയലും ഓടിയപ്പോൾ ആമ വിജയം കണ്ടു. അതുപോലെ സിപിഎം അണികളും വിജയം കണ്ടു. ആ വിജയം അണികളുടേതാണ്, നേതാക്കളുടേത് അല്ല. അതിൽ അവർ അഹങ്കരിക്കേണ്ട. ഈ അസംബ്ലി തിരഞ്ഞെടുപ്പായിരിക്കും സിപിഎമ്മിനെ അവസാനമായി ചരിത്രം സാക്ഷ്യപ്പെടുത്തുക !!!

ആ ബർലിൻ കുഞ്ഞനന്തൻ നായർക്ക് മരിക്കുന്നതിന് മുൻപ് പിണറായി വിജയനെ കാണണമെന്ന് പറഞ്ഞിരുന്നു. പിണറായിക്ക് സമയമില്ല !!

ഇനിയിപ്പോൾ ഏറെ വേണേലും കാണുവാനുള്ള സമയം ദൈവം സമ്മാനിക്കും എന്നോർമ്മിപ്പിച്ചുകൊണ്ട് വിഷമത്തോടെ ദാസനും ടിപിയുടെ മകനെങ്ങാനും പിണറായിക്കെതിരെ മത്സരിച്ചാൽ പിണറായിയും വീട്ടിലിരിക്കേണ്ടി വരുമെന്നോർമ്മിപ്പിച്ചുകൊണ്ട് ഒഞ്ചിയം വിജയനും

×