Advertisment

മമ്മൂട്ടി ഒരു നെല്ലിക്കയാണ്... ആദ്യം കയ്ക്കും പിന്നെ മധുരിക്കും ! മമ്മൂട്ടി എന്ന വ്യക്തിയില്‍ കണ്ടു പഠിക്കേണ്ട ധാരാളം ഗുണഗണങ്ങളുണ്ട്. കുടുംബത്തിന് നല്‍കുന്ന പ്രാധാന്യം മാത്രമല്ല, അഹങ്കാരമില്ലാതെ പെരുമാറാന്‍ മക്കളെ പഠിപ്പിക്കുന്നത് മുതലുള്ള കാര്യങ്ങളതിലുണ്ട്. പക്ഷേ കച്ചവടം മമ്മൂട്ടിക്ക് പറ്റിയ പണിയല്ല. എന്തൊക്കെ തുടങ്ങിയോ അതിലൊക്കെ കൈ പൊള്ളി. പിന്നെ അല്ലറ ചില്ലറ പരദൂഷണങ്ങൾ ഇഷ്ടപ്പെടുന്ന ആളായതുകൊണ്ടു അതിന്‍റെ ചില കുഴപ്പങ്ങളില്‍ ചെന്നു ചാടിയിട്ടുമുണ്ട്. സിനിമയില്‍ 50 വര്‍ഷങ്ങള്‍ പിന്നീടുമ്പോള്‍ മമ്മുട്ടി ഇങ്ങനെയൊക്കെയാണ്... ദാസനും വിജയനും എഴുതുന്നു

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

മമ്മൂട്ടി ഒരു നെല്ലിക്കയാണ് : ആദ്യമൊക്കെ കയ്‌പ്‌ അനുഭവപ്പെടുമെങ്കിലും പിന്നീട് അത് മധുരമായി മാറുന്ന പ്രതിഭാസം : സാധാരണമായി മമ്മുട്ടിയെ അടുത്തറിയുന്നവർ പറയുന്ന ഒരു കാര്യമുണ്ട്, മമ്മുട്ടി ഒരാളോട് ദേഷ്യപ്പെട്ടാൽ അയാൾ രക്ഷപ്പെട്ടു എന്നർത്ഥം. മമ്മുട്ടിക്ക് ഒരാളിനെ ബോധിക്കാതെയോ ഇഷ്ടപ്പെടാതെയോ വന്നാൽ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല, പക്ഷെ മമ്മുട്ടി ഒരാളെ ചീത്ത പറയുകയോ കളിയാക്കുകയോ ചെയ്തെങ്കിൽ അയാളെ മമ്മുട്ടിക്ക് ഇഷ്ടമാണെന്നർത്ഥം.

മമ്മുട്ടിയും യുഎഇയും തമ്മിലുള്ള ഒരു ബന്ധം 1971 ൽ നിന്ന് തുടങ്ങുന്നു. ദുബായ് ഉൾപ്പെടുന്ന യുഎഇ 2021 ൽ അവരുടെ രൂപീകരണത്തിന്റെ 50 സംവത്സരങ്ങൾ ആഘോഷിക്കുന്നു. മമ്മുട്ടി അദ്ദേഹത്തിന്റെ സിനിമ അഭിനയത്തിന്റെ 50 സംവത്സരങ്ങൾ ഈ വര്ഷം ആഘോഷിക്കുന്നു. അതും 1971 -ല്‍ പുറത്തിറങ്ങിയ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ആദ്യ സിനിമയിലൂടെ.

പിന്നീട് 2001 ൽ 'ദുബായ് ' എന്ന സിനിമയിലും മമ്മുട്ടി ശമ്പളം വാങ്ങാതെ അഭിനയിച്ചു. കൂടാതെ ദുബായ് നഗരം സാക്ഷിയായ ഏറ്റവും വലിയ റോഡ് ഷോയായ 'മമ്മുട്ടി ഹിറ്റ് പരേഡും' മമ്മുട്ടിക്ക് മാത്രം സ്വന്തം .

മമ്മുട്ടി എന്ന വ്യക്തിയെ കണ്ടു പഠിക്കേണ്ട ധാരാളം ഗുണഗണങ്ങൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഒന്നാമതായി കുടുംബം എന്നതിന് അദ്ദേഹം കൊടുക്കുന്ന ഒരു പ്രാധാന്യം നിസ്സാരമായി തള്ളരുത്. ഈ കാലഘട്ടത്തിലും അദ്ദേഹത്തിന്റെ വിവാഹശേഷവും എല്ലാം ആ ബഹുമാനം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.

മക്കളെ അഹങ്കാരികൾ ആക്കാതെ എങ്ങനെ വളർത്താം എന്നതിന്റെ ഉത്തമോദാഹരണമാണ് മമ്മുട്ടിയുടെ കുടുംബം. അവിടെ അദ്ദേഹത്തിന്റെ ഭാര്യ സുൽഫത്തിന്റെ റോളും വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. മകൾ സുൽഫത്തിന്റെയും മകൻ ദുൽഖറിന്റെയും വിനയവും പെരുമാറ്റവും മമ്മുട്ടിയുടെ ഏറ്റവും ഭാഗ്യമാണ്.

കാലാകാലങ്ങളായി കൂടെ നിൽക്കുന്ന ഡ്രൈവറെയും മേക്കപ്പ്മാനെയും മാനേജറെയും കുടുംബക്കാരാക്കി മാറ്റി. അവരുടെ വീടുവെപ്പും മക്കളുടെ വിദ്യഭ്യാസവും കല്യാണങ്ങളുമൊക്കെ ഭാര്യ സുൽഫത്ത് ഏറ്റെടുത്തു നടത്തുന്നു. അവർക്കുള്ള സമ്പാദ്യങ്ങൾ ഒരു ബാങ്കിങ് സിസ്റ്റം പോലെ നിറവേറ്റി പോരുന്നതിൽ മമ്മുട്ടിയുടെ ഉപദേശവുമുണ്ട്. അതുപോലെ കുടുംബങ്ങളിലുള്ള എല്ലാവരുടെയും ക്ഷേമം അന്വേഷിക്കുവാൻ മമ്മുട്ടി ഉമ്മയെ ഏൽപ്പിച്ചിരുന്നു.

സഹോരദരങ്ങളുടെയും പെങ്ങളുടെയും മറ്റുള്ള ബന്ധുക്കളുടെ ഒക്കെ മക്കളുടെ വിദ്യാഭ്യസവും കല്യാണങ്ങളും ഒക്കെ. എല്ലാം അതത് സമയങ്ങളിൽ ഭംഗിയായി നടക്കുന്നുണ്ടോ എന്നത് മമ്മുട്ടിയും അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

എത്രയോ സിനിമ സംവിധായകർക്ക് പ്രതിഫലം വാങ്ങാതെ അഭിനയിച്ചു എന്നതിന് യാതൊരു കണക്കും ഇല്ല. പ്രശസ്ത സംവിധായകന്റെ അവസ്ഥ മോശമാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മകന്റെ വിദ്യാഭ്യാസം ഏറ്റെടുത്തു. കൂടാതെ മകന് ദുബായിൽ നല്ല നിലയിലുള്ള ജോലിയിൽ പ്രവേശിപ്പിക്കുകയും അദ്ദേഹത്തിന് ഒരു നല്ല സിനിമയും കൊടുത്തു.

മരണപ്പെട്ട പല സംവിധായകരുടെയും നടന്മാരുടെയും ടെക്‌നീഷ്യന്മാരുടെയും മക്കളുടെ വിദ്യഭ്യാസം അദ്ദേഹം ഏറ്റെടുത്തു. പല കുടുംബങ്ങളെയും ഏറ്റെടുത്തുകൊണ്ട് അവരുടെ കാര്യങ്ങൾ ചെയ്തുകൊടുക്കുവാൻ ഒരു ടീമിനെ തന്നെ ഏൽപ്പിച്ചിട്ടുണ്ട്. ഇടതുകൈ ചെയുന്നത് വലതുകൈ അറിയരുത് എന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവാണ്.

ചിലപ്പോഴൊക്കെ അനാവശ്യ വിവാദങ്ങളിലും പ്രശ്നങ്ങളിലും തല വെച്ച് കൊടുക്കാറുമുണ്ട്. അതിന്റെ ഒന്നാമത്തെ ഉത്തരവാദികൾ കൂടെ എപ്പോഴും വാലായി നടക്കുന്ന ചില തൽപര കക്ഷികളാണ്. അല്ലറ ചില്ലറ പരദൂഷണങ്ങൾ ഇഷ്ടപ്പെടുന്ന മമ്മുട്ടി എന്ന വ്യക്തിത്വം ചിലപ്പോൾ ഇവരുടെ കളിപ്പാവയാകാറുണ്ട്‌ എന്നത് സത്യം.

അതിപ്പോൾ രാഷ്ട്രീയ നിലപാടുകളിലും അല്ലാതെയുള്ള ചില നിലപാടുകളിലും ഇവർ അദ്ദേഹത്തെ വട്ടം ചുറ്റിക്കാറുണ്ട്. അങ്ങനെയുള്ള കാര്യങ്ങൾ മനസിലാക്കുവാനോ അങ്ങനെയുള്ളവരെ മാറ്റിനിർത്തുവാനോ കഴിയാത്തത് എന്തുകൊണ്ടെന്നറിയില്ല. ചിലപ്പോൾ തോന്നും അദ്ദേഹം പൊട്ടനായി അഭിനയിക്കുന്നതാണോ അല്ലെങ്കിൽ അതൊന്നും ശ്രദ്ധിക്കാത്തതാണോ എന്ന്.

ആയിരക്കണക്കിന് വൃക്ക രോഗികൾക്ക് വൃക്കമാറ്റിവെക്കാനുള്ള സഹായങ്ങൾ സൗകര്യങ്ങൾ അദ്ദേഹം നൽകിക്കഴിഞ്ഞു. വേദന അനുഭവിക്കുന്ന അനേകം ക്യാൻസർ രോഗികൾക്ക്, കണ്ണിനു കാഴ്ച നഷ്ടപ്പെടുന്നവർക്ക് എല്ലാം സഹായ ഹസ്തങ്ങൾ.

ഇന്നിപ്പോൾ കോവിഡുമായി അങ്കം വെട്ടുന്നവർക്കുള്ള സഹായങ്ങൾ, നൂറുകണക്കക്കിന് പാവങ്ങൾക്ക് സൗജന്യ വാക്സിൻ. വിഷമങ്ങളും വേദനകളും അദ്ദേഹം അറിയണമെന്ന് മാത്രം. ബാക്കിയെല്ലാം അദ്ദേഹത്തിന്റെ അനുയായികൾ നിറവേറ്റിക്കൊള്ളും. കെയർ & ഷെയർ - കാഴ്ച പോലുള്ള മഹത്തായ സംരംഭങ്ങളിൽ അദ്ദേഹം നേരിട്ട് തന്നെ കാര്യങ്ങൾ അന്വേഷിക്കുന്നു.

ലോകത്തിൽ ആദ്യമിറങ്ങുന്ന മൊബൈൽ ഫോൺ, ആപ്പിളായാലും സാംസങ് ആയാലും അദ്ദേഹത്തിന്റെ കൈകളിൽ എത്തും. ക്യമറകൾ അതുപോലെ ലെൻസുകൾ ഫിൽറ്ററുകൾ എന്ത് തന്നെയായാലും അത് മമ്മുട്ടിക്ക് ആദ്യം കിട്ടിയിരിക്കും. വണ്ടികളുടെയും 369 നമ്പറുകളുടെയും കാര്യത്തിൽ കൂടുതൽ വിശേഷണങ്ങൾ ഒന്നും പറയാതിരിക്കുകയാണ് നല്ലത്.

വാച്ചുകൾ എത്രയുണ്ടെന്ന് ഒരാളെ നിർത്തി എണ്ണി തിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു. അത്രമാത്രം ശേഖരിച്ചു കഴിഞ്ഞു. ബ്രാൻഡഡ് ഷൂകൾ, ബെൽറ്റുകൾ, ഷർട്ടുകൾ, ജീൻസുകൾ, പെർഫ്യൂമുകൾ എല്ലാം അലമാരകളിൽ നിറഞ്ഞിരിക്കുന്നു. എല്ലാറ്റിനുമുപരി നല്ല പുസ്തകങ്ങൾ, നല്ല ഡിവിഡികൾ, നല്ല സിഡികൾ എല്ലാം അദ്ദേഹം സൂക്ഷിച്ചു വെച്ചിരിക്കുന്നു.

കച്ചവടം എന്നത് മമ്മുട്ടിയുടെ ജാതകത്തിലും തലയിലും എഴുതിയിട്ടില്ല എന്ന് വേണം കരുതുവാൻ. എൺപതുകളിൽ ആദ്യമായി തുടങ്ങിയ സുറുമി വീഡിയോസും അതുമായി ബന്ധപ്പെട്ട സ്റ്റുഡിയോസും ക്ലച്ച് പിടിച്ചില്ല. മോഹൻലാലും സീമയുമൊക്കെയായി ചേർന്ന് കാസിനോ എന്ന പേരിൽ തുടങ്ങിയ സിനിമ നിർമ്മാണം വേണ്ടെന്നു വെച്ചു.

ചെന്നൈയിലും കൊച്ചിയിലുമൊക്കെയായി ആരംഭിച്ച റിയൽ എസ്റ്റേറ്റ് കച്ചവടങ്ങളും ഇടക്കുവെച്ചു നിർത്തേണ്ടി വന്നു. ദുബായിൽ മകൾക്കായി ആരംഭിച്ച പരസ്യക്കമ്പനിയിലും മകനായി ആരംഭിച്ച ഡീവാട്ടറിങ്ങിലും കയ്പുനീർ കുടിക്കേണ്ടി വന്നു. പിന്നീട് എല്ലാം നിർത്തി സ്വന്തമായി രൂപം കൊടുത്ത പ്ലേ ഹാവ്‌സ് എന്ന നിർമ്മാണ കമ്പനിയും അനിശ്ചിതത്വത്തിലാണ്.

എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ഇന്നിപ്പോൾ ആ വലിയ മനുഷ്യൻ നാല്‍പത് വർഷങ്ങൾ തികച്ചിരിക്കുന്നു. ഓരോരോ ശതകത്തിലും ഓരോരോ വീഴ്ചകൾ അനുഭവിച്ചെങ്കിലും അതിലുപരി മഹത്തായ തിരിച്ചുവരവുകൾ നടത്തി. ഒരു വർഷത്തിൽ 35 സിനിമകളും  ഓണത്തിന് അഞ്ചു സിനിമകളും റിലീസ് ചെയ്തുകൊണ്ട് മലയാളിയെ ഞെട്ടിച്ചു.

ന്യുഡൽഹിയും തനിയാവർത്തനവും മമ്മുട്ടിയെന്ന മഹാനടനെ മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു സംഭവമാക്കി. സിബിഐ ഡയറികുറിപ്പ് എന്ന സിനിമ തമിഴ്‌നാട്ടിലെ ഓരോ പോലീസുകാരനും കണ്ടിരിക്കണം എന്ന് ജയലളിത ഉത്തരവിറക്കി. ആ സിനിമയുടെ പിന്നാലെ വന്ന സിനിമകൾ നേരറിയാൻ സിബിഐ വരെയുള്ളവ ലോകചരിത്രത്തിൽ ഇടം നേടി.

കേരളത്തിലെ ഓരോരോ പ്രദേശത്തുകാരനെയും അവരുടെ ഭാഷയെയും വളരെ തന്മയത്വത്തോടെ അഭിനയിച്ചു വിജയിപ്പിച്ചു. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റായി മാറിയ 'രാജമാണിക്യം' സിനിമക്ക് രണ്ടാം ഭാഗം പ്രതീക്ഷിച്ചുകൊള്ളുന്നു.

ഒരു വർഷം മുഴുവനും എറണാകുളം കവിത തിയറ്ററിൽ മമ്മുട്ടി സിനിമകൾ മാത്രം കളിച്ചത് എന്നും ഓർമ്മിക്കുന്നു. ഒരു വർഷത്തിൽ ഇറങ്ങിയ ഏഴു ഹിറ്റ് സിനിമകളുടെ ആഘോഷം ദുബായിൽ തകൃതിയായി അരങ്ങേറി. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ അന്പത് വർഷങ്ങൾ തികഞ്ഞതിന്റെ അർമ്മാദത്തിലാണ് മലയാളി.

ഇനിയും വിജയങ്ങൾ മമ്മുട്ടി എന്ന ആ മഹാനടന്, ആ മഹാമനസ്കന് ആശംസിക്കുന്നു...

സ്നേഹത്തോടെ അദ്ദേഹത്തിന്റെ ഡ്രൈവർ ആകുവാൻ മോഹിച്ച ദാസനും

അദ്ദേഹത്തിന്റെ സിനിമ മുടങ്ങാതെ കാണുന്ന വിജയനും

dasanum vijayanum
Advertisment