Advertisment

മഴ കനത്താൽ കിടപ്പാടം വെള്ളത്തിലായിരുന്ന രാജപ്പനും കുടുംബത്തിനും അടച്ചുറപ്പുള്ള ഷെഡ്ഡ് പണിതുനല്‍കി

author-image
സുനില്‍ പാലാ
Updated On
New Update

പാലാ:   മഴക്കാറ് കാണുമ്പോഴേ ഇനി കിടങ്ങൂർ പുന്നത്തുറ പേരുക്കുന്നേൽ രാജപ്പനും ഭാര്യ തുളസിക്കും മൂന്നു പെൺമക്കൾക്കും ഉള്ളിൽ പേടിയുടെ പേമാരി വേണ്ട; ഇവരുടെ വീടിനു മേൽ സുമനസ്സുകളുടെ സഹായത്തോടെ ഷീറ്റിട്ട് അടച്ചുറപ്പുള്ള മനോഹരമായൊരു ഷെഡ്ഡ് ഉയർത്തിക്കഴിഞ്ഞു.

Advertisment

publive-image

മഴ കനത്താൽ കിടപ്പാടം വെള്ളത്തിലായിരുന്ന രാജപ്പന്റേയും കുടുംബത്തിന്റേയും ദുരിത ജീവിതം റിപ്പോർട്ടു ചെയ്തിരുന്നു. ആണ്ടിൽ ആറു മാസം കരയിലും, ആറു മാസം വെള്ളത്തിലും കഴിയുന്ന അപൂർവ്വ കുടുംബത്തെ കുറിച്ചുള്ള ഈ വാർത്ത ഫോട്ടോഗ്രാഫറായ കിടങ്ങൂർ രമേഷ് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലും പങ്കുവെച്ചിരുന്നു.

ഇതേ തുടർന്ന് ഖത്തർ, ലണ്ടൻ, സിംഗപ്പൂർ , അമേരിക്ക എന്നിവിടങ്ങളിലുള്ള ചില മലയാളികൾ സഹായ വാഗ്ദാനവുമായി മുന്നോട്ടു വരികയായിരുന്നു. ഇവരുടെ സഹായത്തോടെ രാജപ്പന്റെ പണി തീരാത്ത വീടിനു മുന്നിൽ ഇന്നലെ ഷീറ്റുകൊണ്ടുള്ള ഷെഡ്ഡ് ഉയർന്നു. ഒന്നര ലക്ഷത്തോളം രൂപാ ചിലവഴിച്ചുള്ള ഷെഡ്ഡ് പൂർത്തിയായതോടെ കഴിഞ്ഞ ഒരു വ്യാഴവട്ടമായി രാജപ്പനും കുടുംബവും അനുഭവിച്ചു പോന്ന ദുരിതത്തിനും പരിഹാരമായി.

മീനച്ചിലാറും, പന്നഗം തോടും അതിരിടുന്ന ഭാഗത്ത് തിരുവമ്പാടി -കമ്പനിപ്പടി റോഡരുകിൽ 12 വർഷം മുമ്പാണ് ചെറിയൊരു വാർക്ക വീട് രാജപ്പൻ പണിതത്. പള്ളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള ധനസഹായം കൊണ്ടായിരുന്നൂ നിർമ്മാണം. കൂലിപ്പണി തൊഴിലാളിയായ രാജപ്പന് സാമ്പത്തിക ബുദ്ധിമുട്ട് മൂലം വീടിന്റെ മുഴുവൻ പണികളും തീർക്കാനുമായില്ല.

publive-image

ഗൃഹപ്രവേശം കഴിഞ്ഞ് മൂന്നാം നാൾ വീട്ടിനുള്ളിൽ ആറാട്ടു നടത്തിയ പുഴ വെള്ളം പിന്നെ പതിവു തെറ്റിച്ചിട്ടേയില്ല. കഴിഞ്ഞ വർഷം മാത്രം അഞ്ചു തവണ ഈ വീട്ടിൽ വെള്ളം കയറിയിരുന്നു. അപ്പോഴൊക്കെ കയ്യിൽ കിട്ടുന്ന സാധനങ്ങളുമെടുത്ത് രാജപ്പനും കുടുംബവും പുഴ വെള്ളത്തിന് വഴിമാറി റോഡിനോടു ചേർന്ന് താൽക്കാലികമായി ഒരു പടുത വലിച്ചുകെട്ടി, അതിനു കീഴെയായിരുന്നൂ തല ചായ്ച്ചിരുന്നത്..

വെള്ളമിറങ്ങി തിരികെ വീട്ടിലെത്തുമ്പോൾ മുട്ടൊപ്പം ചെളിയുണ്ടാകും. ഇഴ ജന്തുക്കൾ വീട്ടുകാരായും കാണും. എല്ലാം വൃത്തിയാക്കാൻ തന്നെ ആഴ്ചകളെടുക്കുമായിരുന്നൂ. ഈ ദുരിതത്തിനെല്ലാമാണ് ഇന്നലെയോടെ പരിഹാരമായത്.

Advertisment