Advertisment

ലോക്കൗട്ടിൽ ആരും പട്ടിണിയാകില്ല. പാലായിൽ അഭയം - കിസ്കോ സാമൂഹ്യ അടുക്കള തുറന്നു

author-image
സുനില്‍ പാലാ
New Update

പാലാ:  ലോക്കൗട്ടിൽ നാട് നിശ്ചലമായതോടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ വിഭാഗമാളുകൾക്കും ഭക്ഷണം എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് അഭയം ചാരിറ്റബിൾ ട്രസ്റ്റ് സാമൂഹ്യ അടുക്കളകൾ പ്രവർത്തനം ആരംഭിച്ചു.

Advertisment

അതത് പ്രദേശങ്ങളിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളുമായി സഹകരിച്ചാണ് ഭക്ഷണ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

publive-image

പാലായിൽ കിഴതടിയൂർ സഹകരണ ബാങ്കുമായി (കിസ്കോ) സഹകരിച്ച് അഭയം നടപ്പാക്കുന്ന സാമൂഹ്യ അടുക്കള ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് ചെയർമാൻ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

കോവിഡ് ബാധയെ തുടർന്ന് ജില്ലയിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത സ്വാന്തന പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വി എൻ വാസവൻ പറഞ്ഞു.

ജില്ലയിലെമ്പാടുമായി ഇതിനകം ഒരു ലക്ഷത്തോളം തൂവാലകൾ വിതരണം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉൾപ്പെടെ ഉച്ചഭക്ഷണവും നൽകുന്നുണ്ട്. കൂടാതെ നൂറുകണക്കിന് മാസ്‌ക്കുകൾ, സാനിട്ടയ്‌സറുകൾ എന്നിവയും ജില്ലയിലെമ്പാടും വിതരണം നടത്തി.

ജില്ലയിലെ 29ാമത്തെ ഭക്ഷണ വിതരണ കേന്ദ്രമാണ് പാലായിൽ തുറന്നത്. പാലാ ജനറൽ ആശുപത്രി ജീവനക്കാർക്കുള്ള അഭയം മാസ്കുകളും വാസവൻ കൈമാറി.

കൊട്ടാരമറ്റത്തുള്ള കർഷക മാർക്കറ്റിലെ കെട്ടിടത്തിലാണ് അഭയം - കിസ്കോ സാമൂഹ്യ അടുക്കള പ്രവർത്തിക്കുന്നത്. പാലാ ജനറൽ ആശുപത്രി, സർകാർ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, വീടുകളിൽ കഴിയുന്ന കിടപ്പു രോഗികൾ, മറ്റ് നിർധന കുടുംബങ്ങൾ എന്നിവർക്കുൾപ്പെടെ ഇരുനൂറ്റമ്പതോളം പേർക്കാണ് ഭക്ഷണം എത്തിച്ച് നൽകുന്നത്.

ഉച്ചയ്ക്ക് ഊണും വൈകിട്ട് ചപ്പാത്തിയും നൽകാനാണ്‌ തീരുമാനം. വരും ദിവസങ്ങളിൽ പ്രഭാതഭക്ഷണം ഉൾപ്പെടെ തയ്യാറാക്കി അഭയം പ്രവർത്തകർ ആശുപത്രികളിലും വീടുകളിലും എത്തിച്ച് കൊടുക്കും. എം ജി വിജയൻ നായരുടെ നേതൃത്വത്തിൽ വനിതാ കൺസിലർമാരുൾപ്പെടെയുള്ള പ്രവർത്തകരാണ് ഭക്ഷണം തയ്യാറാക്കുന്നത്.

കൂടാതെ ആശുപത്രി ജംങ്ഷനിലെ വിശ്രാം സങ്കേത് കേന്ദ്രീകരിച്ച് ഭക്ഷണം ആവശ്യമുള്ള മറ്റാളുകൾക്കും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മാണി സി കാപ്പൻ എം എൽ എ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ജെ ജോസഫ്, ലാലിച്ചൻ ജോർജ്, കിസ്കോ ബാങ്ക് ജോർജ് സി കാപ്പൻ, അഭയം ജില്ലാ ട്രഷറർ ആർ ടി മധുസൂദനൻ, ഏരിയാ ചെയർമാൻ പി എം ജോസഫ്, നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, അഡ്വ. ബിനു പുളിക്കക്കണ്ടം, പ്രതിപക്ഷ നേതാവ് റോയി ഫ്രാൻസിസ്, ടി ആർ വേണുഗോപാൽ, കെ എസ് രാജു, ഷാർളി മാത്യു, എ എസ് ജയപ്രകാശ്, കിസ്കോ ബാങ്ക് വൈസ് പ്രസിഡന്റ് എം എസ് ശശിധരൻ, ഭരണ സമിതിയംഗം അഡ്വ. വി ടി തോമസ് എന്നിവരും സന്നിഹിതരായി.

Advertisment