Advertisment

"കൈതപ്പൂ മണമെന്റെ ....." എതിർപ്പുകൾക്കിടയിലും തിരുവാതിരച്ചുവടുകൾ വെച്ച് പാലാ നഗരസഭാ ചെയർപേഴ്സനും സംഘവും

author-image
സുനില്‍ പാലാ
New Update

''കൈതപ്പൂ മണമെന്റെ ചഞ്ചലാക്ഷീ.... ഇന്നു നിന്‍ മാരന്‍ വന്നു മധുരം തന്നൂ...''

കസവു ചുറ്റി തുളസിക്കതിരും മുല്ലപ്പൂവും ചൂടി കത്തിച്ച നിലവിളക്കിനു ചുറ്റും ചെയർപേഴ്സണും സംഘവും തിരുവാതിരച്ചുവടുകൾ വെച്ചതോടെ കാണികൾക്കും വിസ്മയമായി.

Advertisment

ഇന്നലെ ഉച്ചയ്ക്ക് നഗരസഭയില്‍ നടന്ന കേരളപ്പിറവി ദിനാഘോഷ പരിപാടികള്‍ക്കിടെയാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഡോ. സെലിന്‍ റോയി തകിടിയേലും സംഘവും തിരുവാതിരകളി നടത്തിയത്.

publive-image

ഭരണപക്ഷത്തെ തന്നെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഏതു വിധേനയും തിരുവാതിരകളി അവതരിപ്പിക്കണമെന്ന വാശിയിലായിരുന്നു ചെയര്‍പേഴ്‌സണും കൂട്ടരും. ഭരണപക്ഷ കൗണ്‍സിലര്‍ മിനി പ്രിന്‍സും മുനിസിപ്പാലിറ്റിയിലെ വനിതാ ജീവനക്കാരുമാണ് ചെയര്‍പേഴ്‌സണ്‍ നേതൃത്വം നല്‍കിയ തിരുവാതിരകളി സംഘത്തിലുണ്ടായിരുന്നത്.

കൗണ്‍സില്‍ ഹാളില്‍ ചെയര്‍പേഴ്‌സണും സംഘവും തിരുവാതിരകളി പരിശീലിക്കുന്നതിന് എതിരെ രേഖാമൂലം പരാതി നല്കിയ മുന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. ബെറ്റി ഷാജു ഉള്‍പ്പെടെ ഭരണപക്ഷത്തെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ കേരളപ്പിറവി ദിനാഘോഷ പരിപാടികള്‍ ബഹിഷ്‌ക്കരിച്ചു.

മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.കെ. മധുവും, സിജി പ്രസാദും, എഞ്ചിനീയര്‍ അജുവും ഗാനങ്ങള്‍ ആലപിച്ചു .

ചെയര്‍പേഴ്‌സന്റെ തിരുവാതിരകളിയെ പരിഹസിച്ചുകൊണ്ട് പൗരസമിതിയുടെ പേരില്‍ പാലാ ടൗണില്‍ എമ്പാടും ഇന്നലെ രാവിലെ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. ടൗണ്‍ സ്റ്റാന്റില്‍ ബാത്ത്‌റൂമില്ലാത്തതും വിവിധ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതും വഴിവിളക്കുകള്‍ തെളിയാത്തതുമൊക്കെ നിലനില്‍ക്കുമ്പോള്‍ പ്രളയം വന്നാലും ചെയര്‍പേഴ്‌സണും കൂട്ടരും തിരുവാതിരകളിച്ചിരിക്കുമെന്ന് പോസ്റ്ററില്‍ പരിഹസിക്കുന്നു.

ഭരണപക്ഷത്തെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ തിരുവാതിരകളിയും കേരളപ്പിറവി ആഘോഷപരിപാടികളും ബഹിഷ്‌ക്കരിച്ചെങ്കിലും എല്ലാവിധ പിന്തുണയുമായി പ്രതിപക്ഷാംഗങ്ങളെല്ലാം പരിപാടിക്കെത്തിയിരുന്നു.

നഗരസഭാ വൈസ്‌ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെ അദ്ധ്യക്ഷതയില്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഡോ. സെലിന്‍ റോയി തകിടിയേല്‍ കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

കൗണ്‍സിലര്‍മാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, പി.കെ മധു, സിബില്‍ തോമസ്, ലിസ്യു ജോസ്, റോയി ഫ്രാന്‍സിസ്, മുനിസിപ്പല്‍ സെക്രട്ടറി നവാസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

തര്‍ക്കം തിരുവാതിരകളിയോടല്ല - അഡ്വ. ബെറ്റി ഷാജു

പ്രളയക്കെടുതി അനുഭവിച്ചവരോടുള്ള സഹാനുഭൂതികാരണം ആലപ്പുഴ വള്ളംകളി പോലും മാറ്റിവെച്ച സാഹചര്യത്തില്‍, പാലായിലെ ജനകീയ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ സമയം കണ്ടെത്താതെ ചെയര്‍പേഴ്‌സണും കൂട്ടരും തിരുവാതിര കളിച്ച നടപടിയോടാണ് എതിര്‍പ്പെന്ന് മുന്‍ ചെയര്‍പേഴ്‌സണും ഭരണപക്ഷാംഗവുമായ അഡ്വ. ബെറ്റി ഷാജു പറഞ്ഞു.

കേവലം അന്‍പതുപേരുടെ മാത്രം മുന്നിലവതരിപ്പിക്കാന്‍ കഴിഞ്ഞ രണ്ടുമാസമായി എ.സി. കൗണ്‍സില്‍ ഹാളില്‍ ഓഫീസ് സമയത്തുപോലും ചെയര്‍പേഴ്‌സണും കൂട്ടരും തിരുവാതിരകളി പരിശീലിച്ചു. ഈ നടപടിയെയാണ് താന്‍ ശക്തമായി എതിര്‍ത്തതെന്നും പരാതിക്കാരിയായ അഡ്വ. ബെറ്റി ഷാജു പറയുന്നു.

Advertisment