Advertisment

അക്ഷരങ്ങൾക്ക് അവധി നൽകി "ബ്രേക്ക് ദി ചെയിൻ" ക്യാമ്പയിനിന്റെ ഭാഗമായി പാലാ ഇടപ്പാടി ഗവ. എൽ. പി. സ്കൂൾ

author-image
സുനില്‍ പാലാ
New Update

പാലാ:  അക്ഷരങ്ങൾക്ക് അവധി നൽകി ഇടപ്പാടി ഗവ. എൽ.പി. സ്കൂൾ വലിയൊരു സമൂഹത്തിന് അതിജീവനത്തിന്റെ പാഠമൊരുക്കുകയാണിപ്പോൾ. നാടിന്റെ കരുതലിന്റെ കേന്ദ്രമായി മാറുകയാണീ സരസ്വതീക്ഷേത്രം.

Advertisment

ഒരാഴ്ച മുമ്പുവരെ കുട്ടികൾ ഓടിക്കളിച്ച സ്കൂൾ വരാന്തയിലും ക്ലാസ്സ് മുറികളിലും തയ്യൽ മെഷീനുകളുടെ കലപില ശബ്ദം മാത്രം.

publive-image

നാടിനെ വിറപ്പിക്കുന്ന കൊറോണയെ പ്രതിരോധിക്കാൻ ഒരു സംഘം വനിതകൾ മാസ്കുകൾ തുന്നുകയാണിവിടെ. ജീവിതം അഴിഞ്ഞു വീഴുമോ എന്നാശങ്കപ്പെടുന്നവർക്കു സാന്ത്വനത്തിന്റെ നൂലിഴ ചേർക്കുന്നവർ......

"ബ്രേക്ക് ദി ചെയിൻ " ക്യാമ്പയിനിന്റെ ഭാഗമാവുകയാണിപ്പോൾ ഈ ഗവ. എൽ. പി സ്കൂളും.

സ്കൂൾ വികസന സമിതി, പി.റ്റി.എ എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ റ്റി. ബി-സെന്റർ, പാലാ ജനറൽ ആശുപത്രി എന്നീ കേന്ദ്രങ്ങളിലേയ്ക്കാവശ്യമായ മാസ്ക് നിർമാണമാണ് ഇടപ്പാടി ഗവ. എൽ. പി. സ്കൂളിൽ ആരംഭിച്ചിട്ടുള്ളത്.

സർക്കാർ/ സ്വകാര്യ ആവശ്യങ്ങൾക്കുള്ള മാസ്കിന്റെ ദൗർലഭ്യം പരിഗണിച്ച് സ്കൂൾ വികസന സമിതി സ്വമേധയാ മുന്നോട്ട് വരുകയായിരുന്നൂവെന്ന് സ്കൂൾ വികസന സമിതി കൺവീനർ പ്രൊഫ. ഡോ. രാജു. ഡി. കൃഷ്ണപുരം പറഞ്ഞു.

ഓരോ സർക്കാർ സ്കൂളും നാടിന്റെ ബഹുമുഖ വളർച്ചയുടെ മാത്രമല്ല കരുതലിന്റേയും കേന്ദ്രങ്ങളാകണം എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഹെഡ്മാസ്റ്റർ സജി ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. ഈ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് സ്കൂളിൽ കൂട്ട മാസ്ക്ക് നിർമ്മാണം ആരംഭിച്ചത്.

publive-image

കോവിഡ്-19 നെ നേരിടാൻ സർക്കാരും എല്ലാ മേഖലയിലുമുള്ള ജനങ്ങളും ആരോഗ്യ പ്രവർത്തകരും മുന്നിട്ടിറങ്ങുമ്പാൾ തങ്ങളാലാകുന്ന ചെറിയ കാര്യം ചെയ്യാനാകുന്നതിൽ കൃതാർഥതയുണ്ടെന്ന് സ്കൂൾ പി.ടി. എ. നേതാക്കളും പറഞ്ഞു.

സ്കൂൾ വികസന സമിതി, പി.റ്റി.എ അംഗങ്ങളും പരിസര വാസികളുമായ ഒരു ഡസനിലേറെ സന്നദ്ധ പ്രവർത്തകർ ഈ യത്നത്തിൽ പങ്കാളികളാകുന്നു.

മാതൃകാപരമായ ഈ സംരംഭത്തിന് സ്കൂൾ വികസന സമിതി ഭാരവാഹികളായ ഡോ. രാജു ഡി. കൃഷ്ണപുരം, ഡോ. ടോം കെ മാത്യു കളപ്പുരയിൽ, ബേബി ജോസഫ് ആനപ്പാറ, ജോളി ജസ്സു, റോഷ്നി ഷാജി, ജോളി തെക്കേൽ, ആശാ പ്രേം, മിനി ടോമി കുഴിമറ്റത്തിൽ, ഗ്രേസി, സുജ ഹരിദാസ്, സബിത, വിനീത എന്നിവരും നേതൃത്വം നൽകുന്നു.

ദിനംപ്രതി ശരാശരി അറുനൂറ് മാസ്കുകളാണ് ഇടപ്പാടി സ്കൂളിൽ നിർമിക്കുന്നത്. നാടിന്റെ വലിയൊരു പ്രതിസന്ധി ഘട്ടത്തിൽ സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള ഇടപ്പാടി ഗവ. സ്കൂൾ അധികാരികളുടെ മാതൃകാപരമായ പ്രവർത്തിയെ ജോസ്. കെ. മാണി എം.പി, മാണി. സി. കാപ്പൻ എം. എൽ. എ. എന്നിവർ അഭിനന്ദിച്ചു.

Advertisment