Advertisment

മഹാക്ഷേത്ര മുറ്റത്ത് കവി ഓർത്തെടുത്തു… ജന്മനാടിൻ്റെ നന്മകളെ...

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

"ഈ മഹാക്ഷേത്രവും പരിസരവും എത്രകണ്ട് മാറിപ്പോയിരിക്കുന്നു; ഇവിടെ ശ്രീകോവിലിൽ വാഴുന്ന ദേവചൈതന്യങ്ങളും ഞാനും പിൽക്കാലത്ത് രണ്ടു വഴിക്കായെങ്കിലും ഭൗതികമായ ഈ വളർച്ച അത്ഭുതകരം തന്നെ "

ചെറുപ്പകാലത്ത് കാവടിയെടുത്ത, ദീപാരാധനയ്ക്ക് ഭജന പാടിയ, കൊതിയോടെ പായസ പ്രസാദം നുകർന്ന ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൻ്റെ പൂമുഖവാതിൽക്കൽ നിൽക്കുമ്പോൾ ഒരു വേള 'കവി ഏഴാച്ചേരി രാമചന്ദ്രൻ പഴയ ഭക്തകുമാരനായി !

പതിറ്റാണ്ടുകൾക്ക് ശേഷമാണ് കവി ജന്മഗ്രാമത്തിലെ പ്രമുഖ ക്ഷേത്രത്തിലേക്ക് വീണ്ടുമെത്തിയത്.

വയലാർ അവാർഡ് നേടിയ ശേഷം ഇന്നലെ ആദ്യമായി ജന്മനാടായ ഏഴാച്ചേരിയിൽ എത്തിയ രാമചന്ദ്രൻ , അടുത്ത ബന്ധുവായ മാമ്പുഴയ്ക്കൽ മധൂ സൂദനനോടൊപ്പമാണ് വൈകിട്ട് കാവിൻ പുറം ക്ഷേത്രാങ്കണത്തിലെത്തിയത്.

"എൻ്റെ അച്ഛനും അമ്മയുമൊക്കെ കാവിൻ പുറം ക്ഷേത്രത്തിലെ ഭക്തരായിരുന്നു. അവരോടൊപ്പം വിശേഷ ദിവസങ്ങളിലെല്ലാം കുട്ടിയായ ഞാനും ഇവിടെ തൊഴുതു പ്രാർത്ഥിക്കാനെത്തുമായിരുന്നു. ഉത്സവ എഴുന്നള്ളത്തിനൊപ്പം കാവടി എടുത്തിരുന്നതും, ഇവിടെ ഭജന പാടിയിരുന്നതുമെല്ലാം ഇപ്പോഴെൻ്റെ ഭൂതകാലസ്മൃതികളിൽ ദീപാരാധനത്തട്ടം പോലെ നിറദീപം ചൊരിയുന്നുണ്ട്. " - കവി പറഞ്ഞു.

publive-image

അന്നൊക്കെ ക്ഷേത്ര ഭരണത്തിൽ ചെറുപ്പക്കാരായ നിരവധി കമ്യൂണിസ്റ്റുകാരുണ്ടായിരുന്നു. "കാലാന്തരത്തിൽ വായനയിലേക്കും, വിപ്ലവത്തിൻ്റെ വഴികളിലേയ്ക്കും തിരിഞ്ഞതോടെ ഞാനൊരു ഭക്തനല്ലാതായി മാറി. പാവപ്പെട്ടവരുടേയും അധ:സ്ഥിത വിഭാഗങ്ങളുടെയും മോചനത്തിൻ്റെ വഴി, മനുഷ്യനന്മയുടെ വഴി കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എങ്കിലും ഭൂതകാലത്തിൻ്റെ ഭക്തിബിംബങ്ങൾ പലപ്പോഴും എൻ്റെ കവിതകളിൽ, ഗാനങ്ങളിൽ കടന്നു വന്നിട്ടുണ്ട് എന്നുള്ളത് നേരായ കാര്യമാണ്. "

ചെറുപ്പകാലത്ത്, ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രത്തിൽ ഉത്സവ പരിപാടികളിൽ പങ്കെടുക്കാൻ പോകുമായിരുന്നു.

പുരോഗമന ചിന്തകൾ പ്രസരിപ്പിക്കുന്ന കഥാപ്രസംഗങ്ങളും നാടകങ്ങളുമൊക്കെ അവിടെ നിന്നു കണ്ടു. കേരളം ഇന്ന് കാണുന്ന സമസ്ത പുരോഗതിയുടെയും അടിസ്ഥാനമിട്ടത് ശ്രീനാരായണ ഗുരുദേവനാണെന്ന് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങിയതും അക്കാലത്താണ്.

ആദ്ധ്യാത്മികതയേയും ഭൗതികതയേയും ഇത്രമേൽ വിളക്കിച്ചേർത്ത ഒരു ഗുരു അതിനു മുമ്പോ ശേഷമോ കേരളത്തിൽ ഉണ്ടായിട്ടുമില്ലെന്ന് ഏഴാച്ചേരി പറഞ്ഞു.

"ഗോവിന്ദ വരദാ പാഹി, സുര പൂജിത കൗസ്തുഭധാരി, നരസുര പൂജിത കൗസ്തുഭ ധാരി… " കാവിൻ പുറം ക്ഷേത്രത്തിൽ കുട്ടിക്കാലത്ത് പാടിയ ഭജനയുടെ ആദ്യ വരികൾ പാടിക്കൊണ്ടാണ് രാമചന്ദ്രൻ കാവിൻ പുറം ക്ഷേത്രാങ്കണം വിട്ടത്. ഏതാനും ദിവസങ്ങൾ ജന്മനാട്ടിൽ താമസിച്ച ശേഷം മാത്രമേ തിരുവനന്തപുരത്തേയ്ക്ക് മടങ്ങൂ.

ezhacheri ramachandran
Advertisment